സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധവളപത്രം

Thu, 30-06-2016 02:19:03 PM ;

സംസ്ഥാനം ഗുരുതരമായ ധനകാര്യ പ്രതിസന്ധി നേരിടുന്നതായും പൊതുകടം 1.5 ലക്ഷം കോടി രൂപയിലെത്തിയതായും സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം. വരുമാനത്തിലെ കുറവും അധികമായ ചെലവും പ്രതിസന്ധി വര്‍ധിപ്പിക്കുന്നതയും  പ്ലാന്‍ പദ്ധതികള്‍ക്ക് പുറത്തുള്ള ചിലവഴിക്കല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ പെടുത്തുന്നതായും ധനമന്ത്രി ഡോ ടി.എം തോമസ്‌ ഐസക് അവതരിപ്പിച്ച രേഖയില്‍ പറയുന്നു.

 

മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 17.4 ശതമാനമായിരുന്നു റവന്യൂ വരുമാനം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 12 ശതമാനമായി കുറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ അനാവശ്യമായ നികുതി ഇളവുകള്‍ നല്‍കിയതായും പദ്ധതികളില്‍ ആവശ്യത്തിലധികം പണം ചിലവഴിച്ചതായും നികുതിപിരിവില്‍ പരാജയപ്പെട്ടതായും തോമസ് ഐസക് കുറ്റപ്പെടുത്തി. ഇടക്കാല ബജറ്റിന് മുന്നോടിയായിട്ടാണ് ധവളപത്രം അവതരിപ്പിച്ചത്.  

 

സംസ്ഥാനത്തിന് ദൈനംദിന ചിലവുകള്‍ക്കായി 5900 കോടി രൂപയും കടം തിരിച്ചടവിലേക്കായി ഉടന്‍ 6300 കോടി രൂപയും ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞപ്പോള്‍ 1009 കോടി രൂപ മാത്രമാണ് ഖജനാവില്‍ ഉണ്ടായിരുന്നത്. റവന്യൂ കമ്മി 8199 കോടി രൂപയും ധനക്കമ്മി 15888 കോടി രൂപയുമാണ്. പെന്‍ഷന്‍ ബാധ്യത തീര്‍ക്കാന്‍ 1000 കോടി രൂപയും കരാറുകാര്‍ക്ക് കൊടുക്കാന്‍ 1600 കോടി രൂപയും വേണമെന്ന് മന്ത്രി പറഞ്ഞു.

 

Tags: