സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ രഹസ്യ മൊഴി തയ്യാറാക്കിയത് പോലീസ് കസ്റ്റഡിയില്‍ വച്ചാണെന്ന് വിവരാവകാശ രേഖ. സരിത തന്റെ രഹസ്യ മൊഴി രേഖപ്പെടുത്തിയത് പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴാണെന്നു പത്തനംതിട്ട ജയില്‍ സൂപ്രണ്ട് ആണു വെളിപ്പെടുത്തിയത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് ജയില്‍ സൂപ്രണ്ട് വിവരങ്ങള്‍ പുറത്തുവിട്ടത്. ജയിലില്‍ സരിതക്ക് പേനയും പേപ്പറും നല്‍കിയിട്ടില്ലെന്നും ജയിലിലേക്ക് സരിത വന്നത് എഴുതി തയ്യാറാക്കിയ കുറിപ്പുമായിട്ടാണെന്നും സൂപ്രണ്ട് മറുപടിയില്‍ പറയുന്നു.
കൊച്ചിയിലെ പ്രത്യേക കോടതിയിലെ മജിസ്‌ട്രേട്ടിന് മുന്നിലാണ് സരിത ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ സരിത പറഞ്ഞ കാര്യങ്ങള്‍ എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. സരിത നല്‍കിയ മൊഴിയില്‍ ചില ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞതോടെയാണ് രഹസ്യമൊഴി വിവാദങ്ങള്‍ക്ക് വഴി വച്ചത്.
എന്നാല്‍ പിന്നീട് സരിതയുടെ മൊഴി നാലു പേജായി ചുരുങ്ങിയതില്‍ അട്ടിമറി നടന്നെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. സരിതയുടെ മൊഴി കേട്ടതു മുതല്‍ എറണാകുളം അഡീഷണല്‍ സി.ജെ.എമ്മിന്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കണമെന്നും ബി.ജെ.പി നേതാവ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.