ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോ. ആറിലേക്ക് മാറ്റി

Tue, 30-09-2014 12:50:00 PM ;
ബംഗലൂരു

jayalalithaവരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ ആറു തിങ്കളാഴ്ചത്തേക്ക് മാറ്റി. അതുവരെ ജയലളിത ജയിലില്‍ തുടരേണ്ടി വരും. തിങ്കളാഴ്ച സമര്‍പ്പിച്ച ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് ഇന്നാണ് പരിഗണനയ്ക്കെടുത്തത്.

 

ജയലളിതയെ കുറ്റവാളിയെന്ന്‍ കണ്ടെത്തി നാല് വര്‍ഷം തടവുശിക്ഷയും 100 കോടി രൂപ പിഴയും വിധിച്ച പ്രത്യേക വിചാരണക്കോടതിയുടെ ശനിയാഴ്ചത്തെ വിധിക്കെതിരെ അപ്പീലും ഒപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഒപ്പം ശിക്ഷിക്കപ്പെട്ട വി.കെ ശശികല, വി.എന്‍ ശശിധരന്‍, ഇളവരശി എന്നിവരും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരെല്ലാം ഇപ്പോള്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലാണ്.   

 

മറുപടി സത്യവാങ്മൂലം നല്‍കാന്‍ പ്രോസിക്യൂട്ടര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത് അംഗീകരിച്ചാണ് കോടതി വിശദമായി വാദം കേള്‍ക്കുന്നതിനായി ഹര്‍ജി മാറ്റിവച്ചത്. സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ റാം ജെത്മലാനിയുടെ നേതൃത്വത്തിലുള്ള വന്‍ അഭിഭാഷക സംഘമാണ് ജയലളിതയ്ക്ക് വേണ്ടി ഹാജരാകുന്നത്.

 

അഴിമതിക്കേസില്‍ മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചവര്‍ക്ക് ജാമ്യമനുവദിക്കാന്‍ ഹൈക്കോടതിക്ക് മാത്രമേ അധികാരമുള്ളൂ. എന്നാല്‍ കര്‍ണ്ണാടകത്തില്‍ ദസറ-നവരാത്രി ആഘോഷക്കാലമായതിനാല്‍ ഒക്ടോബര്‍ ആറുവരെ കോടതിക്ക് അവധിയാണ്.

 

വിചാരണക്കോടതിയുടെ വിധിയെ തുടര്‍ന്ന്‍ നിയമസഭാംഗത്വത്തിന് ഉടന്‍ അയോഗ്യത വന്ന ജയലളിത മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ജയലളിത മന്ത്രിസഭയില്‍ മന്ത്രിയും മുന്‍പ് സമാന സാഹചര്യത്തില്‍ 2001-ല്‍ മുഖ്യമന്ത്രിയുമായിരുന്ന ഒ. പനീര്‍സെല്‍വം തമിഴ്‌നാട്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

Tags: