മിസോറാമിലെ വോട്ടെടുപ്പ് ഏപ്രില്‍ 11-ലേക്ക് മാറ്റി

Tue, 08-04-2014 04:43:00 PM ;
ഐസോള്‍

മിസോറാമില്‍ ഏപ്രില്‍ ഒമ്പതിനു നടക്കേണ്ട വോട്ടെടുപ്പ് ഏപ്രില്‍ പതിനൊന്നിലേക്ക് മാറ്റി വച്ചു. മിസോറമിലെ ഏതാനും പ്രാദേശിക സംഘടനകള്‍ 72 മണിക്കൂര്‍ ബന്ദ് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റി വെക്കാന്‍ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ബന്ദ് കാരണം ഉദ്യോഗസ്ഥര്‍ക്ക് വോട്ടിംഗ് യന്ത്രവുമായി പോളിംഗ് ബൂത്തുകളിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് കമ്മീഷന്‍ വോട്ടെടുപ്പ് മാറ്റി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

മിസോ വിഭാഗവുമായി സംഘര്‍ഷത്തെ തുടര്‍ന്ന് 17 വര്‍ഷം മുമ്പ് നാടുവിട്ട് ത്രിപുരയില്‍ അഭയാര്‍ഥികളായ വിഭാഗത്തിന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ബന്ദാഹ്വാനം. ബന്ദാഹ്വാനത്തെ തുടര്‍ന്ന് മിസോറമില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഇതര സംഘടനകളും വിദ്യാര്‍ഥികളും ത്രിദിന ബന്ദും വോട്ടെടുപ്പ് ബഹിഷ്കരണവും പ്രഖ്യാപിച്ച സാഹചര്യമാണ് ഇപ്പോള്‍ മിസോറാമിലുളളതെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അശ്വനി കുമാര്‍ അറിയിച്ചു.

Tags: