വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത കുറ്റവാളിയെന്ന്‍ ബെംഗലൂരുവിലെ പ്രത്യേക വിചാരണക്കോടതി ജഡ്ജി ജോണ് മൈക്കല്‍ ഡിക്കുഞ്ഞ കണ്ടെത്തി. നാല് വര്‍ഷം തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നിയമസഭാംഗത്വത്തിന് ഉടന്‍ അയോഗ്യത വരുമെന്നതിനാല്‍ ജയലളിത മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും.
1991-96 കാലയളവില്‍ സമ്പാദിച്ച ജയലളിതയുടെ പേരിലുള്ള 66 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ അനധികൃതമായി സമ്പാദിച്ചതാണെന്നാണ് ആരോപണം. 1991- മൂന്ന്‍ കോടി രൂപ ആസ്തിയുണ്ടായിരുന്ന മാസം ഒരു രൂപ മാത്രമാണ് അഞ്ച് വര്‍ഷം ശമ്പളം വാങ്ങിയിരുന്നതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 1997-ല്‍ തമിഴ്‌നാട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ജയലളിതയ്ക്ക് പുറമേ തോഴി വി.കെ ശശികല അടക്കമുള്ള പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. വിധി പ്രസ്താവം കേള്‍ക്കാന്‍ കോടതി ഉത്തരവ് പ്രകാരം ജയലളിത കോടതിയില്‍ എത്തിയിരുന്നു.
വിധി തമിഴ്‌നാട്ടില്‍ സംഘര്‍ഷത്തിന് കാരണമാകുകയാണ്. ചെന്നൈയില്‍ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ബസ് കത്തിച്ചു. പ്രതിപക്ഷ കക്ഷി ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ വസതിയ്ക്ക് നേരെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. മുന്‍കരുതല്‍ എന്ന നിലയില്‍ ബംഗലൂരുവിലും തമിഴ്‌നാട്ടിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ജയലളിത മുഖ്യമന്ത്രിയായിരിക്കുന്നതിനാല്‍ വിചാരണ നീതിപൂര്‍വ്വകമാകില്ലെന്ന പരാതിയില്‍ 2003-ല്‍ സുപ്രീം കോടതിയാണ് കേസ് ബെംഗലൂരു കോടതിയിലേക്ക് മാറ്റിയത്. ഒരു ഭൂമിയിടപാട് കേസില്‍ കുറ്റവാളിയെന്ന്‍ കോടതി വിധിച്ചതിനെ തുടര്‍ന്ന്‍ 2001-ല്‍ ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ കേസ് തള്ളിപ്പോയതിനെ തുടര്‍ന്ന്‍ അടുത്ത വര്‍ഷം അവര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി.
നേരത്തെ, ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അപ്പീല്‍ നല്‍കിയാല്‍ അയോഗ്യത ബാധകമല്ലായിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ ഈ വകുപ്പ് ഭരണഘടനാപരമല്ലെന്ന് കണ്ട് സുപ്രീം കോടതി ജൂലൈ പത്തിന് നിര്‍ണ്ണായക വിധിയില്‍ റദ്ദാക്കിയതിനെ തുടര്‍ന്ന്‍ രണ്ടോ അതിലധികമോ വര്‍ഷം തടവ് ലഭിക്കുന്ന എം.പിയ്ക്കും എം.എല്‍.എയ്ക്കും സഭാംഗത്വം ഉടന്‍ നഷ്ടപ്പെടും.