കമ്പോളം സമൂഹത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. അവിടെ ലാഭം അമിതമായി വേണമെന്ന ആസക്തി ആധിപത്യം സ്ഥാപിച്ചപ്പോൾ കമ്പോളത്തിന്റെ സംസ്കാരം മാനവസംസ്കാരത്തിന്റെ ആരോഗ്യകരമായ പരിവർത്തനത്തിന് ഉതകുന്നതിന് പകരം ദോഷകരമായി മാറി. അതിനാൽ കമ്പോളസംസ്കാരം വിപരീതാർഥവും കൈവരിച്ചു. ആ കമ്പോളം ആധുനികയുഗത്തിൽ ലാഭത്തിന്റെ അമിതവർധനയ്ക്കായി സ്ത്രീശരീരത്തേയും സ്ത്രൈണണഭാവങ്ങളേയും ഉപയോഗിക്കുന്നു. അതുകൊണ്ടാണ് ഏതു പരസ്യങ്ങളും കാണികളിൽ ലൈംഗികതൃഷ്ണ ഉണർത്തുവാന്‍ ഉദ്ദേശിച്ചുള്ളതായി മാറിയത്. ആ കമ്പോളം അതേ ഉദ്ദേശ്യത്തോടെ സ്ത്രീകൾക്ക്, വിശേഷിച്ചും സ്ത്രീയൗവനത്തിന്, നൽകിയ വേഷസമ്മാനമാണ് ജീൻസ്. കാലിഫോര്‍ണിയയിലെ ഖനിത്തൊഴിലാളികൾക്ക് പണിവേളയിലുപയോഗിക്കാൻ കൊടുത്തിരുന്ന ജീൻസ് അങ്ങനെ യൗവനത്തിന്റെ ഫാഷൻ ചിഹ്നമായി. ലൈംഗികതയെ ഉണർത്തുന്ന സൗന്ദര്യസംസ്കാരമായിട്ടാണ് കമ്പോളം ജീൻസിനെ കാണുന്നത്. കമ്പോളസൗന്ദര്യസങ്കൽപ്പത്തിലെ ഫാഷൻ-ലൈംഗിക ചിഹ്നമെന്ന് വേണമെങ്കിൽ ജീൻസിനെ വിളിക്കാം. ആ ജീൻസ് ധരിക്കാം. ധരിക്കാതിരിക്കാം. അത് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന പൗരസാതന്ത്ര്യം അനുവദിക്കുന്നു. ആ സ്വാതന്ത്ര്യം നിലനിൽക്കേണ്ടതാണ്.
പ്രപഞ്ചത്തിൽ എല്ലാത്തിനുമൊരു വ്യാകരണമുണ്ട്. ആ വ്യാകരണം പിശകുമ്പോൾ പിഴയ്ക്കുന്നത് പ്രപഞ്ചം തന്നെ. മസ്തിഷ്കകോശകോടികളിൽ ഒന്ന് തെറ്റുമ്പോൾ ആ വ്യക്തി ബുദ്ധിമാന്ദ്യം സംഭവിച്ച വ്യക്തിയാകുന്നു. സംഗീതത്തിൽ ശ്രുതിയാണ് അടിസ്ഥാന വ്യാകരണം. അതു തെറ്റുന്നതിനെയാണ് വെള്ളിവീഴുക എന്നു പറയുന്നത്. ശ്രുതിഭംഗം വന്ന സംഗീതം ആസ്വാദ്യമല്ല. സംഗീതത്തിന്റെ ഏകലക്ഷ്യം ആസ്വാദ്യതയുമാണ്. ഏതുരാഗത്തിൽ ഏതുപാട്ടും ഏതു താളത്തിലും ചിട്ടപ്പെടുത്താം. അതു ശ്രുതി ചേർന്നിരിക്കണമെന്നു മാത്രം. ജീവതത്തിലെ ഏതു പ്രവൃത്തിക്കും അങ്ങനെ ശ്രുതിചേരൽ അനിവാര്യമാണ്. അതു തെറ്റുമ്പോൾ എല്ലാം തെറ്റുന്നു. കമ്പോളത്തിന് അതു തെറ്റിയതാണ് കമ്പോളസംസ്കാരം വിപരീതാത്മകമായത്. ആ ശ്രുതിബോധത്തിൽ നിന്നാകാം യേശുദാസ് പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതിനെ വിമർശിച്ചുകൊണ്ട് തിരുവനന്തപുരത്ത് പ്രസംഗിച്ചത്.
യേശുദാസിന്റെ പ്രസ്താവന വന്നതോടെ മാധ്യമങ്ങളെല്ലാം മാധ്യമങ്ങളിലൂടെ പ്രതികരണസാന്നിദ്ധ്യമറിയിച്ചു നിൽക്കുന്നവരെ സമീപിച്ചു. വനിതാനേതാക്കൾ യേശുദാസിന്റെ അഭിപ്രായപ്രകടനത്തിൽ കലിപൂണ്ട് ഉറഞ്ഞുതുള്ളി. യേശുദാസിന്റെ പ്രസ്താവനയോടുള്ള പ്രതികരണത്തേക്കാൾ അസഹിഷ്ണുതയാണ് വെളിവായത്. ആ അസഹിഷ്ണുത മതമൗലികവാദികവാദികളുടേതു പോലെയും. അല്ലെങ്കിൽ മതമൗലികവാദ സമീപനങ്ങൾ നിയമങ്ങളായി സ്വീകരിക്കുന്ന രാജ്യങ്ങളുടെ സഹിഷ്ണുതയെ അനുസ്മരിപ്പിച്ചു. ഈ അസഹിഷ്ണുതയുടെ പ്രയോഗപരിഭാഷയാണ് തൊടുപുഴയിലെ കോളേജധ്യാപകന്റെ കൈപ്പത്തി വെട്ടാനിടയാക്കിയത്. വാക്കുകൾകൊണ്ടുള്ള ആക്രമണവും ആയുധങ്ങൾ കൊണ്ടുള്ള ആക്രമണവും ആക്രമണം തന്നെ. രണ്ടു തലങ്ങൾ എന്നുമാത്രം. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന മാധ്യമങ്ങൾ തന്നെയാണ് ഈ അസഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. സ്ത്രീകളെ വിലയിടിച്ചു കാണിക്കുന്നു, അപകീർത്തിപ്പെടുത്തുന്നു, സ്ത്രീസ്വാതന്ത്ര്യത്തെ ഹനിച്ച് ഇരുണ്ടകാലത്തിലേക്കു സമൂഹത്തെ കൊണ്ടുപോകാൻ ശ്രമിക്കുന്നു എന്നുള്ള പുരോഗമന നിലപാട് പിൻപറ്റിയാണ് ഈ മാധ്യമങ്ങൾ പ്രതികരണങ്ങൾ ഇവ്വിധം കൊടുക്കുന്നത്. അതേ വീക്ഷണത്തിലാണ് പ്രതികരണങ്ങൾ ഉണ്ടാവുന്നതും.
സ്ത്രീയെ വെറും ശരീരമായി കാണുന്നു, ചരക്കായി ചിത്രീകരിക്കുന്നു, അവൾക്കു വ്യക്തിത്വമില്ലേ എന്നൊക്കെ ചോദിക്കുകയും വിലപിക്കുകയും കമ്പോളസംസ്കാരത്തെ അടച്ചാക്ഷേപിക്കുകയുമൊക്കെ ചെയ്യുന്നവരാണ് യേശുദാസിന്റെ പ്രസ്താവനയിൽ അദ്ദേഹത്തെ വാക്കുകൾകൊണ്ട് ആക്രമിക്കുന്നത്. യുവതികളായാലും മധ്യവയസ്കകളായാലും അമ്മൂമ്മമാരായാലും ജീൻസ് ധരിക്കാനുള്ള അവകാശത്തേയോ സ്വാതന്ത്ര്യത്തേയോ യേശുദാസ് ചോദ്യം ചെയ്യുകയോ വിമർശിക്കുകയോ ചെയ്തില്ല. വേഷത്തിന്റെ കാര്യത്തിൽ ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ട ഒരു ശ്രുതിഭംഗത്തെ അദ്ദേഹം പ്രകടിപ്പിച്ചു. യുവതികൾക്ക് ജീൻസ് ധരിക്കാനുള്ള അവകാശം പോലെ യേശുദാസിന് തന്റെ അഭിപ്രായം പറയാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ആ സ്വാതന്ത്ര്യത്തെ മുഖ്യധാരയിൽ നിന്ന് ക്രമേണ നീക്കം ചെയ്ത് മൗലികവാദസംസ്കാരത്തിന് അനായാസം പ്രതിഷ്ഠിതമാകാനുള്ള ശ്രമമാണ് അറിഞ്ഞും അറിയാതെയും മാധ്യമങ്ങളും പ്രതികരണക്കാരും ചെയ്യുന്നത്. കമ്പോളം ചിരിക്കുന്നുണ്ടാവും. തങ്ങൾക്ക് ഇവരേക്കാൾ വലിയ വക്കാലത്തുകാരും പ്രചാരകരും ആരാണുള്ളത്. ഈ അവസരം നോക്കി പൃഷ്ടഭാഗത്ത് ചിരിക്കുന്ന യേശുദാസിന്റെ ചിത്രമുള്ള ജീൻസ് വിപണിയിലിറക്കി കമ്പോളം ലാഭം കൊയ്തെന്നിരിക്കും. അത്തരം ജീൻസിന്റെ പ്രചാരണം ലഭ്യമാക്കാൻ നല്ല മാധ്യമമാർക്കറ്റുള്ള പ്രതികരണപ്രമുഖനേയോ പ്രമുഖയേയോ കിട്ടിയെന്നുമിരിക്കും. കമ്പോളം മനുഷ്യന്റെ സൗന്ദര്യസങ്കൽപ്പങ്ങളെ മാധ്യമമാക്കി എത്ര മനോഹരമായാണ് തങ്ങളുടെ അജണ്ടകൾ നിർവഹിക്കുന്നതെന്ന് മനസ്സിലാക്കാനും ഈ പ്രസ്താവനയെ തുടര്‍ന്നുള്ള ആക്രമണം വഴിതുറക്കുന്നു. പുരോഗമനത്തിന്റേയും സ്ത്രീസ്വാതന്ത്ര്യത്തിന്റേയും പേരിലാണ് ഇവരേക്കൊണ്ട് കമ്പോളം ഇത് ചെയ്യിക്കുന്നതെന്നുള്ളതാണ് ചിരിക്ക് ഇട നൽകുന്നതും. യേശുദാസിനെതിരെ ആക്രമണവുമായി പ്ലക്കാർഡുമായും അല്ലാതെയും ഇറങ്ങിത്തിരിച്ചത് ആർക്കുവേണ്ടിയാണ് എന്നുള്ള ചോദ്യത്തിന് തെളിഞ്ഞുവരുന്ന ഉത്തരം ഒന്നുമാത്രം. കമ്പോളത്തിന്. കമ്പോളസംസ്കാരം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളേയും വർത്തമാനകാലത്തിൽ നിയന്ത്രിക്കുന്നു എന്നും ഇതിൽ നിന്നു മനസ്സിലാക്കാം. അതാണ് ജീവിതത്തിന്റെ ശ്രുതിഭംഗത്തിന്റേയും താളം തെറ്റലിന്റേയും കൂടുതൽ വാർത്തകൾ ഉണ്ടാകുന്നതും ഇതേ പ്രതികരണക്കാർ തന്നെ ആശങ്കപ്പെടുന്നതും.