Skip to main content

rain in kerala

 

മഴക്കെടുതി പഠിക്കാന്‍ കേന്ദ്രസംഘം കേരളത്തിലെത്തുന്നു. സാധാരണ കാലവര്‍ഷം കഴിഞ്ഞാണ് കേന്ദ്രസംഘം എത്തുക. പതിവില്‍ നിന്ന്‍ വ്യത്യസ്തമായി വേനല്‍ മഴയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനാണ് ഇത്തവണ സംഘം വരുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ പെയ്ത മഴയില്‍ സംസ്ഥാനത്ത് 140 കോടിയില്‍ പരം രൂപയുടെ നാശമുണ്ടായതായി കാണിച്ച് അന്നത്തെ യു.പിഎ സര്‍ക്കാറിനോട്‌ കേരളം സഹായം ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായാണ്‌ ഈ വരവ്. ആദ്യമായാണ് വേനല്‍മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. ഒരുപക്ഷേ കേരള സർക്കാറിന്റെ പതിവു ശീലത്തിനുപരിയായി സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഭരണ-വികസന സമീപനമെന്ന നരേന്ദ്ര മോദി സർക്കാരിന്റെ പ്രഖ്യാപിത നിലപാടാകാം ഈ സന്ദര്‍ശനത്തിന് പ്രേരകമായത്.

 

എന്നാല്‍, സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം വന്നിട്ടുള്ള ഈ സംഘം കേരളത്തിന്‌ നഷ്ടപരിഹാരം അനുവദിച്ചാലും ഇല്ലെങ്കിലും പുതിയ കേന്ദ്ര സര്‍ക്കാറിനു കേരള സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടമാകാനുള്ള സാധ്യത ഈ സന്ദര്‍ശനത്തിലൂടെ ഉണ്ടാകാം. കേന്ദ്രത്തിൽ നിന്ന്‍ എന്തെങ്ങിലും കിട്ടുന്നെങ്കിൽ ആവട്ടെ എന്ന മനോഭാവത്തിലാണ് കേരളം പെരുമാറുന്നതെന്ന വിലയിരുത്തലിൽ കേന്ദ്രസര്‍ക്കാര്‍ എത്തിച്ചേർന്നാൽ അതിൽ കുറ്റം പറയാനാകില്ല. ഇതു കേന്ദ്രം ഭാവിയിൽ കേരളത്തെ കേൾക്കുന്നതിനേയും ദോഷകരമായി ബാധിച്ചേക്കാം. കേരളത്തിന്റെ യഥാര്‍ത്ഥ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിൽ നിന്നും കേന്ദ്രത്തെ പിന്തിരിപ്പിക്കാന്‍ ഈ മനോഭാവം കാരണമായെക്കാം.

 

എല്ലാത്തിനുമുപരി ഈ സമീപനം കേരളജനതയുടെ മാനസിക ഘടനയിൽ ഗുരുതരമായ വൈകല്യത്തെ സൃഷ്ടിക്കും. കേരളത്തിൽ കിട്ടുന്ന മഴയാണ് കേരളത്തെ കേരളമാക്കി മാറ്റുന്നത്‌. അതായതു മഴയാണ് കേരളം. കേരളത്തിന്റെ ശക്തി. ആ ശക്തിയെയാണ് ദുരിതമായി ചിത്രീകരിച്ച്‌ യാചകരെപ്പോലെ കേന്ദ്രത്തോട് കേഴുന്നത്. ടെലിവിഷനൊക്കെ വരുന്നതിനു മുന്‍പ് ഉത്തരേന്ത്യയിൽ വെള്ളപ്പൊക്കമെന്ന്‍ കാർഡടിച്ച് യാചനയ്ക്ക് വരുന്നവരുടെ അവസ്ഥയ്ക്ക്‌ സമാനമാണിത്. അന്നുപോലും അത്തരക്കാരെ സംശയദൃഷ്ടിയോടെയാണ് ആളുകള്‍ കണ്ടിരുന്നതെന്നോർക്കണം.

 

സംസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള ഭരണമായിരിക്കും തന്റേതെന്ന് പ്രധനമന്ത്രി പ്രസ്താവിച്ചിട്ടുള്ളതിനോട്‌ സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിനു മുന്‍‌തൂക്കം നൽകി ഭരിക്കാനുള്ള ഉത്തരവാദിത്ത്വവും ബാധ്യതയും സംസ്ഥാന സർക്കാറിനുണ്ട്‌. അതു മറന്നിട്ട്‌ പ്രവർത്തിച്ചതിനുശേഷം കേന്ദ്രം സംസ്ഥാനത്തോട്‌ അവഗണന കാട്ടുന്നുവെന്ന പതിവു പല്ലവി തുടർന്നാൽ പഴയതുപോലെ ജനം വിശ്വസിക്കില്ല എന്ന തിരിച്ചറിവ്‌ ഭരണത്തിലിരിക്കുന്നവർക്ക് ഉണ്ടാകേണ്ടതാണ്. ഫൈലീന്‍ ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡിഷയിലെ നവീന്‍ പട്നായക് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും അതുവഴി ജനങ്ങളുടെ ജീവനും സ്വത്തിനും ഉണ്ടായ നഷ്ടം പരിമിതമാക്കിയത് പോലുള്ള അനുഭവങ്ങള്‍ ജനങ്ങളുടെ മുന്നിലുണ്ട്.   

 

ചുരുക്കത്തില്‍, കാർഡടിച്ചുള്ള ഏർപ്പാട്‌ അവസാനിപ്പിച്ചു നാടോടികൾ ട്രാഫിക്‌ ജംഗ്ഷനുകളിൽ ഗതാഗത കുരുക്കുണ്ടാകുമ്പോൾ ഉൽപ്പന്നങ്ങൾ വിൽക്കാൻ വരുന്നത്‌ സംസ്ഥാന സര്‍ക്കാര്‍ പഠനവിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.