ഇ.സി.ജി സുദര്‍ശന്‍ അന്തരിച്ചു

Glint Staff
Mon, 14-05-2018 04:00:17 PM ;
New York

E. C. George Sudarshan

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ ഡോ.ഇ.സി ജോര്‍ജ്ജ് സുദര്‍ശന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സാസിലായിരുന്നു അന്ത്യം. ഒന്‍പത് തവണ നൊബേല്‍ പുരസ്‌കാരത്തിന് ശുപാര്‍ശചെയ്യപ്പെട്ടിട്ടുള്ള മലയാളി ശാസ്ത്രജ്ഞനാണ് അദ്ദേഹം.

 

കോട്ടയം പള്ളം എണ്ണയ്ക്കല്‍ ഐപ്പ് ചാണ്ടിയുടെയും കൈതയില്‍ അച്ചാമ്മയുടെയും മകനായി 1931 സെപ്റ്റംബര്‍ 16നായിരുന്നു സുദര്‍ശനന്റെ ജനനം. കോട്ടയം സി.എം.എസ് കോളേജിലെ പഠനത്തിനു ശേഷം 1951ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ഓണേഴ്‌സ് ബിരുദം നേടി. ഇതിനു ശേഷം മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. 1958ല്‍ ന്യൂയോര്‍ക്കിലെ റോച്ചെസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്നായിരുന്നു ഡോക്ടറേറ്റ്.

 

പ്രകാശത്തേക്കള്‍ വേഗതയില്‍ സഞ്ചരിക്കുന്ന 'ടാക്കിയോണുകള്‍' എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ കണ്ടെത്തി ഐന്‍സ്റ്റീന്റെ സിദ്ധാന്തം തിരുത്തിയതോടെയാണ് അദ്ദേഹം ലോക ശ്രദ്ധയാര്‍ജ്ജിക്കുന്നത്. വൈദ്യനാഥ് മിശ്രക്കൊപ്പം നടത്തിയ ഈ കണ്ടുപിടുത്തം പിന്നീട് ക്വാണ്ടം സീനോ ഇഫക്റ്റ് എന്ന് അറിയപ്പെട്ടു.

 

പലകുറി നൊബേല്‍ സമ്മാനത്തിനായി അദ്ദേഹത്തെ പരിഗണിച്ചെങ്കിലും നിസാരകാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇക്കാര്യം വലിയ ചര്‍ച്ചകള്‍ക്കിടയാവുകയും ചെയ്തിരുന്നു.

 

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, റോചെസ്റ്റര്‍ സര്‍വ്വകലാശാല, ഹാര്‍വാര്‍ഡ്, സിറാക്കസ് സര്‍വ്വകലാശാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് തുടങ്ങി നിരവധി യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

Tags: