ഓണം - തലതിരിയാതിരിക്കാനുള്ള തലതിരിയൽ

Glint Staff
Sun, 15-09-2013 02:45:00 PM ;

pookkalam

 

ഓണം = സന്തോഷം. അക്കാര്യത്തിൽ ആർക്കും സംശയമില്ല. ഒരു സമൂഹം ഒന്നിച്ച് സന്തോഷിക്കുന്നു. ഒരേ കാരണത്തിന്റെ പശ്ചാത്തലത്തിൽ. അതിലൂടെ സമൂഹം കൂട്ടായ്മ അനുഭവിക്കുന്നു. അതുവരെ വൈയക്തികമായ സന്തോഷങ്ങളുടെ പിന്നാലെ പാഞ്ഞിരുന്നവർ അതിനേക്കാളെല്ലാം ഉത്സാഹത്തോടെ ഓണം ആഘോഷിക്കുന്നു. അതിലൂടെ ഒരു കാര്യം വ്യക്തം. എല്ലാവരും ഒന്നിച്ച് സന്തോഷിക്കുന്നതാണ് ആഘോഷം. വൈയക്തിക സന്തോഷത്തേക്കാൾ സന്തോഷം പകരാന്‍ ആഘോഷത്തിന് കഴിയുന്നു.  ചെറിയ ചെറിയ വൈയക്തിക വിഷമങ്ങൾക്കുപോലും ഓണത്തിനവധി.

 

എല്ലാ ആഘോഷങ്ങളും സാമൂഹികമാണ്. അതൊരു പ്രയോഗം കൂടിയാണ്. പ്രയോഗമെന്നാൽ ഓർമ്മിപ്പിക്കൽ. ഒന്നാണെന്ന ഓർമ്മ. ഒന്നിച്ച് സന്തോഷിക്കുന്നതാണ് സാമൂഹ്യജീവിക്ക് കൂടുതൽ സന്തോഷം പകരുന്നതെന്ന ഓർമ്മപ്പെടുത്തൽ. ഇവിടെ ഓർമ്മയെ സൂക്ഷിക്കണം. കാരണം ഓർമ്മ ഒരു രോഗമായി മാറാൻ സാധ്യതയുള്ള സംഗതിയാണ്. ഓർമ്മ ഓർക്കാതെ വരണം. അപ്പോഴേ ഓർമ്മ സർഗാത്മകമാകുകയുള്ളു. അല്ലെങ്കിൽ ഓർമ്മ പഴയകാലത്തിൽ കൊണ്ട് തളച്ചിട്ടുകളയും. അവിടെ സാമൂഹികചടങ്ങുകൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത്, അതിന്റെ വിപരീതം സംഭവിക്കും. എന്നു കരുതി ആ ചടങ്ങ് ഉപേക്ഷിച്ചാലോ. അത് വിനാശകരം. നാശം സംഭവിക്കണമെങ്കിലും എന്തെങ്കിലുമുണ്ടാവണമല്ലോ. അതുകൊണ്ട് ഓണം അതിന്റെ യഥാർഥ തലത്തിലല്ല വ്യക്തിയും സമൂഹവും ആഘോഷിക്കുന്നതെങ്കിലും അവയുടെ നിലനിൽപ്പ് അനിവാര്യം. നിലനിൽപ്പാണ് എല്ലാറ്റിനേക്കാളും പരമപ്രധാനം. പ്രകൃതിയെ നോക്കൂ, അതുപഠിപ്പിച്ചുതരുന്നതും അതാണ്. എന്തെല്ലാം മുറിവുകളാണ് നാം പ്രകൃതിയിലേൽപ്പിക്കുന്നത്. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് പ്രകൃതി നിലനിൽക്കുന്നു. എൻഡോസൾഫാൻ നിറഞ്ഞിരിക്കുന്ന ഭക്ഷണമാണ് നാം ഓണത്തിനുൾപ്പടെ എന്നും കഴിക്കുന്നത്. ആ വിഷത്തിനേയും വഹിച്ചുകൊണ്ട് അവ നിലനിൽക്കുന്നതിന്റെ പേരിലാണ് മനുഷ്യ സമൂഹം ഇന്ന് ജീവിച്ചിരിക്കുന്നത്.

 

ആശയങ്ങളിൽ വിഷം നിറയുന്നതുകൊണ്ടാണ് മനുഷ്യൻ ഇടപെട്ട് രൂപീകരിക്കുന്നതിലെല്ലാം വിഷവും  കൃത്രിമവും കലരുന്നത്. ആശയമെന്നാൽ ചിന്ത. ചിന്തയെന്നാൽ അറിവ്. അറിവ് തലതിരിയുന്നു. ആ തലതിരിവ് കാഴ്ചയുടെ, കാഴ്ചപ്പാടിന്റെ അപാകതമൂലം. കാണുന്നതിനെ, മൃഗങ്ങൾ കാണുന്നതുപോലെ നാം കാണാൻ പാടില്ല. കാണുന്നതിനെ അതായി കാണുകയല്ല മനുഷ്യധർമ്മം. അതിനെ തലതിരിച്ചു കാണുക. ആ കാണലിനെയാണ് അറിവെന്ന് പറയുന്നത്. അവിടെയും ശ്രദ്ധിക്കണം. മൃഗകാഴ്ചയിലുള്ള തലതിരിച്ചിലല്ല അത്. അതാകുമ്പോഴാണ് നിഷേധം വരുന്നത്. അപ്പോഴാണ് നിലവിലുള്ളതിനെ നിഷേധിക്കുന്നവർ പുരോഗമനവാദികളാകുന്നത്. ഓണത്തിനെയും ആചാരങ്ങളേയും നിഷേധിച്ചുകഴിഞ്ഞാൽ വളരെ എളുപ്പം. നിഷേധിക്കലിന് അറിവിന്റെ ആവശ്യമില്ല. പരിവർത്തനത്തിന് അറിവില്ലാതെ പറ്റുകയുമില്ല. നിഷേധിച്ചാൽ പരിവർത്തനം സാധ്യമല്ല. എന്തെങ്കിലുമുണ്ടായാൽ മാത്രമേ പരിവർത്തനത്തിന് സാധ്യതയുള്ളു. മതങ്ങളേക്കാളും ആചാരങ്ങളേക്കാളും വിഷലിപ്തമാണ് ഇന്ന് ലഭ്യമാകുന്ന ഭക്ഷണവും എന്തിന് ചികിത്സപോലും. വിദ്യാഭ്യാസവും. അതുകൊണ്ട് അവയെ നിഷേധിക്കുവാൻ പറ്റുമോ. പറ്റില്ല. ഏറ്റവും വലിയ യുക്തിവാദിയും പുരോഗമനവാദിയും ഉത്തരം മുട്ടുന്നത് അവിടെയാണ്. അവരെ കുറ്റം പറയുന്നത് അറിവില്ലായ്മയുടെ കൊടുമുടികയറൽ. അവരും വിഷവിമുക്തിക്കുവേണ്ടി പരിശ്രമിക്കുന്നു.

 

മൃഗവർഗ്ഗത്തിൽ പിറന്ന നമ്മൾ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തരായി മനുഷ്യനാകാൻ പറയുകയാണ് മഹാബലി. അതിന് അദ്ദേഹം നൽകിയ ബലിയാണ് വാമനന് മുൻപിൽ ദാനം നൽകിയത്. ആ ബലിയിൽ ചോര ഒഴുകിയില്ല. അതുകൊണ്ടാണ് അത് മഹാബലിയായത്.

 

vamanaഓണവും തലതിരിഞ്ഞ കാഴ്ചയാണ്. മഹാപണ്ഡിതരുൾപ്പടെയുള്ളവർ ഓണത്തെക്കുറിച്ച് പറയുമ്പോൾ ഏതോ കഴിഞ്ഞകാലത്തേക്കുറിച്ചുള്ള സ്മരണയിൽ വിലയം പ്രാപിക്കുന്നു. പോയ നല്ലകാലത്തിന്റെ ഓർമ്മ പുതുക്കലാണ് ഓണമെന്ന് സ്മരിക്കുന്നു. എന്നിട്ട് വർത്തമാനത്തിലെ ആ നല്ല കാലത്തിന്റെ വിപരീതമെന്നോണം നിലനിൽക്കുന്നതിനെ എണ്ണിപ്പറഞ്ഞ് പഴിചാരുന്നു. ആരുടെമേൽ  എന്നതറിയാതെ. മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ. മനോഹരം. എങ്ങിനെ അതിനെ തള്ളിപ്പറയാൻ കഴിയും? പറ്റില്ല. നല്ല ഓർമ്മയല്ലേ? അതേ. അതിലേക്കുവേണ്ടിയല്ലേ മാനവരാശി ശ്രമിക്കേണ്ടത്? ആണ്. സംശയമില്ല. എന്നിട്ടും വാമനനായി വന്ന് മഹാവിഷ്ണു മഹാബലിയെ കളിപ്പിച്ചു. ചതിച്ചു. പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തി. എന്തൊരനീതി. അസുരരാജാവായതുകൊണ്ട് പറ്റിച്ച പണി. ദാനശീലനായ മഹാബലി പാതാളത്തിലേക്ക് താഴുംമുൻപ് ഒരു ആഗ്രഹസാഫല്യം ലഭിച്ചു. തന്റെ പ്രജകളെ കാണാൻ എല്ലാവർഷവും എത്താനുള്ള അവകാശം. എന്നിട്ടും ആ മഹാവിഷ്ണുവിനെ നാം ആരാധിക്കുന്നു. എന്തൊരനീതി. മൃഗങ്ങൾ കാണുന്ന നേർക്കാഴ്ചയിൽ കണ്ടാൽ കൊടും അനീതി. സംസ്‌കാരശൂന്യത. മാനവരാശിക്ക് എതിരായി പെരുമാറിയതിനെ ആരാധിക്കുന്നു. അതു മനുഷ്യത്വരഹിതം. അതിനാൽ ആ ആരാധനയും മനുഷ്യത്വരഹിതം. അന്ധവിശ്വാസം. മാനവരാശിക്കെതിര്. പുറംകാഴ്ചയുടെ നോട്ട ശാസ്ത്രത്തിൽ (മൃഗക്കാഴ്ച) നോക്കിയാൽ യുക്തി. മഹാബലിയുടെ ആസ്ഥാനമായ തൃക്കാക്കരയിൽ അദ്ദേഹത്തിന് ചെറിയ ഒരു ഇരിപ്പിട സ്മാരകമുണ്ടായിരുന്നു. ശിവക്ഷേത്രത്തിനു മുന്നിൽ ഒരു സിമന്റ് കസേര. അതിനെ അലങ്കരിച്ചുകൊണ്ട് പക്ഷിക്കാഷ്ടവും. ക്ഷേത്രം ഭാരവാഹികൾക്ക് അതിൽ വിഷമം തോന്നിയിട്ടാവണം ഒരു ചെറിയ തകരഷീറ്റ് അതിന്റെ മേൽ വച്ചിരുന്നു. അതും പക്ഷിശിഷ്ടത്താൽ അലങ്കൃതം. ഇപ്പോൾ ശിവക്ഷേത്രം പുനരുദ്ധരിച്ചുകൊണ്ടിരിക്കുന്നു. മുൻപിലുണ്ടായിരുന്ന സിമന്റ് സിംഹാസനം അവിടെനിന്ന് ഇളക്കിമാറ്റി. പൊടിഞ്ഞ് അവശിഷ്ടം സമീപത്ത് തെങ്ങിൻമൂട്ടിൽ. ഏതാനും ദിവസം മുൻപ് വരെ അതായായിരുന്നു അവസ്ഥ. അതും കൂടി നോക്കുമ്പോൾ നാം മഹാബലിയോട് കാട്ടുന്നത് അങ്ങേയറ്റം ക്രൂരതയെന്നും വാദിക്കാം. ഒറ്റവാക്കിൽ പറഞ്ഞാൽ സംഗതി അതല്ല. മൃഗവർഗ്ഗത്തിൽ പിറന്ന നമ്മൾ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തരായി മനുഷ്യരാകാൻ പറയുകയാണ് മഹാബലി. അതിന് അദ്ദേഹം നൽകിയ ബലിയാണ് വാമനന് മുൻപിൽ ദാനം നൽകിയത്. ആ ബലിയിൽ ചോര ഒഴുകിയില്ല. അതുകൊണ്ടാണ് അത് മഹാബലിയായത്. ബലിയുടെ അർഥം അവിടെ സമഗ്രം. പൂർണം. അതിലേക്കുനോക്കിയാൽ തന്നെ എല്ലാം  തെളിഞ്ഞുകാണാം.

 

മഹാബലിയും ഓണവും മലയാളിയുടെ മിത്താണ്. ഈ മിത്ത് മനുഷ്യനോട് ആവശ്യപ്പെടുന്നത് തലതിരിഞ്ഞു കാണാനാണ്. തലതിരിഞ്ഞു കാണുന്നവനാണ് മനുഷ്യനിലേക്കുയരുക. അതിന്നർഥം തലതിരിഞ്ഞവനാണ് യഥാർഥ മനുഷ്യനെന്നല്ല. തലതിരിയാത്തവരാകണമെങ്കിൽ തലതിരിഞ്ഞുകാണണം. അത് മനുഷ്യനു മാത്രം സാധ്യമായതാണ്. മനുഷ്യന്റെ സാധ്യതയിലേക്കുയരുമ്പോൾ ഒരുവൻ മൃഗത്തിന്റെ തലത്തിൽ നിന്നും മനുഷ്യന്റെ പദവിയിലേക്കുയരുന്നു. ആ മനുഷ്യത്വത്തിലേക്കും മാനവികതയിലേക്കും ഉയരുവാനുള്ള ഓർമ്മപ്പെടുത്തലാണ് ഓണം. മനുഷ്യന്റെ അഥവാ മലയാളിയുടെ മുന്നിലെ ആഘോഷവും വെല്ലുവിളിയും. ആഘോഷത്തോടുകൂടിയ വെല്ലുവിളി. മിത്ത് മനോഹരമായ പൊതിയാണ്. ആ പൊതിയഴിച്ചു നോക്കിയാലേ അതിനുളളിലുള്ളത് കാണൂ. പൊതി രസകരമായ കഥയാകും. അത് പുറം കാഴ്ച. ആ കാഴ്ചയാണ് യഥാർഥ കാഴ്ചയെന്ന് ധരിച്ചാൽ കഥ കഴിഞ്ഞു. ഉള്ളിലുള്ളതിനെ മറയ്ക്കുന്നതാകും പൊതി.

 

മഹാബലി തലതിരിഞ്ഞ കാഴ്ചയുടെ ആൾരൂപമാണ്. അവിടെയാണ് അത് മിത്താവുന്നത്. മിത്ത് പണ്ഡിതനും പാമരനും ഒരേപോലെ ആസ്വാദ്യമാകും. പണ്ഡിതന്റെ പാണ്ഡിത്യവും പാമരന്റെ പാമരത്വവും. ഇതുരണ്ടും ചിലപ്പോൾ അറിവിന്റെ മുൻപിൽ തടസ്സമായി നിൽക്കും. എന്നിരുന്നാലും ഫലം ലഭിക്കും. എല്ലാവരും ഓണനാളിൽ  ഒന്നിച്ചുകൂടുന്നു. സന്തോഷിക്കുന്നു. ഇരുകൂട്ടരുമുൾപ്പടെയുള്ള സമൂഹം ഒരേ കാരണത്താൽ ഒന്നിച്ചു സന്തോഷിക്കുന്നു. അവിടെയാണ് മിത്തിന്റെ സാധ്യതയും ശാസ്ത്രീയതയും. മിത്തുകൾ സമൂഹത്തെ അദൃശ്യവും ശക്തവുമായി  സംഘമായി നിർത്തുന്നു. എന്നുവെച്ചാൽ ഒന്നിപ്പിക്കുന്നു. എന്നാൽ ആ ശാസ്ത്രം ഒട്ടും തെളിഞ്ഞുകാണില്ല. നേർക്കാഴ്ചയിൽ പാമരന് അഥവാ കുട്ടികൾക്കു കേട്ടാൽ കൗതുകമൂറുന്ന കഥാകൗതുകം പോലെ ആസ്വാദ്യമായിരിക്കും. മഹാബലി ചക്രവർത്തിയുടെ കഥയും അങ്ങിനെ തന്നെ.

 

മിത്തിനെ മിത്തായി തന്നെ കാണണം. എങ്കിലേ അതിലെ ശാസ്ത്രീയത അറിവായി പരിണമിക്കുകയുള്ളു. മിത്തിനെ ആഘോഷിക്കുകയും വേണം. ആഘോഷം മിത്തിന്റെ ഭൗതികപരിഭാഷയാണ്. ഭൗതികലോകം വിരുദ്ധപ്രകൃതികളുടെ സന്തുലനത്താലാണ് നിലനിൽക്കുന്നത്. സ്ത്രീ,പുരുഷൻ. ആ  വൈരുദ്ധ്യത്തിന്റെ ഏറ്റവും മൂർത്തമായ ജൈവരൂപം. എന്നാൽ വൈരുദ്ധ്യം എന്നത് വെറും മൃഗകാഴ്ചയിലാണ്. കാരണം പ്രകടമായ കാഴ്ചയിൽ വിപരീതം. വിപരീതം എതിർചേരിയിൽ. എതിർചേരിയിൽ ആണെങ്കിൽ എതിർക്കേണ്ടത് എന്നത് ബാഹ്യകാഴ്ച. അഥവാ മൃഗകാഴ്ച. അതിന്റെ പേരിൽ എതിർക്കുന്നു. എന്നുവെച്ചാൽ യുദ്ധം. ആ യുദ്ധം ഇന്ന് സജീവം. അതവിടെ നിൽക്കട്ടെ. വൈരുദ്ധ്യം തലതിരിഞ്ഞ കാഴ്ചയിൽ പൂരകമാണ്. പൂരിപ്പിക്കുമ്പോൾ ഒന്നാവുന്നു. ശ്രുതി ചേർന്ന ബാഹ്യവൈരുദ്ധ്യങ്ങളുടെ താളാത്മകമായ പൂരണമാണ് എന്തിനും ആസ്വാദ്യത നൽകുന്നത്. പ്രകൃത്യാൽ മൃഗങ്ങളെ ഇവ്വിധത്തിൽ ശ്രുതിചേർത്തിരിക്കുന്നു. അതുകൊണ്ടാണ് ഒരു മൃഗവും പ്രകൃതിക്ക് ആഘാതമേൽപ്പിക്കാത്തത്. മനുഷ്യൻ അവന്റെ അറിവിലൂടെ ശ്രുതി കണ്ടെത്തി  അവയോട് ചേർന്ന പുതിയ താളങ്ങൾ എപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കണം. അതാണ് മനുഷ്യന്റെ മുന്നിലെ വെല്ലുവിളി. മഹാബലിയും പറയുന്നത് അതാണ്. അതാണ് മഹാബലി മുന്നോട്ടുവയ്ക്കുന്ന തലതിരിഞ്ഞ കാഴ്ച.

 

എത്ര കഴിച്ചാലും കുടവയറിന് പരിമിതിയുണ്ട്. അതിനപ്പുറം പോകില്ല. അതുകൊണ്ട് ഓണത്തപ്പൻ കുടവയറൻ. ഭൗതികമായ വാരിക്കൂട്ടലിന്റെ പരിമിതിയും അഭംഗിയുമാണ് ആ കുടവയർ.

 

mahabaliഒന്നാലോചിച്ചുനോക്കൂ. മഹാബലി ഇന്നും വാണിരുന്നെങ്കിൽ. എന്തൊരു ബോറാവുമായിരുന്നു മനുഷ്യജീവിതം. കള്ളമില്ല. ചതിയില്ല. അസുഖമില്ല. ഭക്ഷണക്ഷാമമില്ല. എപ്പോഴും സന്തോഷിച്ചു ജീവിക്കുക. അങ്ങിനെയായിരുന്നുവെങ്കിൽ ഈ നെറ്റുണ്ടാവുമായിരുന്നോ. ഡിജിറ്റൽ സാങ്കേതികവിദ്യ ഉണ്ടാവുമായിരുന്നോ? പോലീസിന്റെ ആവശ്യമില്ല. പൂട്ടിന്റെ ആവശ്യമില്ല. ചികിത്സയുടെ ആവശ്യമില്ല. വൈദ്യവിജ്ഞാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ആവശ്യമില്ല. യാത്രയാവശ്യമില്ല. അതുകൊണ്ടുതന്നെ വാഹനവും സാങ്കേതികവിദ്യയൊന്നുമാവശ്യമില്ല. സങ്കടമൊന്നുമേ ഇല്ല. എന്നുവെച്ചാൽ ഒരു വശം മാത്രം. ബന്ധങ്ങൾ പോലും അപ്രസക്തമാകും. ഇപ്പറഞ്ഞതെല്ലാം ഭൗതികജീവിതത്തിലെ കാര്യം. ഭൗതികപ്രപഞ്ചം പോസിറ്റീവ് നെഗറ്റീവ് ശക്തികളുടെ ചേരലുകളിലാണ്. ഒന്നിനുമാത്രമായി നിലനിൽക്കാനാകില്ല. ഭൗതികമായ കാര്യങ്ങളിലൂടെ ഒരു വ്യക്തിക്ക് വളരുന്നതിന് പരിമിതിയുണ്ട്. ഭക്ഷണം ധാരാളം. രോഗം വരില്ലെന്ന് ഉറപ്പ്. ഭക്ഷണം കഴിക്കുന്നത് സന്തോഷം. അതിനാൽ വാരിവലിച്ച് എത്രവേണേലും കഴിക്കാം. എത്ര കഴിച്ചാലും കുടവയറിന് പരിമിതിയുണ്ട്. അതിനപ്പുറം പോകില്ല. അതുകൊണ്ട് ഓണത്തപ്പൻ കുടവയറൻ. ഭൗതികമായ വാരിക്കൂട്ടലിന്റെ പരിമിതിയും അഭംഗിയുമാണ് ആ കുടവയർ.

 

ഇവിടെ ഏറ്റവും പ്രസക്തമായ ചോദ്യം ഉയർന്നുവരും. മനുഷ്യന്റെ  എല്ലാ ക്ഷേമത്തിനും വേണ്ടിത്തന്നെയാവണം മനുഷ്യൻ ഓരോ നിമിഷവും പ്രയത്‌നിക്കേണ്ടത്. എല്ലാവരുടേയും സുഖത്തിനും ക്ഷേമത്തിനും വേണ്ടി. മഹാബലിയുടെ ഓർമ്മയിൽ ഉള്ളടങ്ങിയിരിക്കുന്ന ആ കാലം. അതാവണം ലക്ഷ്യം. മാനുഷരെല്ലാവരുമൊന്നുപോലെ. കള്ളവുമില്ല ചതിയുമില്ല. അത് ലക്ഷ്യമാകണം. അതിൽ ഒരു നിമിഷംപോലും അലംഭാവം അനുവദനീയമല്ല. അപ്പോഴാണ് ഓണം പ്രയോഗമാകുന്നത്. അവിടെയും ശരാശരി കാഴ്ചയിൽ വൈരുദ്ധ്യം കാണാം. സ്വാഭാവികം. ആ വൈരുദ്ധ്യത്തെ  മനുഷ്യശരീരം തന്നെ വ്യക്തമാക്കുന്നു. മനുഷ്യശരീരമെന്നത് മലവും മാലിന്യംകൊണ്ട് നിർമ്മിതമാണ്. നാമെപ്പോഴും അതിനാൽ ശ്രദ്ധിക്കുന്നത് ശുദ്ധിയിലും വൃത്തിയിലും. പരിപൂർണ്ണമായി വൃത്തിയും ശുദ്ധിയും വരുമോ എന്ന് ആത്യന്തികമായി ചോദിച്ചാൽ അത് അസാധ്യം. എന്നാൽ  നന്നായി കുളികഴിഞ്ഞാൽ വൃത്തിയാകില്ലേ എന്നു ചോദിച്ചാൽ ആകും എന്നുത്തരം. എല്ലാ ശുദ്ധിയുടേയും കാര്യത്തിൽ അത് ബാധകം. അപ്പോഴെല്ലാം വൃത്തിയും ശുദ്ധിയുമല്ലാതെ ലക്ഷ്യം വേറൊന്നില്ല. സാധാരണജീവിതത്തിൽ സുഖത്തിനും അസുഖം അകന്നു നിൽക്കാനും അതാവശ്യവും. വിശാലമായ അർഥത്തിൽ ശുദ്ധിയും അശുദ്ധിയും എന്ന വേർതിരിവേ ഇല്ല എന്നത് അറിവായി നിന്നാൽ വൃത്തികേടിനോട് വിദ്വേഷം തോന്നില്ല. കാരണം പ്രകൃതി സ്വഭാവത്തെക്കുറിച്ചുളള അറിവാകുന്നതിനാൽ. അതുകൊണ്ട് അത്തരം സ്വഭാവം പ്രകടമാക്കുന്നവരോടും വിദ്വേഷം തോന്നാതെ സന്ദർഭത്തിനു ഉചിതമായ തീരുമാനങ്ങളെടുത്തു മുന്നോട്ടു നീങ്ങുവാൻ കഴിയും. അതും ഓണമിത്തിന്റെ പ്രയോഗം. പരദൂഷണത്തിലിൽ നിന്നും കുറ്റം പറച്ചിലിൽ നിന്നും ചെറുചിരിയോടെ (ഉള്ളിൽ) ഒഴിഞ്ഞുനിൽക്കാനാകും. അത് യുദ്ധം ഒഴിവാകുന്നതിന്റെ വഴി. ആസുരത്വത്തിൽ നിന്നുള്ള ഉയർച്ചയുടെ വഴി. ആ കൊമ്പൻമീശയുടെ ആസുരത്വത്തിലൂടെ ബലിചക്രവർത്തി ഓർമ്മിപ്പിക്കുന്നു.

 

മിത്തുകളെ ചരിത്രവുമായി വേണമെങ്കിൽ പ്രതീകാത്മകതയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് ബന്ധിപ്പിക്കാം. എന്നാൽ മിത്തിനെ ചരിത്രമായി കാണുന്നത് രാജ്യത്തിനെ കാണാതെ മാപ്പിനെ നോക്കി രാജ്യമാണെന്ന് തെറ്റിദ്ധരിക്കുന്നതുപോലെയാണ്. ഇക്കുറി ഓണം എത്തുന്നതിന് മുൻപ് ഓണത്തപ്പനെ കുടവയറനും കാണാൻ കൊള്ളാത്ത രൂപവുമായി ചിത്രീകരിക്കരുതെന്ന് എൻ.എസ്.എസ്.ജനറൽ സെക്രട്ടറി  ജി.സുകുമാരൻ നായർ ഒരു പ്രസ്താവന നടത്തുകയുണ്ടായി. അത് കേരളത്തിൽ ചർച്ചയ്ക്ക് ഏറ്റവും ഉചിതമായ ഒരു വിഷയാവതരണമായിരുന്നു. ചില ഓണപ്പരസ്യങ്ങളിൽ ഓണത്തപ്പൻ സിക്സ് പാക്ക് ഓണത്തപ്പനായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതൊക്കെ മലയാളിയുടെ ഡി.എൻ.എയിൽ ഭദ്രമായി കിടക്കുന്ന ഓണമെന്ന മിത്തിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ്. വിഷയമുണ്ടെങ്കിലും ഇല്ലെങ്കിലും ചർച്ചകൾ നടത്തുന്ന ചാനലുകൾ വേണ്ടത്ര പ്രാധാന്യം സുകുമാരൻനായരുടെ പ്രസ്താവനയ്ക്ക് കൊടുക്കാതെപോയി. എത്രതന്നെ സോദ്ദേശപരമായാലും ഭൗതികകാര്യങ്ങളിൽ മാത്രം ഊന്നിക്കൊണ്ടുള്ള വികസനത്തിന്റേയും മനുഷ്യപുരോഗതിയുടേയും കൃത്യമായ ചിത്രമാണ് മഹാബലി കോറിയിടുന്നത്. ബലി നൽകിയില്ലെങ്കിൽ ആ വികസനം ചീയും. അഴുകും. ആ അഴുകൽ വളമായി മാറും എന്നത് പ്രകൃതി നിയമം. ആ അഴുകലിന്റെ ഘട്ടത്തിലൂടെ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്ന സമൂഹമാണ് അമേരിക്ക. ആ അമേരിക്ക ഭൂപ്രദേശവും നാമുമാണ്. അതാണ് മഹാബലി ഓർമ്മിപ്പിക്കുന്നത്. മറിച്ച് ആദ്യത്തെ സോഷ്യലിസ്റ്റ് ചക്രവർത്തിയായിരുന്ന അദ്ദേഹത്തെ ചതിച്ചു എന്ന ചരിത്രവായന അജ്ഞതയിൽ നിന്ന് സങ്കൽപ്പശേഷിയില്ലാത്ത മൃഗക്കാഴ്ചയിലേക്ക് നമ്മെ കൊണ്ടുപോകും. സൂര്യൻ ഉദിക്കുന്നുമില്ല, അസ്തമിക്കുന്നുമില്ല. എന്നാൽ അനുഭവതലത്തിൽ ഇതു രണ്ടുമുണ്ട്. അതനുസരിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തിയേ പറ്റൂ. പക്ഷേ മനുഷ്യനു മാത്രമേ അറിയൂ സൂര്യൻ ഇവ രണ്ടിലുമേർപ്പെടുന്നില്ല എന്ന്. ആ അറിവിലേക്ക് മനുഷ്യൻ മെല്ലെ എത്തുകയാണുണ്ടായത്. അതിലേക്കുള്ള ഉയർച്ചയാണ് മനുഷ്യപുരോഗതിയുടെ നിർണ്ണായകഘട്ടങ്ങൾ. ആ അറിവിനെ തിരസ്‌കരിച്ച് അനുഭവതലത്തിലുള്ളവയെ മാത്രം സ്വീകരിക്കുന്ന അറിവിലാണ് മഹാബലിയുടെ രൂപത്തേയും ഓണത്തേയും നാം ചരിത്രവുമായി ബന്ധപ്പെടുത്തി കാണുന്നത്. അത് അജ്ഞത. മഹാബലിയെന്ന മിത്തിൽ ഒളിഞ്ഞിരിക്കുന്നതിനെ അനാച്ഛാദനം ചെയ്യുമ്പോഴാണ് ശാസ്ത്രം സത്യത്തിലേക്കുള്ള വഴിയും അതിലെ സൗന്ദര്യവും വ്യക്തമാക്കുന്നത്.

 

വാമനരൂപത്തിൽ എല്ലാവരിലും ഒളിഞ്ഞിരിക്കുന്ന അറിവിലാണ് മനുഷ്യൻ അതിരുകളാൽ ബന്ധിക്കപ്പെട്ടവനല്ലെന്നും അവന്റെ സാധ്യതകൾക്ക് അതിരുകളില്ലെന്നും അവനിലേത് ഭൗതികനേത്രങ്ങൾ കൊണ്ട് കാണാവുന്ന അതിരുള്ള ലോകമല്ലെന്നും മനസ്സിലാകുന്നത്. ആ അറിവിന്‌ തടസ്സമായി നിൽക്കുന്ന തലക്കനത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുമ്പോൾ മാത്രമാണ് ഒരു മനുഷ്യന്റെ സാധ്യതകളും അതിരില്ലാത്ത ലോകത്തേക്കുള്ള പ്രവേശവും നടക്കുക.

 

ഈ സങ്കൽപ്പശേഷിയുടെ പിൻബലത്തിലുള്ള അറിവ് എല്ലാ മനുഷ്യനിലുമുണ്ട്. അതുള്ളവനാണ് മനുഷ്യൻ. പക്ഷേ അത് ഒളിഞ്ഞിരിക്കുന്നു. ചെറുതായി. വാമനരൂപത്തിൽ. ആ വാമനരൂപത്തിൽ എല്ലാവരിലും ഒളിഞ്ഞിരിക്കുന്നത് അറിയുമ്പോൾ അറിവാകുന്നു. ആ അറിവിലാണ് മനുഷ്യൻ അതിരുകളാൽ ബന്ധിക്കപ്പെട്ടവനല്ലെന്നും അവന്റെ സാധ്യതകൾക്ക് അതിരുകളില്ലെന്നും അവനിലേത് ഭൗതികനേത്രങ്ങൾ കൊണ്ട് കാണാവുന്ന അതിരുള്ള ലോകമല്ലെന്നും മനസ്സിലാകുന്നത്. പരിമിതിയിൽ നിന്നും മനുഷ്യൻ പരിമിതിയില്ലാത്ത അനന്തസാധ്യതയുടെ തലത്തിലേക്കുയരുന്നു. അളക്കാവുന്നതല്ല  ആ ലോകം. അതുകൊണ്ടാണ് മഹാബലി ചക്രവർത്തിക്ക് അളക്കാൻ ഇടമില്ലാതെ വന്നത്. അതിന് തടസ്സമായി നിൽക്കുന്നത് ഞാൻ തന്നെ. ഞാനെന്ന അഹംഭാവം. തലക്കനം. ആ തലക്കനത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുമ്പോൾ മാത്രമാണ് ഒരു മനുഷ്യന്റെ സാധ്യതകളും അതിരില്ലാത്ത ലോകത്തേക്കുള്ള പ്രവേശവും നടക്കുക. അവിടെയാണ് ഒരുവൻ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. സന്തോഷം അനുഭവിക്കുന്നത്. വൈയക്തികമായ പരിമിത ചിന്തകളിൽ നിന്ന് മാറി ഒന്നാണെന്ന സംഘചിന്തയിലേക്കുയരുന്നത്. അവിടെ ആഘോഷം. ദുഖം വരുന്ന ഒരുവൻ ചുരുങ്ങാവുന്നതിന്റെ രൂപമാണ് മഹാബലിയുടെ ആസുര രൂപം. ആ ചുരുങ്ങലാണ് ആസുരത. അത് ഒതുങ്ങൽ. അതാണ് ദുഖത്തിന്റെ കാരണം. അതിൽ നിന്ന് മോചനം നേടുമ്പോൾ ആഘോഷം. ഇത് ഓണം ഓർമ്മിപ്പിക്കുന്നു.

 

ഓർമ്മയിൽ തളഞ്ഞുകിടക്കാനല്ല ഓണം ഓർമ്മിപ്പിക്കുന്നത്. ഡ്രൈവിംഗ് പഠിക്കുന്ന ആദ്യനാളിൽ ഓർത്ത് ഡ്രൈവ് ചെയ്‌തെന്നിരിക്കും. പിന്നെ അത് സ്വാഭാവികമായി വരും. അതുപോലെ ഓർമ്മ പ്രയോഗത്തിൽ വരണം. എങ്കിലേ നല്ല ഡ്രൈവിംഗ് ആവൂ. അല്ലാതെ ഡ്രൈവിംഗിനെക്കുറിച്ച് ഓർമ്മയിലമർന്നാൽ സംഭവിക്കുക അപകടം. അത് ഓണത്തിന്റെ കാര്യത്തിൽ സംഭവിക്കുന്നു. ഏതു മിത്തും വർത്തമാനത്തിൽ പ്രയോജനപ്പെടുന്നതായിരിക്കണം. മനുഷ്യന് പുരോഗതിയുണ്ടാവണം. അതാണ് അവന്റെ സ്ഥിതിഗതിയെ നിയന്ത്രിക്കുന്നത്. ഓർമ്മയിൽ ഭൂതകാലത്തു കുടുങ്ങുന്നവൻ ഭാവിയേക്കുറിച്ചുള്ള ചിന്തകളിലും മുഴുകിപ്പോകും. ആ രണ്ട് ചക്രങ്ങൾക്കിടയിൽക്കിടന്ന് അവനരയും. അവിടെ ധനമുണ്ടോ ഇല്ലയോ എന്നതൊന്നും പ്രശ്‌നമല്ല. അവന് വർത്തമാനം നഷ്ടമാകും. വർത്തമാനത്തിൽ മാത്രം ലഭ്യമാകുന്നതാണ് സന്തോഷം അഥാവാ ഓണം. ആ ആത്യന്തിക തത്വത്തിലേക്കുയർത്തുന്നതാണ് ഓണമെന്ന മിത്ത്. മനുഷ്യൻ സദാ സമയവും പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നതും അതിനാണ്. ബീവറേജസിന്റെ മുന്നിൽ ക്യൂ നിൽക്കുന്നതും സീരിയലിന്റെ മുന്നിൽ പടിഞ്ഞിരിക്കുന്നതുമെല്ലാം അതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. അവിടെ വഴിയറിയുന്നില്ല എന്നു മാത്രം. ജീവിതം തലതിരിഞ്ഞുപോകുന്നു. അങ്ങിനെ തലതിരിഞ്ഞുപോകാതിരിക്കണമെങ്കിൽ കാഴ്ചകളെ തലതിരിഞ്ഞുകാണാനുളള ശേഷിയുണ്ടാവണം. അപ്പോൾ ജീവിതം തലതിരിയാതെ സ്ഥിതമുള്ള ഗതിയിലേർപ്പെടും.

 

ഓണത്തെ ഓർമ്മയുടെ തടവറയിൽ നിന്നു മോചിപ്പിച്ചാൽ ജീവിതം ഓണം. അതാണ് ഓണം എന്ന മിത്ത് മുന്നോട്ടുവയ്ക്കുന്ന തലതിരിഞ്ഞ തത്വവും കുടവയറൻ മഹാബലി നമുക്ക് തരുന്ന തലതിരിഞ്ഞ കാഴ്ചയും.

 

sadyaഓണമെന്ന മിത്തിന്റെ സാർവ്വലൗകികത്വം മുഴുവൻ ആച്ഛാദനം ചെയ്തുവച്ചിരിക്കുന്ന ഓണസദ്യ. ശാസ്ത്രത്തിന്റെ പ്രയോഗം അനായാസവും ആസ്വാദ്യവുമായിരിക്കണമന്നെ ഓർമ്മപ്പെടുത്തലുമാണ് ഓണസദ്യ. പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും അവയുടെ സമ്മേളനങ്ങളും അവയുടെ പ്രയോഗവും പരിപോഷിപ്പും ശരീരത്തിലെ രസ-രാസക്രീഡയുടെ അഥവാ രസതന്ത്രത്തിൻറെ നൃത്തവുമെല്ലാം ഒളിപ്പിച്ചിരിക്കുന്നു, ഓണസദ്യയിൽ. ആ രുചിയറിയണമെങ്കിലും വർത്തമാനത്തിൽ മാത്രം. ജീവിതത്തിന്റെ രുചിയറിയണമെങ്കിലും വർത്തമാനത്തിൽ മാത്രം. കാണം വിറ്റും ഓണം ഉണ്ണണം എന്നുപറയുന്നതിലെ പോലും ശാസ്ത്രം നോക്കൂ. ഇന്നിപ്പോൾ സദ്യയ്ക്ക് പായസം നൽകുന്നത് കപ്പിൽ. അത് ഈ അജ്ഞതകൊണ്ടാണ്. പായസം നക്കിക്കഴിക്കണം. നാലുവിധമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് നക്കിക്കഴിക്കേണ്ടവ. നക്കിക്കഴിക്കുമ്പോൾ നാക്കിലുള്ള അദൃശ്യ രസമുകുളങ്ങൾ സ്പർശിതമാകുകയും അവയുമായി ബന്ധപ്പെട്ട ഗ്രന്ഥികൾ ഉത്ഥിതമാകുകയും ചെയ്യും. ആണ്ടിൽ ഒരിക്കലെങ്കിലും ഈ ഗ്രന്ഥികൾ ഉണരേണ്ടത് ആവശ്യം. ഉപയോഗമില്ലാതെ വരുന്ന ഗ്രന്ഥികൾക്ക് എന്തു സംഭവിക്കുമെന്നറിയാമല്ലോ. അതുപോലെ അനുബന്ധ പ്രത്യാഘാതങ്ങളും. അതു സാധ്യമാക്കുമ്പോൾ, നാലുവിധം അന്നവും കഴിക്കുമ്പോൾ ഉള്ള അധിക ദഹനപ്രക്രിയയ്ക്കുവേണ്ടി ജഠരാഗ്നിയെ ഉദ്ദീപിപ്പിക്കാൻ പരിപ്പിൽ നെയ്യൊഴിക്കുന്നു. ഇതിനേക്കാൾ പ്രധാനമാണ് തളിരിലയിൽ സദ്യയുണ്ണണമെന്നത്. കാരണം ആഗ്നേയ സസ്യമാണ് വാഴ. അതിന്റെ തളിരിലയിൽ ചുരുട്ടിവച്ചിരിക്കുന്നത് ഉഗ്രൻ ഫോസ്ഫറസ്സാണ്. ചൂട് ചോറ് ആ ഇലയിൽ പതിക്കുമ്പോൾ അവ ചോറിൽ പുരളുന്നു. ഫോസ്ഫറസ്സും നെയ്യും ഒന്നിച്ച് വയറ്റിലെ അഗ്നിയിലേക്കു ചെല്ലുമ്പോൾ ആ അഗ്നിക്കുണ്ടാവുന്ന കത്തലും ശേഷിയും ചിന്തനീയം. സമൃദ്ധമായ സദ്യകഴിച്ചോളൂ. അത് തളിരിലയിൽ നെയ്യിന്റേയും പരിപ്പിന്റെയും അകമ്പടിയോടെയാണെങ്കിൽ ഒരു സംശയവും വേണ്ടാ, കൃത്യം മൂന്നു മണിക്കൂറിനുള്ളിൽ ദഹിച്ചിരിക്കും. അതു സമസ്തജനങ്ങളും ഒരേപോലെ ഓണം ആഘോഷിക്കുന്നതുപോലെ ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളും സമസ്തഗ്രന്ഥികളും ഒന്നിച്ചുണർന്ന് ആഘോഷിക്കും. ശരീരവും വ്യക്തിയും ഉണരുമ്പോൾ സമൂഹം ഉണരുകയായി. ഉണർവ് സൗന്ദര്യം. അവിടെ  ഭക്ഷണം സന്തോഷത്തിനുള്ള ഉപാധിയല്ലാതെ മാറും. ആ ഉണർവിൽ കുടവയർ സ്വതവേ അപ്രത്യക്ഷമായിക്കൊള്ളും. അതു മഹാബലിയുടെ കുടവയറിന്റെ ഒരു തലതിരിഞ്ഞ കാഴ്ചകൂടി. സദ്യയിൽ നോക്കി ഇവ്വിധമൊന്നുണ്ടാൽ തന്നെ ഓണമായി. അത് ഓരോ നേരത്തെ ഭക്ഷണസമയത്തും സാധ്യം. അങ്ങിനെ ഓണത്തെ ഓർമ്മയുടെ തടവറയിൽ നിന്നു മോചിപ്പിച്ചാൽ ജീവിതം ഓണം. അതാണ് ഓണം എന്ന മിത്ത് മുന്നോട്ടുവയ്ക്കുന്ന തലതിരിഞ്ഞ തത്വവും കുടവയറൻ മഹാബലി നമുക്ക് തരുന്ന തലതിരിഞ്ഞ കാഴ്ചയും. ഓണമുണ്ണുന്നതിന് ഒരു നിമിഷമിതോർക്കാം. പിന്നെ രുചിച്ച് ഉണ്ണാം. എല്ലാവർക്കും ലൈഫ്ഗ്ലിന്റിന്റെ ഓണാശംസകൾ.

  

ഓണത്തല്ല്: ലൈഫ്ഗ്ലിന്റ് സുഹൃത്തുക്കൾ ക്ഷമിക്കണം. കുറിപ്പിന്  കുടവയർ ജാസ്തി. ക്ഷമിക്കണം. ഓണമായതുകൊണ്ട് സംഭവിച്ചതാണ്.

Tags: