എ.പി അബ്ദുള്ളക്കുട്ടി എം.എൽ.എയ്ക്കെതിരെ സോളാർ കേസിലെ മുഖ്യപ്രതി സരിത എസ്. നായർ നൽകിയ മാനഭംഗക്കേസിന്റെ അന്വേഷണം ക്രൈം ഡിറ്റാച്ച്മെന്റ് അസി. കമ്മിഷണർ കെ.ഇ ബൈജുവിന് കൈമാറി. ഡി.സി.പി അജീതാബീഗത്തിന്റെ മേൽനോട്ടത്തിൽ വനിതാ സെൽ സി.ഐ ലതയും സംഘമാവും കേസന്വേഷിക്കുക. സിറ്റി പൊലീസ് കമ്മിഷണർ എച്ച്.വെങ്കടേശാണ് സംഘത്തെ നിയോഗിച്ചത്. സരിതയിൽ നിന്ന് സംഘം വിശദമായ മൊഴി രേഖപ്പെടുത്തും.
തിങ്കളാഴ്ച വൈകിട്ടാണ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ സരിത കന്റോൺമെന്റ് വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മാനഭംഗം, സ്ത്രീയുടെ അന്തസിനെ കളങ്കപ്പെടുത്തൽ എന്നീ പരാതികളിൽ ഐ.പി.സി 376, 354 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കേസ് ഫയലും മറ്റ് വിവരങ്ങളും ഇന്ന് ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറും.
സരിത പൊലീസിന് നൽകിയ പരാതിയിൽ മാനഭംഗം നടന്ന ദിവസവും സമയവും വ്യക്തമായി രേഖപ്പെടുത്തിയിരുന്നില്ല. ഈ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് സരിതയിൽ നിന്ന് മൊഴിയെടുക്കുന്നത്. മൂന്ന് മാസം കഴിഞ്ഞ പീഡന പരാതികളിൽ പ്രാഥമിക അന്വേഷണത്തിനു ശേഷമേ കേസ് രജിസ്റ്റർ ചെയ്യാവൂ എന്നാണ് സുപ്രീം കോടതിയുടെ മാർഗനിർദ്ദേശം.