ബീഹാര്‍: ബി.ജെ.പിക്കെതിരെ ‘മഹാസഖ്യ’ത്തിന് വിജയം

Mon, 25-08-2014 03:08:00 PM ;
പാറ്റ്ന

 

ബീഹാറില്‍ ലാലുപ്രസാദ് യാദവും നിതീഷ് കുമാറും തമ്മില്‍ ഉണ്ടാക്കിയ സഖ്യത്തിന് നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പില്‍ നേട്ടം. പത്ത് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആറെണ്ണത്തില്‍ സഖ്യം വിജയിച്ചു. നാലെണ്ണത്തില്‍ ബി.ജെ.പി വിജയിച്ചു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ മണ്ഡലങ്ങള്‍ തൂത്തുവാരുകയും പത്തില്‍ ആറു സിറ്റിംഗ് സീറ്റുകളും ഉണ്ടായിരുന്ന ബി.ജെ.പിയ്ക്ക് ഇത് വ്യക്തമായ  പരാജയമായി.  

 

ലോകസഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ശത്രുത അവസാനിപ്പിച്ച് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദിന്റെ രാഷ്ട്രീയ ജനതാദളും (ആര്‍.ജെ.ഡി) നിതീഷ് കുമാര്‍ നേതൃത്വം കൊടുക്കുന്ന ഐക്യ ജനതാദളും (ജെ.ഡി-യു) ഉപതെരഞ്ഞെടുപ്പില്‍ ഒന്നിച്ചത്. ആര്‍.ജെ.ഡിയുമായി സഖ്യമുള്ള കോണ്‍ഗ്രസും കൂടി ചേര്‍ന്ന കൂട്ടുകെട്ട് മഹാസഖ്യം എന്നാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ മെയില്‍ മോദി തരംഗത്തില്‍ ബീഹാറിലെ 40 ലോകസഭാ മണ്ഡലങ്ങളില്‍ 31-ഉം ബി.ജെ.പി വിജയിച്ചിരുന്നു.

 

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പിലെ പ്രകടനം സഖ്യത്തിന് നിര്‍ണ്ണായകമായിരുന്നു. നിലവില്‍ ജെ.ഡി-യു ആണ് ബീഹാറിന്റെ ഭരണത്തില്‍.

Tags: