മോദി അധികാരത്തിലെത്തിയ ശേഷം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ കൂടി: സോണിയ ഗാന്ധി

Tue, 12-08-2014 04:19:00 PM ;
തിരുവനന്തപുരം

sonia gandhi

 

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ജനങ്ങളെ ഭിന്നിപ്പിക്കലാണ് ബി.ജെ.പിയുടെ പ്രധാന കാര്യപരിപാടിയെന്ന്‍ സോണിയ കുറ്റപ്പെടുത്തി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

 

നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള 11 ആഴ്ചകളില്‍ രാജ്യത്ത് 600 വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായി സോണിയ പറഞ്ഞു. കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഇത്തരം സംഭവങ്ങള്‍ കേള്‍ക്കാനില്ലായിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സംഘര്‍ഷങ്ങളില്‍ ചിലത് ബോധപൂര്‍വ്വം സംഘടിപ്പിക്കപ്പെട്ടതാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തിരക്കിലാണ് ബി.ജെ.പിയെന്നും അവര്‍ ആരോപിച്ചു.

 

പൊതുതെരഞ്ഞെടുപ്പ് ഫലം വന്ന മേയ് 16 മുതല്‍ ഉത്തര്‍ പ്രദേശില്‍ 600-ല്‍ അധികം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന 12 സ്ഥലങ്ങളിലാണ് ഇവയില്‍ അധികവും നടന്നത്. 2013 അവസാനം മുസഫര്‍നഗറില്‍ നടന്ന കലാപത്തിന് ശേഷം ഉത്തര്‍ പ്രദേശില്‍ പല ജില്ലകളിലും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. മദ്രസയിലെ ഹിന്ദു അധ്യാപികയെ ബലാല്‍സംഗം ചെയ്യുകയും മതപരിവര്‍ത്തനം നടത്തുകയും ചെയ്തു എന്ന ആരോപണത്തേ തുടര്‍ന്ന്‍ മീററ്റില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ സംഘര്‍ഷമാണ് ഇതില്‍ അവസാനത്തേത്.

 

തിരുവനന്തപുരത്ത് കുടുംബശ്രീയുടെ 15-ാം വാര്‍ഷിക ആഘോഷം സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും.

Tags: