സി.പി.എം. സമ്മേളനാനന്തരം ആലപ്പുഴ

- എസ്.ഡി. വേണുകുമാർ
Mon, 07-03-2022 06:50:30 PM ;
 
 
 
പട കഴിഞ്ഞ പടക്കളം പോലെ എന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ് സി.പി.എം. സമ്മേളനം കഴിഞ്ഞതിനു ശേഷമുള്ള ആലപ്പുഴ എന്ന്  ഒരലങ്കാരത്തിന് വേണമെങ്കിൽ പറയാം. എന്നു കരുതി യുദ്ധാനന്തരമുണ്ടാവുന്ന യുക്രെയിനുമായി സമാനതകൾ കാണേണ്ടതുമില്ല. അത്ര വലിയ യുദ്ധമൊന്നും ഇല്ലാതെ തന്നെ ലക്ഷ്യം സാധിച്ച സ്ഥിതിക്ക് പിന്നെ എന്തു പട , ആര് പടനായകൻ എന്നൊക്കെ ചോദ്യമുയരാം.
 
കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങൾക്ക് പേരു കേട്ട ആലപ്പുഴയുടെ വിപ്ലവ മണ്ണിൽ കമ്മ്യൂണിസ്റ്റുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല. ചരിത്രം നമ്മോടു പറയുന്നത് അത്തരം വീരസാഹസിക കഥകളാണല്ലോ. അതിൽ വാണവരും വീണവരുമുണ്ട്. ഒന്നു തിരിഞ്ഞു നോക്കുമ്പോൾ  ചിലപ്പോൾ പൂന്താനത്തിന്റെ ജ്ഞാനപ്പാനയാകും സന്ദർഭത്തോട് ചേർന്ന് നിൽക്കുക. അതിലെ ഓരോ വരികളും അത്രമാത്രം അർത്ഥസമ്പുഷ്ടവും തത്വചിന്താപരവുമാണല്ലോ.
 
ഗൗരിയമ്മയുടെയും വി.എസ്. അച്ചുതാനന്ദന്റെയും ഒക്കെ പോരാട്ട കാലം മാറ്റി നിർത്തി പഴയ കാലത്തേക്ക് ഒന്ന് ഊളിയിടാം. ഒരു പത്തുപതിനഞ്ചു കൊല്ലം മാത്രം പിന്നോട്ട് സഞ്ചരിക്കാം. എന്തായിരുന്നു കണ്ട കാഴ്ചകൾ!
 
പടക്കളത്തിൽ പടനായകർ രണ്ട് പേർ മാത്രം. ഒരറ്റത്ത് ജി.സുധാകരൻ. മറുഭാഗത്ത് ഡോ. തോമസ് ഐസക്ക്. പാർട്ടിയിലെ ശാക്തിക ചേരികൾ ഈ രണ്ടു പേരെ മുന്നിൽ നിർത്തിയായിരുന്നുവല്ലോ പോർമുഖം തുറന്നിരുന്നത്.   സമ്മേളന കാലങ്ങളിൽ അത് ബലപരീക്ഷണങ്ങളിലേക്ക് കടക്കുമ്പോൾ മാധ്യമങ്ങൾക്ക് ഉത്സവകാലമായിരുന്നു. വാർത്തകളുടെ വെടിക്കെട്ടുകളിൽ ആലപ്പുഴ തലക്കെട്ടുകളിൽ നിറഞ്ഞു.
 
ഒരു തവണ ഏരിയാക്കമ്മിറ്റികളിൽ മേൽക്കൈ നേടിയപ്പോൾ പോലും ജില്ലാ സമ്മേളനത്തിൽ തോമസ് ഐസക്ക് നേതൃത്വം നൽകിയ ചേരിയെ അടിച്ചൊതുക്കിയ സുധാകരന്റെ പൂഴിക്കടകൻ പ്രയോഗമൊക്കെ ഇപ്പോഴും ഓർമ്മയിലുണ്ട്. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ ഒപ്പം നിർത്തിയായിരുന്നു അന്ന് കാര്യം നടത്തിയത്. ക്രമേണ ഏറ്റുമുട്ടലിന് നിൽക്കാതെ പിൻവാങ്ങുന്ന തോമസ് ഐസക്കിനെയാണ് കണ്ടത്. പിന്നെ ആലപ്പുഴ ജില്ലയിൽ സി.പി.എം. എന്നാൽ സുധാകരൻ എന്ന് എല്ലാവരെക്കൊണ്ടും പറയിപ്പിക്കുന്നിടം വരെയെത്തി കാര്യങ്ങൾ.
 
ജി.സുധാകരനു വഴങ്ങി തുടരാനില്ലെന്ന് നിലപാട് എടുത്തപ്പോഴായിരുന്നല്ലോ സി.ബി. ചന്ദ്രബാബുവിന് പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്ത് രണ്ടാമൂഴം നഷ്ടമായത്. ഇപ്പോൾ പാർട്ടിയിൽ ആലപ്പുഴയുടെ അമരക്കാരനായ സജി ചെറിയാന് ജില്ലാ സെക്രട്ടറി പദത്തിലേക്ക് വഴി തുറന്നതും അങ്ങനെയായിരുന്നുവല്ലോ.
 
സുധാകരന്റെ തണൽ പറ്റി നിന്ന് വളർന്നു വന്ന സജി പാർട്ടിയിൽ നിന്ന് പാർലമെന്ററി രംഗത്തേക്ക് കണ്ണു വച്ചപ്പോൾ , അയാൾ കൈവിട്ടു പോയി എന്നു സുധാകരൻ തിരിച്ചറിഞ്ഞു. ചിറകിന് കീഴിലുണ്ടായിരുന്ന സലാമിന് അമ്പലപ്പുഴയിൽ പാർലമെന്ററി മോഹമുദിച്ചതും പാർലമെന്ററി വ്യാമോഹികളുടെ അന്തർധാര ശക്തിപ്പെടുന്നതുമെല്ലാം തിരിച്ചറിഞ്ഞപ്പോഴേക്കും ഒരു സത്യം സുധാകരൻ മനസ്സിലാക്കാതെ പോയി -  പാർട്ടിയിൽ തന്റെ കാലം കഴിയുകയാണ്. 
 
അതിനിടെ പണ്ട് ശത്രുപക്ഷത്തായി നിർത്തിയ രണ്ടാം നിരക്കാർ സജി ചെറിയാനുമായി പലയിടങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും സന്ധിച്ചതിന്റെയും അവരുടെ നീക്കങ്ങളുടെയും വിവരങ്ങൾ ഒന്നും പാർട്ടിയിലെ ഈ ശക്തൻ മാത്രം അറിഞ്ഞില്ല.
 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ മാത്രമാണ് ഐസക്ക് - സുധാകരൻ ദ്വന്ദങ്ങൾക്ക് ആലപ്പുഴ അന്യമാകുന്നുവെന്ന് ബോധ്യമായത്. കുശാഗ്ര ബുദ്ധിയായ തോമസ് ഐസക്ക് കാര്യങ്ങളെ പക്വതയോടെ നേരിട്ടപ്പോൾ , സ്വതേ വികാരജീവിയായ സുധാകരൻ ചിലപ്പോഴൊക്കെ പഴയ സ്വത്വം പുറത്തെടുത്തു.  അത് അന്വേഷണത്തിലും നടപടിയിലുമൊക്കെ എത്തിയെന്നതിലല്ല കാര്യം. തൊട്ടു മുമ്പു വരെ ആലപ്പുഴയിലെങ്കിലും പാർട്ടിയുടെ എല്ലാ മെന്ന് അഹങ്കരിച്ചിരുന്ന എന്നോ വിശ്വസിച്ചിരുന്ന എന്നോ ഒക്കെ പറയാവുന്ന സുധാകരൻ  സംസ്ഥാന സമ്മേളനം കഴിഞ്ഞപ്പോൾ , പാർട്ടിയിൽ ആരുമല്ലാതായിരിക്കുന്നു. തോമസ് ഐസക്കാകട്ടെ കേന്ദ്ര കമ്മിറ്റി അംഗമായി തുടരുകയും ചെയ്യുന്നു. തട്ടകം ആലപ്പുഴയിൽ നിന്ന് മാറ്റിയത് ശ്രദ്ധേയം.
 
ശരിയാണ്. പ്രായപരിധിയുടെ പേരിലാണ്  സുധാകരനെ സംസ്ഥാന സമിതിയിൽ നിന്നൊഴിവാക്കിയത്. സ്വമേധയാ ഒഴിവാക്കണമെന്ന് സുധാകരൻ  പറഞ്ഞതിന്റെ അർത്ഥം തലങ്ങളിലേക്ക് കടക്കുന്നില്ല. പഠിക്കാനുള്ള സാമർത്ഥ്യം മൂലം രണ്ട് വയസ് കൂട്ടി വച്ച് സ്കൂളിൽ ചേർത്തതു കൊണ്ടാണ് ഇപ്പോൾ പ്രായപരിധിയിൽ തൊട്ടു നിൽക്കുന്നതെന്ന വിശദീകരണം ആരും മുഖവിലക്കെടുക്കാത്തതിന്റെ കാര്യകാരണങ്ങളിലേക്കും പോകുന്നില്ല.
 
ഇനിയത്തെ യാഥാർത്ഥ്യം ഇതാണ്. സുധാകരന്റെ സ്വന്തമെന്നു പറഞ്ഞു കൂടെ നടന്ന എത്ര പേർ ഇനി ഒപ്പമുണ്ടാവും ? സുധാകരൻ വിറപ്പിച്ചു നിർത്തിയിരുന്ന ധാരാളം പേരുണ്ട് പാർട്ടിയിൽ. അവരുടെ മനോഭാവം എന്താകും ? കാത്തിരുന്ന് കാണേണ്ട കാഴ്ചകളാണവ.
 
വിരമിക്കൽ എന്ന യാഥാർത്ഥ്യത്തെ മുതിർന്നവർ പ്രായോഗിക ബുദ്ധിയോടെ നേരിടും. സേവനത്തിന് പ്രായപരിധിയില്ലല്ലോ. അതുകൊണ്ട് പദവികളുടെ ആടയാഭരണങ്ങൾ അഴിച്ചു വച്ചവർക്കും ഇനി അഴിക്കാനിരിക്കുന്നവർക്കും മുമ്പിൽ വഴികൾ പലതുണ്ട്.
 
 
 
 
ReplyForward
 
 
 
 

Tags: