തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് അനുകൂല വികാരം ശക്തമായി തുടരവേ ചെന്നൈയില്‍ പ്രക്ഷോഭം നടത്തുന്ന യുവാക്കളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ചെന്നൈയില്‍ മറീന ബീച്ചില്‍ 3000-ത്തോളം വരുന്ന വിദ്യാര്‍ഥികളും യുവാക്കളുമാണ് രണ്ടാം ദിവസമായ ബുധനാഴ്ചയും സമരം തുടരുന്നത്.
സംസ്ഥാന മന്ത്രിമാരായ ഡി. ജയകുമാര്‍, കെ. പാണ്ഡ്യരാജന്‍ എന്നിവരാണ് പ്രക്ഷോഭകരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ജല്ലിക്കെട്ട് നടത്തുന്നതിന് തങ്ങളുടെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കിയ സര്‍ക്കാര്‍ വിഷയത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കുമെന്നും അറിയിച്ചു. എ.ഐ.എ.ഡി.എം.കെയുടെ 50 എം.പിമാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് മേല്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും മന്ത്രിമാര്‍ കൂട്ടിച്ചേര്‍ത്തു.
മൃഗങ്ങളെ വിനോദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സുപ്രീം കോടതി നിരോധിച്ചതോടെയാണ് ജനുവരി മധ്യത്തില്‍ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജല്ലിക്കെട്ടിന്റെ നടത്തിപ്പ് പ്രതിസന്ധിയിലായത്. ഇത് മറികടക്കാന്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. വിഷയത്തില്‍ സുപ്രീം കോടതിയുടെ മുന്നിലുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവെച്ചിരിക്കുയാണ്.
ജല്ലിക്കെട്ടിന്റെ പ്രധാന കേന്ദ്രമായ മധുര ജില്ലയിലെ അളങ്ങനല്ലൂരില്‍ പ്രതിഷേധം സംഘടിപ്പിച്ച 200ഓളം പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പിന്നാലെയാണ് ചെന്നൈയില്‍ മറീന ബീച്ചില്‍ പ്രക്ഷോഭം തുടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നുണ്ട്.
രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും ജല്ലിക്കെട്ടിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.