തെലുങ്കാനയും ഇന്ത്യൻ വൈവിധ്യവും

Sun, 04-08-2013 04:30:00 PM ;

തെലുങ്കാന സംസ്ഥാനം യാഥാർഥ്യമാകാൻ പോകുന്നു. ആദ്യ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്റെ ആലങ്കാരിക പ്രയോഗത്തെ കടമെടുത്തു പറയുകയാണെങ്കില്‍ വികൃതിപ്പയ്യനായ റായലസീമയും നിഷ്‌കളങ്കയായ തെലുങ്കാനയും തമ്മിലുള്ള വിവാഹബന്ധം വേർപിരിയുന്നു. കോണ്‍ഗ്രസ് നേതൃത്വം ഇപ്പോൾ തിരക്കിട്ട് ഈ വിഭജനത്തിന് പച്ചക്കൊടി കാട്ടിയ തീരുമാനത്തിന്റെ പിന്നില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പു തന്നെയാണ്. തെലുങ്കാനാ തീരുമാനത്തോടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന്‍ സംസ്ഥാനപദവിക്കായുള്ള മുറവിളി ശക്തമായിട്ടുണ്ട്. ഏകദേശം ഇരുപത്തിയൊന്ന്‍ സംസ്ഥാനങ്ങൾക്കുള്ള ആവശ്യമാണ് പൊതുവില്‍ ഉയർന്നിട്ടുള്ളത്. അതില്‍ പതിനാല് സംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള ആവശ്യം ശക്തമാണ്. ഉത്തർപ്രദേശില്‍ നിന്നുതന്നെ അഞ്ചു സംസ്ഥാനങ്ങൾക്കു വേണ്ടിയാണ് ആവശ്യം ഉയർന്നിരിക്കുന്നത്.

 

കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് തെലുങ്കാന തീരുമാനത്തിലേക്കു നീങ്ങിയതെങ്കിലും അനിവാര്യതയ്ക്ക് ഉതകിയ സമയം അവർ തെരഞ്ഞെടുത്തുവെന്ന്‍ കാണുകയാണ് നല്ലത്. അമ്പതുവർഷമായുള്ള ആവശ്യമാണ് തെലുങ്കാനയ്ക്കു വേണ്ടിയുള്ളത്. തെലുങ്കാന ആവശ്യം നിറവേറിയതോടെ ആ ആവശ്യത്തിനായി രൂപം കൊണ്ട തെലുങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) തങ്ങൾ കോണ്‍ഗ്രസില്‍ ലയിക്കാൻ പോവുകയാണെന്ന്‍ പ്രഖ്യാപിച്ചു. വെറും താല്‍ക്കാലിക രാഷ്ട്രീയ ലാഭനഷ്ടങ്ങളുടെ ത്രാസ്സിലൂടെയല്ലാതെ നോക്കിയാല്‍ തെലുങ്കാനാ രൂപീകരണത്തിലും ടി.ആർ.എസ്സിന്റെ തീരുമാനത്തിലും ഇന്ത്യയേയും ഇന്ത്യയുടെ വൈവിദ്ധ്യത്തേയും അതിന്റെ ശക്തിയേയുമൊക്കെ കാണാവുന്നതാണ്. അത് ടി.ആർ.എസ്സും കോണ്‍ഗ്രസുമൊന്നും അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലെങ്കില്‍ പോലും. കാരണം ജനമറിയാതെ ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യവും ജ്ഞാനവും ജനങ്ങളുടെ ജനിതകസ്മൃതിയില്‍ അവശേഷിക്കുന്നതിന്റെ ഫലമാണത്. ആ ജ്ഞാനത്തിന്റെ ശക്തി ചരിത്രഗതിയുടെ പല അനഭിലഷണയീതകളുടെയും കൂമ്പാരത്തിനുള്ളില്‍ മറഞ്ഞുകിടക്കുന്നു. എന്നിരുന്നാലും ഇപ്പോഴും  ആ ജ്ഞാനത്തിന്റെ വാഹകരാണവർ. ആചാരങ്ങളിലൂടെയും ജീവിതചര്യകളിലൂടെയും രുചികളിലൂടെയുമൊക്കെ. ഇതെല്ലാം പ്രാദേശികമായ പ്രകൃതിയുടെ വൈജാത്യസ്വഭാവങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതും.

 

ഈ പ്രാദേശിക  അനന്യതയെയാണ് വ്യക്തമായ ഉദ്ദേശ്യത്തോടെ  ബ്രിട്ടീഷ് സാമ്രാജ്യത്വ വിദ്യാഭ്യാസ പദ്ധതിയിലൂടെ ബോധപൂർവ്വം തകർക്കാൻ ശ്രമിച്ചത്. ആ വിദ്യാഭ്യാസത്തിലൂടെ അധികാരത്തിലെത്തിയ ബ്യൂറോക്രാറ്റുകളും ഭരണാധികാരികളും ആ കാഴ്ചപ്പാടിന്റെ പിന്തുടർച്ചക്കാരായി. പുത്തൻ സാമ്രാജ്യത്വ വ്യവസ്ഥിതിയില്‍ വിദേശമാർക്കറ്റിന് വിപണി സൃഷ്ടിക്കാൻ പാകത്തില്‍ ആ  ഏകമുഖ (Stereotype)വികസന മാതൃക അടിച്ചേല്‍പ്പിക്കുകയുണ്ടായി. അത് പുരോഗമനമാവുകയും ചെയ്തു. ഇന്ത്യൻ ജീവിതരീതിയിലെ വൈവിദ്ധ്യങ്ങളെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമാണെന്ന്‍ അതാചരിക്കുന്നവരെ ബോധ്യപ്പെടുത്തുന്നതില്‍ സാമ്രാജ്യത്വ വിദ്യാഭ്യാസ പദ്ധതി വിജയം കണ്ടു. പടിഞ്ഞാറു നിന്ന്‍ കടമെടുത്ത മതേതരത്വ കാഴ്ചപ്പാട്  ബാഹ്യയുക്തിക്ക് പെട്ടെന്ന് മനസ്സിലാകുന്ന പുരോഗമന സ്വഭാവത്തോട് ചേർന്നു നില്‍ക്കുന്നതായി.

 

Potti Sriramuluപാശ്ചാത്യ കാഴ്ചപ്പാടിന്റെ മതേതരത്വ സങ്കല്‍പ്പത്തില്‍ രാഷ്ട്രീയം പ്രയോഗിച്ച് അരനൂറ്റാണ്ട് കഴിഞ്ഞപ്പോൾ ഇന്ത്യയുടെ വൈവിദ്ധ്യശക്തി ചില സ്വാഭാവിക നിമിത്തങ്ങളോടെ ഉണരുകയുണ്ടായി. ആ ഉണർവാണ് പ്രാദേശിക രാഷ്ട്രീയകക്ഷികളുടെ പെരുക്കത്തിലൂടെയും നിർണ്ണായകത്വത്തിലൂടെയും പ്രകടമാകുന്നത്. ഈ വൈവിധ്യത്തെ കണ്ടില്ലെന്നു നടിച്ച് ഏകമുഖ സ്വഭാവത്തോടെ യാഥാർഥ്യങ്ങളുടെ മുന്നില്‍ അന്ധമായി നീങ്ങിയതാണ്  ദേശീയ രാഷ്ട്രീയകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്റെ ശക്തി ക്ഷയിക്കാൻ കാരണമായത്. ഇതേ കാരണം കൊണ്ടുതന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്ത്യയില്‍ ബാഹ്യമായി നോക്കിയാല്‍ അനുകൂലമായ സാഹചര്യമുണ്ടായിട്ടും വേരോട്ടം ഉണ്ടാക്കാൻ കഴിയാതെ പോയത്.

 

പ്രാദേശികമായി നിലനില്‍ക്കുന്ന വ്യത്യാസങ്ങൾ ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തിന്റെ സമഗ്രവും സൂക്ഷ്മവുമായ പ്രകൃതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ആ ബന്ധത്തെ ശക്തമായി കോർക്കുന്നതാണ് സംസ്‌കാരം. സംസ്‌കാരം ജൈവമാണ്. അതിന്റെ കാതല്‍ ക്ഷയിക്കുന്നതോടെ നിലനില്‍പ്പ് തനെയാണ് ഭീഷണി നേരിടുന്നത്. സ്വാഭാവികമായി ആ നിലനില്‍പ്പിലേക്കുളള ഉയിർത്തെഴുന്നേല്‍പ്പാണ് ഇന്ത്യയില്‍ പ്രാദേശികത്വത്തിന്റെ ഉയിർത്തെഴുന്നേല്‍പ്പ്. താല്‍ക്കാലിക ലാഭത്തിനു വേണ്ടി സ്ഥാപിത തല്‍പ്പരരായ രാഷ്ട്രീയനേതാക്കൾ വിഘടനോത്സുകതയെ മുൻനിർത്തി ഈ പ്രാദേശികത്വത്തെ വിലപേശലിന് ഉപയോഗിക്കുന്നു. അവിടെ ഓർക്കേണ്ടത് ഇല്ലാത്ത ഒന്നിനെ ഈ സ്ഥാപിത താല്‍പ്പര്യക്കാർക്ക് ഊതിക്കത്തിക്കാൻ സാധ്യമല്ല. അവിടെ അവർ നിമിത്തമാകുന്നു. ഓരോ പ്രദേശത്തിന്റേയും പ്രത്യേകതയും പരമ്പരാഗത ജ്ഞാനവുമാണ് ആ പ്രദേശത്തിന്റെ വൈജ്ഞാനികസമ്പത്ത്. അത് സംരക്ഷിച്ചുകൊണ്ട് സ്വയം നിർണ്ണയത്തിലൂടെ സ്വാശ്രയത്വം നേടുക എന്നതായിരുന്നു ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ്. ഇന്ന്‍ പഞ്ചായത്തീരാജ് നിലവില്‍ വന്നെങ്കിലും അവിടെയും ശ്രമിക്കുന്നത് പാശ്ചാത്യമായ ഏകമുഖ വികസന സമീപനമാണ്.

 

ഇന്ത്യയുടെ ശക്തി ഈ പ്രാദേശികജ്ഞാനത്തിലാണ്. അത് സൃഷ്ടിക്കുന്ന സംസ്‌കാരത്തെ ജീവിതത്തിലൂടെ നിരക്ഷരരായവർ പോലും തിരിച്ചറിയുന്നു. ആ സംസ്‌കാരിക സവിശേഷതയാണ് ഒരേ ഭാഷയായിട്ടും തെലുങ്കാന ജനത പ്രത്യേക സംസ്ഥാനമായി മാറാൻ ആഗ്രഹിച്ചതിന്റെ കാരണം. സംസ്‌കാരത്തിന്റെ ചൈതന്യം അറിയുന്നവർക്കേ അതിന്റെ വിലയും മൂല്യവും അറിയാൻ കഴിയുകയുള്ളൂ. ഏകമുഖ  മൗലികവാദത്തിലധിഷ്ഠിതമായ പാശ്ചാത്യയുക്തിയുടെ കാഴ്ചപ്പാട് അതിന് അവസരം നല്‍കുന്നില്ല. ഈ കൊച്ചുകേരളത്തില്‍ നിന്നുപോലും അന്യം നിന്നുപോയ ജനിതക സമ്പത്തുകളുടെ കാര്യം നോക്കിയാല്‍ മതി ഈ കാഴ്ചപ്പാട് ഉളവാക്കുന്ന വിനാശത്തിന്റെ വ്യാപ്തി അറിയാൻ. പ്രകൃതിസംരക്ഷണവും പ്രാദേശികസംസ്‌കാരവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.

 

ഈ പ്രാദേശിക വൈവിദ്ധ്യങ്ങളുടെ ഉദ്ദീപനം ഇന്ത്യയെ ശക്തയാക്കുകയാണ് ചെയ്യുക. പക്ഷേ സാമ്രാജ്യത്വ ഭരണത്തിന്റെ ഭാഗമായി അനുഭവിക്കേണ്ടി വന്ന വിഭജനത്തിന്റെ മുറിവില്‍ നിന്നു ഇന്നും ഇന്ത്യൻ ജനതയ്ക്ക് മുക്തി നേടാനായില്ല. ആ കാഴ്ച്ചപ്പാടിലാണ് സംസ്ഥാന വിഭജനത്തേയും കാണുന്നത്. ഇന്ത്യയുടെ സംസ്‌കാരിക വ്യക്തിത്വത്തിന്റെ ഉയിർത്തെഴുന്നേല്‍പ്പും ശാക്തീകരണവുമായി കണ്ടാല്‍ സംസ്ഥാന വിഭജനം ക്രിയാത്മകമാവും. അതിന്റെ സാധ്യത ടി.ആർ.എസ്സിന്റെ പ്രസ്താവന തന്നെ സൂചിപ്പിക്കുന്നു. എന്തുതന്നെ താത്ക്കാലിക കാരണങ്ങൾ ആരോപിക്കാമെങ്കിലും സംസ്ഥാനരൂപീകരണം ഉറപ്പായതോടെ ടി.ആർ.സ്. കോണ്‍ഗ്രസില്‍ ലയിക്കുമെന്ന പ്രഖ്യാപനം ഇന്ത്യൻ വൈവിധ്യത്തിന്റെ ശാക്തീകരണത്തിന്റെയും ഐക്യപ്പെടലിന്റേയും അനന്തസാധ്യതയാണ് കാണിക്കുന്നത്. പ്രാദേശിക വൈവിധ്യത്തില്‍ ഉറച്ച ആത്മവിശ്വാസത്തോടെ ദേശീയമായി നിലകൊള്ളുക. അപ്പോൾ മാത്രമേ ഇന്ത്യൻ ദേശീയത ശക്തിയാർജിക്കുകയുള്ളു. ആ കാഴ്ച്ചപ്പാടിലൂടെ യാഥാർഥ്യങ്ങളെ നോക്കിക്കാണാൻ തയ്യാറായാല്‍ ഇന്ന്‍ ഇന്ത്യ നേരിടുന്ന പല വിഘടനവാദ, തീവ്രവാദ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. അല്ലെങ്കില്‍ പാശ്ചാത്യപരിഹാരമായ യുദ്ധത്തിന്റെ വഴി സ്വീകരിക്കേണ്ടി വരും. ബ്രിട്ടീഷുകാരെ ഇവിടെ നിന്ന്‍ പറഞ്ഞയയ്ക്കാൻ നമ്മൾ ആയുധമെടുത്തില്ല. എന്നാല്‍ ഇന്ന്‍ ഇന്ത്യൻ സര്‍ക്കാറിന് സ്വന്തം ജനതയുമായി പലസ്ഥലങ്ങളിലും  ആയുധമെടുക്കേണ്ടിയും ഏറ്റുമുട്ടേണ്ടിയും വരുന്നു.

 

ഡിജിറ്റല്‍ യുഗത്തില്‍ വൈവിധ്യം എത്രതന്നെ സൂക്ഷ്മമാണെങ്കിലും അത് നിശ്ചയിക്കാനും പരിപോഷിപ്പിക്കാനും ജനങ്ങളുമായി അതിനെ ബന്ധിപ്പിക്കുവാനും അവസരമുണ്ട്. അതേപോലെ ഒന്നായി നില്‍ക്കാനും  സാധ്യമാണ്. അതിനാല്‍ മാറുന്ന യുഗത്തില്‍ വ്യക്തികളുടെ അനന്യത പോലെ പ്രദേശത്തിന്റേയും അനന്യത (Uniqueness) തിരിച്ചറിഞ്ഞ് വികസന സങ്കല്‍പ്പങ്ങളും ഭരണക്രമീകരണങ്ങളും മാറേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. ഇത് രാഷ്ട്രീയപാർട്ടികളും ഉൾക്കൊള്ളേണ്ടതാണ്. ആധാർ കാര്‍ഡൊക്കെ ഈ കാലം സ്വമേധയാ സര്‍ക്കാറില്‍ കൊണ്ടുവരുന്ന മാറ്റത്തിന്റെ ഗതികളാണ്. ബന്ധപ്പെട്ട് നില്‍ക്കുക, സുതാര്യത, സൂക്ഷ്മത ഇവയൊക്കെയാണ് മാറുന്ന ഡിജിറ്റല്‍ യുഗത്തിന്റെ മുഖമുദ്ര. അത് കണക്കിലെടുത്തുവേണം വിനാശകരമായ ചിന്തകൾ ആധിപത്യം നേടുന്നതിനു മുൻപ് വൈവിധ്യങ്ങളുടെ നിലനില്‍പ്പിനു വേണ്ടിയുള്ള ഉണർവിനെ കാണാൻ.

Tags: