മന്ത്രി ജോസഫ് മനുഷ്യത്വവും ഭരണശേഷിയും കാണിക്കണം

Sun, 23-06-2013 02:00:00 PM ;

ദുരന്തങ്ങളുണ്ടാവുമ്പോള്‍ ജാതി-മത-ദേശഭേദങ്ങള്‍ ഒരിക്കലും നോക്കാന്‍ പാടില്ല. എന്തു സഹായമാണോ ചെയ്യാന്‍ കഴിയുന്നത് അതുമായി അവിടേക്ക് എത്തുക, പറ്റുന്നത് എത്തിക്കുക. അയല്‍പക്കത്ത് ശത്രുരാജ്യമാണെങ്കിലും അവിടെ ഈ ആവശ്യം വന്നാലും ചെയ്യാന്‍ സന്നദ്ധമാകണം. അത് മനുഷ്യന്റെ പ്രാഥമികസംസ്‌കാരമാകണം. എന്നാല്‍ ഉത്തരാഖണ്ഡില്‍ പ്രളയത്തിലകപ്പെട്ടുപോയ മലയാളികളെ രക്ഷിക്കാന്‍ തങ്ങള്‍ക്കൊന്നും ചെയ്യനാവില്ലെന്നും അവിടെ പോയാല്‍ തന്നെ തിരഞ്ഞുപിടിച്ച് മലയാളികളെ മാത്രം രക്ഷിക്കാന്‍ കഴിയില്ലെന്നുമുള്ള സാംസ്‌കാരികവകുപ്പുമന്ത്രി കെ.സി.ജോസഫിന്റെ പ്രസ്താവന കേരളസര്‍ക്കാരിനും കേരളീയര്‍ക്കും മാത്രമല്ല, മനുഷ്യകുലത്തില്‍ പെട്ടവര്‍ക്കുതന്നെ അപമാനകരമായിപ്പോയി. കേരളത്തില്‍ സുനാമിയുണ്ടായപ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പടെ സഹായം കിട്ടിയ കാര്യം ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്.

 

രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് ഹിമാലയപ്രദേശമായ ഉത്തരാഖണ്ഡില്‍ ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ദുരന്തത്തില്‍പ്പെട്ടവര്‍ മലയാളികളല്ലെങ്കിലും തങ്ങളാലാവുന്ന സഹായങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ സജ്ജമായി മുന്നോട്ടു വരേണ്ടതായിരുന്നു. ഈ സാഹചര്യത്തിലാണ് മലയാളികളുള്‍പ്പടെയുള്ളവര്‍ കേദാര്‍നാഥിലും മറ്റും പ്രളയം മൂലം കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ആ സ്ഥിതിക്ക് കേരളസര്‍ക്കാരിന്റെ സാന്നിധ്യം അവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഉണ്ടാവേണ്ടതായിരുന്നു. ഉപമുഖ്യമന്ത്രി വിവാദം ശരിയാക്കാനായി കച്ചകെട്ടി മുഖ്യമന്ത്രിക്കുവേണ്ടി മാധ്യമങ്ങളെ പഴിപറഞ്ഞും മറ്റ് രാഷ്ട്രീയ നീക്കങ്ങളും നടത്തി വിശ്രമിക്കാന്‍ സമയം കിട്ടുന്നതിനുമുന്‍പാണ് സരിതവിഷയം വന്നത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയേയും ഭരണത്തേയും നിലനിര്‍ത്താനുളള രാഷ്ട്രീയപ്പണിക്കിടയില്‍ ഭരണകാര്യങ്ങളും ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളും ശ്രദ്ധിക്കാന്‍ സമയം കിട്ടാതിരിക്കുക സ്വാഭാവികമാണ്. സ്വന്തം ഉത്തരവാദിത്വം നിറവേറ്റാതെവരുമ്പോള്‍ മറ്റുളളവരില്‍ പഴിചാരിയും മുടന്തന്‍ ന്യായങ്ങളും പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുന്നത് ഭരണാധികാരിക്കെന്നല്ല, ശരാശരി പൗരനും ചേര്‍ന്നതല്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധിക്കാന്‍ സമയമില്ലെങ്കിലും അതില്‍ ശ്രദ്ധവേണ്ടതായിരുന്നു. മറ്റ് സര്‍ക്കാരുകളെല്ലാം തങ്ങളാല്‍ കഴിയുന്ന സഹായവുമായി ഉത്തരാഖണ്ഡിലുണ്ട്. പ്രധാനമന്ത്രിസ്ഥാനത്തേക്ക് നോട്ടമിട്ട്കൊണ്ടാണെങ്കിലും ഗുജറാത്ത്മുഖ്യമന്ത്രി നരേന്ദ്രമോഡി നേരിട്ടെത്തിയാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. മോഡിവിരോധം കൊണ്ട് മാത്രം ഒരു പാര്‍ട്ടിയും നേതാവും മതേതരമാകില്ല. കേരളവും ഇന്ത്യയുടെ ഭാഗം തന്നെയാണ്.

 

മതേതരത്വപാര്‍ട്ടികളിലെ നേതാക്കളുടെ ഇത്തരം നിലപാടുകളും നിരുത്തരവാദിത്വപരമായ പ്രസ്താവനകളുമാണ് രാജ്യത്ത് വര്‍ഗീയത വളരാന്‍ വളമായിത്തീരുന്നത്. കേരളസര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ നിലപാടും മന്ത്രി ജോസഫിന്റെ പ്രസ്താവനയും അത്തരത്തിലായിപ്പോയി. ഹിമാലയവും ചാര്‍ധാമുമൊക്കെ ഭാരതത്തിലെ മതമൗലികവാദത്തിന്റേയോ , വര്‍ഗീയതയുടേയോ ചിഹ്നങ്ങളല്ല. ഈ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഉറവിടകേന്ദ്രങ്ങളാണ്.വിശാലമായ കാഴ്ചപ്പാടില്‍ പറയുകയാണെങ്കില്‍ ഹിമാലയമാണ്  ഭാരതത്തിന്റെ നാനാത്വത്തെ പ്രായോഗികമാക്കിയ സംസ്‌കാരത്തിന്റെ ഉറവിടം. ആ സംസ്‌കാരത്തിന്റെ ഗൂണഭോക്താക്കളാണ് ഈ ഭൂപ്രദേശത്തുള്ള ഓരോ വ്യക്തിയും.ചില സന്യാസിമാര്‍ സംസ്ഥാനസര്‍ക്കാരിനോട് സഹായം ആവശ്യപ്പെട്ടിട്ടും നിഷേധാത്മക നിലപാടായിപ്പോയി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. വരും ദിവസങ്ങളില്‍ ഏതവസരവും വര്‍ഗീയമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നു നോക്കിയിരിക്കുന്നവര്‍ അതുപയോഗിക്കുമ്പോള്‍ അവര്‍ പറയുന്നതില്‍ ശരാശരി മനുഷ്യന് യുക്തി തോന്നിയാല്‍ കുറ്റം പറയാനാവില്ല. തുടര്‍ന്നു മതേതരത്വത്തിന്റെ പേരില്‍ അത്തരം പ്രചാരണത്തിലേര്‍പ്പെടുന്നത് അനഭിലഷണീയമാണെന്നു പ്രസ്താവന ഇറക്കിയിട്ട് കാര്യമില്ല. അതു കൂടുതല്‍  മോശമായ സാഹചര്യസൃഷ്ടിക്കേ ഉതകുകയുള്ളു.

 

ഇപ്പോള്‍ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് എന്തെല്ലാം സംവിധാനങ്ങളുമായി ഉത്തരാഖണ്ഡിലെത്താമോ അതുമായി അവിടെയെത്തി ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക എന്നുള്ളതാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ജാതി-മത-ദേശഭേദം നോക്കേണ്ട കാര്യമില്ല. രക്ഷപെടുന്നവരുടെ കൂട്ടത്തില്‍ മലയാളികളുണ്ടെങ്കില്‍ അവരെ കേരളത്തിലേക്ക് സൗകര്യപ്രദമായി അയയ്ക്കാന്‍ വേണ്ടതു ചെയ്യുക. അതല്ല വൈദ്യസഹായവും മറ്റും ആവശ്യമുണ്ടെങ്കില്‍ അതു ലഭ്യമാക്കുക. ഇപ്പോഴും വൈകിയിട്ടില്ല. മഹാരാഷ്ട്രാസര്‍ക്കാര്‍ ചെയ്യുന്നത് പരമാവധി ഹേലിക്കോപ്റ്ററുകള്‍ സംഘടിപ്പിച്ച് അവിടേക്കയയ്ക്കുകയാണ്. സ്വകാര്യ ഹെലിക്കോപ്റ്ററുകള്‍പോലും മഹാരാഷ്ട്രാസര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞിരിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനം കാര്യക്ഷമമായി നടത്താന്‍ പറ്റുന്നില്ലെന്നാണ്. കേരളത്തില്‍ അടിയന്തിരഘട്ടങ്ങളില്‍ ഏകോപനം നടത്താനൊക്കെയുളള സമര്‍ഥരായ ഉദ്യോഗസ്ഥരുണ്ട്. അവരുടെ സേവനം ലഭ്യമാക്കുന്നതും ഈ രക്ഷാപ്രവര്‍ത്തനത്തിലുള്ള പങ്കുചേരലാണ്. ഏതുദേശക്കാരനാണെങ്കിലും ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതില്‍കൂടുതല്‍ ഒന്നുമില്ല.

Tags: