Skip to main content

kerala assembly

 

അഞ്ച് അങ്കങ്ങളില്‍ അരങ്ങേറുന്ന ദുരന്ത നാടകത്തിന്റെ മാതൃകയാണ് സോളാര്‍ തട്ടിപ്പ് കേസ് കൈവരിക്കുന്നത്. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം എന്നാവശ്യപ്പെട്ടു നടത്തിവന്ന സമരം എല്‍.ഡി.എഫ് അവസാനിപ്പിക്കുന്നതോടെ തിരശ്ശീല വീഴുന്നത് പക്ഷെ, നാടകത്തിന്റെ നാലാം അങ്കത്തിനാണ്. സംഘര്‍ഷങ്ങളെല്ലാം പരിഹരിച്ച് കഥാപാത്രങ്ങളെല്ലാം സാധാരണ നിലയിലേക്ക് മടങ്ങി നാടകത്തിന് പരിണാമഗുപ്തി സംഭവിക്കുന്ന അവസാന അങ്കം അരങ്ങേറാന്‍ ഇരിക്കുന്നതേയുള്ളൂ. ഒരുപക്ഷെ, സാധാരണ നാടകങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി അവസാന അങ്കത്തില്‍ കാണികളും കൂടി കഥാപാത്രമായി മാറിയേക്കാവുന്ന ഈ ജനായത്ത നാടകം കേരളീയ സമൂഹത്തിന് നല്‍കുന്ന വികാരവിരേചനത്തിന്റെ ഫലം എന്തായിരിക്കും എന്ന്‍ കാത്തിരുന്ന് കാണേണ്ടതാണ്.

 

നാടകങ്ങളില്‍ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും അവതരിക്കപ്പെടുന്നത് ആദ്യ അങ്കത്തിലാണ് (Exposition or Introduction). മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ദുരന്ത നാടകങ്ങളുടെ ഇഷ്ടവിഷയങ്ങളില്‍ ഒന്നായ അധികാരത്തിന്റെ ഉപരിപ്ലവതകള്‍ തെളിഞ്ഞുവന്നു. ഒരു പില്‍ക്കാല നോട്ടത്തില്‍ ഈ നാടകത്തില്‍ വീഴുന്നത് മുഖ്യമന്ത്രിയായിരിക്കില്ല എന്നത് ആ അങ്കത്തില്‍ തന്നെ വ്യക്തമായിരുന്നു. മൂല്യങ്ങള്‍ക്ക് വേണ്ടി അധികാരത്തോട് കലഹിക്കുന്ന ആന്റിഗണിമാരായിരിക്കും ഈ നാടകങ്ങളില്‍ എപ്പോഴും ദുരന്തങ്ങള്‍ ഏറ്റുവാങ്ങുക. സോളാര്‍ കേസാകട്ടെ, ആദ്യ അങ്കത്തില്‍ തന്നെ ജനായത്ത വ്യവസ്ഥയെ കേരളീയ സമൂഹത്തിന് മുന്നില്‍ മുഖ്യകഥാപാത്രമായി മാറ്റിയിരുന്നു.

 

ഈ നാടകത്തിന്റെ രണ്ടാമങ്കത്തില്‍ മാധ്യമങ്ങളാണ് അരങ്ങില്‍ നിറഞ്ഞത്. യഥാര്‍ഥ നാടകത്തില്‍ അടുത്ത അങ്കമായ ക്ലൈമാക്സിന് കൊഴുപ്പുകൂട്ടാനുള്ള രംഗങ്ങളാണ് രണ്ടാമങ്കത്തില്‍ (Rising Action) ഉണ്ടാകുക. എന്തിലും നാടകീയത ചേര്‍ക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ ഈ അങ്കം വിസ്തരിച്ചു തന്നെ ആടി. രണ്ടുമാസത്തോളം നീണ്ടുനിന്ന ഈ മാധ്യമപര്‍വ്വം, കണ്ടുകൊണ്ടിരിക്കുന്ന നാടകത്തിലെ നായിക ജനായത്തം തന്നെയാണെന്ന് കാണാന്‍ കഴിയുന്നവര്‍ക്ക് വ്യക്തമായി കാണിച്ചുതന്നു. അതോടെ നാടകത്തിലെ നിര്‍ണ്ണായകമായ മൂന്നാമങ്കത്തിന് അരങ്ങൊരുങ്ങി.

 

മൂന്നാമങ്കമായ ക്ലൈമാക്സ് (Climax) ആണ് നാടകത്തില്‍ വഴിത്തിരിവ്. മുഖ്യകഥാപാത്രം വാഴുകയാണോ വീഴുകയാണോ ചെയ്യുന്നതെന്ന് ഈ വഴിത്തിരിവ് നമുക്ക് പറഞ്ഞുതരും. ഈ അങ്കത്തിലാണ് സി.പി.ഐ.എം അങ്കപ്പുറപ്പാടുമായി രംഗത്തെത്തിയത്. തങ്ങളുടെ സമരചരിത്രത്തില്‍ നിന്ന്‍ എപ്പോഴും ഊര്‍ജ്ജമാവാഹിക്കുന്ന, കേരളത്തിലെ ഏറ്റവും ശക്തമായ ഈ സംഘടിത പ്രസ്ഥാനം സംസ്ഥാനം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ബൃഹത്തായ ജനമുന്നേറ്റത്തിലൂടെയാണ് ഈ ക്ലൈമാക്സ് ഒരുക്കിയത്. ആരംഭിച്ച അടുത്ത ദിവസം പിരിച്ചുവിട്ട ആഗസ്തിലെ സെക്രട്ടറിയേറ്റ് ഉപരോധം ജനായത്തം വീഴുകയാണെന്നും നാടകം ദു:ഖപര്യവ്യസായിയായിരിക്കുമെന്നും കാണാന്‍ കഴിയുന്നവര്‍ക്ക് വ്യക്തമായി കാണിച്ചുതന്നു. അര്‍ഥം നഷ്ടപ്പെട്ട അധികാരത്തിന്റെ പ്രതീകമായ പ്രതിനായക വേഷത്തിലേക്ക് മുഖ്യമന്ത്രിക്കൊപ്പം സി.പി.ഐ.എമ്മും അണിചേര്‍ന്ന ആ ക്ലൈമാക്സ് കിടപിടിക്കുക ഷേക്സ്പിയര്‍ രചിച്ച ജൂലിയസ് സീസര്‍ നാടകത്തിന്റെ മൂന്നാമങ്കത്തോട് തന്നെയാണ്. അതിലായിരുന്നു ഗൂഡാലോചകര്‍ക്കൊപ്പം ചേര്‍ന്ന ബ്രൂട്ടസ് സീസറെ കുത്തിവീഴ്ത്തിയത്.

 

നാടകത്തിന്റെ പരിണാമത്തിലേക്ക് നയിക്കുന്ന രംഗങ്ങളാണ് നാലാമങ്കത്തില്‍ (Falling Action) അവതരിപ്പിക്കുക. മാധ്യമങ്ങള്‍ നിറഞ്ഞാടിയ രണ്ടാമങ്കത്തിലേതു പോലെ നാടകീയത സമ്മാനിച്ചു എന്ന്‍ പറയാനാകില്ലെങ്കിലും കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂരിലെ കല്ലേറും ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ സന്ധ്യയും കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയും ചേര്‍ന്ന് ഈ അങ്കവും മോശമാക്കിയില്ല. പ്രത്യേകിച്ചും ക്ലൈമാക്സ് സമരം കഴിഞ്ഞതിന് ശേഷമുള്ള രംഗങ്ങള്‍ ആണിത് എന്ന്‍ പരിഗണിക്കുമ്പോള്‍, വീണ്ടും ഭാവനയാല്‍ എഴുതപ്പെടുന്ന  ഏത് നാടകത്തേയും അമ്പരിപ്പിക്കും ഈ നാലാമങ്കവും.

 

നാടകത്തില്‍ ഈ അങ്കം സംഘര്‍ഷങ്ങളിലെ വിജയിയേയും പരാജിതരേയും വ്യക്തമാക്കുകയോ അല്ലെങ്കില്‍ അത് അവസാന അങ്കത്തില്‍ വെളിപ്പെടുത്തുന്ന തരം സസ്പെന്‍സ് അവതരിപ്പിക്കുകയോ ആണ് പതിവ്. സമരം അവസാനിപ്പിക്കുന്നു എന്ന പ്രസ്താവന പ്രതിപക്ഷം പരാജയപ്പെടുകയും മുഖ്യമന്ത്രി വിജയിക്കുകയും ചെയ്തു എന്ന തോന്നല്‍ ഉളവാക്കുമെങ്കിലും ഇത് കേവലം അങ്കത്തിന്റെ തിരശീല വീണതു മാത്രമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷവും ചേര്‍ന്ന് ജനായത്തത്തെ വീഴ്ത്തിയത് രണ്ടും മൂന്നും അങ്കങ്ങളിലൂടെ കാണാന്‍ കഴിയുന്നവര്‍ കണ്ടുകഴിഞ്ഞതിനാല്‍ ജനായത്തം വിജയിക്കുമോ പരാജയപ്പെടുമോ എന്ന സസ്പെന്‍സ് അവരുടെ മുന്നില്‍ ഇപ്പോഴും അവസാനിക്കുന്നുണ്ട്. ഈ രാഷ്ട്രീയ നാടകത്തില്‍ ഒരങ്കം ഇനിയും അവശേഷിക്കുന്നതും ആ അവസാന അങ്കം (Denouement or Resolution) നിര്‍ണ്ണായകമാകുന്നതും അതുകൊണ്ടാണ്.

 

മുഖ്യകഥാപാത്രമായ ജനായത്തം ഈ നാടകത്തില്‍ ഇതുവരെയും അമൂര്‍ത്തമായി ആണ് നിലകൊണ്ടത്. മറ്റ് കഥാപാത്രങ്ങളുടെ പ്രവൃത്തികളാണ് അതിന്റെ പങ്ക് എന്തെന്ന് നിര്‍ണ്ണയിച്ചത്. എന്നാല്‍, ജനങ്ങളിലൂടെ മൂര്‍ത്തമാകാന്‍ കഴിയുന്ന ഒന്നുമാണ് ജനായത്തം. മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ ഉണ്ടാകുന്ന വീഴ്ചകളോ മരണം തന്നെയോ പരാജയമല്ല എന്നാണ് ദുരന്ത നാടകങ്ങളും അവസാന അങ്കത്തില്‍ പറയുക. കാണികള്‍ക്ക് വൈകാരികമായ വിരേചനം (Catharsis) നാടകം ഉളവാക്കുന്നതും അങ്ങനെയാണ്. ഈ നാടകത്തിന്റെ അഞ്ചാമങ്കത്തില്‍ ജനങ്ങളുടെ അരങ്ങേറ്റം ഉണ്ടാകുകയാണെങ്കില്‍ സോളാര്‍ തട്ടിപ്പ് കേസില്‍ ജനായത്തത്തിന്റെ വിജയം അപ്രാപ്യമല്ല. അതല്ല, കാണികളായി തന്നെ തുടരാനാണ് കേരളീയ ജനസമൂഹം താല്‍പ്പര്യപ്പെടുന്നതെങ്കില്‍ അത് ജനായത്ത വ്യവസ്ഥയുടെ തന്നെ പരാജയത്തിലേക്ക് നയിക്കുന്നതുമാകാം.  കേരളീയ സമൂഹമാകുന്ന വേദിയില്‍ ഈ നാടകം തത്സമയം അരങ്ങേറിക്കൊണ്ടിരിക്കുന്ന ഒന്നായതു കൊണ്ടുതന്നെ തിരശീല വീഴുന്നത് വരെ കാത്തിരിക്കാം.