ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍. തെരഞ്ഞെടുപ്പില്‍ ഇതുവരേയും ജയം അകലെയായ പാര്‍ട്ടിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള വഴികള്‍ ഷാ ആരായും. അദ്ധ്യക്ഷന്‍ എന്ന നിലയിലുള്ള തന്റെ ആദ്യ സംസ്ഥാന സന്ദര്‍ശനത്തില്‍ പാര്‍ട്ടിയുടെ നേതാക്കളുമായും പ്രവര്‍ത്തകരുമായും ഷാ കൂടിക്കാഴ്ച നടത്തും.
തിങ്കളാഴ്ച കാലത്ത് തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഷാ ദര്‍ശനം നടത്തി. പാര്‍ട്ടി സംസ്ഥാന നിര്‍വ്വാഹക സമിതിയുടെ യോഗത്തില്‍ തുടര്‍ന്ന്‍ ഷാ പങ്കെടുക്കും. ഏകദേശം 6000 പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഒരു യോഗത്തിലും ഷാ ഇന്ന്‍ സംസാരിക്കും. ഗ്രാമീണ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലൂടെ പിന്തുണ വര്‍ധിപ്പിക്കുകയും തെരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് ഷാ ഊന്നല്‍ നല്‍കുമെന്ന് കരുതുന്നു.
കോണ്‍ഗ്രസും ഇടതുപക്ഷവും മാറിമാറി അധികാരത്തില്‍ എത്തുന്ന സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃകയിലൂടെ ജനപിന്തുണ നേടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി പുലര്‍ത്തുന്നത്. കേരള കോണ്‍ഗ്രസ് പോലുള്ള കക്ഷികളുമായി സഖ്യം സ്ഥാപിക്കാന്‍ ശ്രമിക്കണമെന്ന വാദങ്ങള്‍ ബി.ജെ.പിയില്‍ ആന്തരികമായ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ള പശ്ചാത്തലത്തില്‍ ഷായുടെ നിലപാട് എന്തായിരിക്കും എന്നത് നിര്‍ണ്ണായകമാകും.
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ കേരള സന്ദര്‍ശനത്തിന് പിന്നാലെയാണ് ഷാ സംസ്ഥാനത്തെത്തിയിട്ടുള്ളത്. സംസ്ഥാനത്തെ ആര്‍.എസ്.എസ് ഭാരവാഹികളുമായി ഭഗവത് വിശദമായ കൂടിക്കാഴ്ച നടത്തിയിരുന്നു.