ട്രഷറികളിലെ നോട്ടുക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ലോട്ടറി വകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന ബാങ്കുകളില്‍ അടയ്ക്കുന്ന പണത്തിന്റെ പകുതിയെങ്കിലും നോട്ടുകളായി അതതുദിവസം ട്രഷറിക്ക് നല്‍കണമെന്ന് ധനവകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നോട്ടില്ലാത്തതിനാല്‍ ക്ഷേമപെന്‍ഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
നോട്ടുക്ഷാമം പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മന്ത്രി ഡോ. തോമസ് ഐസക്ക് കഴിഞ്ഞ ദിവസം ഉന്നത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ധന, നികുതി വകുപ്പുകളുടെ സെക്രട്ടറിമാര്‍, ലോട്ടറി ഡയറക്ടര്‍, ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പണം നേരിട്ട് ട്രഷറിയില്‍ അടക്കാനുള്ള തീരുമാനം ബാങ്ക് മേധാവികളെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കകം ബാങ്കുകള്‍ ഇത് പാലിച്ചില്ലെങ്കില്‍ ഈ സ്ഥാപനങ്ങളുടെ പണം നേരിട്ട് ട്രഷറികളില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും. കെ.എസ്.എഫ്.ഇ. ശാഖകളില്‍ കിട്ടുന്ന പണത്തിന്റെ ഒരു ഭാഗവും ട്രഷറികളിലേക്ക് മാറ്റാന്‍ ആലോചനയുണ്ട്.
ലോട്ടറിവകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന 50 കോടി രൂപയോളം ബാങ്കുകളില്‍ അടയ്ക്കുന്നുണ്ട്. ദിവസങ്ങള്‍ക്കുശേഷം ഈ പണം ട്രഷറിയിലേക്ക് മാറ്റുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. എന്നാല്‍, പണം ട്രഷറി അക്കൌണ്ടിലേക്ക് വരവുവെയ്ക്കുന്നതാണ് രീതി. ഇത് മാറ്റി സ്ഥാപനങ്ങള്‍ അടയ്ക്കുന്ന പണത്തിന്റെ പകുതിയെങ്കിലും നോട്ടായി അന്നുതന്നെ ട്രഷറിക്ക് നല്‍കണമെന്നാണ് ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുള്ളത്.
കേരളത്തിലെ നോട്ടുക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കില്‍നിന്ന് കേരളത്തിനുള്ള കറന്‍സി ലഭ്യതയില്‍ 25 ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്.