പഴികേള്‍പ്പിച്ച ശബ്ദം പ്രശസ്തി വാങ്ങിത്തരുന്നു: ഷൈജു ദാമോദരന്‍

അമല്‍ കെ.വി
Fri, 03-08-2018 05:41:27 PM ;

ഫുട്‌ബോളിനെന്ന പോലെ മലയാള ഭാഷയ്ക്കും അതിര്‍ വരമ്പുകളില്ലെന്ന് തന്റെ കളി പറച്ചിലിലൂടെ തെളിയിച്ച പ്രശസ്ത  കമന്റേറ്റര്‍ ഷൈജു ദാമോദരനുമായി ലൈഫ് ഗ്ലിന്റ് സബ് എഡിറ്റര്‍ അമല്‍ കെ.വി നടത്തിയ അഭിമുഖം.

 

കമന്ററി രംഗത്തേക്കുള്ള വരവ് ?

ഇരുപത് വര്‍ഷം വരെ മലയാളത്തിലെ മുഖ്യധാരാ പത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി നോക്കി പോരുകയായിരുന്നു. കമന്ററിയിലേക്ക് വരുന്നതിന് തൊട്ട് മുമ്പ്  പത്രത്തിന്റെ കോയമ്പത്തൂര്‍ ഓഫീസിലായിരുന്നു ജോലി. സ്വാഭാവികമായും സ്വന്തം നാട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നതിന്റെ ബുദ്ധിമുട്ട് അപ്പോഴുണ്ടായിരുന്നു. (എന്നാല്‍ അതല്ല കമന്ററിയിലേക്കെത്താന്‍ പ്രധാന കാരണം). ആ സമയത്താണ് (2014ല്‍)ഇന്ത്യയില്‍ ഐ.എസ്.എല്‍ വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്. അതിനോടനുബന്ധിച്ച് അവസരം എന്നെ തേടി വരികയായിരുന്നു. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് എന്നേക്കാള്‍ നന്നായി ഫുട്‌ബോള്‍ കമന്ററി പറയാന്‍ കഴിയുന്ന ഒരുപാട് മലയാളികള്‍ നമുക്കിടയിലുണ്ട്. എന്നിട്ടും എന്തോ ഭാഗ്യം എന്റെ കൂടെയുണ്ടായിരുന്നു എന്ന് വേണം പറയാന്‍.  1980തുകളിലെ ഫെഡറേഷന്‍ കപ്പോട് കൂടി അവസാനിച്ച മലയാളം കമന്ററിയുടെ സാധ്യതകള്‍ മനസ്സിലാക്കി സ്റ്റാര്‍ സ്‌പോര്‍ട്‌സാണ്  അതിനെ വീണ്ടും ഐ.എസ്.എല്ലിലൂടെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. അതിന് ആ വലിയ പ്രസ്ഥാനത്തോട് നന്ദി പറയേണ്ടതാണ്. അതിന് മുമ്പ് ഞാന്‍ സി.സി.എല്ലില്‍ രണ്ട് സീസണില്‍ കമന്ററി പറഞ്ഞിരുന്നു. അതൊക്കെ സ്റ്റാര്‍സ്‌പോര്‍ട്‌സ് അധികൃതര്‍ കൃത്യമായി വിലയിരുത്തുകയും എന്നിലേക്ക് എത്തിച്ചേരുകയുമായിരുന്നു. അങ്ങനെ ലഭിച്ച അവസരത്തെ ഞാന്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഒരു പ്രൊഫഷണല്‍ കരിയര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും സംഭവിക്കുന്ന ഒന്നാണത്. നമ്മള്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ മറ്റൊരിടത്ത് ലഭിക്കുമ്പോള്‍ നമ്മള്‍ സ്വാഭാവികമായി അതിനെ സ്വീകരിക്കും. അത്രയേ എന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളൂ.

 

ആദ്യ മാച്ചിലെ കമന്ററി അനുഭവം?

ആദ്യ മാച്ചിന്റെ അനുഭവം ഒരിക്കലും മറക്കാനാവാത്തതാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ തനിക്ക് ജോലി കിട്ടിയ ശേഷം ആദ്യമായി എഴുതുന്ന വാചകം സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കും. എന്നതുപോലെ തന്നെയായിരുന്നു അതും. കൊല്‍ക്കത്തയും മുംബൈയും തമ്മിലായിരുന്നു ആദ്യ ഐ.എസ്.എല്‍ മാച്ച്. ഞാനും ഐ.എം വിജയനുമാണ് കമന്ററി പറയുന്നത്. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എത്രയോ തവണ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യുകയും അദ്ദേഹത്തെക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്തയാളാണ് ഞാന്‍. എന്നാല്‍ ഒരു സഹപ്രവര്‍ത്തകനായി അദ്ദേഹത്തിനെപ്പോലൊരു ഇതിഹാസ താരത്തിനൊപ്പം ഇരുന്ന് കമന്ററി പറയുന്നു. അത് സ്വപ്‌ന തുല്യമായ നിമിഷമായിരുന്നു. ശരിക്കും അദ്ദേഹത്തിനൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതു പോലെയാണ് എനിക്ക് അപ്പോള്‍ തോന്നിയത്. കമന്ററിയെന്ന് പറയുന്നത് രണ്ട് പേര്‍ ചേര്‍ന്ന് നടത്തുന്ന കാല്‍പ്പന്ത് കളിയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കളിയില്‍ പന്ത് പരസ്പരം കൈമാറി പോകുന്നത് പോലെയാണ് കമന്ററി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് മാറി മാറി പറഞ്ഞുപോകുന്നത്. ഞങ്ങള്‍ രണ്ടുപേരും ഈ രംഗത്ത് പരിചയമുള്ള ആളുകളായിരുന്നില്ല. അതിന്റേതായ ചില സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. എങ്ങനെയാണ് ജനങ്ങള്‍ ഇതിനെ സ്വീകരിക്കുക എന്നതിനെക്കുറിച്ചൊക്കെ. ഒരോ വലിയ യാത്രയുടെ തുടക്കവും അങ്ങനെ തന്നെയായിരിക്കും. നാല് ഐ.എസ്.എല്‍ സീസണുകള്‍കൊണ്ട് ഞാന്‍ 222 മാച്ചുകള്‍ക്ക് കമന്ററി പറഞ്ഞുകഴിഞ്ഞു. ഇനിയിപ്പോള്‍ അടുത്ത സീസണ് വേണ്ടി കാത്തിരിക്കുകയാണ്. ഈ അവസരത്തിലും അതിനായി ഊര്‍ജ്ജം നല്‍കുന്നത് ആ തുടക്കം തന്നെയാണ്.

 

മാച്ചിന് മുമ്പുള്ള ഒരുക്കങ്ങള്‍ ഏതൊക്കെ തരത്തിലാണ് ?

പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല ഒരു മത്സരത്തിന് മുമ്പുള്ള തയ്യാറെടുപ്പുകള്‍. മലയാളം കമന്ററിയെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതിന്റെ പ്രധാന കാരണം അതില്‍ ഒരുപാട് വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നതാണ്. ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന  എത്രയോ ട്രോളുകള്‍ അതിനെപ്പറ്റി വന്നിട്ടുണ്ട്. ഉദാഹരണത്തിന്
ഹിസ്റ്ററി പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥി- 'ഞാന്‍ മുഴുവന്‍ മാര്‍ക്കും മേടിക്കും', എന്താ കാരണം -
'ഞാന്‍ ഇന്നലെ ഷൈജുവേട്ടന്റെ കമന്ററി കേട്ടിരുന്നു'.പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന.ഉദ്യോഗാര്‍ത്ഥി 'ഹിസ്റ്ററിയെനിക്ക് പേടിയില്ല', അതെന്താ  - 'ഞാന്‍ സ്ഥിരം ഷൈജുവേട്ടന്റെ കമന്ററി കേള്‍ക്കുന്ന ആളാണ്'  എന്നൊക്കെയുള്ളവ. ലോകത്ത് വിവിധ ഭാഷകളില്‍ വിവിധ തരത്തില്‍ കമന്ററികളുണ്ട് അപ്പോള്‍ നമ്മുടെ കമന്ററിയെ ജനങ്ങള്‍ സ്വീകരിക്കണമെങ്കില്‍ അതില്‍ നിന്നൊക്ക വ്യത്യസ്തമായ എന്തെങ്കിലും അവര്‍ക്ക് കൊടുക്കണം. അത് വിനോദമാകാം വിജ്ഞാനമാകാം. പാട്ടുകളും സിനിമാ പ്രയോഗങ്ങളും ഞാന്‍ കമന്ററിയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഞാന്‍ പണ്ട് കോളേജിലോ സ്‌കൂളിലോ പഠിച്ച കാര്യങ്ങള്‍ മാത്രം
വച്ചുകൊണ്ട് ചെയ്യുന്നതല്ല ഇത്. ഞാന്‍ നടത്തുന്ന മുന്നൊരുക്കത്തിന്റെ ഫലമാണ് അതൊക്കെ. എന്റെ കളി പറച്ചിലില്‍ കെമിസ്ട്രി ഫിസിക്‌സ് കണക്ക് സാഹിത്യം രാഷ്ട്രീയം ചരിത്രം ഭാഷ തുടങ്ങിയ എല്ലാ കാര്യങ്ങളും കടന്ന് വരാറുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പ് കമന്ററി എടുത്തു നോക്കിയാല്‍ അത് കൃത്യമായി മനസ്സിലാക്കാം.

 

കമന്ററിയില്‍ സിനിമാ പ്രയോഗങ്ങള്‍ സ്വാഭാവികമായി വരുന്നതാണോ?

ജനങ്ങളുമായി ഏറ്റവും അടുത്തിടപഴകുന്ന മാധ്യമം സിനിമയാണ്. എല്ലാക്കാലത്തും അത് അങ്ങനെയാണ്. അക്കാര്യത്തില്‍ സിനിമയെ വെല്ലുന്ന മറ്റൊരു മാധ്യമവും ലോകത്തില്ല. അപ്പോള്‍ ഫുട്‌ബോള്‍ കമന്ററിയെ ജനകീയമാക്കാന്‍ ഏറ്റവും എളുപ്പത്തില്‍ സ്വീകരിക്കാവുന്ന മാര്‍ഗ്ഗമാണ് സിനിമയിലെ സൂപ്പര്‍ഹിറ്റ് ഡയലോഗുകളും പാട്ടുകളുടെ വരികളും ഉള്‍പ്പെടുത്തുക എന്നുള്ളത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിച്ചപ്പോള്‍ കബാലിയിലെ ഡയലോഗാണ് ഞാന്‍ പറഞ്ഞത്. മലയാളികള്‍ക്ക് പുറമേയ്ക്കും ആ കമന്ററി പോവുകയുണ്ടായി. 'തിരുമ്പി വന്നിട്ടേന്ന് സൊല്ല്, റോണോ ഡാ' അത് കബാലിയിലെ രജനീകാന്തിന്റെ റീ എന്‍ട്രി ഡയലോഗാണ്. അത് അതേ പോലെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഞാന്‍ ചെയ്തത്. അതുവഴി ഒരു എന്റര്‍ടെയ്ന്‍മെന്റ് ബ്ലെന്റ് കണ്ട് പിടിക്കുകയാണ്. പക്ഷെ അത് കണ്ട് പിടിച്ചതുകൊണ്ടുമാത്രമയില്ല, യഥാര്‍ത്ഥ സ്ഥലത്ത് പ്രയോഗിക്കാനും പറ്റണം. ടൈമിംഗ് വേണം. റൊണാള്‍ഡോ പന്ത് ടച്ച് ചെയ്യുമ്പോള്‍ തന്നെ തിരുമ്പി വന്നിട്ടേന്ന് സൊല്ല് റോണോ ഡാ എന്ന് പറഞ്ഞാല്‍ ജനം പുച്ഛിക്കും. അതേ സമയം റൊണാള്‍ഡോ ഹാട്രിക്ക് ഗോള്‍ നേടി ആ സെലിബ്രേഷന്‍ നടക്കുമ്പോള്‍ പറയണം. എന്നാലെ അതിന്റെ പഞ്ച് കിട്ടുകയുള്ളൂ. ഇത്തരം പ്രയോഗങ്ങള്‍ എന്റെ നോളഡ്ജ് ബാങ്കിലുണ്ട് അത് ആ  സമയത്ത് സ്വാഭാവികമായി വരുന്നു എന്ന് മാത്രം.

 Shaiju damodaran

ബി.ബി.സിയില്‍ വരെ വാര്‍ത്തയായ 'റോണോള്‍ഡോ' കമന്ററിയെക്കുറിച്ച്?

റൊണാള്‍ഡോ കമന്ററി അങ്ങനെയങ്ങ് സംഭവിച്ച് പോയതാണ്. ഇതിന് മുമ്പും അത്തരത്തിലുള്ള പ്രയോഗങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെ നോണ്‍ മലയാളികള്‍ ഏറ്റെടുത്തു എന്നതാണ്. അതുകൊണ്ടാണ് ഇത്രയും വൈറലായത്. ബി.ബി.സി, ഓസ്‌ട്രേലിയന്‍ റേഡിയോ, ന്യൂസിലാന്റ് റേഡിയോ, പിന്നെ ദേശീയ മാധ്യമങ്ങള്‍ മുഴുവനും അതിനെ ഏറ്റെടുത്തു. ഇത്രയും അത് ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഒരു പക്ഷേ മെസ്സിയും റൊണാള്‍ഡോയും നെയ്മറും ഒരുമിച്ച് കളിച്ച അവസാനത്ത ലോക കപ്പായിരുന്നിരിക്കും കഴിഞ്ഞുപോയത്.  അപ്പോള്‍ മെസ്സിയും റൊണാള്‍ഡോയും ലോകപ്പില്‍ കളിക്കുമ്പോള്‍ കമന്ററി പറയാന്‍ പറ്റുക എന്നത് ഏതൊരു കമന്റേറ്ററുടെയും സ്വപ്‌നമാണ്. അപ്പോള്‍ റൊണാള്‍ഡോ ഗോളടിക്കുകയാണ്, ഒന്നല്ല മൂന്നെണ്ണം, അതില്‍ മൂന്നാമത്തേത് സുന്ദരമായ ഫ്രീ കിക്ക് ഗോള്‍. അപ്പോള്‍ നമ്മുടെ ഉള്ളിലുള്ളതൊക്കെ പുറത്തേക്ക് വരികയാണ്. അങ്ങനത്തെ ഒരു നിമിഷത്തില്‍ സംഭവിച്ച് പോയതാണ് റൊണാള്‍ഡോ എന്ന പറച്ചില്‍. ഇത്രയും വൈറലാകുമെന്ന ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല, അതിന് ദൈവത്തോടാണ് നന്ദിപറയുന്നത്.

 

കമന്ററിയില്‍ റോള്‍മോഡല്‍ ആരെങ്കിലുമുണ്ടോ?

മാതൃകാ പുരുഷന്‍ എന്ന് പറയാന്‍ പറ്റില്ല. ഞാന്‍ കമന്ററിയിലേക്ക് വന്നിട്ട് അഞ്ച് വര്‍ഷം ആകുന്നതല്ലേ ഒള്ളൂ. എന്നേക്കാള്‍ എത്രയോ സീനിയറായ ആളുകള്‍ ഈ രംഗത്തുണ്ട്, ഇന്ത്യയില്‍ തന്നെ. എന്റെ കമന്ററിയെക്കുറിച്ച് വിമര്‍ശകര്‍ എപ്പോഴും പറയാറുണ്ട്. ഷൈജു ദാമോദരന്‍ വെറും ബഹളമാണ്, വെറും ഒച്ചപ്പാടുണ്ടാക്കണ ആളാണ്, ഇതാണോ കമന്ററി എന്നൊക്കെ. അതൊക്കെ അവരുടെ കാഴ്ചപ്പാടാണ്. അതേ സമയം എന്റെ കമന്ററിയെ ഇഷ്ടപ്പെടുന്ന ബഹുഭൂരിപക്ഷം ആളുകളും ഇപ്പുറത്ത് നില്‍ക്കുകയാണ്. ഞാനൊരല്‍പ്പം പതുക്കെപ്പറഞ്ഞാല്‍ അപ്പോള്‍ തന്നെ പ്രക്ഷകരുടെ പ്രതികരണം വരും ഷൈജുവേട്ടാ ഒരു എനര്‍ജിയില്ലല്ലോ എന്ന് പറഞ്ഞ്. അതേ പോലെ തന്നെ കമന്ററിയുടെ പ്രൊഡ്യൂസര്‍മാരും ചോദിക്കും. അപ്പോ ഞാന്‍ ഉച്ചത്തില്‍ ഉന്മേഷത്തോടെ സംസാരിക്കണം എന്ന് പറയുന്നവരും, അതിനെ എതിര്‍ക്കുന്നവരുമുണ്ട്. അത് അവരവരുടെ താല്‍പ്പര്യമാണ്. മലയാളം കമന്ററി വെറും ഒച്ചപ്പാടും ബഹളുവുമാണെന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ ഇടയ്ക്ക് ലാലിഗ ഫുട്‌ബോള്‍ കമന്ററിയും, ലാറ്റിനമേരിക്കന്‍ കമന്ററിയും, അറബിക് കമന്ററിയുമൊക്കെ കേള്‍ക്കുന്നത് നല്ലതാണ്. അവിടുത്തെ കമന്റേറ്റര്‍മാര്‍ എടുക്കുന്ന ശബ്ദത്തിന്റെ പകുതി പോലും മലയാളം കമന്ററിയിലില്ല. ചോദ്യത്തിലേക്ക് വന്നാല്‍, ലാലിഗയില്‍ റേ ഹഡ്‌സണ്‍ എന്ന് പറയുന്ന കമന്റേറ്ററുണ്ട്. അദ്ദേഹം ഈ പറഞ്ഞതുപോലെയാണ് അങ്ങ് പൊട്ടിത്തെറിക്കും ഭയങ്കര ആവേശമാണ് സൃഷ്ടിക്കുക. പക്ഷേ ആവേശത്തിനിടയിലും അദ്ദേഹം മാത്രം കൊണ്ടുവരുന്ന ചില പഞ്ച് ഡയലോഗുകളുണ്ട്. ഉദാഹരണമായി പറഞ്ഞാല്‍ ലയണല്‍ മെസ്സി ബാര്‍സലോണയ്ക്കുവേണ്ടി ഗോളടിച്ചപ്പോള്‍ ഒരിക്കല്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ് ഷേക്‌സ്പിയര്‍ ഹാസ് ഗോട്ട് ഇറ്റ് റോങ്ങ്, ഇറ്റ്‌സ് നോട്ട് കിംഗ് ലിയര്‍ ഇറ്റീസ് കിംഗ് ലിയോ. അപ്പോള്‍ അദ്ദേഹത്തിന്റെ കമന്ററി എനിക്ക് വലിയ ഇഷ്ടമാണ്. എന്നാല്‍ മാതൃകാ പുരുഷന്‍ അല്ല.

 

വിമര്‍ശനങ്ങളെയും ട്രോളുകളെയും എങ്ങനെയാണ് കാണുന്നത്?

നൂറ്റിപ്പത്ത് ശതമാനവും പോസിറ്റീവായിട്ടാണ് എടുക്കുന്നത്. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുള്ള രാജ്യമാണ് നമ്മുടേത്. അത് കമന്ററിയുടെ കാര്യത്തിലായാലും മറ്റെന്ത് കാര്യത്തിലാണെങ്കിലും. പക്ഷേ ഈ അഭിപ്രായ സ്വാതന്ത്ര്യം അതിരുവിടുന്നുണ്ടെന്നാണ് ഇപ്പോള്‍ നടക്കുന്ന പല സംഭവങ്ങളും വ്യക്തമാക്കുന്നത്. ട്രോളുകള്‍ ശരിക്കും ആളുകളെ തേച്ച് ഒട്ടിക്കാനാണ് ഉപയോഗിക്കുന്നത്. പക്ഷേ ട്രോള്‍ സമൂഹത്തോട് അങ്ങേയറ്റം നന്ദിയും കടപ്പാടുമുള്ളയാളാണ് ഞാന്‍. മലയാളി ട്രോള്‍ സമൂഹത്തിന്റെ തലോടലാണ് എനിക്ക് കൂടുതല്‍ ലഭിച്ചിട്ടുള്ളത്, തല്ല് കുറവ് മാത്രമേ കിട്ടിയിട്ടുള്ളൂ. അത് എന്റെ കൈയില്‍ നിന്ന് തെറ്റുകള്‍ അധികം വരാത്തതുകൊണ്ടാകാം. അപ്പോള്‍ ഈ അവസരത്തില്‍ എല്ലാ ട്രോളര്‍മാരോടുമുള്ള നന്ദി ലൈഫ് ഗ്ലിന്റിലൂടെ രേഖപ്പെടുത്തുകയാണ്. ഇനിയും എന്നെ തലോടുക, നിങ്ങളുടെ സ്‌നേഹവും പിന്തുണയും എനിക്ക് ഇനിയും ആവശ്യമുണ്ട്.

 

ശബ്ദത്തിന് പിന്നില്‍?

ഇതേ ശബ്ദത്തില്‍ തന്നെയാണ് ഈ കഴിഞ്ഞ 46 വര്‍ഷം ഞാന്‍ ഇവിടെ ജീവിച്ചത്. ശബ്ദത്തിന് വേണ്ടി പ്രത്യേകിച്ച് പരിശീലനമോ ഒന്നും നടത്തിയിട്ടില്ല. ഞാന്‍ എന്നും ഉച്ചത്തില്‍ സംസാരിക്കുന്ന ആളാണ്. സാധാരണ സംഭാഷണത്തില്‍ പോലും. അതിന്റെ ഗുണം എനിക്ക് കമന്ററിയില്‍ കിട്ടിയിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ ജീവിതത്തില്‍ ഈ ശബ്ദം എന്നെ പല സന്ദര്‍ഭങ്ങളിലും ദോഷകരമയി ബാധിച്ചിട്ടുണ്ട്. അത് പഠിക്കുന്ന കാലഘട്ടത്തിലാണെങ്കിലും, ജോലിചെയ്യുമ്പോഴാണെങ്കിലും. ശബ്ദമുയര്‍ന്നു എന്നതിന്റെ പേരില്‍ പഴി മാത്രം കേട്ട ഒരാളാണ് ഞാന്‍. ഔട്ട്‌സ്‌പോക്കണ്‍ എന്ന വിളി എത്രയോ തവണ കേട്ടിട്ടുണ്ട്. ഉച്ചത്തില്‍ സംസാരിക്കുന്നവരെ ഔട്ട്‌സ്‌പോക്കണ്‍ എന്ന് വിളിക്കുന്ന ചുറ്റുപാടാണല്ലോ നമ്മുടേത്. ഭൂമി ഉരുണ്ടതാണ് എന്ന് പറയുന്നത് പോലെ, ഉച്ചത്തില്‍ സംസാരിച്ചതിന്റെ പേരില്‍ എത്രത്തോളം തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്ന് അതേ ഉച്ചയില്‍ സംസാരിക്കേണ്ട കരിയറിലേക്ക് ഞാന്‍ എത്തിപ്പെട്ടു എന്നുള്ളതാണ്. ഇതിനെ കാലത്തിന്റെ തമാശ എന്ന് വേണമെങ്കില്‍ പറയാം.

കമന്ററി ജീവിതത്തില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ എന്തൊക്കെയാണ്?

ഇരുപത് വര്‍ഷം ഒരു മുഖ്യധാരാ പത്രത്തില്‍ ബൈലൈനോട് കൂടി എഴുതിയിരുന്ന ആളാണ് ഞാന്‍. അക്കാര്യം എത്ര പേര്‍ക്ക് അറിയാം ? എന്റെ സൗഹൃദവലയത്തില്‍പ്പെട്ട ആളുകള്‍ മാത്രമേ ബൈലൈന്‍ കണ്ട് എന്നെ തിരിച്ചറിഞ്ഞിരുന്നുള്ളൂ. പക്ഷേ ഇന്ന് കേരളത്തിലെ പതിനാല് ജില്ലകളിലും കുറച്ച് പേരെങ്കിലും ഷൈജു ദാമോദരനെ അറിയും. അത് തന്നെയാണ് പ്രകടമായ മാറ്റം. ഇരുപത് വര്‍ഷംകൊണ്ട് കിട്ടാത്തത് 5 വര്‍ഷം കൊണ്ട് കിട്ടുകയാണ്. ജീവിത നിലവാരത്തില്‍ മാറ്റം വരുന്നു, ജീവിത സാഹചര്യങ്ങള്‍ മാറുന്നു. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന തത്വത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. എനിക്ക് ചുറ്റുമുള്ളവരും നന്നായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാള്‍. ഇപ്പോള്‍ ജീവിതത്തില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. സന്തോഷവാനാണ്.

 

വരുന്ന സീസണിലെങ്കിലും ബ്ലാസ്റ്റേഴ്‌സ് കലിപ്പടക്കുമോ ?

കലിപ്പടക്കുമോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം തരേണ്ടയാള്‍ ഞാനല്ല. എങ്കിലും, കഴിഞ്ഞ സീസണില്‍ കേരളാബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. ഇക്കഴിഞ്ഞ പ്രീസീസണ്‍ ടൂര്‍ണമെന്റിനെ വച്ച് ബ്ലാസ്റ്റേഴ്‌സിനെ വിലയിരുത്തേണ്ട കാര്യമില്ല. ബ്ലാസ്റ്റേഴ്‌സ് കളിച്ചത് ലാലിഗ ടീമായ ജിറോണയുമായും, എ ലീഗ് ടീം മെല്‍ബണ്‍ സിറ്റി എഫ്.സിക്കെതിരെയുമാണ്. ഒരുപാട് ഗോളുള്‍ക്ക് തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചറിവിന്റെ രണ്ട് പാഠങ്ങളാണ് ആ മത്സരങ്ങള്‍ കൊടുത്തിരിക്കുന്നത്. വിദേശ ടീമുകളോട് കളിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ശാരീരിക ക്ഷമതയിലെ പോരായ്മകള്‍ വളരെ പ്രകടമാണ്. അത് എന്തായാലും ഐ.എസ്.എല്ലില്‍ ഉണ്ടാകില്ല. കാരണം നാല് വിദേശ താരങ്ങളാണ് ടീമിലുണ്ടാവുക. ബാക്കി ഇന്ത്യന്‍ താരങ്ങളാണ്. തങ്ങളുടെ പോരായ്മകള്‍ മനസ്സിലാക്കി മുന്നോട്ട് പോയാല്‍ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനാകും, ആകണം. കാരണം, ഒരു പ്രീസീസണ്‍ ടൂര്‍ണമെന്റായിട്ടുപോലും, മഴക്കാലമാണെന്ന് എന്നൂകൂടി ഓര്‍ക്കണം എന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ കളികാണാന്‍ കാസര്‍ഗോട്ടുനിന്നും കണ്ണൂര് നിന്നും മലപ്പുറത്ത് നിന്നും കോഴിക്കോട് നിന്നും മറ്റ് എല്ലാ പ്രദേശങ്ങളില്‍ നിന്നും ആരാധകര്‍ എത്തിയിരുന്നു. അത് സൂചിപ്പിക്കുന്നത് ഈ ടീമിന്റെ ഫാന്‍ ബേസ് എത്ര വലുതാണ് എന്നതാണ്. ആരാധകര്‍ക്ക് വേണ്ടിയെങ്കിലും ബ്ലാസ്റ്റേഴസ് അഞ്ചാം സീസണില്‍ മികച്ച കളി പുറത്തെടുത്തേ പറ്റൂ. അത് അങ്ങനെ തന്നെ സംഭവിക്കുമെന്നാണ് എന്റെ പ്രതീക്ഷ.
 

സി.കെ വിനീതുമായുള്ള ബന്ധം?

സി.കെ വിനീതുമായി മാത്രമല്ല പല താരങ്ങളുമായും എനിക്ക് അടുത്ത ബന്ധമാണുള്ളത്. എനിക്ക് പത്രപ്രവര്‍ത്തനത്തില്‍ നിന്ന് കിട്ടിയ ഒരു ശീലമാണ് ആളുകളുമായി ബന്ധം സ്ഥാപിക്കുക എന്നത്. ഏറ്റവും നന്നായി എഴുതാന്‍ കഴിയുന്ന ആളോ, എറ്റവും നന്നായി പറയാന്‍ കഴിയുന്ന ആളോ ഒന്നുമല്ല മികച്ച പത്രപ്രവര്‍ത്തകനാവുക, ഏറ്റവും കൂടുതല്‍ ബന്ധം സ്ഥാപിക്കുന്ന ആളാണ്. കാരണം ബന്ധങ്ങളില്‍ നിന്നേ വാര്‍ത്തള്‍ ഉണ്ടാകൂ. ആ നിലയ്ക്കാണ് ഞാന്‍ കാര്യങ്ങളെ കാണുന്നത്. ഞാന്‍ ഇടപഴകുന്ന ആളുകളുമായി ഔദ്യോഗിക ബന്ധത്തിന് പുറമെ വ്യക്തി ബന്ധം സൃഷ്ടിക്കാന്‍ ശ്രമിക്കാറുണ്ട്. അത് സി.കെ വിനീതായാലും, ഐ.എം വിജയനായാലും, പി.ആര്‍ ശ്രീജേഷായാലും ആരായാലും. എന്നാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് സി.കെ വിനീതാണ്. വിനീത് എന്റെ വീട്ടിലെ സ്വീകരണ മുറിയിലിരുന്നതിനേക്കാള്‍ കൂടുതല്‍ അടുക്കളയിലാണ് ഇരുന്നിട്ടുണ്ടാവുക. ആ ഒറ്റക്കാര്യത്തില്‍ നിന്ന് മനസ്സിലാക്കാം ഞാനും വിനീതുമായുള്ള ബന്ധം.

 

മലയാള മാധ്യമങ്ങള്‍ അവഗണിക്കുന്നതായി തോന്നിയിട്ടുണ്ടോ ?

എന്നെ സങ്കടപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ പത്രപ്രവര്‍ത്തന മേഖലയില്‍ നിന്നുള്ള ആളായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഇതില്‍ കൂടുതല്‍ പരിഗണന ലഭിച്ചേനെ എന്ന് തോന്നിയിട്ടുണ്ട്. എന്നുവച്ച് എനിക്ക് പിന്തുണ തന്നേ തീരു എന്ന അഭിപ്രായമൊന്നും ഇല്ല. എന്നാല്‍ പല പിന്തുണ തരായ്കകളും ഉണ്ടായിട്ടുണ്ട്. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ മറുപടി എനിക്കറിയില്ല. അത് അങ്ങനെയാണ് മലയാളികള്‍. നമ്മുടെ തോളോട് തോള്‍ ചേര്‍ന്നു നിന്ന് ജോലി ചെയ്തിരുന്ന ഒരാള്‍ വേറൊരു മേഖലയിലേക്ക് ചുവട് വക്കുകയും ആ മേഖലയില്‍ അയാള്‍ എന്തെങ്കിലുമൊക്കെ ആയിത്തീരുകയും ഒക്കെ ചെയ്താല്‍ അത് ദഹിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. ഒരാള് നന്നായി എന്ന് കേട്ടാല്‍ നെഞ്ചിന്റകത്തിരുന്ന് ഒരു ബുദ്ധിമുട്ടാ, ഒരു ഗ്യാസിന്റെ അസുഖം! അത് മലയാളിക്കുള്ളതാണ്. പറഞ്ഞിട്ട് കാര്യമില്ല. ഒരു സ്വകാര്യ സങ്കടമായി മാത്രമേ അതിനെ കാണുന്നുള്ളൂ. എന്ന് വച്ച് ആരോടും വിരോധമോ ദേഷ്യമോ ഒന്നുമില്ല.

ഷൈജു ദാമോദരന്റെ കമന്ററിയില്‍ കളി പറച്ചില്‍ കുറവാണ് എന്ന വിമര്‍ശനത്തോടുള്ള പ്രതികരണം?

മലയാളം ഫുട്‌ബോള്‍ കമന്ററിയുടെ രീതി, അല്ലെങ്കില്‍ ഫുട്‌ബോള്‍ കമന്ററിയുടെ രീതി എന്താണ് മനസ്സിലാക്കാത്തതിന്റെ കുഴപ്പമാണത്. രണ്ട് പേര്‍ ചേര്‍ന്ന് പറയുന്ന കമന്ററിയില്‍ ഒരാള്‍ ലീഡ് കമന്റേറ്ററും മറ്റൊരാള്‍ എക്‌സ്‌പെര്‍ട്ട് കമന്റേറ്ററുമായിരിക്കും. ലീഡ് കമന്റേറ്ററെ കളര്‍ കമന്റേറ്റര്‍ എന്നും പറയും. അയാളുടെ ജോലി എന്നത് കളിയുടെ അനുബന്ധമായ കാര്യങ്ങള്‍ പരമാവധി പറയുക, പ്രേക്ഷകരുടെ ശ്രദ്ധ എപ്പോഴും കളിയിലേക്കാക്കി നിര്‍ത്തുക എന്നതാണ്. കളി കൂടുതല്‍ വിവരിക്കേണ്ട ചുമതല എക്‌സ്‌പെര്‍ട്ടിന്റെയാണ്. ഞാന്‍ കളര്‍ കമന്റേറ്ററാണ്, എന്റെ ജോലിയാണ് ഞാന്‍ കൃത്യമായി ചെയ്യുന്നത്. പക്ഷേ കളി ഞാന്‍ പറയാതൊന്നും ഇരുന്നിട്ടില്ല. എന്‍.എസ് മാധവന്‍ നമ്മള്‍ എല്ലാവരും ബഹുമാനിക്കുന്ന എഴുത്തുകാരനാണ്, അദ്ദേഹം പത്രത്തില്‍ എഴുതിയില്ലെ എന്തുകൊണ്ട് ഞാന്‍ മലയാളം കമന്ററിയെ ഇഷ്ടപ്പെടുന്നു എന്ന്. മലയാളം കമന്ററി വൃത്തിയുള്ളതാണ്, കളിക്കാരുടെ പേര് വ്യക്തമാക്കിത്തരും, എന്ത് നടക്കുന്നു എന്നത് ലളിതമായ ഭാഷയില്‍ പറഞ്ഞുതരും എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ഞാന്‍ കൃത്യമായി ചെയ്യുന്നുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം.

 

കളിക്കളത്തിനകത്തെ ഷൈജു ദാമോദരന്‍ എങ്ങനെയാണ്?

2003-4 മുതല്‍ 2011-12 വരെ (എട്ട് വര്‍ഷം) എറണാകുളം ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു, ഭാരവാഹിയായിരുന്നു. അതിന് മുമ്പ് ഞാന്‍ ഒരു സജീവ ക്രിക്കറ്റ് കളിക്കാരനായിരുന്നു. 12 വര്‍ഷം എറണാകുളത്ത് എ ഡിവിഷന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. റെയ്‌റോ എന്നായിരുന്നു എന്റെ   ക്ലബ്ബിന്റെ പേര്. എന്റെ ടീം ഇപ്പോഴും കളിക്കുന്നുണ്ട്. ആ ക്ലബ്ബിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്നു ഞാന്‍. ക്യാപ്റ്റനുമായിരുന്നു. അതേ ക്ലബ്ബിന്റെ നോമിനിയായിട്ടാണ് ഞാന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ വരുന്നത്. പക്ഷേ എന്റെ പത്രപ്രവര്‍ത്തന സമയത്താണെങ്കിലും ഇപ്പോഴാണെങ്കിലും ഞാന്‍ കൈകാര്യം ചെയ്യുന്നത് ഫുട്‌ബോളാണ്. എന്നാല്‍ എന്റെ മേഖല ക്രിക്കറ്റ് ആയിരുന്നു എന്നതാണ് ഇതിലെ ഏറ്റവും വൈരുദ്ധ്യാത്മകത.

 

 

കൊച്ചിയില്‍ ക്രിക്കറ്റ് വേണ്ട എന്നാണോ അഭിപ്രായം?

ഞാനൊരിക്കലും കൊച്ചിയില്‍ ക്രിക്കറ്റ്  വേണ്ട എന്ന് പറഞ്ഞിട്ടില്ല. പക്ഷേ ഇന്ത്യാ-വിന്റീസ് ഏകദിനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളില്‍ എന്റെ നിലപാടിനെ വളച്ചൊടിക്കുകയായിരുന്നു. പൊതുജനങ്ങളുടെ നികുതി പണമാണ് സര്‍ക്കാര്‍ ഖജനാവിലുള്ളത്. അതായത് എന്റേയും നിങ്ങളുടെയും പണം. ആ പണം ഉപയോഗിച്ച് ഒരു ഫുട്‌ബോള്‍ മൈതാനമായിക്കോട്ടെ റോഡായിക്കോട്ടെ നിര്‍മ്മിക്കുന്നു. അത് പിറ്റേ ദിവസം കുത്തിപ്പൊളിച്ചാല്‍ എനിക്ക് വിഷമമുണ്ടാകും. പൗരനെന്ന നിലയില്‍. ആ മാനസിക വിഷമം മാത്രമേ ഞാന്‍ പ്രകടിപ്പിച്ചിട്ടുള്ളൂ. കൊച്ചിയില്‍ തീര്‍ച്ചയായും ക്രിക്കറ്റ് വേണം. കൊച്ചിയെന്നത് കേരളത്തിലെ മഹാ നഗരമാണ്. വടക്ക് നിന്നുള്ള ആളുകള്‍ക്കാണെങ്കിലും തെക്ക് നിന്നുള്ള ആളുകള്‍ക്കാണെങ്കിലും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന നഗരം. പക്ഷേ ഈ മൈതാനം ഇങ്ങനെ തന്നെ നില നിര്‍ത്തിക്കൊണ്ട് ക്രിക്കറ്റും ഫുട്‌ബോളും നടത്താന്‍ കഴിയുമെങ്കില്‍ ഞാനതിനെ സ്വാഗതം ചെയ്യും.

 

ഇഷ്ട ടീം ഇഷ്ട കളിക്കാരന്‍ എന്നിവയുണ്ടോ?

ലോകകപ്പ് കമന്ററിയുമായി ബന്ധപ്പെട്ട് എന്നോട് ഒരുപാട് പേര്‍ ചോദിച്ച ചോദ്യമാണിത്. ഒരു കമന്റേറ്റര്‍ എന്ന നിലയില്‍ ലോകകപ്പില്‍ തീര്‍ത്തും നിഷ്പക്ഷമായിട്ടാണ് ഞാന്‍ കളി പറഞ്ഞത്. റൊണാള്‍ഡോ ഗോളടിക്കുമ്പോഴും, മെസ്സി ഗോളടിക്കുമ്പോഴും, നെയ്മര്‍ ഗോളടിക്കുമ്പോഴും, എംബാപ്പെ ഗോളടിക്കുമ്പോഴും ഞാന്‍ ആഹ്ലാദിച്ചിട്ടുണ്ട്. ലോകകപ്പില്‍ 32 ടീമുകളിലായി കളിച്ച എല്ലാ താരങ്ങളും എനിക്ക് ഒരേ പോലെ ഇഷ്ടപ്പെട്ട വരാണ്. അതില്‍ ചെറുതെന്നോ വലുതെന്നോ ഇല്ല. ജപ്പാന്റെ ആരുമറിയാത്ത താരമായിരുന്നു തക്കാഷി ഇനുയി. അദ്ദേഹത്തിന്റെ ബെല്‍ജിയത്തിനെതിരെയുള്ള ഗോളിനെ ഏറ്റവും മികച്ച ഗോളായി പറയുന്ന ആളാണ് ഞാന്‍. അതുപോലെ തന്നെ പോര്‍ച്ചുഗലിന്റെ റിക്കാര്‍ഡേ കരസ്മ ഇറാനെതിരെ നേടിയ ഗോള്‍. അതിനെയും ഏറ്റവും മികച്ച ഗോളുകളിലൊന്നായി പറയുന്ന ആളാണ് ഞാന്‍. കാരണം ആത്യന്തികമായി കളിയെയാണ് നാം ഇഷ്ടപ്പെടുന്നത്. ഫുട്‌ബോള്‍ ജയിക്കട്ടെ എന്ന ആപ്ത വാക്യത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. എനിക്ക് ഒരു ടീമിനോട് പ്രത്യേക താല്‍പര്യമോ താല്‍പര്യക്കുറവോ ഒന്നുമില്ല. അങ്ങനെ വിലയിരുത്തുന്നവര്‍ക്ക് അതാകാം. അത് അവരുടെ ഇഷ്ടം.

 

ഖത്തര്‍ ലോക കപ്പില്‍ 48 ടീമുകള്‍ക്ക് പങ്കെടുക്കാന്‍ പറ്റുമെന്ന് കേള്‍ക്കുന്നു- ഇന്ത്യയുടെ സാധ്യത?

നിലവിലെ സ്ഥിതി വച്ച് ആ 48ല്‍ ഒരു ടീമാകാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ ലോക കപ്പില്‍ പങ്കെടുത്ത ടീമുകളെ ഒന്നെടുത്ത് നോക്കുക. സൗദി അറേബ്യയിരിന്നു അതില്‍ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ വരമാനമുള്ള രാജ്യം, ഏറ്റവും കുറഞ്ഞത് സെനഗലും. സൗദിയേക്കാള്‍ എത്രയോ നല്ല കളിയായിരുന്നു സെനഗലിന്റേത്. അപ്പോള്‍ സമ്പത്തല്ല ലോകകപ്പ് യോഗ്യതയ്ക്ക് അടിസ്ഥാനം. അതുപോലെ എത്രയോ തവണ നാം കേട്ടിരിക്കുന്ന കാര്യമാണ്, 130 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ നിന്ന് 11 മികച്ച ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താന്‍ എന്തുകൊണ്ട് പറ്റുന്നില്ല എന്നത്. ശരിയല്ലെ. വെറും മൂന്നര ലക്ഷം ജനസംഖ്യയുള്ള രാജ്യമാണ് ഐസ്ലന്റ് അവര്‍ അര്‍ജന്റീനയോട് ഓന്നേ ഒന്നിന്റെ സമനില പിടിച്ചു. ഇന്ത്യയെക്കൊണ്ട് പറ്റുമോ ഇപ്പോള്‍? അതായത് ജനസംഖ്യയുമല്ല അടിസ്ഥാനം. അടിസ്ഥാനം എന്ന് പറയുന്നത് ഗുണനിലവാരമാണ്. ഇന്ത്യ കളിക്കാന്‍ വേണ്ടിയല്ല പങ്കെടുക്കാവുന്ന ടീമുകളുടെ എണ്ണം ഉയര്‍ത്തുന്നത്. ഫിഫയ്ക്ക് അവരുടെ 210 അംഗരാജ്യങ്ങളും ഒരേ പോലെയാണ്. ഇനി ഏഷ്യന്‍ രാജ്യങ്ങളുടെ കാര്യത്തിലേക്ക് വന്നാല്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ഇറാന്‍, കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, സൗദി അറേബ്യ എന്നിവരാണ്. ഈ ടീമുകളെ എതിരിട്ട് തോല്‍പ്പിക്കാന്‍ ഇന്ന് ഇന്ത്യയ്ക്കാകുമോ? ഇല്ല. ഏഷ്യയില്‍ രണ്ടാം തലത്തില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് ചൈന, ഖത്തര്‍, കുവൈറ്റ്, ഇറാഖ്, തായ്‌ലാന്റ് തുടങ്ങിയവര്‍. ഇവരോട് ഏറ്റുമുട്ടി ജയിക്കാന്‍ ഇന്ത്യയ്ക്ക് പറ്റുമോ? സത്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ മൂന്നാം നിരയിലാണ് ഇന്ത്യ. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, മാലിദ്വീവ്‌സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം. ഈ ടീമുകളുമായിപോലും കഷ്ടിച്ചാണ് ഇന്ത്യ ഇപ്പോള്‍ ജയിക്കുന്നത്. നമ്മള്‍ യാഥാര്‍ത്ഥ്യങ്ങളെ മറച്ച് വച്ചിട്ട് ഒരുകാര്യമില്ല. അതായത് എന്ന് ഇന്ത്യ കളി നിലവാരം ഉയര്‍ത്തുന്നുവോ അന്നേ ഇന്ത്യയ്ക്ക് ലോകകപ്പില്‍ കളിക്കാനാകൂ.

കുടുംബം ?

കുടുംബമാണ് എല്ലാം. എന്നെ ഞാനാക്കി നിലനിര്‍ത്തുന്നത് എന്റെ കുടുംബമാണ്. നിങ്ങള്‍ വിശ്വസിക്കുമോ എന്നെനിക്കറിയില്ല,  ഐ.എസ്.എല്ലിലെ എത്രയോ ഹിറ്റായ ഡയലോഗുകള്‍ എന്റെ ഭാര്യയുടെ സംഭാവനയാണ്. റൊണാള്‍ഡോ കമന്റ് ശരിക്കും എന്റെ മകന്റെ സംഭാവനയാണ്. അന്ന് പോര്‍ച്ചുഗല്‍ സ്‌പെയിന്‍ കളി തുടങ്ങുന്നതിന് മുമ്പ് അവന്‍ എനിക്ക് വാട്‌സപ്പില്‍ മെസേജ് അയച്ചു. റൊണാള്‍ഡോ ഗോളഡിച്ചാല്‍ കബാലിയിലെ ഡയലോഗ് പറയണം എന്ന് പറഞ്ഞ്. കാരണം അവന്‍ റൊണാള്‍ഡോ ഫാനാണ്. എന്റെ ഔദ്യോഗിക കാര്യങ്ങളില്‍ ഉള്‍പ്പെടെ സഹായിക്കുകയും പിന്തുണ നല്‍കുകയും ഒക്കെ ചെയ്യുന്നവരാണവര്‍. ഭാര്യ ആശ അക്ബര്‍, മക്കള്‍ അഭിനവ് പ്ലസ്ടു വിദ്യാര്‍ത്ഥി, അഥിനവ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി. രണ്ട് പേരും കൊച്ചിയിലെ തേവക്കല്‍ വിദ്യോദയ സ്‌കൂളിലാണ് പഠിക്കുന്നത്. ഇരുവരും സജീവ നീന്തല്‍കാരണ്. സ്റ്റേറ്റ് ജൂനിയര്‍ സ്വിമ്മിങ്ങില്‍ പങ്കെടുത്ത് വരുന്നു. എന്റെ തറവാട് ആലപ്പുഴ ജില്ലയിലെ അരൂരാണ്‌ അവിടെയാണ് അച്ഛന്‍ ദാമോദരനും അമ്മ ലളിതയും, അനിയന്‍ ബൈജു അദ്ദേഹം മട്ടാഞ്ചരിയിലാണ് താമസം, ബാങ്ക് ഉദ്യോഗസ്ഥനാണ്. എന്റെ ഭാര്യയുടെ കുടുംബം കലൂരാണ് താമസം. ഭാര്യാ പിതാവ് അലി അക്ബര്‍, സി.ഐ.ടി.യുവിന്റെ സംസ്ഥാന നേതാവാണ്. ഭാര്യാമതാവ് വസുമതി, ഭാര്യാ സഹോദന്‍ അഡ്വ അഭിലാഷ് അക്ബര്‍ എറണാകുളത്ത് ഗവണ്‍മെന്റ് പ്ലീഡറാണ്. ഇവരൊക്കെ കമന്ററിയില്‍ എന്നെ സഹായിക്കുന്നവരാണ്.

 

Tags: