Skip to main content

abhaya

 

കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ സിസ്റ്റർ അഭയ കൊല്ലപ്പെടുമ്പോൾ വയസ്സ് പത്തൊൻപത്. ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ വയസ്സ് നാൽപ്പതു കഴിയുമായിരുന്നു. അഭയ കേസ്സിൽ വീണ്ടും ഒരു തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവായിരിക്കുന്നു. അതും കേസ്സിലെ പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന ക്രൈംബ്രാഞ്ച് മുന്‍ ഡി.വൈ.എസ്.പി കെ.ടി മൈക്കിൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി തുടരന്വേഷണത്തിന് സി.ബി.ഐക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

 

ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ നടത്തിപ്പിലും പരമോന്നത അന്വേഷണ ഏജൻസിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച ഏതു പ്രസ്താവവും ഇപ്പോൾ അപ്രസക്തമാണ്. കാരണം അത്രയ്ക്കാണ് സി.ബി.ഐയുടെ വിശ്വാസ്യത നഷ്ടമായിരിക്കുന്നത്. അഭയ കേസ്സിലെ സി.ബി.ഐയുടെ അന്വഷണചരിത്രം വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു എന്നു മാത്രമല്ല പലപ്പോഴും പരിതാപകരമായ അവസ്ഥയിലേക്ക് സി.ബി.ഐയെ കൊണ്ടെത്തിക്കുകയുമുണ്ടായി. അതേപോലെ ജുഡിഷ്യറിയിലെ വിശ്വാസ്യതയ്ക്ക് സാരമായ കോട്ടം തട്ടുന്ന സന്ദർഭങ്ങളും ഉണ്ടായി. ഏറ്റവും ഒടുവിലിപ്പോള്‍, ഒട്ടേറെ കോളിളക്കങ്ങള്‍ക്ക് ശേഷം കുറ്റപത്രം നൽകപ്പെടുകയും വിചാരണ ആരംഭിക്കുകയും ചെയ്തതിനു ശേഷമാണ് തുടരന്വേഷണത്തിന് വീണ്ടും ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രവും തുടങ്ങിവെച്ച വിചാരണയേയും അസാധുവാക്കി അഭയക്കേസ് ആദ്യം മുതൽ വീണ്ടും അന്വേഷണ വിധേയമാക്കപ്പെടുന്നതാണ് ഈ ഉത്തരവ്.

 

അഭയ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. അതിന്റെ പേരിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി മൈക്കിളിനെ സി.ബി.ഐ പ്രതിയാക്കിയത്. അഭയയുടെ മരണവുമായി ബന്ധപ്പെട്ട പ്രാഥമിക തെളിവുകൾ ഇല്ലാതെ കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങിയതിനെ ചോദ്യം ചെയ്തുകൊണ്ടാണ് മൈക്കിൾ കോടതിയെ സമീപിച്ചത്. വൈദികരായ തോമസ് കോട്ടൂർ, ജോസ് പൂതൃക്കയിൽ, സിസ്റ്റർ സറ്റെഫി എന്നിവരാണ് ഈ കേസ്സിൽ വിചാരണ നേരിടുന്നവർ. ഏറ്റവും ഒടുവിലത്തെ ഹർജിയും തുടർന്നുള്ള വിധിയും സൂചിപ്പിക്കുന്നത് ഇനിയും അഭയക്കേസ്സ് നീളും എന്നുള്ളതാണ്. ചിലപ്പോൾ അനന്തമായി. ഇതിൽ നിന്നും തെളിയുന്ന ചില സുവ്യക്തമായ ചിത്രങ്ങളുണ്ട്. അവ ഇതാണ്:

 

1) 1992 മാർച്ച് 27ന് ക്‌നാനായ കത്തോലിക്കാ സഭയിലെ സന്യാസിനിയായ അഭയ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത് കൊലപാതകമാണ്.

2) അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടു.

3) തെളിവുകൾ നശിപ്പിക്കപ്പെട്ടതിന്റെ പിന്നിൽ അന്വേഷണ ഏജൻസിയേയും സര്‍ക്കാറിനേയും ജുഡിഷ്യറിയേയും സ്വാധീനിക്കാൻ കഴിവുള്ള ശക്തികേന്ദ്രം ജാഗ്രതയോടെ തുടക്കം മുതൽ പ്രവർത്തിക്കുന്നു. അതിപ്പോഴും അതേ ഊർജ്ജത്തിൽ തുടരുന്നു.

4) മുകളിൽപ്പറഞ്ഞ ജനായാത്ത സ്ഥാപനങ്ങളെല്ലാം ഈ കേസ്സിന്റെ നാൾവഴിയിൽ സ്വാധീനിക്കപ്പെട്ടു.

5) അഭയ എങ്ങിനെ കൊല്ലപ്പെട്ടുവെന്നും ആരൊക്കെയാണ് അതിനുത്തരവാദികളെന്നും പകൽപോലെ തങ്ങൾക്കറിയാമെന്ന് ജനങ്ങൾ, വിശേഷിച്ചും കോട്ടയം നിവാസികൾ, വിശ്വസിക്കുന്നു.

6) പ്രതികളെ തുടക്കത്തിൽ തന്നെ വിദേശത്തേക്ക് അയച്ച് മാറ്റിനിർത്തിയും അല്ലാതെയും ഈ കേസില്‍ തുടക്കം മുതൽ സത്യം കണ്ടെത്തപ്പെടാതിരിക്കാനും കുറ്റവാളികൾ ശിക്ഷിക്കപ്പെടാതിരിക്കാനും ക്‌നാനായ കത്തോലിക്കാ സഭ ശ്രമിക്കുന്നു.

7) തന്മൂലം, ആത്മീയമായും സാമൂഹികമായും നിയമപരമായും സഭയുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട നിലയിൽ ആയിരിക്കുന്നു.

8) സ്വാധീനശക്തി യഥാവിധി ഉണ്ടെങ്കിൽ ഏത് കൊടിയ കുറ്റകൃത്യത്തിൽ നിന്നും ഊരിപ്പോകാൻ കഴിയുമെന്ന സന്ദേശം സമൂഹത്തിൽ സ്ഥാപിതമാകുന്നു.

9) അഭയ കൊല്ലപ്പെട്ടതുമായി സംബന്ധിച്ച് പ്രാഥമിക തെളിവുകൾ നശിപ്പിക്കപ്പെട്ടത് അന്വേഷിക്കാനും ഇപ്പോൾ കോടതി സി.ബി.ഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആ തെളിവുകൾ നശിപ്പിച്ചതു ആരെന്നു കണ്ടെത്തുക എന്നാൽ യഥാർഥ കൊലയാളികളെ കണ്ടെത്തുക എന്നാണ്. അതിന്നർഥം ഇപ്പോൾ സമർപ്പിക്കപ്പെട്ട കുറ്റപത്രം അപൂർണ്ണവും തള്ളപ്പെട്ടിരിക്കുന്നുമെന്നാണ്.

10) ഇരുപത്തൊന്ന്‍ വർഷം കോളിളക്കങ്ങൾ സൃഷ്ടിച്ചുകൊണ്ട് അന്വേഷിച്ചിട്ട് കണ്ടെത്താൻ കഴിയാതെ പോയത് കണ്ടെത്താനാണ് കോടതി ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.