ഒരു സമൂഹത്തിലെ നാഗരികതയുടെ അളവ് അറിയാന്‍ അവിടത്തെ ജയിലുകളില്‍ പ്രവേശിച്ചാല്‍ മതി എന്ന് ദസ്തയേവ്സ്കി. ഇന്ത്യന്‍ ജയിലുകളെ പോലെ ഈ പ്രസ്താവന അത്രമേല്‍ യാഥാര്‍ഥ്യമായ മറ്റൊരു സമൂഹമുണ്ടാകില്ല. നിയമത്തിന് മുകളില്‍ നില്‍ക്കുന്നവരും നിയമത്താല്‍ ജീവിതം നഷ്ടപ്പെടുന്നവരും നിറയുന്ന നമ്മുടെ ജയിലുകളും നീതിയില്‍ നിന്ന്‍ അകന്നുനില്‍ക്കുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലിനകത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചതും ഫേസ്ബുക്ക് പ്രൊഫൈലുകള്‍ പുതുക്കിയതുമെല്ലാം വിവാദമായതിനെ തുടര്‍ന്ന്‍ സ്വീകരിക്കുന്ന നടപടികളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും ജയില്‍ എന്തായിരിക്കണമെന്ന നമ്മുടെ സാമ്പ്രദായിക കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ്.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ സി.പി.ഐ.എം അനുഭാവികള്‍ ജയിലിനകത്ത് കഴിഞ്ഞത് നിയമത്തിന് മുകളിലാണ്. അങ്ങനെ കഴിയാന്‍ അവര്‍ക്ക് സാധിച്ചത് സി.പി.ഐ.എം വഴി അധികാരവുമായുള്ള അവരുടെ ബന്ധം മൂലമാണ്. അധികാരം ദുഷിപ്പിക്കുന്നു, പരമായ അധികാരം പരമമായി ദുഷിപ്പിക്കുന്നു എന്ന ആക്ടണ്‍ പ്രഭുവിന്റെ നിരീക്ഷണമാണ് ഈ പ്രതികളേയും ജയിലിനകത്ത് ഇവരുടെ പ്രവൃത്തികളോടുള്ള സമൂഹത്തിന്റെ പ്രതികരണത്തേയും നയിക്കുന്നത്. അധികാരമുണ്ടെങ്കില്‍ അതിന്റെ സംരക്ഷണം തെറ്റായ പ്രവൃത്തികള്‍ക്കും ലഭിക്കണമെന്ന, ലഭിക്കുമെന്ന ചിന്ത അധികാരത്തെ ആധിപത്യമായി തെറ്റിദ്ധരിക്കുന്നതില്‍ നിന്നുളവാകുന്നതാണ്. ടി.പി കേസ് പ്രതികളിലും അവരുടെ നടപടികളെ വിമര്‍ശിക്കുന്നവരിലും ഈ ചിന്തയും തെറ്റിദ്ധാരണയുമുണ്ട്. ജനാധിപത്യം എന്ന വാക്കുപോലും ഈ തെറ്റിദ്ധാരണ ഉറപ്പിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുമുണ്ട്. ഈ രണ്ട് വാക്കുകളും, അധികാരവും ആധിപത്യവും, ഒരല്‍പ്പം സൂക്ഷ്മമായി നോക്കിയാല്‍ തീര്‍ത്തും വിരുദ്ധമായ ആശയങ്ങളാണ് വിനിമയം ചെയുന്നതെന്ന് കാണാം. ശക്തിയും അതിനെ കുറിച്ചുള്ള വ്യക്തമായ ബോധവും ഒരാളെ അധികാരത്തില്‍ സ്വാഭാവികമായി എത്തിക്കുമ്പോള്‍ ദൌര്‍ബ്ബല്യവും അതില്‍ നിന്നുളവാകുന്ന ഭീതിയും വ്യക്തിയില്‍ ആധിപത്യ സ്വഭാവത്തിന് കാരണമാകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ഇതിന് ഗാന്ധിയും ഹിറ്റ്‌ലറും തമ്മിലുള്ള വ്യത്യാസം എന്ന്‍ ഉദാഹരണം പറയാം.
ഒളിപ്പിച്ചു കടത്തിയ പേനയും കടലാസും ഉപയോഗിച്ച് സന്ദേശങ്ങള്‍ എഴുതി കല്ലിനെ പൊതിഞ്ഞ് പുറത്തേക്കെറിഞ്ഞു കൊടുത്തിരുന്ന രീതിയുടെ ഡിജിറ്റല്‍ യുഗത്തിലെ രൂപം മാത്രമാണ് ഫേസ്ബുക്കില്‍ ഇടുന്ന ചിത്രങ്ങള്‍.
നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തന രീതിയെ കുറിച്ചും ഈ സംഭവം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയിലെ ജയിലുകളില്‍ 66.2 ശതമാനം പേര്‍ വിചാരണ കാത്തോ റിമാന്‍ഡിലോ കഴിയുന്നവരാണ്. ഇവരില്‍ നിയമസഹായത്തിനോ ജാമ്യത്തുക കെട്ടിവെക്കാനോ സാധിക്കാത്ത ഒട്ടേറെ പേര്‍ വര്‍ഷങ്ങളോളം ശിക്ഷ കൂടാതെ തന്നെ തടവില്‍ കഴിയേണ്ട അവസ്ഥയുണ്ട്. നിയമത്താല്‍ ജീവിതം നഷ്ടപ്പെടുന്നവര്‍. ഇതിന്റെ മറ്റൊരു ഫലം ജയിലുകളില്‍ പാര്‍പ്പിക്കാവുന്നതിലും കൂടുതല്‍ പേര് കഴിയുന്നു എന്നതാണ്. ജയില്‍ വകുപ്പ് നല്‍കുന്ന കണക്കനുസരിച്ച് കേരളത്തില്‍ മാത്രം 4593 പേരെ പാര്‍പ്പിക്കാവുന്നിടത്ത് തടവില്‍ കഴിയുന്നത് 6861 പേരാണ്. ഇതില്‍ റിമാന്‍ഡില്‍ അല്ലെങ്കില്‍ വിചാരണത്തടവില്‍ കഴിയുന്നവരുടെ മാത്രം എണ്ണം 3955 വരും. നമ്മുടെ ജയിലുകളിലെ ഇത്തരം പ്രശ്നങ്ങള്‍ക്ക് അര്‍ഹിക്കുന്ന മാധ്യമശ്രദ്ധ ലഭിക്കുന്നില്ല. നിയമത്തിന് മുകളില്‍ നില്‍ക്കുന്നവരെ പോലെയോ അതിലേറെയോ ശ്രദ്ധ അര്‍ഹിക്കുന്നവരാണ് നിയമത്താല്‍ ജീവിതം നഷ്ടപ്പെടുന്നവരും.
ജനായത്ത സമൂഹത്തില്‍ ജയില്‍ എന്ന സ്ഥാപനത്തിന്റെ പ്രസക്തിയും രൂപഘടനയും എന്തായിരിക്കണമെന്ന ചോദ്യം ഗൗരവമായി നാം ഇനിയും അഭിസംബോധന ചെയ്തിട്ടില്ല എന്നതാണ് ഈ പ്രശ്നങ്ങളുടെ മൂലകാരണം. 1894-ല്‍ ബ്രിട്ടിഷ് ഇന്ത്യന്‍ ഭരണകൂടം പാസാക്കിയ ജയില്‍ നിയമമാണ് ഇന്ത്യയില്‍ ഇപ്പോഴും ജയില്‍ നിയന്ത്രണത്തേയും ഭരണത്തേയും നിര്‍ണ്ണയിക്കുന്നത്. നൂറ്റാണ്ട് പിന്നിട്ടിട്ടും സാരമായ ഭേദഗതികള്‍ ഈ നിയമത്തില്‍ കൊണ്ടുവന്നിട്ടില്ല. തത്ഫലമായി അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും തടവില്‍ കഴിയുന്നവര്‍ക്ക് നിഷേധിക്കപ്പെടുന്നു. ഒളിപ്പിച്ചു കടത്തിയ പേനയും കടലാസും ഉപയോഗിച്ച് സന്ദേശങ്ങള്‍ എഴുതി കല്ലിനെ പൊതിഞ്ഞ് പുറത്തേക്കെറിഞ്ഞു കൊടുത്തിരുന്ന രീതിയുടെ ഡിജിറ്റല്‍ യുഗത്തിലെ രൂപം മാത്രമാണ് ഫേസ്ബുക്കില്‍ ഇടുന്ന ചിത്രങ്ങള്‍. വകുപ്പിന്റെ പേരില്‍ പരിഷ്കരണം വരുത്തിയാല്‍ തടവുകാരുടെ ജീവിതങ്ങളില്‍ പരിഷ്കരണം ഉണ്ടാവില്ല. അതിനായി, വിവിധ വിധികളിലൂടെ സുപ്രീം കോടതി മുന്നോട്ടു വച്ചിട്ടുള്ള തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ജയില്‍ ഭരണം സമൂലം ഉടച്ചുപണിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ടി.പി കേസ് പ്രതികളുമായി ബന്ധപ്പെട്ട സംഭവം ഓര്‍മിപ്പിക്കുന്നത്. തടവില്‍ കഴിയുന്നത് കൊണ്ട് ഒരാള്‍ വ്യക്തിയല്ലാതാകുന്നില്ല; തടവിന്റെ പരിമിതികള്‍ക്കുള്ളില്‍ ലഭ്യമാകാവുന്ന എല്ലാ അടിസ്ഥാന അവകാശങ്ങളും തടവുകാര്‍ക്ക് ലഭ്യമാകേണ്ടതുണ്ട്. തടവില്‍ ദുരിതം അടങ്ങിയിരിക്കുന്നു എന്നതിനാല്‍ അവര്‍ക്ക് കൂടുതല്‍ ദുരിതം നല്‍കേണ്ടതില്ല; ശിക്ഷയായിട്ടാണ്, അല്ലാതെ ശിക്ഷിക്കാനല്ല തടവില്‍ അയക്കുന്നത് എന്നിവയാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള മൂന്ന്‍ വിശാല തത്വങ്ങള്‍. ഒപ്പം, തടവില്‍ കഴിയുന്നവരോടുള്ള പൊതുസമൂഹത്തിന്റെ സമീപനത്തിലും ഈ തത്വങ്ങള്‍ ബാധകമാകേണ്ടതുണ്ട്.