ഗവർണറുടെ അഡീഷണൽ പിഎ സ്ഥാനത്ത് ഹരി എസ് കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാൽ വെച്ച കവറിംഗ് ലെറ്ററാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനിൽ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് ഈ കത്തിലുണ്ടായിരുന്നത്. അങ്ങനെയൊരു വിഷയം ഉണ്ടെങ്കിൽത്തന്നെ അത് സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനെക്കൊണ്ടല്ല ഗവർണറെ അറിയിക്കേണ്ടത് , പകരം മുഖ്യമന്ത്രിയ്ക്കുതന്നെ നേരിട്ടറിയിക്കാമായിരുന്നു എന്നാണ് ഗവർണ്ണറുടെ പക്ഷം. സർക്കാറിൻ്റെ തലവനും സംസ്ഥാനത്തിൻ്റെ തലവനും തമ്മിലുള്ള ഒരു പ്രധാനപ്പെട്ട ആശയവിനിമയം ആ നിലയ്ക്ക് ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടിയിരുന്നു. ആ അനിഷ്ടവും പ്രതിഷേധവും നയപ്രഖ്യാപന പ്രസംഗം അംഗീകാരത്തിനായി തന്റെ മുമ്പാകെ എത്തിയപ്പോൾ ഗവർണ്ണർ പ്രകടിപ്പിച്ചു. ഒപ്പിടാൻ വിസമ്മതിച്ചു. വെള്ളിയാഴ്ച രാവിലെ ബജറ്റ് സമ്മേളനത്തിനായി നിയമസഭ ചേരുമ്പോൾ സഭയിൽ വായിക്കാനുള്ളതാണ് ഈ നയപ്രഖ്യാപന പ്രസംഗം. ഇത് ഗവർണ്ണർ അംഗീകരിച്ചാൽ മാത്രമേ രാത്രിതന്നെ സർക്കാർ പ്രസ്സിലേക്ക് പോയി അച്ചടിച്ച് ...പ്രൂഫ് നോക്കി...വീണ്ടും അച്ചടിച്ച് Fair copy നാളെ നിയമസഭയിലെത്തൂ.
ഇതോടെ മുഖ്യമന്ത്രിയ്ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഉച്ചയ്ക്ക് ഒരുമണിയോടെ മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി ഗവർണറെ അനുനയിപ്പിക്കാൻ ശ്രമം നടത്തുന്നു. പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ കവറിംഗ് ലെറ്ററിൽ പറഞ്ഞ കാര്യങ്ങളോടുള്ള വിയോജിപ്പ് മുഖ്യമന്ത്രിയോട് ഗവർണ്ണർ ആവർത്തിക്കുന്നു. How can government afford and entertain such a freewheeling officer at the helm of it?
എന്ന് ഗവർണ്ണർ മുഖ്യമന്ത്രിയോട് ചോദിച്ചു എന്നാണറിയുന്നത് . ഇതു മനസ്സിലാക്കിയ മുഖ്യമന്ത്രി ഗവർണറോട് യാത്ര പറഞ്ഞു നേരേ പുറത്തിറങ്ങി എ കെ ജി സെന്ററിലേക്ക് . ഇതിനകം തന്നെ ചീഫ് സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റാനുള്ള ഉത്തരവിറക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു . മിനിറ്റുകൾക്കുള്ളിൽ ഉത്തരവിറങ്ങി. ശേഷം മുഖ്യമന്ത്രിതന്നെ ഗവർണറെ ഫോണിൽ വിളിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയ വിവരം അറിയിച്ചു. . തൊട്ടുപിന്നാലെ , നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണ്ണർ ഒപ്പിട്ടു.