സരിതയുടെ രഹസ്യമൊഴി: മജിസ്‌ട്രേറ്റിനെതിരെ അച്ചടക്ക നടപടി

കൊച്ചി
Thu, 12-06-2014 10:41:00 AM ;

സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്.നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താതിരുന്ന എറണാകുളം അഡീഷണൽ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ എൻ.വി രാജുവിനെതിരെ അച്ചടക്ക നടപടിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. എൻ.വി രാജു കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായി ചീഫ് ജസ്റ്റിസ് മഞ്‌ജുള ചെല്ലൂര്‍ അധ്യക്ഷയായുള്ള ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിലയിരുത്തി.

 

സരിതയുടെ മൊഴി ക്രിമിനല്‍ നടപടി നിയമം വ്യവസ്‌ഥ ചെയ്യുന്ന പരാതിയായി കണക്കിലെടുക്കാനാവില്ലെന്ന മജിസ്‌ട്രേറ്റിന്റെ വിശദീകരണം കമ്മിറ്റി തള്ളി. നിലവില്‍ കാസര്‍ഗോഡ്‌ സി.ജെ.എം. ആയി ചുമതല വഹിക്കുന്ന രാജുവിനു കുറ്റാരോപണ പത്രിക നല്‍കി വിശദീകരണം തേടും. സര്‍വീസില്‍നിന്നും പിരിച്ചുവിടുന്നതടക്കമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം വ്യക്‌തമാക്കണമെന്നാവശ്യപ്പെട്ടു നോട്ടീസ്‌ നല്‍കി. ഹൈക്കോടതി വിജിലന്‍സ്‌ രജിസ്‌ട്രാര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു നടപടി.

 

സരിതയെ കഴിഞ്ഞ വര്‍ഷം ആഗസ്ത് 28-നാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ പോലീസ് ഹാജരാക്കിയത്. പ്രതിയെ ഹാജരാക്കുന്ന സമയത്ത് പോലീസിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്ന് ചട്ടപ്രകാരം മജിസ്‌ട്രേട്ട് ചോദിക്കാറുണ്ട്. പോലീസിനെക്കുറിച്ച് സരിത പരാതി പറഞ്ഞില്ലെങ്കിലും തനിക്ക് വധഭീഷണിയുണ്ടെന്ന് സരിത പറഞ്ഞിരുന്നു. മാത്രമല്ല താന്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യം കോടതിമുറിയില്‍ വെച്ചുതന്നെ സരിത മജിസ്‌ട്രേട്ടിനോട് പറഞ്ഞു. എന്നാല്‍ ഇതൊന്നും രേഖപ്പെടുത്തുകയുണ്ടായില്ല.

 

രഹസ്യമൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ ബി.ജെ.പി നേതാവ്‌ കെ. സുരേന്ദ്രനും അഡ്വ. ജയശങ്കറുമാണ്‌ രജിസ്‌ട്രാർക്ക്‌ പരാതി നൽകിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ രാജുവിന്റെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. വിജിലൻസ്‌ റിപ്പോർട്ട്‌ അപ്പാടെ നിരാകരിച്ചായിരുന്നു രാജുവിന്റെ മറുപടി. രാജുവിന്റെ മറുപടി തള്ളിയ കമ്മിറ്റി നടപടിക്രമങ്ങളുടെ ഭാഗമായി രാജുവിനോട്‌ വീണ്ടും വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ചാലുടൻ ഹൈക്കോടതി ജഡ്‌ജിയോ സീനിയർ ജില്ലാ ജഡ്‌ജിയോ വിശദമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് എതിരാണെങ്കിൽ അച്ചടക്ക നടപടി രാജുവിന് നേരിടേണ്ടി വരും.

Tags: