ബി.ജെ.പി അദ്ധ്യക്ഷനായി ഈയിടെ ചുമതലയേറ്റ അമിത് ഷാ പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ ശനിയാഴ്ച പുന:സംഘടന പ്രഖ്യാപിച്ചു. 11 ഉപാദ്ധ്യക്ഷരും എട്ട് ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ നേതൃസംഘം. കേരളത്തില്‍ നിന്ന്‍ ആരും ഈ പദവികളിലില്ല. പി.കെ കൃഷ്ണദാസിനെ ദേശീയ സെക്രട്ടറി പദവിയില്‍ നിന്ന്‍ ഒഴിവാക്കിയിട്ടുമുണ്ട്.
ഭണ്ഡാരു ദത്താത്രേയ, ബി.എസ് യെദ്ദ്യൂരപ്പ, സത്പാല്‍ മാലിക്, മുക്താര്‍ അബ്ബാസ് നഖ്‌വി, പി. രുപ്പാല, പ്രഭാത് ഝാ, രഘുവര്‍ ദാസ്, കിരണ്‍ മഹേശ്വരി, രേണു ദേവി, ദിനേശ് ശര്‍മ എന്നിവരാണ് പുതിയ ഉപാദ്ധ്യക്ഷര്‍. ജെ.പി നഡ്ഡ, രാജീവ് പ്രതീപ് റൂഡി, മുരളിധര്‍ റാവു, രാം മാധവ്, സരോജ് പാണ്ഡെ, ഭൂപേന്ദ്ര യാദവ്, ആര്‍.എസ് കതെരിയ, രാം ലാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.
യുവമോര്‍ച്ച അദ്ധ്യക്ഷനായി അനുരാഗ് താക്കൂര്‍ തുടരും. വിജയ രാഹത്കറിനാണ് മഹിളാ മോര്‍ച്ചയുടെ അദ്ധ്യക്ഷ സ്ഥാനം. അബ്ദുല്‍ റഷീദ് അന്‍സാരിയാണ് ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച മേധാവി.
ജനറല്‍ സെക്രട്ടറി ആയിരുന്ന വരുണ്‍ ഗാന്ധിയെ ഒഴിവാക്കിയതാണ് ശ്രദ്ധേയ മാറ്റം. ഗാന്ധിയെ അടുത്ത ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയി പ്രഖ്യാപിക്കണമെന്ന് അമ്മയും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബി.ജെ.പി ഇതിനോട് പ്രതികരിച്ചിട്ടില്ല.