മാനം നോക്കി തന്നെ നടക്കാം

ഡോ. കെ. ഇന്ദുലേഖ
Wed, 23-04-2014 01:38:00 PM ;

sky watching

 

കാലത്തെ എഴുന്നേൽക്കുമ്പോൾ സൂര്യനുദിക്കുന്ന വശത്തെ വാതിലോ ജനലോ തുറന്ന് പുറത്തേക്ക് നോക്കുക എന്നതാണ് ഏറ്റവും ലളിതമായി ചെയ്യാവുന്ന വാനനിരീക്ഷണം. ചക്രവാളമോ എന്തിന് ആകാശം തന്നെയോ ദൃശ്യമല്ല എങ്കിൽ കൂടി, കാണുന്നതെന്തായാലും അതിന്റെ നിഴൽ വീഴുന്ന ദിശ ശ്രദ്ധിക്കുക. നിഴൽ കാണുവാൻ സാധ്യമല്ല എങ്കിൽ കാണുന്നതെന്തോ അതിന്റെ വെളിച്ചം തട്ടുന്ന ഭാഗവും ഇരുളിൽ നിൽക്കുന്ന ഭാഗവും തമ്മിലുള്ള വേർതിരിവ് എവിടെ എന്ന് ശ്രദ്ധിക്കുക. ദിനവും ഇതുചെയ്താൽ കൗതുകകരമായ ഒരു കാഴ്ച കാണാം.

 

ഈ ഒരു വേനലവധിയുടെ കാലയളവിൽ തന്നെ സൂര്യൻ ഉദിക്കുന്ന ദിശ ഏകദേശം 15 ഡിഗ്രി വടക്കോട്ടു നീങ്ങിയതുമൂലം ഉണ്ടാകുന്ന വ്യതിയാനങ്ങളാണിത്. ഒരു ഒഴിഞ്ഞ റീഫിൽ കുത്തനെ ഉറപ്പിച്ച്, ഒരു കടലാസിട്ട് അതിനുമേൽ പ്രൊട്രാക്ടറിന്റെ ചുവടുഭാഗത്തിന്റെ മധ്യം റീഫില്ലില്‍ തൊടാത്ത രീതിയില്‍ വെച്ചിട്ട് റീഫില്ലിന്റെ നിഴൽ വീഴുന്ന ദിക്ക് അടയാളപ്പെടുത്തി, സൂര്യൻ ഉദിക്കുന്ന ദിശ അറിയുക മാത്രമല്ല അളക്കുക കൂടി ചെയ്യാം. ഈ ദിശ മാറുന്നതനുസരിച്ച് ദിനരാത്രങ്ങളുടെ നീളം മാറുന്നത് ശ്രദ്ധിക്കാം. സൂര്യോദയദിശ, ഇപ്പോൾ വടക്കോട്ടേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത് തിരിഞ്ഞ് തെക്കോട്ടാകുന്നത് കാണാം. ഉദയദിശയുടെ തെക്കുവടക്കായുള്ള ആന്ദോളനത്തിന്റെ ആവർത്തനകാലമാണ് ഒരു വർഷം.

 

എന്നും ഒരേസമയത്ത് ഉദയത്തിനു മുമ്പോ രാത്രിയിലോ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ഉള്ള ആകാശത്തിൽ എന്തൊക്കെ എവിടെയൊക്കെ നിൽക്കുന്നു എന്ന് ശ്രദ്ധിക്കുക. കിഴക്കോട്ടാണ് നോക്കുന്നതെങ്കിൽ ആകാശത്തെ നക്ഷത്രചിത്രം പൊങ്ങി മാറുന്നതു കാണാം. പടിഞ്ഞാറോട്ടെങ്കിൽ താണു മറയുന്നതും കാണാം. ഈ ചിത്രങ്ങൾ - ചിങ്ങം, കന്നി തുടങ്ങിയ പന്ത്രണ്ടുരാശികൾ - നീങ്ങിനീങ്ങി 365 ദിവസം കൊണ്ട്, ശ്രദ്ധിക്കുവാൻ തുടങ്ങിയപ്പോഴത്തെ രീതിയിൽ തിരിച്ചെത്തുന്നത് കാണാം. രാത്രിയിൽ ഇടയ്ക്കിടയ്ക്ക് വടക്കോട്ടു നോക്കിയാൽ അവിടുത്തെ നക്ഷത്രചിത്രം ഒരു ബിന്ദുവിനെ ചുറ്റിക്കറങ്ങി വരികയാണെന്ന് കാണാം. കുറച്ചുകാലം ഇതു ശ്രദ്ധിച്ചു പഠിച്ചാൽ, ഈ നക്ഷത്രചിത്രങ്ങളെ ഒരു ക്ലോക്കിലെ സൂചികൾ എന്നതുപോലെ വായിച്ച് കൃത്യസമയം പറയുവാൻ കഴിയും.

 

ഭൂമി, ധ്രുവനക്ഷത്രത്തിലേക്ക് നീളുന്ന, സൂര്യനു ചുറ്റും വലംവെയ്ക്കുന്ന ഭ്രമണപ്രതലത്തിന് ഇരുപത്തിമൂന്നര ഡിഗ്രി ചരിഞ്ഞു കിടക്കുന്ന ഒരു സാങ്കല്പിക അച്ചുതണ്ടിന് ചുറ്റും ഏകദേശം 24 മണിക്കൂറിൽ ഒരിക്കൽ എന്ന കണക്കിൽ കറങ്ങിക്കൊണ്ട് സൂര്യനെ ഏകദേശം മുന്നൂറ്റിഅറുപത്തിയഞ്ചേകാൽ ദിവസം കൊണ്ട് ചുറ്റിവരുന്നു എന്ന് ഇത്തരം കാര്യങ്ങളിൽ നിന്നാണ് നമുക്ക് അനുമാനിച്ചറിയുവാൻ കഴിഞ്ഞത്.

 

ചന്ദ്രൻ പ്രതിദിനം ഏകദേശം 50 മിനിട്ട് വെച്ച് താമസിച്ച് ഉദിക്കുന്നത് നമുക്ക് കാണാം. ചന്ദ്രന്റെ ഉദയദിശയും നക്ഷത്രചിത്രങ്ങൾക്കിടയിൽ കൂടിയുള്ള സഞ്ചാരപാതയും ശ്രദ്ധിക്കാം. സൂര്യൻ സഞ്ചരിക്കുന്ന പാതയും - ഇതിനെ ക്രാന്തിവൃത്തം എന്ന് വിളിക്കുന്നു - ചന്ദ്രൻ സഞ്ചരിക്കുന്ന പാതയും തമ്മിലുള്ള ചരിവും ശ്രദ്ധിക്കാം. ചന്ദ്രക്കലയുടെ ചരിവ് (ഒരു കോൺ മറ്റൊന്നിൽ നിന്ന് ഉയർന്ന് നിൽക്കുന്നത് - ശൃംഗോന്നതി) എങ്ങോട്ട് എന്നത് ഓരോ മാസവും മാറിവരുന്നത് ശ്രദ്ധിക്കാം. സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ രേഖയിൽ ചന്ദ്രനോ ഭൂമിയോ നടുക്കു വരുമ്പോൾ സംഭവിക്കുന്ന ഗ്രഹണങ്ങൾ - ഗ്രഹണം ഏതു ദിശയിൽ നിന്ന് പ്രവേശിച്ച് ഏതുദിശയിൽ ഇറങ്ങുന്നു എത്ര സമയം നീണ്ടുനിന്നു എന്നിവ - ശ്രദ്ധിക്കാം. ചന്ദ്രൻ ഏതെങ്കിലും ഗ്രഹത്തേയോ നക്ഷത്രത്തേയോ മറയ്ക്കുന്ന ഒക്കൾട്ടേഷൻ (Occultation) കാണാം. സൂര്യനെ വലംവെച്ചുകൊണ്ടിരിക്കുന്ന ഭൂമിയിൽ നിന്നുകൊണ്ട് നാം നോക്കിക്കാണുന്ന ഗ്രഹങ്ങൾ, ഭൂമിയുടേതിൽ നിന്ന് വ്യത്യസ്തമായ ഭ്രമണകാലങ്ങളുള്ളവയായതിനാൽ അവയുടെ സഞ്ചാരപാതയിൽ ഇടയ്ക്കിടെ ഒന്നു പിറകോട്ടെടുത്ത് വീണ്ടും മുന്നിലേക്ക് തന്നെ പോകുന്നത് കാണാം.

 

പകൽ സമയത്ത് സൂര്യനുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കാവുന്ന മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്. ആകാശനീലിമയും സാന്ധ്യരാഗവും റാലേ ചിതറൽ (Rayleigh Scattering) നിമിത്തമാണ്. മേഘങ്ങളുടെ, വിശേഷിച്ച് അസ്തമയ സമയത്തെ (വൈകുന്നേരം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ കൂടുതലുള്ളതിനാലാണിത്), വർണരാജികൾ മീ ചിതറൽ (Mie Scattering) എന്ന പ്രതിഭാസം മൂലവും. തണുപ്പ് അധികരിക്കുന്ന വേളകളിൽ അന്തരീക്ഷത്തിന്റെ മേൽഭാഗങ്ങളിൽ നിൽക്കുന്ന ഹിമപരലുകൾ (ice crystals) ഒരു പ്രിസം പോലെ പ്രകാശത്തെ വഴിതിരിച്ചുവിടുന്നത് മൂലമാണ് ചന്ദ്രനെ ചുറ്റിയോ സൂര്യനെ ചുറ്റിയോ ചിലപ്പോൾ 22 ഡിഗ്രി കോണുകളിൽ വൃത്താകാരമായി പ്രഭ (halo) രൂപപ്പെട്ടു കാണുന്നത്. ചിലപ്പോൾ പ്രതലത്തിനു സമാന്തരമായി പ്രഭയുടെ രണ്ടു വശത്തും പ്രകാശപുഞ്ജങ്ങൾ കാണാം. ഇവയെ sun dogs എന്നു പറയും. ഇതുപോലെ ചന്ദ്രനു ചുറ്റും സാമാന്യം നല്ല പ്രകാശമുള്ള അവസ്ഥയിലെങ്കിൽ moon dogs-കളെയും അപൂർവമായി കണ്ടേക്കാം. ഇവ കൂടാതെ Sun Pillar, Parry Arc, 56 ഡിഗ്രി halo തുടങ്ങി പല ദൃശ്യവിസ്മയങ്ങളും ഹിമപരലുകൾക്ക് സൃഷ്ടിക്കാനാകും. ഇതുപക്ഷേ, വിശേഷിച്ച് ധ്രുവ പ്രദേശങ്ങളോടടുപ്പിച്ചാണ് കാണുവാനാകുക.

 

അത്യപൂർവമായി ദൃശ്യമാകുന്ന ഒന്നാണ് Zodiacal Light. സൗരയൂഥം ഉരുത്തിരിഞ്ഞുവന്ന വാതക-പൊടിപടലത്തിൽ നിന്ന് അവശേഷിക്കുന്ന നേർത്ത അംശം ഗ്രഹങ്ങൾക്കിടയിൽ ഇപ്പോഴും ഉള്ളതിൽ സൂര്യപ്രകാശം തട്ടിപ്രതിഫലിക്കുന്നതാണിത്. ഉദയത്തിനു മുൻപ് ക്രാന്തിവൃത്തത്തിന്റെ ഭാഗത്ത് നേർത്ത പ്രകാശഗോപുരം പോലെ കാണായ് വരും.

 

അതത് സ്ഥലങ്ങളിൽ അതത് സമയങ്ങളിൽ കാണാനാവുന്ന നക്ഷത്രചിത്രങ്ങളും ഗ്രഹങ്ങളും അടയാളപ്പെടുത്തിയ ചിത്രങ്ങൾ - star maps - ലഭ്യമാണ്. കൃത്രിമ വെളിച്ചങ്ങളിൽ നിന്നകന്ന് ഇരുണ്ട സ്ഥലത്ത് പായ വിരിച്ച് ആകാശം മുഴുവൻ കാണത്തക്ക വണ്ണം കിടന്നുകൊണ്ട് വാനനിരീക്ഷണം നടത്തുന്നതാണ് ഏറ്റവും സൗകര്യപ്രദം. ഒരു പുതപ്പും ഭക്ഷ്യപാനീയങ്ങളും വേണമെങ്കിൽ ആകാം. രാക്കാഴ്ച - മങ്ങിയ പ്രകാശത്തിൽ കാണുവാനുള്ള കഴിവ് - നഷ്ടപ്പെടാത്ത രീതിയിൽ ചുവന്ന പേപ്പർ മൂടിയ ടോർച്ച് ലൈറ്റ് ഉപയോഗിച്ച് സ്റ്റാർ മാപ്പ് നോക്കാം. തല ഏതുദിശയിലേക്ക് വെച്ചാണോ കിടക്കുന്നത് മാപ്പിലെ അതേ ദിശ തല വെച്ചിരിക്കുന്ന ദിശയിലേക്ക് വരത്തക്കവണ്ണം മാപ്പ കണ്ണിനു മുൻപിൽ ഉയർത്തിപ്പിടിച്ചാൽ മാപ്പിലെ ചിത്രങ്ങളും ആകാശത്തിലെ ചിത്രങ്ങളും തമ്മിൽ ഒത്തുവരും. ഇന്ന ദിവസം ഇന്ന സമയത്തെ ആകാശം എന്നു പറഞ്ഞിരിക്കുന്ന ഏകദേശം അതേ സമയം അതേ ദിവസത്തിനടുത്തു തന്നെ നോക്കണം. ഓരോ മണിക്കൂർ നീങ്ങുമ്പോഴും ആകാശചിത്രം കിഴക്കുനിന്നും പടിഞ്ഞാറേക്ക് 15 ഡിഗ്രി കറങ്ങിയിരിക്കും.

 

ഈ രീതിയിൽ നോക്കുമ്പോൾ ഇടയ്ക്ക് ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ സൂര്യപ്രകാശം തട്ടി തിളങ്ങുന്നതു കാണുവാൻ സാധിക്കും. ഇത് ഓരോ സ്ഥലത്തും എപ്പോൾ ആകാശത്തിന്റെ ഏതുഭാഗത്ത് കാണാവുനാകും എന്നത് ഇന്റർനെറ്റ് നോക്കി കണ്ടുപിടിക്കുവാൻ സാധിക്കും. ചിലവൊന്നുമില്ലാതെ കാഴ്ച പരിശോധിക്കുവാനുള്ള ഒരു ഉപാധിയും ആകാശത്തുണ്ട്. വടക്കോട്ട്‌ നോക്കി സപ്തർഷി മണ്ഡലം (Ursa Major) വീക്ഷിക്കുക. ഇതിലെ ഏഴു നക്ഷത്രങ്ങളിൽ ഒന്നിന്റെ അടുത്ത്, കാഴ്ചശക്തിക്ക് വലിയ കുഴപ്പമൊന്നുമില്ലെങ്കിൽ, അല്പം മങ്ങിയ ഒരു നക്ഷത്രം കൂടി കാണാം. വസിഷ്ഠനെയും അരുന്ധതിയെയും വേർതിരിച്ച് വരൻ വധുവിന് കാണിച്ചുകൊടുക്കുന്നത് ഭാരതീയ വൈവാഹിക ചടങ്ങുകളുടെ ഭാഗമെങ്കിൽ ഇത് അറബികൾക്ക് കാഴ്ച പരിശോധിക്കുവാനുള്ള ഒരു ഉപാധിയായിരുന്നു. അറബ് ഐ ടെസ്റ്റ് എന്നു പറയും. സൂക്ഷ്മദൃക്കുകൾക്ക് ശുക്രന്റെ (Venus) വൃദ്ധക്ഷയങ്ങൾ തിരിച്ചറിയുവാൻ സാധിക്കും എന്നുമുണ്ട്. ഇരുണ്ട രാത്രിയെങ്കിൽ ശുക്രൻ വീശുന്ന നിഴൽ കാണുവാനും സാധിക്കും. സൗരയൂഥത്തിൽ ബുധനും (Merucry) ശുക്രനും ഭൂമിയെക്കാളും സൂര്യനോടടുത്തു കിടക്കുന്നതിനാൽ ഇവയെ സൂര്യനു മുൻപോ പിൻപോ ആയി ഉദയവേളകളിലും അസ്തമയവേളകളിലും മാത്രമേ ദൃശ്യമാവുകയുള്ളൂ. സൂര്യനോടടുത്തു വരുംതോറും കൂടുതൽ പ്രകാശമാനങ്ങളാകുകയും നീണ്ട വാൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന വാൽനക്ഷത്രങ്ങളെ അവ വിരുന്നുവരുന്ന കാലങ്ങളിൽ കാണാനാകും.

 

മേടം രാശിക്കും (Aries) ഇടവം രാശിക്കും (Taurus) ഇടയ്ക്ക് കിടക്കുന്ന മങ്ങിയ കുഞ്ഞുനക്ഷത്രങ്ങളുടെ കൂട്ടമാണ് കാർത്തികക്കൂട്ടം. വെറുതെ നോക്കിയാൽ തന്നെ കാണാനാകുന്ന ഒരു ഓപ്പൺ ക്ലസ്റ്റർ ആണ് ഇത്. സൂര്യന്റെ പാതയെ പന്ത്രണ്ടായി വിഭജിച്ചതിൽ കാണുന്ന നക്ഷത്രചിത്രങ്ങളാണ് ചിങ്ങം, കന്നി തുടങ്ങിയ രാശികൾ. സൂര്യൻ ഓരോ രാശിയിലും കൂടി സഞ്ചരിക്കുന്ന കാലമാണ് അതത് മലയാള മാസം. ചന്ദ്രൻ ചുറ്റിവരുന്ന പാതയെ 27 ആയി വിഭജിച്ചതിലെ നക്ഷത്രക്കൂട്ടങ്ങളാണ് മേടം രാശിയിലെ പ്രധാനപ്പെട്ട രണ്ട് നക്ഷത്രങ്ങളടങ്ങിയ അശ്വതി തുടങ്ങിയ നാളുകൾ. അശ്വതി, ഭരണി, കാർത്തിക തുടങ്ങി അതാത് ഭാഗങ്ങളിൽ ചന്ദ്രൻ നിൽക്കുമ്പോൾ അതത് നക്ഷത്രം എന്നു പറയും. സാമാന്യം പ്രകാശമാനങ്ങളായതിനാൽ രോഹിണി, തിരുവാതിര, ചോതി തുടങ്ങിയ ചില ഒറ്റനക്ഷത്രങ്ങളുടെ ചുവപ്പുവർണം നമുക്ക് കാണുവാൻ സാധിക്കുന്നു.

 

ഉൽക്കാവർഷങ്ങൾ (Meteor Showers) നമുക്ക് കാണുവാൻ സാധിക്കും. 2014-ൽ മെയ് 5-ന് കുംഭരാശി, ആഗസ്ത് 12-ന് Perseus, ഒക്ടോബർ 21-ന് Orion, നവംബർ 16/17 രാത്രികളിൽ ചിങ്ങം, ഡിസംബർ 13-ന് മിഥുനം രാശികളില നിശ്ചിത സമയങ്ങളിൽ ക്ഷമയോടെ നോക്കിയിരുന്നാൽ മേൽപറഞ്ഞപ്രകാരം രാശികളിൽ നിന്നു ചുറ്റിലേക്കും പായുന്ന രീതിയിൽ ഉൽക്കാവർഷങ്ങൾ കാണുവാൻ സാധിക്കും. ധൂമകേതുക്കളിൽ നിന്നുപൊഴിയുന്ന കല്ലും മണ്ണും കിടക്കുന്ന ഭാഗങ്ങളിൽ കൂടി ഭൂമി കടന്നുപോകുമ്പോൾ അന്തരീക്ഷവുമായുള്ള ഘർഷണം മൂലം കത്തുന്നതാണ് ഉൽക്കകളായി നാം കാണുന്നത്. പായുന്ന നക്ഷത്രം പോലെ തോന്നും. കല്ല് വലുതെങ്കിൽ കത്തിത്തീരാതെ കഷണം ഭൂമിയിൽ പതിക്കും. ഇത് കണ്ടാൽ നക്ഷത്രം ഭൂമിയിൽ വീഴുന്നതു പോലെയിരിക്കും. കഷണത്തെ ഉൽക്കാഖണ്ഡം (Meteorite) എന്നു വിളിക്കുന്നു. മെയ് മാസത്തിൽ ഒരു ഉൽക്കാ പേമാരി (Meteor Storm) പ്രവചിക്കപ്പെട്ടിട്ടുണ്ട്.

 

ആകാശത്തിൽ ഇളംപാൽ വർണത്തിൽ പട്ടീസ് നീർത്തിയിട്ടിരിക്കുന്നതുപോലെ കാണുന്നത് നമ്മുടെ ഗ്യാലക്സിയായ ക്ഷീരപഥം (Milky Way) ആണ്. പതിനായിരം കോടി നക്ഷത്രങ്ങൾ അടങ്ങിയ ചുറ്റിത്തിരിയുന്ന ഈ ഗ്യാലക്സി വെള്ളയപ്പത്തിന്റെ ആകൃതിയിലായതിനാലാണ് ഗ്യാലക്സിയ്ക്കകത്തിരുന്ന് നാം നോക്കുമ്പോൾ ആകാശത്ത് പട്ട പോലെ കാണപ്പെടുന്നത്. മിഥുനമാസത്തിൽ അർദ്ധരാത്രി നേരെ മുകളിലേക്ക് നോക്കിയാൽ ധനുരാശിയിലായി ഗ്യാലക്സിയുടെ കേന്ദ്രഭാഗമാണ് നാം കാണുക. ക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്തുനിന്ന് ഏകദേശം 25,000 വർഷം മുമ്പ് സഞ്ചാരം ആരംഭിച്ച പ്രകാശരശ്മിയാണ് ഇന്ന് നമ്മുടെ കണ്ണുകളിൽ പതിക്കുന്നത്. നീണ്ട ആ സഞ്ചാരത്തിനിടയിൽ എത്രയെത്ര ജനതതികളും സംസ്കാരങ്ങളും നാഗരികതകളും ദൈവങ്ങളും ഭൂമിയിൽ നദികൾ നൽകുന്ന ജലസമൃദ്ധിയിലും ഫലസമൃദ്ധിയിലും ജനിച്ച് വളർന്നുതിങ്ങി ഫലസമൃദ്ധിയും ജലസമൃദ്ധിയും നഷ്ടപ്പെട്ട് വെറും ജനവാസ കേന്ദ്രങ്ങളായി മാറി മരിച്ചിരിക്കുന്നു.

 

സൗരയൂഥത്തിൽ മൂന്ന് സഹോദരിമാരുണ്ട്. ഭൂമിയും ശുക്രനും ചൊവ്വയും. ഏകദേശം ഒരേ പിണ്ഡം. നമുക്ക് പരിചിതമായ തരത്തിലുള്ള ജീവൻ നിലനിൽക്കുവാന്‍ പാകത്തിൽ, ജലം ദ്രവരൂപത്തിൽ നിലനിൽക്കുവാൻ തക്കവണ്ണം സൂര്യനിൽ നിന്നും കിട്ടുന്ന ചൂട് തീരെ കൂടുതലോ തീരെ കുറവോ ആയി പോകാത്ത ദൂരങ്ങളിൽ നിൽക്കുന്നവ. പക്ഷേ, ഭൂമിക്കുള്ളതുപോലെ കാന്തമണ്ഡലമില്ലാത്തതിനാൽ അന്തരീക്ഷവും അതുവഴി ജലവും നഷ്ടപ്പെട്ടു ചൊവ്വയ്ക്ക്. തക്കതായ അന്തരീക്ഷമില്ലാതെ ഹരിതഗൃഹതാപനം തീരെ കുറഞ്ഞ തോതിലായിപ്പോയതിനാൽ താപനില തീരെ താഴ്ന്നതും ആയി. കൈവിട്ട ഹരിതഗൃഹതാപനം മൂലം (Runaway Greengouse Effect) ശുക്രനിലെ താപനില 500 ഡിഗ്രിക്കും മേലെയാണ് താനും. ഉള്ള ജലം മുഴുവൻ നീരാവിയായി നിൽക്കുകയും ചെയ്യുന്നു. പാകത്തിന് ഹരിതഗൃഹതാപനവും ഹാനികരങ്ങളായ കോസ്മിക് രശ്മികളെയും സൗരവാതത്തെയും തടയുന്ന കാന്തമണ്ഡലവും സൂര്യനിൽ നിന്നുള്ള ശക്തിയേറിയ അൾട്രാ വയലറ്റ് രശ്മികളെ തടയുന്ന ഓസോൺ പാളിയും ഉള്ളതിനാൽ ഭൂമിയിൽ ഇന്നത്തെ രീതിയിൽ ജീവൻ നിലനിൽക്കുന്നു. ഹരിതഗൃഹതാപനത്തിന്റെ അളവിലെ വ്യത്യാസം നിമിത്തം വ്യത്യസ്ത ഭാഗധേയങ്ങളിലേക്ക് നീങ്ങിയ ഈ മൂന്നു സഹോദരിമാരെ ഒരുമിച്ച് കാണുവാനുള്ള സാഹചര്യമുണ്ടോ? നാളത്തെ പുലർകാല ആകാശത്തിലേക്ക് ഒന്നുനോക്കിയാലോ?

 

ഇങ്ങിനെ നമ്മുടെ നിലനില്പിനെപ്പറ്റിയുള്ളതുടക്കം പല വിവരങ്ങളും ആകാശക്കാഴ്ചകളിൽ നിന്ന് ശാസ്ത്രജ്ഞർ വായിച്ചെടുക്കുന്നു. കൃത്രിമ പ്രകാശത്താലും വിദ്യുത്കാന്ത തരംഗങ്ങളാലും ആകാശത്തെ മലിനീകരിക്കാതെ സൂക്ഷിക്കേണ്ടത് നാം ജീവിക്കുന്ന പ്രപഞ്ചത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കുന്നതിന് അത്യാവശ്യമാണ്. പ്രപഞ്ചമാകുന്ന കുഞ്ഞിന്റെ, പിറന്നുവീണ നിമിഷങ്ങളിലെ ആകാരസൗഭഗം ജ്യോതിശാസ്ത്രജ്ഞർ space telescope കണ്ണുകളാല്‍ ആവാഹിച്ച് BICEP2 എന്ന ശാസ്ത്രജ്ഞസംഘമാകുന്ന തലച്ചോറ് കൊണ്ട് കണ്ട് കംപ്യൂട്ടറിനാൽ വരച്ചിട്ടിട്ടുണ്ട്. മന്ദഹസിക്കുന്ന ഗ്രഹങ്ങളുടെയും കണ്ണുചിമ്മിച്ചിരിക്കുന്ന നക്ഷത്രങ്ങളുടെയും സൗഹൃദത്തെ, വലിയ ചിലവുകളില്ലാത്ത, 'ആനന്ദമയോ അഭ്യാസാത്' എന്നു പറഞ്ഞിരിക്കുന്നത് എത്രയും യോജിക്കുന്ന, ബുദ്ധിവികാസകവും ആനന്ദസന്ദായകവും ആയ, വാനനിരീക്ഷണം എന്ന വിനോദത്തെ വ്യക്തികളും കുടുംബാംഗങ്ങളും കൂട്ടുകാരും ഗൗരവമായി കണ്ട് സ്വീകരിക്കേണ്ടതല്ലേ?

 

(ആകാശവാണി  തിരുവനന്തപുരം നിലയത്തിനു വേണ്ടി തയ്യാറാക്കിയ പ്രഭാഷണത്തിന്റെ ലേഖനരൂപം)


കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ് ഫിസിക്സില്‍ പ്രൊഫസര്‍ ആണ് കെ. ഇന്ദുലേഖ.

Tags: