Skip to main content

തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരെ ഹാജരാക്കാന്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല തമിഴ്‌നാട്‌ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ അനുമതി തേടി. രണ്ട് ദിവസം മുന്‍പ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ അവകാശവാദം ഉന്നയിച്ചിരുന്നുവെങ്കിലും ഗവര്‍ണര്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല.

 

എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുക്കുകയും മുഖ്യമന്ത്രിയായിരുന്ന ഒ. പന്നീര്‍സെല്‍വം രാജി സമര്‍പ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും തന്നെ നിര്‍ബന്ധിച്ച് രാജി വയ്പ്പിക്കുകയായിരുന്നുവെന്ന പന്നീര്‍സെല്‍വത്തിന്‍റെ വെളിപ്പെടുത്തല്‍ തമിഴ്‌നാട്‌ രാഷ്ട്രീയത്തെ ഇളക്കിമറിച്ചിരിക്കുകയാണ്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് ഗവര്‍ണറോട് പന്നീര്‍സെല്‍വം ആവശ്യപ്പെട്ടിട്ടുണ്ട്.

 

120-ല്‍ അധികം വരുന്ന എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെ ശശികല വിഭാഗം വിവിധ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഇവര്‍ പുറംലോകവുമായി ബന്ധപ്പെട്ടിട്ടില്ല. ഇവരെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന്‍ പന്നീര്‍സെല്‍വം വിഭാഗം ആരോപിക്കുന്നു. എന്നാല്‍, ഇത് നിഷേധിച്ച ശശികല വിഭാഗം എം.എല്‍.എമാര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഫോണുകള്‍ ഉപയോഗിക്കാത്തതെന്ന് വിശദീകരിക്കുന്നു.