നവ-സാമൂഹ്യ മാധ്യമങ്ങളിലെ ഹിന്ദി ഉപയോഗം സംബന്ധിച്ച് കേന്ദ്രസർക്കാർ കൈക്കൊണ്ട ചില നിലപാടും കടുത്ത എതിർപ്പിനെത്തുടർന്ന് ആ നിലപാടിൽ നിന്ന് പിന്നോട്ടുപോകാനുണ്ടായ സാഹചര്യവുമെല്ലാം ഭാഷാവികാരത്തെ വീണ്ടും സജീവമാക്കിയിരിക്കുന്നു. ഭാഷയുടെ ജനാധിപത്യ സ്വഭാവത്തെ ഇല്ലായ്മ ചെയ്യും, ഏകാധിപത്യ പ്രവണതകളിലേക്ക് രാജ്യം നീങ്ങും, രാജ്യത്തിന്റെ വൈവിദ്ധ്യം ഇല്ലായ്മ ചെയ്യും തുടങ്ങി അനേകം കാരണങ്ങൾ നിരത്തിക്കൊണ്ടാണ് ഭാഷയെ വികാരവുമായി ബന്ധപ്പെടുത്തി പ്രതിരോധമുയർത്തുന്നത്. ഇത് വീണ്ടും ഭാഷയെ വൈകാരികതയുമായി കൂടുതൽ ബന്ധിപ്പിക്കാൻ മാത്രമേ സഹായിക്കുകയുള്ളു. അതു ഏതാണ്ട് ഭാഷാഭ്രാന്ത് അല്ലെങ്കിൽ മാതൃഭാഷാ മൗലികവാദം എന്ന തലത്തിലേക്ക് കാര്യങ്ങളെ കൊണ്ടുപോകുന്നു. ഇവിടെയെല്ലാം സംഭവിക്കുന്നത് ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും കൃത്യമായ രീതിയിൽ വിവേകത്തിന്റെ വെളിച്ചത്തിൽ കാണാൻ കഴിയാതെ പോകുന്നു എന്നതാണ്. ഒരു സമൂഹത്തിന്റെ ഒന്നിച്ചുചേർന്നുള്ള കടച്ചിലിൽ നിന്നും മുകളിൽ തെളിയുന്ന വെണ്ണയാണ് ഭാഷ. അതുരുക്കി നെയ്യാക്കി തിരി കത്തിച്ചാൽ തീയും വെളിച്ചവും ലഭിക്കും. തീ ഉപയോഗിക്കുന്നത് ക്രിയാത്മകമല്ലെങ്കിൽ അത് വിനാശകരമാകും. കത്തിക്കുന്നവർക്കും കത്തുന്നവർക്കും ഒരുപോലെ.
സ്വന്തം പ്രാദേശികഭാഷ നന്നായി അറിയുന്ന വ്യക്തിക്കു മാത്രമേ ലോകത്തെ അതിന്റെ സമഗ്രതയിൽ അറിയാൻ കഴിയുകയുള്ളു. ആ അറിവിൽ നിന്നാണ് അയാൾ തനിക്കും മറ്റുള്ളവരെ ബാധിക്കുന്നതുമായ തീരുമാനങ്ങളെടുത്ത് ജീവിക്കുക. അതിന്റെ അഭാവമാണ് കഴിഞ്ഞ അര നൂറ്റാണ്ടുകൊണ്ട് മനുഷ്യൻ ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും ഉപയോഗിച്ചുകൊണ്ട് മനുഷ്യനുൾപ്പെടെ ഒരു ജീവിക്കും സുഖമായി ജീവിക്കാൻ പറ്റാത്ത ഇടമായി ഭൂമിയെ മാറ്റിയത്. അതത് മേഖലയിൽ പ്രാവീണ്യം നേടിയവരാണ് ഇതിനൊക്കെ ചുക്കാൻ പിടിച്ചതെന്ന് ഓർക്കുമ്പോൾ പ്രകൃതിയേയും മനുഷ്യനേയും ഇണക്കുന്ന കണ്ണി അറ്റുപോയതിൽ നിന്നുണ്ടായ അബോധാവസ്ഥയുടെ കാഠിന്യം വ്യക്തമാകുന്നു. ഈ കണ്ണിയാണ് ഒരു വ്യക്തിയുടെ മാതൃഭാഷ. ഒരു പ്രദേശത്തിന്റെ നിലനിൽപ്പും സാമ്പത്തിക-സാംസ്കാരിക വികസനവും ഈ കണ്ണിയെ ആശ്രയിച്ചിരിക്കുന്നു. ഈ ദുരന്താവസ്ഥയിൽ നിന്നുള്ള മോചനത്തിനും ഭാഷ നിർണ്ണായക പങ്ക് വഹിക്കുന്നു. പതിനായിരക്കണക്കിന് വർഷങ്ങളായി രൂപപ്പെട്ട കേരളത്തിലെ നാട്ടറിവുകൾ മിക്കതും ഉന്മൂലനം ചെയ്യപ്പെട്ട ദുരവസ്ഥ ഓർക്കാവുന്നതാണ്. അതിൽ ഭൂവിനിയോഗം തുടങ്ങി ആരോഗ്യപാലനം, ചികിത്സ, വ്യക്തിത്വവികസനം എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം സമഗ്രമായി ഉൾക്കൊണ്ടിരുന്നു. ഇന്നിപ്പോൾ മഹാഷൗധങ്ങളിലൂടെ ചവിട്ടി നടന്ന് കാലാവസ്ഥ മാറുന്നതനുസരിച്ച് രോഗങ്ങൾ വരുന്ന കേരളത്തിൽ ഇൻഷുറൻസില്ലെങ്കിൽ ചികിത്സ തേടാൻ പോലും പറ്റാത്ത ഗതിയിലെത്തിയിരിക്കുന്നു. ഒട്ടുമിക്ക രോഗങ്ങൾക്കും നാട്ടുമരുന്നും നാട്ടറിവും ഉപയോഗിച്ചിരുന്ന മലയാളി ഇന്ന് രോഗങ്ങൾകൊണ്ട് മൃതപ്രായരായിക്കൊണ്ടിരിക്കുന്നു. മാതൃഭാഷയെ അവഗണിച്ചതിന്റെ ഫലമാണിത്. ഇന്ന് കേരളത്തിന്റെ പ്രകൃതിയും മനുഷ്യനും നേരിടുന്ന ശാരീരിക രോഗങ്ങളെല്ലാം ഒന്നുതന്നെയാണ്.
സ്വന്തം അമ്മയെ സ്നേഹിക്കുകയും ആ അമ്മയുടെ സ്നേഹം സ്വീകരിക്കുന്നതിലൂടെയുമാണ് ഒരു വ്യക്തിക്ക് മാതൃസ്നേഹം അനുഭവിക്കാനും അറിയാനും കഴിയുകയുള്ളു. അങ്ങനെ അറിഞ്ഞ വ്യക്തിക്കു മാത്രമേ മാതൃസ്നേഹം അഥവാ മാതൃത്വം എന്ന സാർവലൗകികമായ പ്രതിഭാസത്തെ അടുത്തറിയാൻ കഴിയുകയുള്ളു. വ്യക്തിപരമായ അനുഭവവും അറിവും വ്യക്തികളിലൂടെ സാർവലൗകികതയിലേക്ക് ഉയരുന്നത് ഇപ്രകാരമാണ്. ഏത് സാർവലൗകികതയേയും വ്യക്തി മനസ്സിലാക്കുന്നതും അറിയുന്നതും ഈ വൈയക്തിക തെളിച്ചത്തിലൂടെയാണ്. സ്വന്തം അമ്മയെ സ്നേഹിക്കുകയും അമ്മയിൽനിന്ന് സ്നേഹം അനുഭവിക്കുകയും അറിയുകയും ചെയ്ത വ്യക്തി മറ്റേത് അമ്മയേയും അറിയാതെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോകും. അങ്ങനെയുള്ള വ്യക്തിക്ക് ഒരമ്മയേയും ഇകഴ്ത്താനോ ആക്ഷേപിക്കാനോ കഴിയുകയില്ല. ഇതേ കാര്യം തന്നെയാണ് ഭാഷയുടെ കാര്യത്തിലും സംഭവിക്കുക. ഏതു ഭാഷയേയും സ്നേഹത്തോടും കൗതുകത്തോടും സ്വീകരിക്കാനും കഴിയുന്നതിന് ആധാരം സ്വന്തം മാതൃഭാഷയുമായുള്ള ഹൃദയബന്ധമാണ്. മാതൃഭാഷ ഹൃദയവുമായി ആദ്യബന്ധം സ്ഥാപിക്കുന്നു. അത് വ്യക്തിയും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ അക്ഷരമാല സ്വായത്തമാക്കലിന്റെ തുടക്കമാണ്. ആ അക്ഷരമാലയിലൂടെ വികസിക്കുന്ന വാക്കും ഭാഷയുമാണ് വ്യക്തിയുടെ വികാസത്തെ നിശ്ചയിക്കുന്നത്. ബുദ്ധിയിൽ മാത്രം തങ്ങിനിൽക്കുന്ന അക്ഷരമാലയും അതിൽ നിന്ന് രൂപം പ്രാപിക്കുന്ന ഭാഷയും അപകടമാണ്. അമ്മയെ ബുദ്ധിയിലൂടെ അറിയാൻ ശ്രമിച്ചിട്ട് മാതൃത്വത്തെ വ്യാഖ്യാനിക്കുന്നതുപോലെ. ആ ദുരന്തമാണ് ഇന്ന് അന്നവും വെറും വിഷപ്പൊതിപോലെ ഭക്ഷിക്കാൻ നാം നിർബന്ധിതരായിരിക്കുന്നത്.
സർക്കാറുകള് എന്തു തീരുമാനമെടുത്താലും ഇന്റർനെറ്റിലൂടെ വികസിക്കുന്ന ബന്ധിതലോകം പ്രാദേശികഭാഷാ പ്രയോഗത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. അതിന്റെ ശക്തിയും സാധ്യതയും കണ്ടുകൊണ്ടുതന്നെയാണ് അങ്ങനെ സംഭവിക്കുന്നത്. ശക്തിയെ ദൗർബല്യംകൊണ്ട് കീഴടക്കാനാകില്ല എന്നുള്ളതും ശുഭാപ്തിവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു. അത്തരത്തിലൊരു പരിണാമത്തിന് സമയം ധാരാളം വേണ്ടിവരും. എന്നാൽ ഭാഷയെ അറിഞ്ഞ്, വൈകാരികതയിൽ നിന്നും ഭ്രാന്തിൽ നിന്നും അകന്ന്, ശാസ്ത്രീയവും സർഗാത്മകവുമായി കണ്ടുകൊണ്ട് ഭരണാധികാരികൾ പദ്ധതികൾ ആവിഷ്കരിക്കുകയാണെങ്കിൽ പുതുയുഗത്തിൽ മാറ്റത്തിനൊപ്പവും അൽപ്പം മുന്നേയും നടക്കാൻ സഹായകമാകും. അത്തരത്തിലൊരു വീക്ഷണത്തിലേക്ക് മാറുകയാണെങ്കിൽ കേരളം മുഴുവൻ അവസരങ്ങളുടെ തീരാഖനിയായി മാറും.