സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശാലുവും കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനും ചേര്‍ന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശി റാസിഖ് അലി നല്‍കിയ പരാതിയിലാണ് നടപടി.
ചങ്ങനാശ്ശേരിയിലുള്ള വീട്ടില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ശാലുമേനോനെ ആദ്യം ചെങ്ങന്നൂര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി.
തട്ടിപ്പില്‍ ശാലു മേനോന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ തൃശ്ശൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കെ.പി. അനില്‍കുമാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് ശാലുവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് എ.ഡി.ജി.പി എ. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വിശ്വാസ വഞ്ചന, കുറ്റകരമായ ഗൂഢാലോചന, ആള്‍മാറാട്ടം , ചതി, തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് അന്വേഷിക്കാനായിരുന്നു കോടതി ഉത്തരവ്.
കൂട്ടാളിയായ സരിത എസ്. നായര്‍ അറസ്റ്റിലായ വിവരം അറിഞ്ഞ ബിജുരാധാകൃഷ്ണനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതും തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുക്കാന്‍ അവസരമൊരുക്കിയതും ശാലുമേനോനാണെന്നും പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് തൃശ്ശൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഉന്നതരുടെ സ്വാധീനത്തെ തുടര്‍ന്ന് ശാലുമേനോനെ അറസ്റ്റ് ചെയ്യാതിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ശാലുമേനോന്റെ വീട് പാലുകാച്ചിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും മറ്റ് ഏതാനും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തതും വിവാദമായിരുന്നു.