തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗര്‍ കലാപത്തെ പരാമര്‍ശിച്ച് നടത്തിയ പ്രസംഗത്തില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെ പ്രതിചേര്‍ത്ത് പോലീസ് ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. ഏപ്രില്‍ നാലിന് മുസഫര്‍നഗറില്‍ രണ്ട് സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗത്തില്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ സമുദായത്തില്‍ ഉള്‍പ്പെടുന്നവരോട് തെരഞ്ഞെടുപ്പില്‍ അതിന് പ്രതികാരം ചെയ്യാന്‍ ഷാ പറഞ്ഞിരുന്നു. എന്നാല്‍, പോലീസിന്റെ നടപടി ഗൂഡാലോചനയാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
സാമുദായിക മൈത്രി തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച കുറ്റമാണ് ഷായ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രസംഗത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് വിഷയത്തില്‍ ഇടപെടുകയും ഉത്തര്‍ പ്രദേശില്‍ തെരഞ്ഞടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്ന് ഷായെ വിലക്കുകയും ചെയ്തിരുന്നു.
2013 സെപ്തംബറില്‍ മുസഫര്‍നഗറില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ ഇരു മതവിഭാഗത്തില്‍ പെട്ട ഏകദേശം 60 പേര് കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് വീട് വിടേണ്ടിവരികയും ചെയ്തിരുന്നു.