ആന്ധ്രയിൽ ഇപ്പോൾ വേണ്ടത് രാഷ്ട്രപതിഭരണം

Sun, 06-10-2013 07:00:00 PM ;

telangana

ആന്ധ്രാപ്രദേശ് സംസ്ഥാന വിഭജനത്തിൽ കേന്ദ്രസർക്കാരിന് വ്യക്തമായ അജണ്ടയുണ്ട്. 2014 തിരഞ്ഞെടുപ്പ് പ്രചാരണം അനൗദ്യോഗികമായി തുടങ്ങിയ സാഹചര്യത്തിൽ  അതിൽനിന്ന് യു.പി.എ നേതൃത്വത്തിന് പിന്നോട്ടുപോകാനാവില്ല. അതേസമയം ഇത്തരം വിഷയങ്ങളിൽ അധികാരത്തിലിരിക്കുന്ന സർക്കാർ പാലിക്കേണ്ട ചുമതലകളിൽ നിന്ന് പിന്മാറുന്നത് വിനാശകരമാണ്. പൂർണ്ണ അരാജകത്വത്തിലേക്കാണ് ഇപ്പോൾ സീമാന്ധ്ര പ്രത്യേകിച്ചും, ആന്ധ്രാപ്രദേശ് പൊതുവേയും പതിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് വിഭജനതീരുമാനം വന്ന ജൂലായ് 31 മുതൽ സീമാന്ധ്രാ പ്രദേശത്ത് ഭരണവും ജനജീവിതവും താറുമാറായി തുടരുന്നു. സർക്കാർ ഓഫീസുകളൊന്നും തന്നെ അവിടെ പ്രവർത്തിക്കുന്നില്ല. ജനങ്ങൾ നിയമപരമായി ഒടുക്കേണ്ട ഫീസുകളും വിദ്യാർഥികളുൾപ്പടെ ജനങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകളോ മറ്റ് രേഖകളോ ഒന്നും തന്നെ സീമാന്ധ്രാപ്രദേശത്തുകാർക്ക് ലഭ്യമാകുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല. അതുപോലെ തന്നെ ക്രമസമാധാനപ്രശ്നത്തിന്റെ കാര്യവും. ഹൈദരാബാദിൽ പോലും ക്രമസമാധാനം വേണ്ടവിധം നടക്കുന്നില്ല. പോലീസ് സ്റ്റേഷനുകൾ തുറന്നിരിക്കുന്നതല്ലാതെ കാര്യമായി ഒന്നിലും ഇടപെടുന്നില്ല. എന്തെങ്കിലും ക്രമസമാധാനപ്രശ്നമുണ്ടായാൽ അവസാനം പോലീസ് സ്ഥലത്തെത്തി മടങ്ങുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. ഇപ്പോൾ ഊർജമേഖലയിലെ എഴുപതിനായിരം തൊഴിലാളികൾകൂടി സമരത്തിലേർപ്പെട്ടിരിക്കുന്നു. അതോടെ ഐക്യആന്ധ്രയ്ക്കുവേണ്ടിയുള്ള സമരം  ദേശീയതലത്തിൽ ബാധിച്ചുതുടങ്ങി. ആന്ധ്രയ്‌ക്കൊപ്പം മറ്റ് സംസ്ഥാനങ്ങളും ഇതുമൂലം ഇരുട്ടിലേക്കു നീങ്ങും.

 

മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയും ഐക്യ ആന്ധ്രയ്ക്കുവേണ്ടിയുള്ള സമരത്തിൽ പങ്കെടുത്തുകൊണ്ടുതന്നെ അധികാരമൊഴിയാതെയിരിക്കുന്നു. അരാജകത്വം ഇത്രയും വ്യാപകമാകാൻ കാരണമതാണ്. അദ്ദേഹത്തിന് മറിച്ചൊരു നിലപാട് രാഷ്ട്രീയമായി എടുക്കാൻ പറ്റാത്ത സാഹചര്യമാണ്. തലസ്ഥാനനഗരമായ ഹൈദരാബാദ് തെലുങ്കാനയിലായതിനാൽ സീമാന്ധ്രക്കാരുടെ സമരത്തിന്റേയും അവിടെ നിലനില്‍ക്കുന്ന സ്തംഭനാവസ്ഥയുടേയും അരാജകത്വത്തിന്റേയും ഗുരുതരസ്വഭാവം പുറംലോകം അതിന്റെ വ്യാപ്തിയിൽ അറിയുന്നില്ല. എന്നാൽ, ഒക്ടോബര്‍ മൂന്നിന്റെ കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന് ശേഷം ഇപ്പോൾ സർക്കാർ ജീവനക്കാരുടെ 48 മണിക്കൂർ ബന്ദും വൈ.എസ്.ആർ.കോൺഗ്രസ്സിന്റെ എഴുപത്തിരണ്ട് മണിക്കൂർ ബന്ദും ആയതോടെ  സീമാന്ധ്രാസമരം അതിന്റെ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ഇന്നുകാണുന്ന ഹൈദരാബാദും വികസിത ആന്ധ്രാപ്രദേശും തങ്ങളുടെ സൃഷ്ടിയാണെന്നും അത് വിട്ടെറിഞ്ഞിട്ടുപോവുക തങ്ങൾക്ക് ചിന്തിക്കാനാവില്ലെന്നുമുള്ള വികാരമാണ് സീമാന്ധ്രാക്കാരെ  ഐക്യ ആന്ധയ്ക്കുവേണ്ടി ജീവൻമരണപ്പോരാട്ടത്തിന് പ്രാപ്തരാക്കിയിട്ടുള്ളത്. തങ്ങൾ തഴയപ്പെട്ട് സീമാന്ധ്രാക്കാർ  എല്ലാ തുറയിലും ആധിപത്യം നേടുന്നു എന്നതാണ് തെലുങ്കാനക്കാരെ പ്രത്യേക സംസ്ഥാനത്തിനുവേണ്ടി സമരമുഖത്തിറങ്ങാൻ പ്രേരിപ്പിച്ചത്. ഈ രണ്ട് വികാരങ്ങളുടെ ഏറ്റുമുട്ടൽ സംസ്ഥാന വിഭജനത്തിന്റെ സ്വഭാവത്തെത്തന്നെ മാറ്റിയിരിക്കുന്നു. ഒരുരാജ്യം വിഭജിക്കപ്പെട്ട് രണ്ട് രാജ്യമായി മാറുന്നതുപോലുള്ള വികാരമാണ് ഇപ്പോൾ ആന്ധാപ്രദേശിൽ ആളിപ്പടർന്നുകൊണ്ടിരിക്കുന്നത്.

 

ഒരു സംസ്ഥനത്തെ അരാജകത്വത്തിലേക്ക് എറിഞ്ഞുകൊടുക്കുന്നത് ഏത് സാഹചര്യത്തിലായാലും നന്നല്ല. കേന്ദ്ര മന്ത്രിസഭയും വിഭജനം അംഗീകരിച്ചുകഴിഞ്ഞു. ഇനി അത് പരമാവധി സമാധാനപരമായി നടപ്പാക്കുക എന്ന ചുമതല കേന്ദ്ര സർക്കാരിന്റേതു തന്നെ. ഭരണഘടനയുടെ 356 വകുപ്പുപ്രകാരം സംസ്ഥാനഭരണം പരാജയപ്പെട്ടാൽ അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടതാണ്. സ്വതന്ത്ര ഇന്ത്യയിൽ ഇപ്പോൾ ആന്ധ്രാപ്രദേശിലേതുപോലെ രാഷ്ട്രപതിഭരണം ഏർപ്പെടുത്തേണ്ട അവസരമുണ്ടായിട്ടില്ല. അടിയന്തരമായി ഇപ്പോൾ കേന്ദ്രസർക്കാർ ചെയ്യേണ്ടത് അതാണ്. രണ്ടു സംസ്ഥാനങ്ങളേയും രണ്ടുവഴിക്കാക്കാനും അതാണ് നല്ലത്. അല്ലെങ്കിൽ ഉണ്ടായേക്കാവുന്ന ദുരന്തങ്ങൾ ഒരുപക്ഷേ വന്യമായ പ്രതീക്ഷകൾക്കുമപ്പുറത്തുള്ളതുമായേക്കാം. ഇപ്പോൾ ചെയ്യേണ്ടത് അപ്പോൾ ചെയ്തിട്ടു കാര്യമില്ല. ഇനി യാഥാർഥ്യത്തെ ധൈര്യപൂർവ്വം നേരിടാനുള്ള  ഇച്ഛാശക്തി കേന്ദ്ര സർക്കാർ കാണിക്കുകയാണ് വേണ്ടത്.

Tags: