Skip to main content
ബംഗലൂരു

 

വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ തടവുശിക്ഷ ലഭിച്ച തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജെ. ജയലളിതയെ ശനിയാഴ്ച ഉച്ചതിരിഞ്ഞ് ജയിലില്‍ നിന്ന്‍ വിട്ടയച്ചു. ജയലളിതയേയും ഒപ്പം ശിക്ഷിക്കപ്പെട്ടവരേയും മോചിപ്പിക്കാന്‍ ബംഗലൂരുവിലെ വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച സുപ്രീം കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് നടപടി.

 

ജാമ്യത്തുകയായി രണ്ട് കോടി രൂപ കെട്ടിവെക്കാന്‍ ജയലളിതയോടും ഒപ്പം ശിക്ഷിക്കപ്പെട്ട വി.കെ ശശികല, വി.എന്‍ സുധാകരന്‍, ഇളവരശി എന്നിവരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിയ്ക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജയലളിതയുടെ പേരില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്നും ശിക്ഷക്കെതിരെയുള്ള അപ്പീലിലെ നടപടിക്രമങ്ങള്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന നിബന്ധനകള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

 

ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജയലളിതയെ സ്വീകരിക്കാന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ബംഗലൂരുവില്‍ എത്തിയിട്ടുണ്ട്. രണ്ട് ദിവസമായി തമിഴ്‌നാട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുകയാണ്. ഇന്നലെ പാര്‍ട്ടിയുടെ സ്ഥാപകദിനമായിരുന്നു.

 

ജയലളിതയുടെ ജാമ്യാപേക്ഷ ഈ മാസം ഏഴിന് കര്‍ണ്ണാടക ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സെപ്തംബര്‍ 27-നാണ് ബെംഗലൂരുവിലെ പ്രത്യേക വിചാരണക്കോടതി വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ച കേസില്‍ ജയലളിതയെ നാല് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇതേത്തുടര്‍ന്ന്‍ നിയമസഭാംഗത്വത്തിന് അയോഗ്യത വന്നതിനാല്‍ ജയലളിത മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു .

 

1991-96 കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ ജയലളിതയുടെ പേരിലുണ്ടായിരുന്ന 66 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ അനധികൃതമായി സമ്പാദിച്ചതാണെന്നായിരുന്നു ആരോപണം. 1991-ല്‍ മൂന്ന്‍ കോടി രൂപ ആസ്തിയുണ്ടായിരുന്ന അവര്‍ മാസം ഒരു രൂപ മാത്രമാണ് അഞ്ച് വര്‍ഷം ശമ്പളം വാങ്ങിയിരുന്നത്.

 

ജയലളിത മുഖ്യമന്ത്രിയായിരിക്കുന്നതിനാല്‍ വിചാരണ നീതിപൂര്‍വ്വകമാകില്ലെന്ന പരാതിയില്‍ 2003-ല്‍ സുപ്രീം കോടതിയാണ് കേസ് കര്‍ണ്ണാടകത്തിലേക്ക് മാറ്റിയത്. ഒരു ഭൂമിയിടപാട് കേസില്‍ കുറ്റവാളിയെന്ന്‍ കോടതി വിധിച്ചതിനെ തുടര്‍ന്ന്‍ 2001-ല്‍ ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ കേസ് തള്ളിപ്പോയതിനെ തുടര്‍ന്ന്‍ അടുത്ത വര്‍ഷം അവര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി.