ഫേസ്ബുക്കിലൂടെ അപവാദം പ്രചരിപ്പിച്ചതിനെ തുടർന്നാണെന്ന് പറയപ്പെടുന്നു, കൊച്ചി, ചിറ്റൂർ പാരഡൈസ് അപ്പാർട്ട്‌മെന്റിലെ താമസക്കാരിയായിരുന്ന ബിജിത എന്ന ഇരുപത്തിയഞ്ചുകാരിയെ കിടപ്പമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. തന്റെ ബന്ധു കൂടിയായ രതീഷ് ഫേസ്ബുക്കിലൂടെ അപവാദ പ്രചരണം നടത്തുവെന്നു കാണിച്ചുകൊണ്ട് ബിജിത ചേരാനല്ലൂർ പോലീസിലും പിന്നീട് സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. ഈ രണ്ടു പരാതിയിലും അന്വേഷണം ഉണ്ടാവാഞ്ഞതിനെ തുടർന്ന് ബിജിത ഭർത്താവുമൊത്ത് ഈ വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അന്വേഷിച്ച് വിശദീകരണം നൽകാൻ രണ്ടാഴ്ച മുൻപ് ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകി. എന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. തിങ്കളാഴ്ച ഭർത്താവുമൊത്ത് ക്ഷേത്രദർശനം നടത്തിയിരുന്നു. അതിനു ശേഷമാണ് ബിജിതയെ മരിച്ച നിലയിൽ കാണപ്പെട്ടത്. പോലീസ് അന്വേഷണം നടത്തിവരുന്നു. അന്വേഷണത്തിൽ കണ്ടെത്തുന്നത് എന്തു തന്നെയായാലും ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരുന്ന അപവാദം ഈ കുടുംബത്തിന്റേയും ബിജിതയുടേയും സ്വസ്ഥത നശിപ്പിച്ചിരുന്നു എന്നത് യാഥാർഥ്യമാണ്. പോലീസ് നടപടിയെടുത്തില്ല. വളരെ വ്യക്തവും ശക്തവുമായ നിയമങ്ങളുണ്ടായിട്ടും ലോക്കൽ പോലീസും, തുടർന്ന് പോലീസ് കമ്മീഷണറും ആ യുവതിയുടെ പരാതിയുടെ മേൽ നടപടിയെടുത്തില്ല എന്നുള്ളത് സംസ്ഥാന സർക്കാർ ആ യുവതിയുടെ ജീവന് ഉറപ്പ് നൽകിയില്ല എന്നുള്ളതാണ് വ്യക്തമാക്കുന്നത്. ചിലപ്പോൾ ആ യുവതിയുടെ മരണത്തിന് പല കാരണങ്ങളും സിദ്ധാന്തങ്ങളും പോലീസ് അന്വേഷണത്തിലൂടെ ഉയർന്നു വന്നെന്നിരിക്കും.
ഈ യുവതിയുടെ പരാതിയിൻമേൽ പോലീസ് നടപടിയുണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കേണ്ടതാണ്. സൈബർ കുററകൃത്യങ്ങൾ സംബന്ധിച്ച് പോലീസ് ചിലപ്പോൾ തത്വദീക്ഷയും സാമൂഹ്യചിന്തയുമില്ലാത്ത അമിതാവേശം കാണിക്കുമ്പോഴാണ് ശക്തമായി ഇടപെടേണ്ട സാഹചര്യങ്ങളിൽ അനങ്ങാതെയിരിക്കുന്നത്. ഇത് പോലീസിനെപറ്റി നിലവിലുള്ള ആക്ഷേപങ്ങളുടെ പട്ടികയുടെ നീളം കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് കേരളാ പോലീസ് ദൃശ്യം സിനിമ ഇന്റർനെറ്റിലൂടെ അനധികൃതമായി പ്രചരിച്ചത് തടയുന്നതിനായി സ്വീകരിച്ച നടപടി വിശകലന യോഗ്യമാകുന്നത്. ഈ രണ്ടു സംഭവങ്ങളും പോലീസും സൈബർ നിയമങ്ങളും എവിടെ നിൽക്കുന്നുവെന്നും അവയ്ക്ക് രണ്ടിനും എന്തെല്ലാം മാറ്റങ്ങളാണ് അടിയന്തിരമായി വേണ്ടതെന്നും ഓർമ്മിപ്പിക്കുന്നു.
ദൃശ്യം സിനിമ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതിന് രണ്ടു പതിനാറുകാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരും വിദ്യാർഥികൾ. ഒരാൾ കൊട്ടാരക്കര സ്വദേശിയും മറ്റേയാൾ കൊല്ലം ജില്ലയിൽ തന്നെയുള്ള ചവറക്കാരനും. ഈ അറസ്റ്റ് സംബന്ധിച്ച വാർത്ത മുഖ്യമായും വിശദവിവരങ്ങളോടെ പ്രസിദ്ധീകരിച്ചത് മുഖ്യധാരാ ദിനപ്പത്രങ്ങളും. മറ്റ് മാധ്യമങ്ങൾ സാമൂഹികമായ ഉത്തരവാദിത്വത്തിന്റെ പേരിൽ അധികം അവകാശവാദം ഉന്നയിക്കാറില്ലെങ്കിലും മാധ്യമലോകത്തെ കാരണവർ സ്ഥാനമുള്ള പത്രങ്ങൾ അങ്ങനെയല്ല. ചിലപ്പോൾ അതിന്റെ പേരിൽ എന്തെങ്കിലും അനഭിലഷണീയമായ പ്രവണതകൾ കാണുമ്പോൾ ഈ പത്രങ്ങൾ സമൂഹത്തിന് എന്തു സംഭവിച്ചു എന്ന നിലയിലുള്ള അന്വേഷണവും ചർച്ചയുമൊക്കെ സംഘടിപ്പിക്കാറുണ്ട്. സൈബർ കുറ്റകൃത്യവും കുറ്റം തന്നെ. അതിന് സംശയമില്ല. പക്ഷേ വിജയിച്ച ഒരു സിനിമ ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നതു മാത്രം കുറ്റമാകുന്നിടത്ത് പന്തികേട് കാണുന്നു. സൈബർ കുറ്റകൃത്യം ചെയ്തതിന്റെ പേരിലാണോ അതോ ദൃശ്യം സിനിമയുടെ നിർമ്മാതാവിന്റെ താൽപ്പര്യം സംരക്ഷിക്കാനാണോ ഈ അറസ്റ്റുകൾ നടന്നത്. രണ്ടാമത്തെ കാരണമാകാനാണ് സാധ്യത. കാരണം സൈബർ ലോകം എന്ന യാഥാർഥ്യം ക്രമേണ പ്രതിഷ്ഠിതമായി വരുന്നതേ ഉള്ളു. സൈബർ നിയമങ്ങൾ ഇപ്പോഴും അതിന്റെ ബാല്യദശയിലാണ്.
കേരളത്തിലാകട്ടെ, സൈബർ ലോകത്തെ സമാന്തര ലോകമായി അംഗീകരിച്ചതിന്റെ ലക്ഷണങ്ങളൊന്നും വ്യക്തവും ക്രിയാത്മകവുമായ രീതിയിൽ കാണുന്നില്ല. ഇപ്പോഴും കമ്പ്യൂട്ടർവത്കരണത്തെപ്പോലും പരിഷ്കാരത്തിന്റെ ഭാഗമായി കാണുന്ന നിലയ്ക്കാണ് കാര്യങ്ങൾ നടത്തപ്പെടുന്നത്. ആധാർ കാർഡ് സംബന്ധിച്ചുപോലും സംസ്ഥാനസർക്കാരിന് വ്യക്തമായ ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല. വരുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടാവാം ആധാർ കാർഡിനെ അനുകൂലിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകാൻ കേരളം നിശ്ചയിച്ചിരുന്നതിൽ നിന്നും സർക്കാർ പിന്മാറിയത്. ഒപ്പം ഉത്തരവാദിത്വമില്ലായ്മ പ്രകടമാക്കുകയും ചെയ്തത്. മന്ത്രിയോ മന്ത്രിസഭയോ അറിയാതെ ഉദ്യോഗസ്ഥതലത്തിലാണ് ആ തീരുമാനമെടുത്തതെന്നാണ് ഐ.ടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അഥവാ ഉദ്യോഗസ്ഥർ അത്തരത്തിൽ പെരുമാറിയാൽ പോലും അതിനെ ഏറ്റെടുക്കുന്നിടത്താണ് ഉത്തരവാദിത്വം വരുന്നത്. ഉദ്യോഗസ്ഥർ സ്വന്തം നിലയ്ക്ക് ചെയ്യുകയാണെന്ന് ഒരു മന്ത്രി സമ്മതിക്കുകയാണെങ്കിൽ അത്രയ്ക്ക് നിയന്ത്രണവും സ്വാധീനവും മാത്രമേ മന്ത്രിമാർക്കും മന്ത്രിസഭയ്ക്കുമുള്ളുവെന്നാണ് മനസ്സിലാകുന്നത്. ഉദ്യോഗസ്ഥർ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുകയാണെങ്കിൽ പോലും അത് സർക്കാറിന്റെ നയത്തിനനുസരിച്ചായിരിക്കണം. അതാണ് ബ്യൂറോക്രസിയുടെ ഉത്തരവാദിത്വം. ഏതെങ്കിലും ഉദ്യോഗസ്ഥൻ ആധാർ കാർഡ് സംബന്ധമായ കേരള സർക്കാറിന്റെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കാൻ തീരുമാനമെടുത്തതെങ്കിൽ ആ ഉദ്യോഗസ്ഥൻ ഒന്നുകിൽ കഴിവും കാര്യശേഷിയുമില്ലാത്തയാൾ. അല്ലെങ്കിൽ വൻ സൂത്രശാലി. രണ്ടായാലും ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്തും അദ്ദേഹത്തെ ഇരുത്താൻ പാടില്ലാത്തതാകുന്നു.
ഇന്നല്ലെങ്കിൽ നാളെ എല്ലാ പൗരരുടേയും വിവരങ്ങൾ ഓൺലൈനിൽ വരും. കാരണം വെർച്വൽ ലോകത്തെ നിഷേധിച്ചുകൊണ്ട് യഥാർഥ ലോകത്തിന് നീങ്ങാനാവില്ല. നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഡിജിറ്റൽ യുഗപ്പിറവിക്കു മുൻപുള്ള ശീലങ്ങളുമായി മുന്നോട്ടുപോകുന്നു. മറിച്ച്, കാലഘട്ടത്തിന് ആവശ്യമായ വിധം നിയമനിർമ്മാണങ്ങളോ അവയ്ക്കനുസരിച്ചുള്ള ചട്ടങ്ങളോ ഉണ്ടാക്കാൻ സർക്കാരോ നിയമസഭാംഗങ്ങളോ തയ്യാറാവുന്നില്ല. അത്തരത്തിൽ വ്യക്തവും ശക്തവുമായ നിയമങ്ങൾ നിലവിൽ വരികയും അതിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വരികയും ചെയ്യുമ്പോഴാണ് സൈബർ നിയമവും നിയമലംഘനവും നിയമവാഴ്ചയുടെ ഭാഗമാകുക. ഉദാഹരണത്തിന് സ്ഥാപനങ്ങളുൾപ്പടെ ഭൂരിഭാഗം വ്യക്തികളും ഉപയോഗിക്കുന്ന വിൻഡോസിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പൈറേറ്റഡ് അഥവാ മോഷ്ടിക്കപ്പെട്ടതാണ്. നിയമമനുസരിച്ചാണെങ്കിൽ റെയ്ഡ് നടത്തി ആൾക്കാരെ അറസ്റ്റ് ചെയ്യാവുന്നതേ ഉള്ളു. അതുപോലെ കോപ്പിറൈറ്റിന്റെ കാര്യം. അതുനോക്കുകയാണെങ്കിൽ മിക്ക മലയാളസിനിമാ സംവിധായകർക്കുമെതിരെ ആ നിയമമനുസരിച്ച് നിയമനടപടികൾ എടുക്കേണ്ടിവരും. കാരണം വിജയം കൊള്ളുന്ന മിക്ക സിനിമകളും അടിച്ചുമാറ്റപ്പെട്ടവയാണ്.
ഇവിടെ പോലീസിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു. ഒരുവശത്ത് സൈബര്‍ ലോകത്തെ അപവാദ പ്രചാരണം സംബന്ധിച്ച് പരാതിയുണ്ടായിട്ടും മതിയായ നടപടി സ്വീകരിക്കാതെയിരുന്നു. മറ്റൊരു വശത്ത് ദൃശ്യം സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് വേണ്ടി രണ്ടു കൗമാരക്കാരെ കുറ്റവാളികളായി മുദ്രകുത്തി അറസ്റ്റ് ചെയ്യുന്നു. കൂടുതൽ ഭീകരരായ സൈബർ കുറ്റവാളികൾക്ക് ജന്മം നൽകുന്ന സമീപനമാണിത്. സൈബർ നിയമ സാക്ഷരത വർധിപ്പിക്കുകയും അതിനേക്കുറിച്ച് മാതാപിതാക്കൾക്ക് കൂടി അവബോധമുണ്ടാകുന്ന സാഹചര്യം സൃഷ്ടമായാലേ ആ നിയമങ്ങൾ അതർഹിക്കുന്ന ഗൗരവത്തോടെ പാലിക്കപ്പെടുകയുള്ളു. ഇപ്പോഴും സൈബർ ലോകത്തെ സ്വീകരിക്കുന്നതിൽ ഒരു ഭാഗത്ത് വിമുഖത കാട്ടുകയും മറുവശത്ത് സൈബർ ലോകത്തെ ബാധിക്കുന്ന നിയമത്തെ കൂട്ടുപിടിച്ച് ചിലരുടെ വാണിജ്യ താത്പര്യം സംരക്ഷിക്കാനെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകാത്തവിധം കുട്ടികളെ ഇരയാക്കുന്നതും ദയാരഹിതമായ നടപടിയാണ്. ഐ.പി.എസ് കേഡറിലുളള ഉദ്യോഗസ്ഥർ ഇതിനൊക്കെ നേതൃത്വം നൽകുമ്പോൾ അൽപ്പം സാമൂഹ്യവീക്ഷണവും അവരുടെ നടപടികളിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കമ്പ്യൂട്ടർ വിനിയോഗത്തിൽ സമർഥരായ രണ്ടു കുട്ടികളെയാണ് പോലീസ് ദൃശ്യം സിനിമ പ്രചരിപ്പിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. അവർ കുറ്റവാളികളാണെന്ന് സ്വയം തിരിച്ചറിയുന്ന പക്ഷം അവരുടെ ബുദ്ധി എഞ്ചിനീയറിംഗിൽ നിന്ന് ക്രാക്ക് എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞാൽ അത്ഭുതപ്പെടാനില്ല. അത്തരത്തിലുള്ളവർക്കും സൈബർ ലോകത്ത് തൊഴിൽപരമായി നല്ല അവസരമുണ്ടെന്നുള്ള കാര്യം മറന്നുകൂടാ. പക്ഷേ അത്തരക്കാർ ഉണ്ടായി വരുന്നത് സൈബർ ലോകത്ത് വരുത്തിവയ്ക്കുന്ന അപകടങ്ങൾ വലുതാണ്. ഏതു രീതിയിലൊക്കെയാവും അവ സംഭവിക്കുക എന്നതും പ്രവചനാതീതം. അത് സൈബർ ലോകത്തെയാവില്ല ബാധിക്കുന്നത്. മറിച്ച് സാധാരണ ജീവിതത്തെയാകും. അതിനാൽ കരുതലോടെയും വിവേചന ബുദ്ധിയോടെയും വേണം സൈബർ നിയമങ്ങൾ നടപ്പിലാക്കേണ്ടതും അതു ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കേണ്ടതും.