സ്വവർഗ്ഗരതി - വേണ്ടത് പുത്തൻ യുഗത്തിനാവശ്യമായ സമഗ്ര സ്വകാര്യതാ നിയമനിർമ്മാണം

Glint Views Service
Sat, 14-12-2013 12:19:00 PM ;

protest against section 377

 

സ്വവർഗ്ഗരതി കുറ്റകരമാക്കിക്കൊണ്ടുള്ള സുപ്രീം കോടതിവിധി ആംഗലേയ ചാനലുകൾക്ക് ഏറ്റെടുക്കാൻ പുതിയ വിഷയമായി. കേജ്രിവാളിന്റെ ആം ആദ്മി പാർട്ടിയുമായി ആംഗലേയ ചാനലുകൾ താദാത്മ്യം പ്രാപിക്കുന്നത് പോലെയാണ് അവർ ഇക്കാര്യത്തിലും അജണ്ട സ്വീകരിക്കുന്നത്. രാജ്യത്തിന്റെ മുന്നിലുള്ള മുഖ്യപ്രശ്‌നമായി സ്വവർഗ്ഗരതി മാറി. ആക്ടിവിസ്റ്റുകൾ ആവേശം കൊണ്ടു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ ദില്ലി നിരത്തിലിറങ്ങി. ഞൊടിയിടയിൽ സ്വവർഗ്ഗരതിയും രാഷ്ട്രീയ തന്ത്രപ്രയോഗത്തിനുള്ള ഉപാധിയായി.

 

നാഗരികമധ്യവർത്തിക്കൊപ്പം തങ്ങളാണ് നിൽക്കുന്നതെന്ന് ബോധ്യപ്പെടുത്താൻ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധി എന്നിവര്‍ക്കൊപ്പം കേന്ദ്രമന്ത്രിമാരായ പി. ചിദംബരം, കപിൽ സിബൽ തുടങ്ങി മന്ത്രിമാരുടെ പട തന്നെ സ്വവർഗ്ഗരതിയെ കുറ്റകരമാക്കിക്കൊണ്ടുള്ള വിധിക്കെതിരെ രംഗത്തുവന്നു. 377-ാം വകുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ദില്ലി ഹൈക്കോടതി വിധി പുന:സ്ഥാപിക്കുന്നതിനുള്ള പരിഹാര ഹർജി കൊടുക്കാൻ വരെ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എന്നിട്ട് ഇക്കാര്യത്തിൽ ബി.ജെ.പിയുടേയും പ്രധാനമന്ത്രി സ്ഥാനാർഥി നരേന്ദ്ര മോഡിയുടേയും അഭിപ്രായം എന്താണെന്ന് കോൺഗ്രസ്സ് ആരാഞ്ഞിരിക്കുന്നു.

 

ജനകീയ പ്രശ്നങ്ങള്‍?!

 

ഏതുരീതിയിലുള്ള ആക്ടിവിസ്റ്റുകളുടെ പിന്നിൽ നോക്കിയാലും വളരെ വ്യക്തമായി കാണുന്ന ഒരു കാര്യമാണ് എൻ.ജി.ഒ സ്വാധീനം. ഈ എൻ.ജി.ഒകളിൽ ഏറിയ പങ്കും വിദേശപണം യഥേഷ്ടം കൈപ്പറ്റിക്കൊണ്ട് പ്രവർത്തിക്കുന്നതുമാണ്. മനുഷ്യാവകാശവും ആരോഗ്യപ്രാധാന്യവും ഉള്ള വിഷയങ്ങളായിരിക്കും ഈ എൻ.ജി.ഒകൾ ഉയർത്തിക്കൊണ്ടുവരിക. അവർ ഉയർത്തുന്ന വിഷയങ്ങളെ സാമാന്യബോധവും യുക്തിയുമുള്ളവർക്ക് എതിർക്കാനോ അതിൽ ദുഷ്ടലാക്കു കാണാനോ കഴിയുകയില്ല. എയിഡ്സ് വ്യാപനത്തിനെതിരെയുള്ള പ്രവർത്തനം നടത്തുന്ന എൻ.ജി.ഒയെ ആർക്കാണ് ദോഷം പറയാൻ പറ്റുക. ഇത്തരം എൻ.ജി.ഒകൾ സർക്കാരിനെ സമീപിച്ചും ധനം തരപ്പെടുത്തി പ്രവർത്തനം നടത്തുന്നുണ്ട്. അങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ ഗർഭനിരോധന ഉറകളുൾപ്പടെയുള്ള വിപണിയുടെ വികാസം സാധ്യമാക്കുകയും ചെയ്യുന്നു. എന്നാൽ, അത്തരം പ്രവർത്തനത്തിലൂടെ യഥാർഥത്തിൽ ഇത്തരം രോഗവ്യാപനം തടയാൻ സഹായകമാകുന്ന സർഗാത്മക പ്രവർത്തനങ്ങൾ നടക്കാതെയും വരുന്നു. അതു തൽപ്പരകക്ഷികളുടെ ആവശ്യവും ലക്ഷ്യവുമാണ്. ഈ എൻ.ജി.ഒകളുടെ അജണ്ട ഞൊടിയിടയിൽ മാധ്യമ പങ്കാളിത്തത്തോടെ ദേശീയ വിഷയമായി മാറുന്നു. നഗരത്തിലെ മധ്യവർഗ്ഗത്തിനും ചാനലുകൾക്കും മറ്റ് മാധ്യമങ്ങൾക്കുമപ്പുറം ഇന്ത്യയുണ്ടെന്ന ചിന്തപോലും ഭരിക്കുന്നവർക്കും നേതാക്കൾക്കും നഷ്ടമായതുപോലെയാണ് പലപ്പോഴും അനുഭവപ്പെടുക.

 

സ്വവർഗ്ഗരതിയെ നികൃഷ്ടവും പാപവുമായി കാണുന്ന രാജ്യങ്ങളും സമൂഹവും ഇന്നും ധാരാളമുണ്ട്. ചിലയിടങ്ങളിൽ വധശിക്ഷ പോലുമുണ്ട്. അനേകരാഷ്ട്രങ്ങൾ നിയമവിരുദ്ധമാക്കിയിട്ടുണ്ട്. 1860ലാണ് അന്നത്തെ സാമ്രാജ്യത്വ സർക്കാർ ഇന്ത്യയിൽ സ്വവർഗ്ഗരതിയെ നിയമവിരുദ്ധമാക്കിയത്. ഇന്ത്യൻ സംസ്‌കാരം സ്വവർഗ്ഗരതിയേയും ശിഖണ്ഡികളേയും ഹിജഡകളേയുമൊക്കെ ഉൾക്കൊണ്ടിരുന്നു. അവർക്ക് രാജകൊട്ടാരങ്ങളിൽ വരെ പ്രത്യേക സ്ഥാനങ്ങൾ കൽപ്പിക്കപ്പെട്ടിരുന്നു. അതുപോലെ അവർക്ക് സമൂഹം ചില അവകാശങ്ങളും ചാർത്തിക്കൊടുത്തിരുന്നു. എന്നാൽ തങ്ങളുടെ  വാർപ്പ്‌സാംസ്‌കാരിക ഭൂമികയിലേക്ക് മറ്റ് സംസ്‌കാരങ്ങളേയും കൊണ്ടുവരിക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ശക്തികൾ ഇന്ത്യയിലും മറ്റെല്ലാത്തിലുമെന്ന പോലെ ഇക്കാര്യത്തിലും അത് സാധ്യമാക്കിയെടുത്തു. ഇപ്പോൾ ആ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ സ്വവർഗ്ഗരതി എല്ലാ തലങ്ങളിലും കൈകാര്യം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിന്റെ  യഥാർഥ പ്രസക്തി വിസ്മരിക്കപ്പെടുകയും മറ്റു പല താൽപ്പര്യങ്ങൾ അരങ്ങ് വാഴുകയും ചെയ്യുന്നു.

 

സ്വയം തെരഞ്ഞെടുക്കുന്നതല്ല സ്വവര്‍ഗ്ഗരതി

 

നമ്മുടെ മുന്നിലുളള പ്രശ്‌നങ്ങൾ വളരെ വ്യക്തതയുള്ളതാണ്. അതിനെ നിയമവുമായി ബന്ധിപ്പിച്ചുകാണുന്നതിനു മുൻപ് സ്വതന്ത്രമായി സമീപിക്കേണ്ടതാണ്. ഒന്ന്, സ്വവർഗ്ഗരതി കുറ്റകരമാണോ. ഉത്തരം അല്ല. കാരണമുണ്ട്. ഇത് ഒരു വ്യക്തി  സ്വയം തിരഞ്ഞെടുക്കുന്നതല്ല. ഒരു വ്യക്തി ജനിക്കുന്നതിന് മുൻപും ലൈംഗിക അവയവങ്ങൾ വികാസിക്കുന്നതിനു മുൻപും ആ വ്യക്തിയുടെ മസ്തിഷ്‌ക്കത്തിൽ ദൃഢമായി മുദ്രണം ചെയ്യപ്പെടുന്ന ജീനുകളാണ് ആ വ്യക്തിയുടെ ലിംഗം നിശ്ചയിക്കുന്നത്. ആ ജീനുകളുടെ സാന്നിധ്യത്തിന്റെ അടയാള (ലിംഗം)മാണ് ബാഹ്യമായി ശരീരത്തിൽ കാണുന്നത്. കാലിഫോർണിയാ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തപ്പെട്ടത്. ചിലർക്ക്  ഈ ജീനുകൾക്കനുസൃതമായുള്ള അടയാളമല്ല ശരീരത്തിൽ പ്രകടമാകുന്നത്. അല്ലെങ്കിൽ ഈ ജീനുകളുടെ വിന്യാസത്തിൽ പിഴവുകൾ പറ്റുന്നു. അതിനാൽ അവരെ സംബന്ധിച്ചിടത്തോളം സ്വവർഗ്ഗരതി എന്നുള്ളത് തികച്ചും സ്വാഭാവികമായി തന്നെ അനുഭവപ്പെടുന്നു. അതും പ്രകൃതിദത്തം തന്നെ. എന്നാൽ അത് പ്രകതിയിലെ പൊതു നിയമത്തിന് വിപരീതവുമാണ്.അതിനാൽ ഇങ്ങനെയുള്ളവർക്ക് കിഴക്ക് ചിലയിടങ്ങളിൽ ശക്തമായ ദിവ്യപരിവേഷവും മേധാവിത്വ പദവിയുമൊക്കെ വന്നുചേരുന്നുണ്ട്. ഉദാഹരണം ചൈന തന്നെ.  സ്ത്രീ-പുരുഷ വൈകാരികതയിൽ അധിഷ്ടിതമായ മുഖ്യധാരാ സമൂഹത്തിന്റെ വൈകാരിക പ്രവാഹത്തിൽ നിന്നും വിഭിന്നമായിരിക്കും സ്വവർഗ്ഗരതിക്കാരുടെ വൈകാരിക തലം. അത് സങ്കീർണ്ണമായ സാമൂഹിക പ്രശ്‌നം തന്നെയാണ്.കാരണം സ്വവർഗ്ഗരതിക്കാരുടെ ജീവിതവും സന്തോഷകരമായി കൊണ്ടുപോകാൻ അവർക്ക് അവകാശമുണ്ട്. അതു മനുഷ്യാവകാശം.

 

നിയമാനുസൃതമാക്കേണ്ടതുമില്ല സ്വവര്‍ഗ്ഗരതി

protest against gay sex

 

രണ്ട്, ഇതു കുറ്റകരമല്ലാത്തതിനാൽ നിയമവിരുദ്ധമാക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. എന്നാല്‍, ഇതിന് നിയമസാധുത നല്‍കേണ്ട ആവശ്യവുമില്ല. 377-ാം വകുപ്പ്  ഒഴിവാക്കുന്നത് സാങ്കേതികമായി സ്വവര്‍ഗ്ഗരതിയ്ക്ക് നിയമസാധുത നല്‍കുകയാണ് എന്ന്‍ പറയാനാവില്ലെങ്കിലും ഇതിനെ ചുറ്റി ഉയരുന്ന ചര്‍ച്ചകളും പ്രക്ഷോഭങ്ങളും പരോക്ഷമായി സ്വവര്‍ഗ്ഗരതിയ്ക്ക് നിയമാനുസൃത സ്വഭാവം നല്‍കുന്നു എന്ന പ്രതീതി ഉയര്‍ത്തുന്നുണ്ട്.  ഇത് മുഖ്യധാരാ സമൂഹത്തിൽ സാംസ്‌കാരികമായി സൃഷ്ടിക്കുന്ന സങ്കീർണ്ണമായ അനുരണനങ്ങളെ കണക്കിലെടുക്കേണ്ടതാണ്. സ്ത്രീ-പുരുഷ ബന്ധത്തിൽ നിലനിൽക്കവേ തന്നെ സ്വവർഗ്ഗരതിയിലും താൽപ്പര്യമുള്ള വ്യക്തികൾ ധാരാളം സമൂഹത്തിലുണ്ട്. അത്തരം സമൂഹത്തിന്റെ വർധന സാംസ്‌കാരികതയേയും സമൂഹത്തിന്റെ പുരോഗതിയേയും ദോഷമായി സ്വാധീനിക്കും. എല്ലാ മനുഷ്യനിലും സ്ത്രീ-പുരുഷ ജൈവ-വൈകാരിക സാന്നിദ്ധ്യമുണ്ട്. അതുണ്ടാവുകയും വേണം. ആരിൽ ജൈവപരമായി ഏത് സാന്നിധ്യമാണോ മുന്തി നിൽക്കുന്നത് അവർ അതിന്റെ അടയാളത്തിൽ ജനിക്കുന്നു. ചിലരിൽ ഇതിന്റെ അനുപാതം തമ്മിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടാവുന്നുള്ളു. അവരിലാണ് ദ്വിമുഖ രതി താൽപ്പര്യം പ്രകടമാകുന്നുത്. അങ്ങിനെ ചായ്‌വ് ഉള്ളവരിൽ ആഘോഷങ്ങളിലൂടെയും അധീശത്വ ഭാവത്തിലുമുള്ള സ്വവർഗ്ഗ വൈകാരികത അടിച്ചേൽപ്പിക്കുന്ന ആക്ടിവിസവും മറ്റും ഉണ്ടാക്കുന്ന വൈകാരിക വൈകല്യങ്ങൾ വളരെ വലുതായിരിക്കും. മാധ്യമ കേന്ദ്രീകൃതമായ ഇന്നത്തെ സമൂഹത്തിൽ സദാസമയവും ലൈംഗികതയെ ഉണർത്തിയും ഉത്തേജിപ്പിച്ചുമാണ് കാര്യങ്ങൾ നീങ്ങുന്നത്. അതേസമയം കഠിനവും കർശനമായ നിയമങ്ങളും വഴി സ്ത്രീ-പുരുഷ ബന്ധം കൂടുതൽ സങ്കീർണ്ണമാവുകയും പരസ്പരം വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നു. ഇത് പരസ്പര ബന്ധത്തിൽ ഭീതിയേയും കടത്തിവിടുന്നുണ്ട്. ഈ സാഹചര്യവും സ്വവർഗ്ഗ രതിക്കനുസൃതമായ സാമൂഹിക വൈകാരികാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. നിയമങ്ങൾ നടപ്പാക്കിക്കൊണ്ട് ഒരു പരിധിവരെ  ക്രമം പാലിക്കാൻ കഴിഞ്ഞെന്നിരിക്കും. പക്ഷേ സാംസ്‌കാരികമായി പിന്നോട്ടു പോവുകതന്നെ ചെയ്യും. ഒപ്പം സമൂഹത്തിൽ അക്രമം വർധിക്കുകയും ചെയ്യും. ഉദാഹരണം യു.എസ് തന്നെ.

 

ആവശ്യം സ്വകാര്യതയെ പുനര്‍നിര്‍വചിക്കുക

 

മൂന്ന്, സാംസ്‌കാരികമായി അപഭ്രംശങ്ങൾ ഉണ്ടാകാതെ എങ്ങനെ നിയമത്തിനകത്തു നിന്നുകൊണ്ട് സ്വവർഗ്ഗരതിക്കാരുടെ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാമെന്നുള്ളതാണ് സമൂഹം ചിന്തിക്കേണ്ടത്. ഡിജിറ്റൽ യുഗത്തിന്റെ രണ്ട് പ്രധാന പ്രത്യേകത സുതാര്യതയും ബന്ധിക്കലുമാണ് (Transperancy and Networking). സ്വകാര്യത സംബന്ധിച്ച് ഇതുവരെ ഉണ്ടായിരുന്ന എല്ലാ സമവാക്യങ്ങളും മിനിട്ടുവച്ച് മാറിക്കൊണ്ടിരിക്കുകയാണ്. കിടക്കമുറിയിൽ പോലും സ്വകാര്യത നഷ്ടമാകുന്ന സാങ്കേതികത്വത്തിന്റെ കാലത്തിലേക്കാണ് നാം കടന്നിരിക്കുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ വ്യാഖ്യാനങ്ങളില്‍ മാത്രമായി ഇനി സ്വകാര്യതയെ നിര്‍വചിക്കാനാകില്ല. പുത്തൻ യുഗത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യതയെ അതിസൂക്ഷ്മമായി നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ട് നിർവചിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ആ നിർവചനത്തിൽ സ്വാഭാവികമായും സ്പഷ്ടമായി ലൈംഗികതയും നിർവചിച്ചേ മതിയാവു. അത്തരത്തിലുള്ള സമഗ്രമായ സ്വകാര്യതാ നിയമത്തിനാണ് ഇനി ഇന്ത്യൻ പാര്‍ലിമെന്റ് തുനിയേണ്ടത്. അതിൽ സ്വവർഗ്ഗരതിക്കാരുടെ മനുഷ്യാവകാശങ്ങളും സ്വകാര്യതയുടെ പരിധിക്കുള്ളിൽ സംരക്ഷിക്കപ്പെടും. മറിച്ച്, ഇപ്പോഴുള്ള ആക്ടിവിസ്റ്റ് അജണ്ടയുടെ പിന്നാലെ പോകുന്ന പക്ഷം സാമൂഹികമായും സാംസ്‌കാരികമായും ശൈഥില്യങ്ങൾ ഉണ്ടാവുന്നതിനോടൊപ്പം സ്വവർഗ്ഗരതിക്കാരുടെ മനുഷ്യാവകാശങ്ങൾ പരിഗണിക്കപ്പെടാതെ അവശേഷിക്കുകയും ചെയ്യും. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംഘടനകളിലേക്കും വ്യക്തികളിലേക്കും നോക്കിയാൽ മതി ഈ വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യപ്പെടുമ്പോഴുള്ള സങ്കീർണ്ണതകൾ എന്തൊക്കെയാവുമെന്ന് മനസ്സിലാകാൻ.

Tags: