തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോളിങ് സാമഗ്രികളുടെ വിതരണം ഭാഗികമായി തടസപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സ്ഥലത്ത് വോട്ടുചെയ്യുന്നതിനുള്ള ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിതരണ കേന്ദ്രമായ സംഗീത കോളേജില്‍ 300-ഓളം ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചത്.
തെരഞ്ഞെടുപ്പ് ചുമതലയുള്ള ബൂത്തില്‍ വോട്ടുചെയ്യാനുള്ള ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന് ഉദ്യേഗസ്ഥര്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ അപേക്ഷ ലഭിച്ചിട്ടില്ലെന്ന അധികൃതരുടെ മറുപടിയാണ് തര്‍ക്കത്തിനിടയാക്കിയത്. ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ വോട്ടിനുള്ള ബാലറ്റ് ലഭിക്കാതെ വിതരണകേന്ദ്രത്തില്‍ നിന്നും പോളിങ് സാമഗ്രികള്‍ കൈപറ്റില്ലെന്ന നിലപാട് എടുത്തതോടെ വിതരണം മുടങ്ങുകയായിരുന്നു.
സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ പോളിങ് ബൂത്തുകളിലേക്ക് പോകില്ലെന്ന നിലപാട് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതോടെ നേതാക്കന്മാര്‍ സ്ഥലത്തെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉന്നത അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരുമായി ചര്‍ച്ച നടത്തി. വ്യാഴാഴ്ച തന്നെ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.