Skip to main content

rupee depreciation and opportunitiesരൂപ കൂപ്പുകുത്തുന്നു. അതൊരു വസ്തുത. വസ്തുതകളെ നേരിട്ടുനോക്കി യാഥാർഥ്യത്തെ ഉൾക്കൊണ്ട് പ്രവർത്തിക്കുക മാത്രമേ ഇത്തരം സംഭവങ്ങളില്‍ അഭികാമ്യമായുള്ളു. പകരം പരിഭ്രാന്തി സൃഷ്ടിക്കാനുള്ള തത്രപ്പാടിലാണ് ഇന്ത്യയിലെ ഇംഗ്ലീഷ് ടെലിവിഷൻ ചാനലുകളും അത്തരം ചാനലുകളിലൂടെ കൂടുതലായി അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരും. ഇപ്പോൾ സോഷ്യല്‍ മീഡിയ മുഴുവൻ പരിഭ്രാന്തമാണ്. പരിഭ്രാന്തരാവുന്നവർ മുഴുവൻ സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ പെടുന്നവർ. എഴുത്തും വായനയും അറിയാത്തവരും കംപ്യൂട്ടറും ഇന്റർനെറ്റും കണ്ടിട്ടില്ലാത്തവരുമായ, വിശന്ന വയറുമായി  ജീവിക്കുന്ന, വിഭാഗത്തിന്റെ വിശപ്പകറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ നിയമമാണ് അമിതമായി നിറയുന്ന വയറുകളുടെ ഉടമകളുടെ ഉറക്കം കെടുത്തുന്നത്. അവർ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു, രൂപ ഇങ്ങനെ കൂപ്പുകുത്താൻ കാരണം ഭക്ഷ്യസുരക്ഷാ നിയമമാണെന്ന്‍. രൂപയുടെ മൂല്യമിടിഞ്ഞു തുടങ്ങിയിട്ട് കുറച്ചുനാളായി. ഭക്ഷ്യസുരക്ഷാ നിയമമാണ് കാരണമെങ്കില്‍ ഭക്ഷ്യവകുപ്പു സഹമന്ത്രി കെ.വി തോമസ് പറയുന്നതുപോലെ രൂപയുടെ മൂല്യം ഒന്നര മാസം മുൻപ് ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഓർഡിനൻസ് വന്നപ്പോഴാണ് ഈ രീതിയില്‍ തകരേണ്ടിയിരുന്നത്.

 

അന്താരാഷ്ട്ര ഘടകങ്ങളും ആഭ്യന്തര കാര്യങ്ങളും രൂപയുടെ മൂല്യത്തകർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. വൈകിയ വേളയിലാണെങ്കിലും കേന്ദ്രസർക്കാർ കുറച്ചെങ്കിലും യാഥാർഥ്യങ്ങൾ മനസ്സിലാക്കുന്നുണ്ട്. അതിന്റെ സൂചനയാണ് ഒരു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. എന്നിരുന്നാലും മൻമോഹൻ സിങ്ങും ധനമന്ത്രി പി. ചിദംബരവും ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ്ങ് അലുവാലിയയുമൊക്കെ ഒറ്റയടിക്ക് അമേരിക്കൻ സാമ്പത്തിക കാഴ്ചപ്പാടില്‍ നിന്ന്‍ പൂർണ്ണമായി മാറുമെന്ന്‍ അർഥമില്ല.

 

രൂപയുടെ മൂല്യമിടിയുന്നതിന് ഒരു പ്രധാന കാരണമായി പറയുന്നത് യു.എസ് ഡോളറിന്റെ ശക്തിപ്രാപിക്കലാണ്. അതിനെത്തുടർന്ന്‍  വിദേശസ്ഥാപന നിക്ഷേപങ്ങൾ ഇവിടെ നിന്നും പിൻവലിയുന്നു. യു.എസ്സിലെ ഉല്‍പ്പാദനവർധനവുമായി ബന്ധപ്പെട്ടല്ല യു.എസ് ഡോളർ ശക്തിപ്രാപിക്കുന്നത്. മറ്റുള്ളവന്റെ സമ്പത്തില്‍ ലക്ഷ്യമിട്ട് അതിനെ ഏതുവിധേനെയും സ്വായത്തമാക്കി സമ്പന്നമാകുക എന്നതാണ് യു.എസ് സാമ്പത്തികശക്തിയുടെ അടിസ്ഥാനതത്വം, പച്ചയായ മലയാളത്തില്‍. അതിന്റെ വൈകല്യം  മൻമോഹൻ- ചിദംബരാദികൾ ആവിഷ്‌ക്കരിച്ച സാമ്പത്തിക നയങ്ങളിലൂടെ ഇന്ത്യയും അറിയുന്നുണ്ട്. എങ്കിലും യു.എസ്സോ പാശ്ചാത്യരാജ്യങ്ങളോ അല്ല ഇന്ത്യ എന്ന യാഥാർഥ്യം ഇക്കൂട്ടരും മെല്ലെയാണെങ്കിലും മനസ്സിലാക്കിയിരിക്കുന്നു.

 

സാമ്രാജ്യത്വത്തിന്റെ കീഴില്‍ നിന്നായാലും, സാമ്പത്തികമായ അസ്വാതന്ത്രത്തില്‍ നിന്നായാലും ഇന്ത്യയ്ക്ക് കരകയറണമെങ്കില്‍ അമേരിക്കൻ മോഡല്‍ കൊണ്ടുപറ്റില്ല. വിചാരിച്ചാല്‍ പോലും. ഈ രാജ്യത്തിന്റെ മണ്ണും സമ്പത്തും കാലാവസ്ഥയും ചരിത്രവും സംസ്‌കാരവും അതിന് അനുവദിക്കില്ല. ലോകം സാമ്പത്തിക മാന്ദ്യത്തിലമർന്നപ്പോൾ ഇന്ത്യ കുലുങ്ങാതെ ഉറച്ച ചുവടുകളോടെ മുന്നോട്ടുനീങ്ങി, യു.എസ് സഹായഹസ്തമാരാഞ്ഞപ്പോൾ സഹായിച്ചുകൊണ്ട്. അങ്ങനെയാണ് ഡോളർ അടിച്ചിറക്കി പുറത്തിറക്കിയ കടപ്പത്രങ്ങൾ ഇവിടെയും വിറ്റഴിക്കപ്പെട്ടത്. അതിന്റെ തിരിച്ചുപോക്ക് സ്വാഭാവികം. അതിപ്പോൾ നടക്കുന്നു എന്നു മാത്രം. ഇപ്പോഴും അവർ സ്വന്തം ശക്തി തിരിച്ചറിയാൻ തയ്യാറാവുന്നില്ല. അതിനാല്‍ ആ സമ്പദ്‌വ്യവസ്ഥ ഇനിയും കൂപ്പുകുത്തലുകൾക്ക് വഴിപ്പെടാതെ നിവൃത്തിയില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യത്തിലേക്കുയരാൻ സ്വന്തമായി ശക്തിയുണ്ട്. ആ ശക്തി തന്നെയാണ് ഇന്ത്യയെ മറ്റ് രാജ്യങ്ങളില്‍ നിന്നും വേറിട്ട് നിർത്തുന്നതും.

 

രൂപയുടെ ഈ കൂപ്പുകുത്തല്‍ ഇന്ത്യയ്ക്ക് ഒരനുഗ്രഹമായി മാറാനുള്ള അവസരം മുന്നിലുണ്ട്. ഇന്ത്യയിലാദ്യമായി ഇന്ത്യൻ ഗ്രാമീണ ജനത തങ്ങളുടെ  സർക്കാറിന്റെ സാന്നിദ്ധ്യം നേരിട്ടറിഞ്ഞുതുടങ്ങി. ഇതുവരെ സർക്കാർ സംവിധാനം ഇടനിലക്കാരാലും ഉദ്യോഗസ്ഥരാലും കബളിപ്പിക്കപ്പെടാനുള്ള  ഒന്നായിരുന്നു. നേരിട്ട് ആനുകൂല്യങ്ങൾ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു വരുന്നതും ആധാർ കാർഡിലൂടെ ഓരോ പൗരനും സര്‍ക്കാറുമായി നേരിട്ടിടപെടുന്നതും വൻ മുന്നേറ്റമാണ്. ഈ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം വർധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യയുടെ ആഭ്യന്തര വിപണിയെ എങ്ങിനെ സക്രിയമാക്കി വിപ്ലവാത്മകമാക്കാം എന്നുള്ളടിത്താണ് വെല്ലുവിളിയും അവസരവും ഒന്നിച്ചുയരുന്നത്. അവിടെയാണ് രൂപയുടെ  മൂല്യത്തകർച്ച അവസരമാകുന്നത്. ഇന്ത്യയുടെ സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാരങ്ങൾ നിസ്സാരമായി കാണാവുന്നതല്ല. ഇത്രയും ചലനാത്മകമായ ഒരു കമ്പോളം യുറോപ്യൻ രാജ്യങ്ങൾ തമ്മില്‍പ്പോലുമില്ല. കാരണം നമ്മുടെ സംസ്ഥാനങ്ങളുടെ വൈവിധ്യങ്ങൾ അവ്വിധമാണ്. അതുപോലെ പ്രകൃതി സമ്പത്തും. ഈ വൈവിധ്യങ്ങളെ എങ്ങനെ നിലനിർത്തി, പരിപോഷിപ്പിച്ച്  ജനങ്ങളുടെ സംസ്‌കാരവുമായി ബന്ധിപ്പിച്ച് ഉല്‍പ്പാദനം വർധിപ്പിക്കാമെന്നാണ് ആലോചിക്കേണ്ടത്. മറിച്ച് ഇതുവരെ തുടർന്നുവന്ന ഏകമുഖമായ അമേരിക്കൻ മാതൃകയിലുള്ള ഉല്‍പ്പാദന ശൈലിയിലേക്കു നീങ്ങുന്ന പക്ഷം മുൻപിലുണ്ടാവുക വൻ പ്രതിസന്ധികളായിരിക്കും.

 

ഇന്ത്യയുടെ വൈവിധ്യങ്ങളെ സാമ്പത്തികമായി എങ്ങനെ ഫലപ്രദമായി മനസ്സിലാക്കാമെന്നതിന്റെ നല്ലൊരു പാഠത്തിന് ചൈന ഇന്ത്യയെ മനസ്സിലാക്കുന്ന രീതിയൊന്ന്‍ ശ്രദ്ധിച്ചാല്‍ മതി. കഴിഞ്ഞ ഉത്സവകാലത്ത് എല്ലാ ഉത്സവപ്പറമ്പിലും വന്നുനിറഞ്ഞ സാധനങ്ങൾ ചൈനയുടേതായിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു പാത്രം കഴുകാനുള്ള ചൈനീസ് ചകിരി. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഒരിനവുമായിരുന്നു അത്. അതുപോലെ മിക്കവാറും വീടുകൾക്കുള്ളില്‍ ഇതിനകം തന്നെ ചൈനീസ് ഉല്‍പ്പന്നങ്ങൾ മേല്‍ക്കോയ്മ നേടിക്കഴിഞ്ഞു. നമ്മുടെ നാട്ടില്‍ തേങ്ങ പൊതിക്കുമ്പോൾ കളയുന്ന ചകിരി തന്നെ പാത്രം കഴുകാൻ ധാരാളം. അതല്ല, അത് അല്‍പ്പം കൂടി  സൗകര്യപ്രദവും സൗന്ദര്യാത്മകവുമാക്കാനാണെങ്കില്‍ വലിയ സങ്കീർണ്ണതകളൊന്നുമില്ല. കുറഞ്ഞപക്ഷം ചകിരിയെങ്കിലും നമ്മുടേതുപയോഗിക്കാനുള്ള കാഴ്ചപ്പാട് തന്നെ സ്വയം ശക്തി തിരിച്ചറിയലാണ്. ഇങ്ങനെയുള്ള പ്രാദേശിക സമ്പത്തുകളും വൈദഗ്ധ്യവും പരിപപോഷിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ തമ്മമിലുള്ള വ്യാപാരം തന്നെ ഏതു വിദേശരാജ്യവുമായി നടത്തുന്ന വ്യാപാരത്തേക്കാൾ സാധ്യതകൾ തുറന്നിടുന്നതാണ്.

 

കേരളം മറ്റ് സംസ്ഥാനങ്ങളിലെ ജോലിക്കാർക്ക് ഗൾഫ് രാജ്യം പോലെയാണെങ്കില്‍ മലയാളിക്ക് വ്യാപരിക്കാൻ മേഖല വളരെ വിശാലമാണ്. വിദേശമലയാളികൾ നാട്ടിലേക്കയക്കുന്ന വിദേശനാണ്യത്തിന്റെ മൂല്യം മുക്കാല്‍ ലക്ഷം കോടി കവിയുമെന്നാണ് പുതിയ കണക്കുകള്‍. ഈ മുക്കാല്‍ ലക്ഷത്തിന്റെ  ചെറിയൊരു ശതമാനം ക്രിയാത്മകമായി ഉല്‍പ്പാദന മേഖലയില്‍ വിനിയോഗിക്കാനുള്ള സർഗാത്മകതയുണ്ടായാല്‍ കേരളത്തിനും മറ്റു സംസ്ഥാനങ്ങൾക്കും തമ്മില്‍ കൈമാറാനുള്ളതിന്റെ സാധ്യത  വളരെ വലുതാണ്. ആ സാധ്യതയെ വിസ്മരിച്ചിട്ട് എമർജിംഗ് കേരള പോലുള്ള വ്യായാമങ്ങളില്‍ ഏർപ്പെടുകയാണെങ്കില്‍ ഫലം വിപരീതമാകും. പ്രകൃതിക്കും മനുഷ്യനും. കാരണം ഏകമുഖമായ ആ വികസന സങ്കല്പം മറ്റുളളവനെ ചൂഷണം ചെയ്ത് കൊഴുക്കുന്ന സാമ്പത്തിക ശാസ്ത്രത്തിലധിഷ്ഠിതമാണ്. അതുകൊണ്ടാണ് നെല്‍വയലുകൾ നികത്തണമെന്ന്‍ എമർജിംഗ് കേരളയില്‍ പങ്കെടുത്തുകൊണ്ട് അലുവാലിയ ആവശ്യപ്പെട്ടത്. ആ അമേരിക്കൻ സാമ്പത്തികശാസ്ത്ര വീക്ഷണത്തില്‍ മറ്റൊരുവന്റെ വിശപ്പിലൂടെ മാത്രമേ തങ്ങൾക്ക് വയറും നിറച്ച് അധികഭോജനത്തില്‍ ഏർപ്പെടാൻ കഴിയുകയുള്ളു എന്നതാണ് പ്രമാണം. ആ വീക്ഷണത്തിന്റെ സ്വാധീനമാണ് ഇന്ത്യയിലെ ബുദ്ധിജീവികളേയും  ഒരുവിഭാഗം സാമ്പത്തികവിദഗ്ധരേയും സോഷ്യല്‍ നെറ്റ്വർക്ക് പൗരപ്രമാണിമാരേയും വേവലാതിപ്പെടുത്തുന്നത്. സ്വയം ഉണർന്നില്ലെങ്കില്‍ ഒരു കുലുക്കല്‍ അനിവാര്യമാണ്. ഈ രൂപയുടെ തകർച്ചയെ ഇന്ത്യയ്ക്കുണരാനുള്ള കുലുക്കലായി മാറ്റാവുന്നതാണ്.