Skip to main content
തിരുവനന്തപുരം

 

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രതികൂല സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരള നിയമസഭ വിഷയം ജൂണ്‍ ഒന്‍പതിന് ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ അവതരിപ്പിക്കുന്ന പ്രമേയത്തില്‍ ആയിരിക്കും ചര്‍ച്ച നടക്കുക. വിധിക്കെതിരെ കേരളം പുന:പരിശോധനാ ഹര്‍ജി ജൂണ്‍ 30-ന് നല്‍കുമെന്ന്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് ഇന്നലെ അറിയിച്ചിരുന്നു.

 

വര്‍ഷകാല സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സമ്മേളനം ജൂണ്‍ ഒന്‍പതിന് വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ  ചെയ്യാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

 

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളം പാസാക്കിയ നിയമം റദ്ദാക്കിയ മേയ് ഏഴിന്റെ വിധിയില്‍ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്‌നാട്‌ സർക്കാറിന് സുപ്രീംകോടതി അനുവാദം നൽകിയിരുന്നു. ഇതേത്തുടർന്ന് ജലനിരപ്പ് ഉയർത്തുന്നതിനുള്ള നടപടികള്‍ തമിഴ്‌നാട്‌ ആരംഭിച്ചിട്ടുണ്ട്.

 

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിത മുല്ലപ്പെരിയാര്‍ വിഷയം സംസാരിച്ചതായി അറിയിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്ന അണക്കെട്ട് മേല്‍നോട്ട സമിതി എത്രയും വേഗം രൂപീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും ഒരാഴ്ചയ്ക്കുള്ളില്‍ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായും ജയലളിത പറഞ്ഞു.