ഇടതുസമരങ്ങൾ സാമൂഹിക ചലനങ്ങൾ സൃഷടിക്കാത്തതിന്റെ മൂന്ന്‍ കാരണങ്ങള്‍

ഡോ. എന്‍. ജയദേവന്‍
Sunday, August 25, 2013 - 3:11pm
ചെമ്മാനം
രാഷ്ട്രതന്ത്ര അധ്യാപകന്‍ ഡോ. എന്‍. ജയദേവന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി.

കുറെക്കാലമായി ഇടതുപക്ഷം പ്രത്യേകിച്ച് സി.പി.ഐ.എം. നേതൃത്വം നൽകുന്ന സമരങ്ങൾ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാതെ ഒടുങ്ങുകയാണെന്ന വിമർശനം ശക്തമാണ്. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പാർട്ടിയും ബഹുജനസംഘടനകളും നടത്തിയ മിക്ക സമരങ്ങളും പൊതുജനശ്രദ്ധ ആകർഷിക്കാതെയും ലക്ഷ്യം കാണാതെയും പരാജയപ്പെട്ടുവെന്നാണ് വിമർശകമതം. തങ്ങളുടെ വാദമുഖങ്ങൾക്ക് ഉപോത്ബലകമായി വിമർശകരും നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത് ജീവനക്കാരുടെയും അധ്യാപകരുടെയും പങ്കാളിത്ത പെൻഷൻ വിരുദ്ധ സമരം, മിച്ചഭൂമി പിടിച്ചെടുക്കൽ സമരം, വിലക്കയറ്റം, ഭൂമി, തൊഴിൽ തുടങ്ങിയ ജനകീയാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രണ്ടു ഘട്ടങ്ങളിലായി നടന്ന ദേശീയ പ്രക്ഷോഭണങ്ങൾ തുടങ്ങിയവയാണ്. സോളാർ തട്ടിപ്പിനെതിരെ നടന്ന രാപ്പകൽ സമരമുൾപ്പെടെയുള്ള സമരങ്ങളും പരാജയപ്പെട്ട സമരങ്ങളുടെ പട്ടികയിലാണ് വിമർശർ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

 

കഴിഞ്ഞ രണ്ടരവർഷത്തിനുള്ളിൽ നടന്ന ഇടതുപക്ഷ സമരങ്ങളിൽ നൂതനമെന്ന്‍ വിശേഷിപ്പിക്കാവുന്നതും മാധ്യമശ്രദ്ധപിന്തുണ നേടാനായതും കുടുംബശ്രീ അംഗങ്ങള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അഹോരാത്രം തമ്പടിച്ച് നടത്തിയ അനിശ്ചിതകാല സമരവും ഏറ്റവും ഒടുവിൽ ജനസഹസ്രങ്ങൾ സെക്രട്ടറിയേറ്റ് വളഞ്ഞ ഉപരോധസമരവും മാത്രമാണ്. അതിൽ ആദ്യത്തേത് ഏറെക്കുറെ വിജയകരമായി പര്യവസാനിപ്പിക്കാൻ കഴിഞ്ഞുവെന്ന്‍ സമരനേതൃത്വത്തിന് ആത്മവിശ്വാസത്തോടെ അവകാശപ്പെടാൻ കഴിയും. കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളെ പൊതുവെ ബാധിക്കുന്ന കുടുംബശ്രീ സമരത്തിൽ സർക്കാർ പല പടികൾ താഴെയിറങ്ങി സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതമായെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. എന്നാൽ അതിനൂതനമെന്നും ആഗോളമായി ഉയരുന്ന പുത്തൻ ജനകീയ സമരരൂപങ്ങൾക്ക് സമാനമെന്നും കേരളത്തിന്റെ ജനകീയ സമരപോരാട്ട ചരിത്രത്തിൽ ഇതിഹാസതുല്യമായ ഒരേട് വിരചിച്ചതെന്നും ഇടതുപക്ഷത്തിനു മാത്രം സാധ്യമായ അതുല്യമായ സംഘടനാവൈഭവത്തിന്റെ ചരിത്രസാക്ഷ്യമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ട സെക്രട്ടറിയേറ്റ്  ഉപരോധം പിൻവലിച്ച രീതിയും സമയവും സന്ദർഭവും ഇടതുപക്ഷത്തിലും പാർട്ടിയിലും പുതിയ സംഘർഷങ്ങൾക്ക് വഴിതെളിക്കുകയാണ് ചെയ്തിരിക്കുന്നത്. പാർട്ടി വളരെ പണിപ്പെട്ട് വിഭാഗീയതകൾക്കതീതമായി സഖാക്കളിൽ രൂപപ്പെടുത്തിയ സമരൈക്യത്തെ ശിഥിലീകരിക്കാനും പുതിയ സംഘടനാ പ്രശ്‌നങ്ങളും അണികളിൽ ആഴമുള്ള ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നതിനും പൊതുസമൂഹത്തിൽ പ്രസ്ഥാനത്തെ പരിഹാസ്യമാക്കുന്നതുമാണ് ഉപരോധസമരത്തിന്റെ ബാക്കിപത്രം. സമരാവേശത്തിന്റെ നേരിപ്പോടിൽ മനസ്സും ശരീരവും നൂറു ഡിഗ്രി സെന്റിഗ്രേഡിൽ തിളപ്പിച്ചുനിർത്തിയ പതിനായിരക്കണക്കായ സമരഭടന്മാരുടെ ശിരസ്സിലേക്ക് കൊടുംമഞ്ഞുമലകൾ ഇടിച്ചുവീഴ്ത്തിയ ഒരു ദുരന്തനാടകത്തിന്റെ തിരക്കഥയാണ് 2013 ആഗസ്ത് 13ന് അനന്തപുരിയിലെ ഭരണസിരാകേന്ദ്രത്തിൽ ഇടതുനേതൃത്വം വിരചിച്ചത്.

 

വർഗവിഭജിതമായ ബൂർഷാ രാഷ്ട്ര വ്യവസ്ഥയിൽ ഇടതു-ജനാധിപത്യ ശക്തികൾ നടത്തുന്ന എല്ലാ സമരങ്ങളും ഒറ്റയടിക്ക് വിജയിക്കണമെന്ന്‍ കരുതുന്നത് രാഷ്ട്രീയമായ അപകത്വയും ഭരണകൂടത്തിന്റെ വർഗസ്വഭാവത്തെ സംബന്ധിച്ച അജ്ഞതയുമാണ്. ഒരു ജനകീയ സമരത്തിന്റെ വിജയപരാജയങ്ങൾ വിലയിരുത്തേണ്ടത് താത്ക്കാലിക നേട്ടങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല. ഭരണകൂടത്തിന്റെ അടിച്ചമർത്തൽ സമീപനം മൂലം അടിയന്തരാവശ്യങ്ങൾ നേടുന്നതിൽ പരാജയപ്പെടുന്ന സമരങ്ങൾ പോലും ചിലപ്പോൾ രാഷ്ട്രീയമായ വൻവിജയങ്ങളായി മാറാം. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം അടിയന്തര മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടുള്ള ഓരോ ജനകീയസമരവും ഭരണകൂടത്തെ മാറ്റിമറിക്കാനുള്ള അന്തിമസമരത്തിലേക്കുള്ള ഓരോ ചുവടുവെയ്പുകളാണ്. ജനകീയ സമരങ്ങൾ ഉശിരൻ രാഷ്ട്രീയ പ്രക്ഷോഭണങ്ങളായി മാറുന്നത് സമരത്തിന്റെ ഓരോ ഘട്ടത്തിലും ഭരണകൂടത്തിന്റെ ജനവിരുദ്ധത തുറന്നുകാട്ടിക്കൊണ്ട് ജനങ്ങളെ അധികമധികം രാഷ്ട്രീയവത്ക്കരിച്ച് വമ്പിച്ച തോതിൽ അണിനിരത്തുമ്പോഴാണ്. ആ അർത്ഥത്തിൽ ഓരോ സമരവും രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാധിയും ജനങ്ങളെ തങ്ങളുടെ രാഷ്ട്രീയനിലപാടുകളുടെ ശരി ബോധ്യപ്പെടുത്താനുള്ള സന്ദർഭവുമാണ്. താത്ക്കാലിക നേട്ടങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടാലും സമരം രാഷ്ട്രീയവിജയമായി മാറുന്നത് തുടർന്നുവരുന്ന ഓരോ സമരത്തിലും കൂടുതൽ കൂടുതൽ ജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ സാധിക്കുമ്പോഴാണ്. ജനകീയ മുദ്രാവാക്യങ്ങൾ ഉയർത്തിയത് കൊണ്ടുമാത്രം സമരം ജനകീയമാകില്ല. മറിച്ച് ആ മുദ്രാവാക്യങ്ങൾക്ക് പിന്നില്‍ ജനങ്ങൾ സ്വമേധയാ അണിനിരക്കുന്ന അവസ്ഥയുണ്ടാകുമ്പോഴാണ് സമരം ജനകീയമാകുന്നത്. എന്നാൽ സമീപകാലത്തെ ഇടതുപക്ഷ സമരങ്ങളുടെ പരാജയകാരണം ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നയങ്ങളല്ല, ബഹുജനപങ്കാളിത്തത്തിന്റെ അഭാവമാണ്. എന്തുകൊണ്ടാണ് ഇടതുപക്ഷ സമരങ്ങൾക്ക് ബഹുജനങ്ങളെ ആകർഷിക്കാനാകാത്തത്? എന്തുകൊണ്ടാണ് ഇടതുപക്ഷ സമരങ്ങളെ മാധ്യമങ്ങളും പൊതുസമൂഹവും അവഗണിക്കുന്നത്? ഈ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്തണമെങ്കിൽ വളരെ സമഗ്രമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. അത് ഇതുപോലെ ഒരു ഹ്രസ്വലേഖനത്തിൽ ഒതുക്കാവുന്നതല്ല. എങ്കിലും ഈ സമീപകാല പ്രതിഭാസത്തിന് മുഖ്യമായും മൂന്നു കാരണങ്ങൾ കണ്ടെത്താൻ കഴിയും.

 

 

ഒന്നാമതായി ഇടതുപക്ഷ പ്രസ്ഥാനത്തിന് പ്രത്യേകിച്ച് മുഖ്യ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യശോഷണവും വിശ്വാസതകർച്ചയുമാണ്. പാർട്ടി ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര നിലപാടും പ്രയോഗവത്ക്കരണവും തമ്മിലുള്ള വിടവാണ് പൊതുമണ്ഡലത്തിൽ പാർട്ടിയുടെ വിശ്വാസചോർച്ചയ്ക്ക് കാരണം. വാക്കും പ്രവൃത്തിയും തമ്മിലുള്ള ഇഴപിരിയാനാകാത്ത ഐക്യമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുഖമുദ്രയാകേണ്ടതെങ്കിൽ അതിന് വിപരീതമായ ദ്വിമുഖത്തം പാർട്ടിയെ ജനങ്ങളിൽ നിന്നും അന്യവത്ക്കരിക്കുന്നു. 1980 മുതൽ ഒന്നിടവിട്ടുള്ള തിരഞ്ഞെടുപ്പുകളിൽ അധികാരത്തിൽ വന്നിട്ടുള്ള പാർട്ടിക്ക് നിയമപരമായി ചെയ്യാൻ കഴിയുമായിരുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാതിരിക്കുകയും പ്രതിപക്ഷത്താകുമ്പോൾ അതേ കാര്യങ്ങൾക്ക് സമരം ചെയ്യുകയും ചെയ്യുമ്പോൾ ചോദ്യംചെയ്യപ്പെടുന്നത് പാർട്ടി നിലപാടുകളുടെ സത്യസന്ധതയാണ്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അടുത്തകാലത്ത് നടന്ന ഭൂസമരം.

 

സ്വാശ്രയകോളേജുകൾക്കെതിരായ സമരത്തിലും ഈ പൊരുത്തക്കേട് ദൃശ്യമാണ്. അഴിമതിക്കെതിരെ പോരാടുമ്പോൾ സമരഭടന്മാരുടെ ധാർമികശക്തിക്ക് ശോഷണം സംഭവിക്കാതിരിക്കണമെങ്കിൽ പ്രസ്ഥാനത്തിന്റെയും പ്രസ്ഥാനനേതൃത്വത്തിന്റെയും പ്രവൃത്തിയും ജീവിതവും സുതാര്യവും സംശയത്തിനതീതവുമായിരിക്കണം. അത്തരത്തിൽ തികഞ്ഞ ആർജവത്തോടെ ഇടതുപക്ഷ പ്രവർത്തനങ്ങൾക്ക് ശിരസ്സ് ഉയർത്തിപ്പിടിക്കാനാകുന്നത്ര സുതാര്യതയും സത്യസന്ധതയും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അന്യമായിക്കൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം തിരിച്ചറിയുമ്പോൾ പാർട്ടി ബന്ധുക്കളും അഭ്യുദയകാംക്ഷികളും പ്രസ്ഥാനത്തിൽ നിന്നും അകലുക സ്വാഭാവികമാണ്. പൊതുമണ്ഡലത്തിൽ സി.പി.ഐ.എമ്മിന് എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിൽ പോലും ഉണ്ടായിരുന്ന ജനകീയ അംഗീകാരത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണമാണ് പാർട്ടി നയിക്കുന്ന സമരങ്ങൾ ജനപങ്കാളിത്തമില്ലാത്ത ഒറ്റപ്പെട്ട അനുഷ്ഠാനങ്ങളായി മാറിപ്പോകുന്നതിന്റെ ഒരു കാരണം.

 

 

1990ന്റെ തുടക്കം മുതൽ രാജ്യത്ത് അതിത്വരിതം നടപ്പാക്കിവരുന്ന ആഗോളവത്ക്കരണ നയങ്ങളും അതിന്റെ ഗുണഭോക്താക്കളായി മാറിയ മധ്യവർഗത്തിന്റെ സമരവിരുദ്ധവും അരാഷ്ട്രീയവുമായ സമീപനമാണ് ജനകീയ പ്രക്ഷോഭണങ്ങൾ ദുർബലപ്പെടുന്നതിന്റെ രണ്ടാമത്തെ കാരണം. ആഗോളവത്ക്കരണത്തിന്റെ കൂടപ്പിറപ്പായ നവ ഉദാര ജീവിത വീക്ഷണം നമ്മുടെ സാമൂഹിക - രാഷ്ട്രീയ സാംസ്‌കാരിക കാഴ്ചപ്പാടുകളെയാകെ കീഴ്‌മേൽ മറിക്കുകയും നമ്മുടെ സാമൂഹ്യ മൂല്യബോധത്തിനുമേൽ അപ്രതിരോധ്യമായ അധിനിവേശം ഉറപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ആഗോളവത്ക്കരണ ഉദാരവത്ക്കരണം മുന്നോട്ടുവയ്ക്കുന്ന വികസനകാഴ്ചപ്പാടിന്റെ. അന്തസത്ത മാനവിക നിരാസവും സംഘബോധ ശൈഥില്യവും ലാഭക്കൊതി മൂത്ത ഉപരിപ്ലവമായ ആർഭാട ജീവിതനാട്യങ്ങളുമാണ്. സംഘബോധത്തിൽ നിന്നും മനുഷ്യരെ അടർത്തിമാറ്റി വ്യക്തിവത്ക്കരിച്ച് ഉപഭോഗാർത്തിയുടെ അടിമകളാക്കി മാറ്റുന്ന മുതലാളിത്ത ആഗോളവത്ക്കരണത്തിന്റെ വികസന-വാണിജ്യതന്ത്രത്തിന്റെ ഇരകളായി അറിഞ്ഞോ അറിയാതെയോ കേരളത്തിലെ പ്രബലമായ മധ്യവർഗം പരിവർത്തനപ്പെടുകയാണ്. ജീവിതഗന്ധമില്ലാത്ത മുതലാളിത്ത വികസന വഴിയിലെ മുള്ളുകളാണ് തൊഴിലാളി സംഘടനകളും സമരങ്ങളും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും. വികസനത്തിന് തടസ്സം തൊഴിലാളി ബഹുജന സംഘടനകളും അവരുടെ കൂട്ടായ വിലപേശലുകളുമാണെന്ന കോർപ്പറേറ്റ് ശക്തികളുടെയും അവരുടെ മാധ്യമശൃംഖലകളുടെയും വ്യാജപ്രചാരണം ഏറ്റുപാടുന്നവരായി കേരളത്തിലെ മധ്യവർഗം മാറിയിരിക്കുന്നു. സമരവിരുദ്ധരായി മാറിയിരിക്കുന്ന കേരളത്തിലെ ഈ പുത്തൻ മധ്യവർഗം വാസ്തവത്തിൽ കേരളം നടത്തിയ സംഘടിത പോരാട്ടത്തിന്റെ ഫലമായി ലഭ്യമായ സൗജന്യങ്ങളുടെയും അവസരങ്ങളുടെയും ഗുണഫലം അനുഭവിച്ച് വളർന്നവരാണ്. തങ്ങളുടെ ഉയർച്ചയുടെ വഴി മറന്നുകൊണ്ട് പൊങ്ങച്ച സംസ്‌കാരത്തിന്റെ ഉപാസകരായി മാറിയ ഈ മധ്യവർഗ താത്പര്യങ്ങളുടെ പിന്നാലെ ഇടതുപക്ഷവും പായുന്നതിന്റെ ഫലമായി എന്നും തങ്ങൾക്കു കരുത്തു പകർന്നിരുന്ന അടിസ്ഥാന വർഗങ്ങളുമായുള്ള നാഭീനാളബന്ധം അറ്റുപോയതു കൊണ്ടുകൂടിയാണ് ഇടതുപക്ഷ സമരങ്ങൾ ജനപങ്കാളിത്തമില്ലാത്ത ശുഷ്‌ക വ്യയാമങ്ങളായി ചുരുങ്ങിപ്പോകുന്നത്.

 

ഇടതുപക്ഷ സമരങ്ങൾ ജനശ്രദ്ധയാകർഷിക്കാതെ പാർശ്വവത്ക്കരിക്കപ്പെടുന്നതിന്റെ മൂന്നാമത്തെ കാരണം സമരരൂപങ്ങളുടെ വ്യവസ്ഥാപിതവും അനുഷ്ഠാനപരവുമായ സ്വഭാവമാണ്. ഒരു സമരരീതി ഒരിക്കൽ ജനശ്രദ്ധ ആകർഷിച്ചാൽ അതുതന്നെ വീണ്ടും മതാനുഷ്ഠാനം പോലെ ആവർത്തിക്കപ്പെടുമ്പോൾ ജനങ്ങളിൽ ഉളവാകുന്ന വികാരം മടുപ്പായിരിക്കും. എല്ലാവർഷവും ആഗസ്ത് 15ന് ഡി.വൈ.എഫ്.ഐ നടത്തുന്ന യുവസംഗമങ്ങൾ അനുഷ്ഠാന സമരസമ്പ്രദായത്തിന്റെ പ്രകടമായ ദൃഷ്ടാന്തങ്ങളാണ്. ധർണയും പിക്കറ്റിങ്ങും ജനങ്ങൾ കണ്ട് മടുത്ത പരമ്പരാഗത സമരസമ്പ്രദായങ്ങളാണ്. 1971-ൽ മിച്ചഭൂമി പിടിച്ചെടുക്കാൻ എ.കെ.ജി.യുടെ നേതൃത്വത്തിൽ നടത്തിയ മിച്ചഭൂമി പിടിച്ചെടുക്കൽ സമരത്തിന് ഒരു സാഹസിക സ്വഭാവമുണ്ടായിരുന്നു. അതിനുശേഷം നാല് പതിറ്റാണ്ടുകൾ പിന്നിടുകയും പലതവണ അധികാരത്തിലിരിക്കുകയും ചെയ്തിട്ട് മിച്ചഭൂമി പിടിക്കാനിറങ്ങിയാൽ പരിഹാസ്യത ആയിരിക്കും ഫലം. പുതിയ സാഹചര്യത്തിൽ ആഗോളമായി തന്നെ പുതിയ സമരരൂപങ്ങൾ ഉയർന്നുവരികയാണ്. അവയെ അപ്പടി അനുകരിക്കുതിന് പകരം അവയെ സ്വാംശീകരിച്ചുകൊണ്ട് സംസ്ഥാന - ദേശീയ സാഹചര്യങ്ങൾക്കനുസരിച്ച് പുത്തൻ സമരരൂപങ്ങൾ വിഭാവനം ചെയ്താലെ ഇടതുപക്ഷ സമരങ്ങൾ ശ്രദ്ധിക്കപ്പെടുകയുള്ളൂ. അതുപക്ഷേ, സെക്രട്ടറിയേറ്റ് ഉപരോധം പോലെ പരിഹാസ്യനാടകമായി പര്യവസാനിക്കരുത്.

Tags: