അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരെ സരിത എസ്.നായര്‍ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർക്ക് പരാതി നല്‍കി. സോളാർ കേസുമായി ബന്ധപ്പെട്ട് തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞാൽ അതു താങ്ങാൻ കേരളത്തിന് കഴിഞ്ഞുവെന്ന് വരില്ലെന്ന് സരിത പറഞ്ഞു. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ സോളാര്‍ കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
അബ്ദുള്ളക്കുട്ടി തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നും മാസ്‌ക്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മൊബൈല്‍ ഫോണിലേക്ക് നിരന്തരം വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നുവെന്ന് സരിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഈ കാര്യങ്ങളെല്ലാം പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ ഉപദ്രവിച്ചവർക്കെതിരെ പെട്ടെന്ന് പരാതി നൽകില്ലെന്നും എപ്പോൾ പരാതി നൽകണമെന്ന് താനാണ് തീരുമാനിക്കുന്നതെന്നും ആരെയും രക്ഷിക്കാൻ ഉദ്ദേശമില്ലെന്നും അവര്‍ പറഞ്ഞു. 24 പേജുള്ള മൊഴി നൽകിയെന്നത് മാദ്ധ്യമ സൃഷ്ടിയാണെന്നും താന്‍ എല്ലാം തുറന്നു പറഞ്ഞാല്‍ പലരുടെയും കുടുംബബന്ധം തകരുമെന്നും പറഞ്ഞ സരിത തന്റെ ജീവന് ഭീഷണിയുണ്ടെന്നും വ്യക്തമാക്കി.
ക്ലിഫ് ഹൗസിലെ ജീവനക്കാര്‍ തന്റെ സുഹൃത്തുക്കളാണ്. എന്നുവച്ച് പാസില്ലാതെ ക്ലിഫ് ഹൗസില്‍ കടന്നിട്ടില്ല. സോളാർ കേസിലെ പരാതിക്കാരനായ ശ്രീധരൻ നായർക്കൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല. കെ.ബി ഗണേശ് കുമാർ എം.എൽ.എ നല്ല സുഹൃത്താണ്. അദ്ദേഹം നല്ലൊരു ജനപ്രതിനിധിയും മികച്ച മന്ത്രിയുമായിരുന്നു. പല കാര്യങ്ങളിലും തന്നെ സഹായിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു.