ജയലളിതയ്ക്ക് കര്‍ണ്ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു

Tue, 07-10-2014 04:33:00 PM ;
ബംഗലൂരു

വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ തടവുശിക്ഷ ലഭിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് ജാമ്യം നല്‍കാന്‍ കര്‍ണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ച വിസമ്മതിച്ചു. ഉപാധികളോടെ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ലെങ്കിലും ജാമ്യാപേക്ഷയ്ക്ക് അടിസ്ഥാനമില്ലെന്ന് കോടതി വിലയിരുത്തി.  പ്രതികള്‍ക്കെതിരെ തെളിവുകള്‍ ശക്തമാണെന്നും ഇത്തരത്തിലുള്ള അഴിമതിക്കേസുകള്‍ മനുഷ്യാവാകാശ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 

സെപ്തംബര്‍ 27-നാണ് ബെംഗലൂരുവിലെ പ്രത്യേക വിചാരണക്കോടതി വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ ജയലളിതയെ നാല് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇതേത്തുടര്‍ന്ന്‍ നിയമസഭാംഗത്വത്തിന് അയോഗ്യത വന്നതിനാല്‍ ജയലളിത മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു. വിധിക്കെതിരെയുള്ള അപ്പീലും ജാമ്യാപേക്ഷയ്ക്കൊപ്പം ജയലളിത നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ബെംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുകയാണ് ജയലളിത.

 

1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ ജയലളിതയുടെ പേരിലുണ്ടായിരുന്ന 66 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ അനധികൃതമായി സമ്പാദിച്ചതാണെന്നാണ് ആരോപണം. 1991-ല്‍ മൂന്ന്‍ കോടി രൂപ ആസ്തിയുണ്ടായിരുന്ന അവര്‍ മാസം ഒരു രൂപ മാത്രമാണ് അഞ്ച് വര്‍ഷം ശമ്പളം വാങ്ങിയിരുന്നത്.

 

ജയലളിത മുഖ്യമന്ത്രിയായിരിക്കുന്നതിനാല്‍ വിചാരണ നീതിപൂര്‍വ്വകമാകില്ലെന്ന പരാതിയില്‍ 2003-ല്‍ സുപ്രീം കോടതിയാണ് കേസ് കര്‍ണ്ണാടകത്തിലേക്ക് മാറ്റിയത്. ഒരു ഭൂമിയിടപാട് കേസില്‍ കുറ്റവാളിയെന്ന്‍ കോടതി വിധിച്ചതിനെ തുടര്‍ന്ന്‍ 2001-ല്‍ ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ കേസ് തള്ളിപ്പോയതിനെ തുടര്‍ന്ന്‍ അടുത്ത വര്‍ഷം അവര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി.

Tags: