പീതാംബരക്കുറുപ്പ് എം.പിക്കെതിരായ പരാതിയില്‍ നിന്ന്‍ ശ്വേത മേനോന്‍ പിന്മാറി

Mon, 04-11-2013 10:26:00 AM ;
ബെംഗലൂരു

swetha menonകൊല്ലത്ത് പൊതുപരിപാടിക്കിടെ കൊല്ലം എം.പി എന്‍. പീതാംബരക്കുറുപ്പ് അപമാനിക്കാന്‍ ശ്രമിച്ചതായ പരാതി പിന്‍വലിക്കുന്നതായി ചലച്ചിത്ര നടി ശ്വേത മേനോന്‍. ഞായറാഴ്ച കാലത്ത് പീതാംബരക്കുറുപ്പിനെതിരെ ശ്വേത പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറുപ്പിനെതിരെ പോലീസ് പോലീസ് കേസെടുത്തിട്ടുണ്ട്.

 

ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയിലാണ് കൊല്ലം ഈസ്റ്റ് പോലീസ് ശ്വേതയുടെ മൊഴിയെടുത്തത്. തുടര്‍ന്ന് ബെംഗലൂരുവിലേക്ക് പോയ ശ്വേത രാത്രി പരാതി പിന്‍വലിക്കുന്നതായി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. പീതാംബരക്കുറുപ്പ് നടത്തിയ പരസ്യവും വ്യക്തിപരവുമായ ക്ഷമാപണത്തിന്റെ പശ്ചാത്തലത്തിലാണ് നിയമപരവും മറ്റുള്ളതുമായ നടപടികളില്‍ നിന്ന്‍ പിന്‍വാങ്ങുന്നതെന്ന് ശ്വേത അറിയിച്ചു. തന്റെ അച്ഛന്റെ പ്രായമുള്ളയാളാണ് പീതാംബരക്കുറുപ്പെന്നും പ്രായത്തെ താന്‍ ബഹുമാനിക്കുന്നതായും ഈ തീരുമാനത്തിന് കാരണമായി ശ്വേത പറയുന്നു.

 

 

ശ്വേതയുടെ മൊഴിയെ തുടര്‍ന്ന്‍ 71-കാരനായ പീതാംബരക്കുറുപ്പിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 354 എ എന്നീ വകുപ്പുകള്‍ പ്രകാരം മാനഭംഗശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കേസ് സാങ്കേതികമായി നിലനില്‍ക്കുമെങ്കിലും ശ്വേതയുടെ നിലപാടുമാറ്റം കേസിനെ ദുര്‍ബ്ബലപ്പെടുത്തും. വെള്ളിയാഴ്ച കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി ജലമേളയുടെ ഉദ്ഘാടനവേദിയില്‍ വച്ച് പീതാംബരക്കുറുപ്പ് അപമാനിക്കാന്‍ ശ്രമിച്ചതായാണ് ശ്വേത ആരോപിച്ചിരുന്നത്.

Tags: