തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയും സഹ മാധ്യമപ്രവർത്തകയും തന്റെ മകളുടെ പ്രായത്തിലുമുള്ള പെൺകുട്ടിയെ മാനഭംഗപ്പടുത്തിയ വാർത്ത വന്ന അതേ ദിവസം മലയാളപത്രങ്ങളുടെ ചരമപ്പേജിലും ചാനലുകളിലും അത്ര പ്രാധാന്യത്തോടെയല്ലാത്ത ഒരു വാർത്ത വരികയുണ്ടായി. കൊല്ലം ശാസ്താംകോട്ടയിൽ അഷ്ടമുടിക്കായലിൽ പത്താംക്ലാസ്സ് വിദ്യാർഥിനികളായ രണ്ടുപേരുടെ മൃതദേഹങ്ങൾ. അതിന്റെ മൂന്നാം ദിവസം ചാനലുകളിൽ അധികം സ്ഥാനം പിടിക്കാതെ പത്രങ്ങളിൽ ചെറുതായി വന്ന മറ്റൊരു വാർത്ത. കായലിൽ കണ്ടെത്തിയ വിദ്യാർഥിനിയുടെ അച്ഛൻ തൂങ്ങിമരിച്ചു.
പ്രത്യക്ഷത്തിൽ പെൺകുട്ടികളുടെ മൃതദേഹം അഷ്ടമുടിക്കായലിൽ പൊന്തിയതും അവരിലൊരാളുടെ അച്ഛൻ മകളുടെ ശവമടക്കിനുശേഷം തൂങ്ങിമരിച്ചതും തേജ്പാൽ സംഭവുമായി ബന്ധവുമൊന്നുമല്ല. അമ്മയും മക്കളും, അച്ഛനും മക്കളും തമ്മിൽ പ്രത്യക്ഷ നേത്രങ്ങൾകൊണ്ട് നോക്കിയാൽ ബന്ധം കാണാൻ കഴിയില്ല. എന്നാൽ മനുഷ്യനെ സാമൂഹ്യജീവിയാക്കുന്നതും മൃഗസമൂഹത്തിൽ വ്യത്യസ്തനാക്കുന്നതും പ്രത്യക്ഷമായി കാണാൻ കഴിയാത്ത കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ജീവിതം ചിട്ടപ്പെടുത്തുന്നതിനാലാണ്. അതിനാൽ പ്രത്യക്ഷബന്ധം ദുർബലവും പരോക്ഷബന്ധം ശക്തവുമായി നിൽക്കുന്നു. തേജ്‌പേലിന്റെ നേതൃത്വത്തിൽ ഗോവയിൽ വച്ച് നടന്ന തിങ്ക്‌ഫെസ്റ്റ് മാമാങ്കത്തിനിടയിലാണ് പെൺകുട്ടി തേജ്പാനിലാൽ അപമാനിക്കപ്പെട്ടത്. തിങ്ക് ഫെസ്റ്റിലെ വിഷയവും ഉഗ്രനായിരുന്നു. സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങളേക്കുറിച്ചും അവിടെ ചര്‍ച്ചകള്‍ നടന്നു. ആദ്യ തിങ്ക്‌ഫെസ്റ്റിനെത്തിയപ്പോൾ പഞ്ചനക്ഷത്ര ഹോട്ടലിൽ തേജ്പാൽ പറഞ്ഞത് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇതു ഗോവയാണ്. ഇഷ്ടമുള്ളത് തിന്നുക, കുടിക്കുക ഇഷ്ടപ്പെട്ടവരോടോപ്പം കിടന്നുറങ്ങുക. ഇന്ത്യൻ മാധ്യമം മാതൃകയാക്കി അവതരിപ്പിച്ച, ബുദ്ധിജീവികളാൽ വാഴ്ത്തപ്പെട്ട എഡിറ്ററുടെ വാക്കുകളിൽ നിഴലിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം വാക്കുകളല്ല. മുഖ്യധാരാ സമൂഹത്തിൽ സന്തോഷം, ആഘോഷം അഥവാ അടിച്ചുപൊളി എന്നിവയുമായി ഈ മൂന്നെണ്ണം ബന്ധപ്പെട്ടുകിട്ക്കുന്നു. തീറ്റ, കുടി, പിന്നെ ആണും പെണ്ണും തമ്മിലുള്ള പരസ്യമായ എന്നാൽ ആഘോഷമെന്ന പേരിലുള്ള അനിയന്ത്രിതമായ ലൈംഗിതൃഷ്ണാകേന്ദ്രീകൃതമായ ഇടപെടലുകൾ. അതേ സമയം ലൈംഗികചുവ കലർന്ന നോട്ടം പോലും നിയമം ശിക്ഷാർഹമാക്കിയിരിക്കുകയും ചെയ്യുന്നു.
ചാനലുകളാണ് എല്ലാത്തിന്റെയും മാനദണ്ഡങ്ങൾ അഥവാ അളവുകോലുകൾ നിർണ്ണയിക്കുന്നത്. വിശേഷിച്ചും അവതാരകർ. അടിച്ചുപൊളി എന്നാൽ ആണും പെണ്ണും പരസ്യമായി ആൺപെൺവ്യത്യാസമില്ലാതെ ഇടപഴകി ഇളകിമറിയുന്നതാക്കി മാറ്റുന്നതിൽ ചാനലുകൾ വിവിധ പരിപാടികളിലൂടെ വിജയിച്ചിട്ടുണ്ട്. അതേസമയം ഏതെങ്കിലും കൈവിരലുകൾ എവിടെയെങ്കിലും ഏതെങ്കിലും സ്ത്രീകളുടെ സമീപത്തു കൂടി പോകന്നുണ്ടോയെന്നും മാധ്യമങ്ങൾ നിരീക്ഷിച്ച് അവയുടെ സ്ലോമോഷനും കാട്ടിക്കൊടുക്കുന്നു. നഗരങ്ങളിൽ ഒരുപക്ഷേ കുട്ടികൾക്ക് ഈ സംസ്‌കാരവുമായി വലിയ അപരിചിതത്വമില്ലാതെ വലിയ അപകടങ്ങളിൽ പെടാതെ പോകാൻ കഴിഞ്ഞെന്നിരിക്കും. ചാനലുകൾ നഗര-ഗ്രാമീണ വ്യത്യാസങ്ങളെ ഇല്ലാതാക്കുന്നു. സന്തോഷം എല്ലാവരും തേടുന്നു. അതിൽ നഗര-ഗ്രാമ വ്യത്യാസമില്ല. തരുൺ തേജ്പാലിന്റെ സന്തോഷ സങ്കൽപ്പം പലവിധത്തിൽ സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നത്തില്‍ ഒരു പ്രശ്നമുള്ളതായി ലോകത്തിൽ മുഴുവൻ കുറ്റം കണ്ടെത്താൻ കഴിയുന്ന മാധ്യമങ്ങൾക്കും അതിന്റെ പ്രവർത്തകർക്കും കഴിയുന്നില്ല. രോഗം വന്നാൽ അതിനെ കാണാൻ എളുപ്പമാണ്. എന്നാൽ എന്തുകൊണ്ടു രോഗം വരുന്നു എന്നും എങ്ങിനെ ആരോഗ്യം സൃഷ്ടിക്കുകയും വർധിപ്പിക്കുകയും ചെയ്യാമെന്നുള്ള അറിവ് നേടുക പ്രയാസമാണ്. മാധ്യമരംഗം നേരിടുന്ന പ്രതിസന്ധിയും അതുതന്നെ. അവർ ചെയ്യുന്നത് എന്താണെന്ന് അവരറിയുന്നില്ല. അതിനാൽ തേജ്പാലിനോടും മറ്റുള്ളവരോടും പൊറുത്തുകൊണ്ടുതന്നെയാണ് ഈ വിഷയത്തെ സമീപിക്കേണ്ടത്.
ഭരണിക്കാവ് ജെ.എം.എച്ച്.എസ്സിലെ വിദ്യാർഥികൾ വിനോദയാത്രയ്ക്ക് പോയി. കൂടെ അധ്യാപകരും. അവർ യാത്ര അടിച്ചുപൊളിച്ചു. തിരികെ വന്നപ്പോൾ പോയപോലെയല്ല. പലരും തമ്മിൽ രണ്ടു ദിവസംകൊണ്ട് പ്രണയം. പരസ്പരം കൂടുതൽ സ്വാതന്ത്ര്യം. അതുവരെ ഭരണിക്കാവെന്ന ഗ്രാമത്തിൽ അറിയാതിരുന്ന അനുഭവതലങ്ങളിലേക്ക് പതിനാലും കഷ്ടിച്ച് പതിനഞ്ചും വയസ്സുള്ള കുട്ടികൾ എറിയപ്പെട്ടു. യാത്രയ്ക്കിടയിൽ അവർ ഷോപ്പിംഗ് പോലും മറന്ന് അടിച്ചുപൊളിച്ചു. തിരികെവന്നപ്പോൾ അവർക്ക് ആ അടിച്ചുപൊളിക്കലിലേക്ക് തിരിയാൻ മോഹം. വീട്ടിൽ നിന്ന് ഷോപ്പിംഗിന് കൊടുത്ത കാശ് മിച്ചം. ആൺകുട്ടികളും പെൺകുട്ടികളും പരിപാടിയിട്ടു. ഭരണിക്കാവിൽനിന്ന് അകലെയുള്ള കരുനാഗപ്പള്ളിയിൽ സിനിമയ്ക്കു പോകാം. അങ്ങിനെ യാത്രയ്ക്കിടയിൽ പ്രണയത്തിലായ രണ്ട് പെൺകുട്ടികളും ആൺകുട്ടികളും ചേർന്ന് കരുനാഗപ്പള്ളിയിൽ സിനിമയ്ക്കുപോയി. തിരികെ ഭരണിക്കാവിലെത്തിയപ്പോൾ രാത്രിയായി. പരിഭ്രാന്ത്രരായ വീട്ടുകാർ കാര്യമന്വേഷിച്ചപ്പോൾ കുട്ടികൾ സത്യം പറഞ്ഞു. പിറ്റേ ദിവസം വിഷമം സഹിക്കവയ്യാതെ ഒരു പെൺകുട്ടിയുടെ അച്ഛൻ സ്‌കൂളിലെത്തി പ്രധാന അധ്യാപികയോടും മറ്റുള്ളവരോടും കയർത്തു. അതോടെ വിദ്യാർഥിനികൾ പിടിക്കപ്പെട്ട കുറ്റവാളികളെപ്പോലെയായി. സ്‌കൂൾ മുഴുവൻ സംഭാഷണവിഷയം. കുട്ടികൾക്ക് വീട്ടിലും സ്‌കൂളിലും പറ്റാത്ത സാഹചര്യം. ആ കുഞ്ഞുങ്ങൾ അങ്ങിനെ ശാസ്താംകോട്ടക്കായലിനെ അഭയം പ്രാപിച്ചു. തുടർന്നാണ് അതിലൊരാളുടെ അച്ഛൻ മൂന്നിന്റന്ന് വീട്ടിൽ തൂങ്ങിമരിച്ചത്. അയാൾ ലോറിഡ്രൈവറായിരുന്നു.
ചാനലുകളാൽ നിയന്ത്രിതമാണ് ഇന്ന് നമ്മുടെ സംസ്‌കാരം. അര്‍ദ്ധനഗ്ന നൃത്തങ്ങളും ലൈംഗികച്ചുവയുള്ള ചേഷ്ടകളും ആവോളം നിറഞ്ഞ സ്‌റ്റേജ്‌ഷോകൾ ഇന്ന് ചാനലുകൾ നടത്തുന്നത് പതിവാണ്. അവർ അക്കൂട്ടത്തിൽ ഉഗ്രനൊരു കുസൃതിയും ചെയ്യും. ജ്ഞാനപീഠമോ അതിലും വലിയ പുരസ്‌കാരങ്ങളോ ലഭിച്ച സാഹിത്യ-സാംസ്‌കാരിക നായകരേയും നായികമാരേയും മുൻനിരയിൽ കൊണ്ടിരുത്തും. അവർക്കും ഉണ്ടാവും പുരസ്‌കാരം. അവർ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് ആ അവാർഡ് നൈറ്റ് സാംസ്‌കാരികമായി നിർവഹിക്കുന്ന ചരിത്രപരമായ ദൗത്യത്തെ പുകഴ്ത്തും. മിക്കവാറും അങ്ങനെയുള്ളവർ പുരസ്‌കാരം വാങ്ങിക്കഴിഞ്ഞാൽ തൊട്ടടുത്ത കലാപരിപാടി സ്വകാര്യമായി എവിടെയെങ്കിലും ആരെങ്കിലും കാണുകയാണെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളിട്ട് കാണുന്നവരെ അറസ്റ്റ് ചെയ്യാൻ പാകത്തിലുള്ളതാണ്. ആ ചെയ്തിയിലൂടെ അത്തരം പരിപാടികൾക്കും സംസ്‌കാരത്തിനും സാംസ്‌കാരികമായ അംഗീകാരം വാങ്ങലും കൂടിയാണ് നടക്കുന്നത്. അതിൽ നിന്നാർജിക്കുന്ന ധൈര്യമാണ് പരിപാടി അവതരണമെന്നാൽ ശരീരപ്രദർശനമാണെന്ന സമവാക്യം പോലെയായത്. ഉണർന്നിരിക്കുന്ന സമയം മുഴുവനും ലൈംഗികതൃഷ്ണ ഉണർത്തുക എന്നുള്ളതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. കാരണം സെക്‌സുണ്ടെങ്കിലേ വാർത്തയായാലും പരിപാടിയായാലും വിജയിക്കൂ എന്ന് ചാനലുകളും മാധ്യമങ്ങളും ധരിച്ചുപോയിരിക്കുന്നു. ഉണർന്ന സെക്‌സിനെ അടിച്ചമർത്തിയില്ലെങ്കിൽ ജയിലലടയ്ക്കുമെന്നും ഓർമ്മിപ്പിക്കുന്നു. അതേസമയം ലൈംഗികസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നു. വ്യക്തി ഇവ സൃഷ്ടിക്കുന്ന ക്ഷണപ്രഭാചാഞ്ചല്യങ്ങളിൽ പെട്ട് നട്ടം തിരിയുന്നു. സദാസമയവും ഉണർത്തപ്പെട്ടുനിൽക്കുന്ന ലൈംഗികതയും മറുഭാഗത്ത് പേടിയും. ഇതു രണ്ടും കൂടിയാവുമ്പോൾ അതിന്റെ തിക്തഫലം പേറേണ്ടിവരുന്നവർ സമൂഹത്തിലെ ദുർബലർ. ദുർബലരുടെ പട്ടികയിൽ ഒമ്പതുമാസം പ്രായമുള്ള കൈക്കുഞ്ഞുമുതൽ വടിയിടിച്ചു നടക്കുന്ന മുത്തശ്ശിവരെ. ചിലപ്പോൾ ആൺകുട്ടികളും.
ഈ ആശയക്കുഴപ്പത്തിന്റെ ഫലമാണ് ഒരു വിഷയമുണ്ടാകുമ്പോൾ അത് എങ്ങനെ നേരിടണമെന്ന് അറിയാതെ പോകുന്നത്. ഇവിടെ സിനിമയ്ക്കുപോയ ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ സ്‌നേഹവും ദയയുമർഹിക്കുന്നവരാണ്. ലോറിഡ്രൈവറായ അച്ഛന് തന്റെ മകളുടെ ചെയ്തി പെട്ടന്ന് ഉൾക്കൊള്ളാനായെന്നു വരില്ല. അവിടെ സ്‌കൂളിലെ അധ്യാപകർ കുറേക്കൂടി സ്നേഹത്തോടെയും ഉത്തരവാദിത്വത്തോടെയും പെരുമാറിയിരുന്നെങ്കില്‍ മൂന്ന്‍ ജീവനും അതിലേറെ ജീവിതങ്ങളും രക്ഷപ്പെടുത്താമായിരുന്നു. എന്നാൽ ഇത്തരമൊരു സംഭവമുണ്ടായാൽ മറ്റുള്ളവരുടെ ആസ്വാദനത്തിനുള്ള വകയാണെന്നാണ് മാധ്യമങ്ങൾ സൃഷ്ടിച്ച് ഉറപ്പിച്ചിട്ടുള്ള സംസ്‌കാരം. അത്തരത്തിൽ ആ സ്‌കൂളിൽ നടന്ന തുടർചർച്ചകളും തങ്ങൾ കാഴ്ചവസ്തുക്കളാക്കപ്പെട്ടതുമാണ് ആ കുഞ്ഞുപെൺകുട്ടികളെ കായലിൽ ചാടി മരിക്കാൻ പ്രേരിപ്പിച്ചത്. തന്റെ മകളുടെ മരണത്തിന് താൻ കാരണക്കാരനായോ എന്ന കുറ്റബോധമാകാം ആ അച്ഛനെയും പിന്നീട് ആത്മഹത്യയിലേക്ക് നയിച്ചത്. അതോടൊപ്പം അയാൾക്ക് ആത്മഹത്യാ വാസനയും ഉണ്ടാവും. അതില്ലാതെ അയാൾക്കത് ചെയ്യാൻ പറ്റില്ല. ഇത്തരം വൈവിധ്യമാർന്ന മാനസികാരോഗ്യമുള്ളവരുടെ സമൂഹത്തിലേക്കാണ് തങ്ങള്‍ കടന്നുചെല്ലുന്നതെന്നും ഓരോന്നും അടിച്ചേൽപ്പിക്കുന്നതെന്നും മാധ്യമലോകത്തുള്ളവർ അറിയുന്നില്ല. തങ്ങൾ ഏതു സംസ്‌കാരമാണോ പ്രചരിപ്പിക്കുന്നത് അത് തങ്ങളെത്തന്നെ ഇല്ലാതാക്കുന്നതിന്റെ തുടക്കവും തുടങ്ങിക്കഴിഞ്ഞു. അതാണ് തേജ്പാൽ സംഭവം ഓർമ്മിപ്പിക്കുന്നത്.