സോളാര്‍ കേസ്: അന്വേഷണ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങി

Tue, 04-03-2014 11:24:00 AM ;
കൊച്ചി

saritha nairസോളാര്‍ തട്ടിപ്പും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നതിന് നിയമിക്കപ്പെട്ട അന്വേഷണ കമ്മീഷന്റെ ഓഫിസ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1952-ലെ കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറിയായി നിയമിച്ചിരിക്കുന്നത് ഹൈക്കോടതി മുന്‍ ജഡ്ജി ജി. ശിവരാജനെയാണ്. 2013 ഒക്ടോബര്‍ 28-നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.

 

ആറുമാസമാണ് അന്വേഷണ കാലാവധി. ചൊവ്വാഴ്ച മുതല്‍ കേസുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും തെളിവ് നല്‍കാം. എറണാകുളം പനമ്പിള്ളി നഗര്‍ ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്ങിലെ എട്ടാം നിലയിലാണ് കമ്മീഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.

 

ആരോപണങ്ങളില്‍ ഉള്‍പ്പെട്ട കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ നിയമവിരുദ്ധമായി സര്‍ക്കാര്‍ ഓര്‍ഡറുകളോ ഉത്തരവുകളോ നല്‍കിയിട്ടുണ്ടോയെന്നും സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് 2005 മുതല്‍ ഉയര്‍ന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നുമാണ്‌ കമ്മീഷന്‍ പരിശോധിക്കുക. തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും തീരുമാനം ഉണ്ടാകും.

Tags: