ലിറ്റ്മസ് ടെസ്റ്റ് എന്നാല്‍ സരിതാ പരീക്ഷണം

Glint Staff
Mon, 24-02-2014 01:20:00 PM ;

saritha nairഫെബ്രുവരി 23 ഞായറാഴ്ച. രാവിലെ പത്തുമണിയാകാന്‍ കേരളീയര്‍ കാത്തിരിക്കുകയായിരുന്നു. ആമുഖം ആവശ്യമില്ലാത്ത സരിതാ എസ്. നായരുടെ പത്രസമ്മേളനത്തിനായി. ഞായറാഴ്ച പത്തുമണി ഷോയും അതിനെ തുടര്‍ന്നുള്ള വാര്‍ത്താധിഷ്ടിത ചര്‍ച്ചകളുടെ നേരവുമൊക്കെ ചാനലുകാര്‍ മുന്‍കൂട്ടി നല്ല കാശിന് വിറ്റിരുന്നിരിക്കാം. പക്ഷേ സരിത പെട്ടെന്ന് പത്രസമ്മേളനം മാറ്റി. കാസര്‍കോഡ് കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുള്ളതിനാല്‍ സരിത മുങ്ങി.

 

കഴിഞ്ഞ ഒമ്പതുമാസമായി സംസ്ഥാനത്തിന്റെ ഭരണത്തെ തളര്‍ത്തുകയും രാഷ്ട്രീയമുള്‍പ്പടെ ജീവിതത്തിന്റെ സമസ്തമേഖലകളിലേയും മൂല്യങ്ങളുടെ തിരുത്തിക്കുറിക്കലിനും സരിത കാരണമായി. പദ്ധതി ചെലവ് പകുതിപോലും ചെലവഴിക്കപ്പെട്ടില്ല. നികുതിപിരിവും റവന്യൂ വരുമാനവും ഗണ്യമായി കുറഞ്ഞു. വ്യാജമദ്യക്കടത്ത് എക്കാലത്തേയുംകാള്‍ അധികമായി. അതിനെതിരെയുള്ള പ്രതിപക്ഷസമരം സമരചരിത്രത്തിലെ പുതിയ അധ്യായങ്ങള്‍ കുറിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും ഒരേ നുകത്തിനു കീഴിലായി. കോടതി അറുപതിലേറെ തവണ സംസ്ഥാന സര്‍ക്കാറിനെതിരെ അതിരൂക്ഷമായ രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തി. എവിടെനിന്നാണ് സരിതയ്ക്ക് ഇത്രയും വിലകൂടിയ സാരിയും സൗന്ദര്യവര്‍ധകവസ്തുക്കളും ജയിലില്‍ ലഭ്യമാകുന്നതെന്ന് ഹൈക്കോടതി തിരക്കി. ഈ പശ്ചാത്തലത്തിലാണ് ഫാഷന്‍ പ്രസ്താവന നടത്തുന്നതുപോലെ മുന്തിയ സ്റ്റൈലിലുള്ള സാരിയും ബ്ലൌസും ധരിച്ച് ഐലൈനര്‍ ഉള്‍പ്പടെയുള്ള മുഖസൗന്ദര്യവര്‍ധക അകമ്പടികളോടെ വിജയശ്രീലാളിതയെപ്പോലെ സരിത അട്ടക്കുളങ്ങര സബ് ജയിലില്‍ നിന്ന് വെള്ളിയാഴ്ച പുറത്തിറങ്ങിയത്. ഏതോ വന്‍ ദൗത്യം രാജ്യത്തിനുവേണ്ടി ചെയ്തതിനുശേഷം നാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറയുന്നതുപോലെയാണ് സരിത പറഞ്ഞത് നിങ്ങളെ ഞാന്‍ രണ്ടുദിവസത്തിനു ശേഷം കാണാമെന്ന്.

 

ജയില്‍ മോചിതയായ സരിതയുടെ ശരീരഭാഷ ആത്മവിശ്വാസത്തിന്റേയും ഉന്മേഷത്തിന്റേയുമായിരുന്നു. മറ്റാരേക്കാളും മാധ്യമങ്ങളെ പ്രായോഗികതലത്തില്‍ സരിത മനസ്സിലാക്കിയിരിക്കുന്നു. ഇനിയുള്ള അവരുടെ നിലനില്‍പ്പിന് മാധ്യമത്തെ ഉപയോഗിക്കാന്‍ അവര്‍ തീരുമാനിച്ചതിന്റെ പ്രഖ്യാപനമായിരുന്നു ജയില്‍മോചിതയായ സരിതയുടെ ഭാവവും വാക്കുകളും. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് കറക്കാന്‍ വേണ്ടിമാത്രമേ മാധ്യമങ്ങള്‍ ഉള്ളുവെന്നും അവര്‍ മനസ്സിലാക്കിയതിന്റെ തെളിവാണത്. ഒരു ഔദാര്യം പോലെയാണ് സരിത മാധ്യമങ്ങളെ രണ്ടുദിവസത്തിനു ശേഷം കാണാമെന്നു പറഞ്ഞത്. അവര്‍ അതിലൂടെ മാധ്യമങ്ങളുടെ മേല്‍ താന്‍ വി.വി.ഐ.പിയാണെന്ന് അടിച്ചേല്‍പ്പിച്ചു കഴിഞ്ഞു. ട്രാഫിക് ജംഗഷനില്‍ സിഗ്നല്‍ കാത്തുകിടക്കുന്ന വാഹനങ്ങളെ സമീപിച്ച് ഗ്ലാസ്സില്‍ തട്ടി ഭിക്ഷയാചിക്കുന്ന മറുനാടന്‍ ഭിക്ഷാടനക്കാരുടെ മുഖഭാവമായിരുന്നു മൈക്കും സെല്‍ഫോണുമായി അവരുടെ കാറിനുനേരെ ഓടിയെത്തിയ മാധ്യമപ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ഓര്‍മ്മിപ്പിച്ചത്.

 

കളവ്, തട്ടിപ്പ്, വെട്ടിപ്പ്, ലൈംഗികത,ചതി എന്നിത്യാദി വിഷയങ്ങളുള്‍പ്പെടെ മുപ്പത്തിമൂന്ന് കേസ്സിലെ പ്രതിയാണ് സരിത. ജയിലില്‍ കിടന്നപ്പോള്‍ സരിത തന്റെ സ്വന്തം താല്‍പ്പര്യസംരക്ഷണത്തിനും ധനാഗമമാര്‍ഗ്ഗത്തിനുമായി ജുഡിഷ്യറിയെപ്പോലും വിദഗ്ധമായി ഉപയോഗിച്ചു. ഇതെല്ലാം മാധ്യമങ്ങള്‍ക്കറിയുകയും ഈ അറിവ് ഉദ്ധരിച്ചുകൊണ്ട് കഴിഞ്ഞ ഒമ്പതുമാസമായി ദിവസേനയെന്നോണം ചര്‍ച്ചകളും നടത്തിവരുന്നു. ഇങ്ങനെയുള്ള സ്ത്രീയില്‍ നിന്ന് മാധ്യമങ്ങള്‍ എന്താണ് കേള്‍ക്കാനും ജനങ്ങളെ കേള്‍പ്പിക്കാനും ഉദ്ദേശിക്കുന്നത്. ഇത്തരത്തിലൊരു സ്ത്രീ വിളിച്ചുചേര്‍ക്കുന്ന പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്ന മാധ്യമപ്രവര്‍ത്തകനും പ്രവര്‍ത്തകയ്ക്കും എങ്ങിനെ ആത്മാഭിമാനം തോന്നും? ജനാധിപത്യത്തിനും സത്യസന്ധതയോടും കുറ്റകൃത്യങ്ങളോടുള്ള എതിര്‍പ്പുകൊണ്ടുമല്ല സരിതയുടെ വേഷവും ഭാഷയും വാക്കും കേള്‍ക്കാന്‍ ജനം കാത്തിരിക്കുന്നതും. ജയിലില്‍ കിടന്നപ്പോഴും പുറത്തിറങ്ങിയപ്പോഴും സരിത വേഷഭൂഷാദികളിലൂടെ ആരാധനകലര്‍ന്ന അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ സരിതയ്ക്കു കഴിഞ്ഞു.

 

മനുഷ്യന്റെ അധമവികാരങ്ങളെ ഉണര്‍ത്തുന്ന വൈകാരികതകളാണ് ആസ്വാദനത്തിന്റെ ആധാരമെന്ന് ഉറച്ചുപോയ മനശ്ശാസ്ത്രമാണ് സരിതയ്ക്ക് പ്രേക്ഷകരെ ഉണ്ടാക്കിക്കൊടുക്കുന്നതും മാധ്യമങ്ങളെ അവരുടെ പിന്നാലെ ഭിക്ഷയാചിക്കുന്നതുപോലെ ഓടാന്‍ പ്രേരിപ്പിക്കുന്നതും. മൂന്നാംകിട ഇടിപ്പടത്തിന്റെ വിജയത്തിനുപോലും കാരണമായി പ്രവര്‍ത്തിച്ചിരുന്നത് നായകനിലൂടെ തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം നേടുന്നതിലായിരുന്നു. ആ സമവാക്യവും മാറുകയാണ്. നന്നായി ഒരുക്കിയവതരിപ്പിച്ചാല്‍ തിന്മയും ആദരവോടും ആരാധനയോടും സ്വീകരിക്കപ്പെടും. സരിത ആ സമവാക്യവും ഉറപ്പിച്ചിരിക്കുന്നു. മാധ്യമങ്ങളെ ഉപയോഗിച്ച് വിലപേശലും ബ്ലാക്ക്‌മെയിലിംഗും സരിത തന്റെ രണ്ടാമൂഴത്തിലൂടെ തുടരുമ്പോള്‍ അതിന്റെ വിഹിതം മാധ്യമലാഭത്തിലേക്കും വീഴുന്നു. അതൊരു അലിഖിത പരോക്ഷ ധാരണപോലെ പ്രവര്‍ത്തനനിരതമാകുന്നു. ഈ ഘട്ടത്തില്‍ ഓരോ മലയാളിയും സരിത സാന്നിദ്ധ്യചാനലിനു ഇരുന്നു കൊടുക്കുമ്പോള്‍ ചോദിക്കാവുന്നതാണ് തന്റെ അധമവികാരങ്ങളെ തൃപ്തിപ്പെടുത്താനാണോ അതോ ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായാണോ ഇതു കാണുന്നതെന്ന്. അതുപോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വയം ചോദിക്കാന്‍ ഒരു ചോദ്യമുണ്ട്. ഏതു മാധ്യമധര്‍മ്മവും മര്യാദയുമാണ് താന്‍ നിര്‍വഹിക്കുന്നത്. എനിക്ക് എന്റെ ആത്മാഭിമാനത്തെ സംരക്ഷിക്കാന്‍ കഴിയുന്നുണ്ടോ. എന്നിലൂടെ കേരളത്തിലെ ഗൃഹാന്തരീക്ഷവും സാമൂഹ്യാന്തരീക്ഷവും മലിനപ്പെടുകയല്ലേ എന്നുകൂടി വേണമെങ്കില്‍ ആലോചിക്കാവുന്നതാണ്. സരിത മലയാളിക്ക് സ്വയം തിരിച്ചറിയാനുള്ള ബിംബമാണ്. അഥവാ അതിനുള്ള ലിറ്റ്മസ്‌ടെസ്റ്റ്.

Tags: