ശശികല കുറ്റക്കാരിയെന്ന്‍ സുപ്രീം കോടതി; നിയമസഭാകക്ഷി നേതാവായി എടപ്പാടി പളനിസ്വാമി

Tue, 14-02-2017 06:17:07 PM ;

തമിഴ്‌നാട്‌ മുഖ്യമന്ത്രി പദവി അപ്രാപ്യമാക്കി എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്ക്കെതിരെ സുപ്രീം കോടതി വിധി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയെ കുറ്റക്കാരിയെന്ന്‍ കണ്ടെത്തിയ വിചാരണക്കോടതിയുടെ കണ്ടെത്തലും ശിക്ഷയും സുപ്രീം കോടതി പൂര്‍ണമായി ശരിവെച്ചു. ഇതോടെ, ഏകദേശം പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശികലയ്ക്ക് സാധിക്കില്ല.

 

വിചാരണക്കോടതിയില്‍ ഉടന്‍ കീഴടങ്ങുകയും കോടതി വിധിച്ച നാല് വര്‍ഷം തടവ് ശിക്ഷയില്‍ ആറു മാസം ഇതിനകം അനുഭവിച്ച ശശികല ബാക്കി കാലം തടവ് കൂടി അനുഭവിക്കുകയും ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പത്ത് കോടി പിഴയും ശശികലയ്ക്ക് വിചാരണക്കോടതി വിധിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമനുസരിച്ച് തടവില്‍ നിന്നിറങ്ങി ആറു വര്‍ഷത്തേക്ക് ശശികലയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല.   

 

വിധിയെ തുടര്‍ന്ന്‍ പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി ശശികലയ്ക്ക് പകരം എടപ്പാടി കെ. പളനിസ്വാമിയെ തെരഞ്ഞെടുത്തു. ശശികലയെ ഈ സ്ഥാനത്തേക്ക് ഫെബ്രുവരി ഒന്‍പതിന് തെരഞ്ഞെടുക്കുകയും മുഖ്യമന്ത്രിയായിരുന്ന ഒ. പന്നീര്‍സെല്‍വം രാജി സമര്‍പ്പിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍, രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തന്നെ നിര്‍ബന്ധിച്ച് രാജി വയ്പ്പിച്ചതാണെന്ന പന്നീര്‍സെല്‍വത്തിന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ രണ്ട് ചേരികളായി തിരിക്കുകയായിരുന്നു.

 

ഇതോടെ, മന്ത്രിസഭ രൂപീകരിക്കാനുള്ള ശശികലയുടെ അവകാശവാദത്തില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നടപടിയൊന്നും സ്വീകരിക്കാതെ ഇരിക്കുകയായിരുന്നു. 19 വര്‍ഷം പഴക്കമുള്ള കേസില്‍ ഈയാഴ്ച വിധി പറയുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവര്‍ണറുടെ നിലപാടിന് പിന്നില്‍ ഈ കേസില്‍ വരാനിരുന്ന വിധിയാണെന്നും നിരീക്ഷകര്‍ കണക്കാക്കിയിരുന്നു.

 

കേസില്‍ അന്തരിച്ച ജെ. ജയലളിത, ശശികല തുടങ്ങിയവരെ കുറ്റക്കാരെന്ന് കണ്ടെത്തിയ വിചാരണക്കോടതി വിധി തള്ളിയ ബംഗളൂരു ഹൈക്കോടതി വിധിക്കെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്‍ കര്‍ണ്ണാടകത്തിലായിരുന്നു കേസിന്റെ വിചാരണ നടന്നത്.

 

പാര്‍ട്ടി നിയമസഭാകക്ഷി സ്ഥാനത്തേക്ക് എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്ത നടപടി പന്നീര്‍സെല്‍വം വിഭാഗം തള്ളിയിട്ടുണ്ട്. ജയലളിത നയിച്ചിരുന്ന സര്‍ക്കാറിനെ മുന്നോട്ട് കൊണ്ട്പോകാന്‍ മന:സാക്ഷിയനുസരിച്ച് തീരുമാനമേടുക്കാന്‍ കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പന്നീര്‍സെല്‍വം ശശികല അനുകൂലികളായ എം.എല്‍.എമാരോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

 

വിധി വന്നതിന് പിന്നാലെ ശശികല അനുകൂലികളായ 120-ഓളം എം.എല്‍.എമാര്‍ തങ്ങുന്ന റിസോര്‍ട്ടില്‍ ശശികലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. യോഗം പന്നീര്‍സെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‍ പുറത്താക്കുകയും ചെയ്തു. പളനിസ്വാമി ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.   

Tags: