അഴിമതിയും കേജരിവാളും

Mon, 30-03-2015 01:44:00 PM ;

kejrival, corrption-healthഅഴിമതി എതിര്‍ക്കപ്പെടേണ്ടതല്ല. അതില്ലാതാകേണ്ടതാണ്. എന്നാല്‍ കൂടുതല്‍ ഏവര്‍ക്കും സ്വീകാര്യമായി തോന്നുക അഴിമതി എതിര്‍ക്കപ്പെടേണ്ടതാണ് എന്നതിനോടാണ്. ഇത് ആരോഗ്യത്തിന്റേയും ചികിത്സയുടേയും കാര്യം പോലെയാണ്. ആരോഗ്യം ഉണ്ടാകുമ്പോള്‍ മാറി നില്‍ക്കുന്നതാണ് രോഗം.രോഗം ഇല്ലാതെവരുമ്പോള്‍ ചികിത്സ അപ്രസക്തമാകുന്നു. എന്നാല്‍ രോഗം വരുമ്പോള്‍ ചികിത്സ ആവശ്യവുമാണ്. ചികിത്സകൊണ്ട് രോഗത്തെ ഒരു പരിധിവരെ മാറ്റാം. എന്നാല്‍ ചികിത്സയിലൂടെ ആരോഗ്യത്തെ സൃഷ്ടിക്കുക സാധ്യമല്ല. ആരോഗ്യ സൃഷ്ടിക്ക് വ്യക്തമായ ജീവിത വീക്ഷണവും അതിന്റെയടിസ്ഥാനത്തിലുള്ള ജീവിത രീതിയും കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളു. ചികിത്സയുടേയും ആരോഗ്യത്തിന്റേയും വഴി അതിനാല്‍ വ്യത്യസ്തവും. അഴിമതിക്കെതിരെ പോരാടി , അതിനെതിരെ നിയമം കൊണ്ടുവന്ന് അഴിമതി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അഴിമതി വര്‍ധിക്കുകയേ ഉള്ളു. അതേ സമയം സാമൂഹികമായ ആരോഗ്യവര്‍ധനയ്ക്കുള്ള പരിപാടികളുടെ ആവിഷ്‌ക്കരണത്തിനൊപ്പം നിലവിലുള്ള രോഗചികിത്സയും നടത്തുകായണെങ്കില്‍ രോഗം ഭേദമാകുന്നവര്‍ക്ക് തങ്ങളുടെ മുന്‍പില്‍ ലഭ്യമായ രീതിയിലേക്ക് അനായാസം മാറി ആരോഗ്യം പ്രാപിക്കാന്‍ കഴിയും. അവിടെയാണ് അഴിമതിക്കെതിരെയുളള സമരങ്ങളേയും പോരാട്ടങ്ങളേയും വ്യക്തമായ കാഴ്ചപ്പാടില്‍ കാണേണ്ടതിന്റെ ആവശ്യകത. അതിന് ആദ്യമായി ആവശ്യം അഴിമതി എന്താണെന്ന് നന്നായി മനസ്സിലാക്കുക . ആരുടെയെങ്കിലും പക്കല്‍ നിന്ന് കാശോ അതിനു സമാനമായ എന്തെങ്കിലുമോ കൈപ്പറ്റി ആനുകൂല്യങ്ങള്‍ തരപ്പെടുത്തുന്നതിനെയാണ് പൊതുവേ അഴിമതിയായി കാണപ്പെട്ടുവരുന്നത്. അത് അഴിമതിയെന്ന വന്‍ വിപത്തിനെ അതിന്റെ നിഴലാട്ടത്തിലൂടെ മനസ്സിലാക്കുന്നതുപോലെയാണ്.

ആശുപത്രിവരുമ്പോള്‍ അവിടെ വര്‍ധിക്കുന്ന സംസ്‌കാരം രോഗത്തിന്റേതും രോഗ വര്‍ദ്ധനയുടേതുമാണെന്നതും അറിയാന്‍  ബുദ്ധിയുള്ളവര്‍ക്കുപോലും മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. 

അഴിമതി എന്താണെന്ന് മനസ്സിലാക്കുന്നതിന്റെ എളുപ്പത്തിനായി അഴിമതിയെ രണ്ടായി തിരിക്കാവുന്നതാണ്. ആന്തരികമായ അഴിമതി, ബാഹ്യമായ അഴിമതി. ഇതു രണ്ടും തിരിച്ചറിയുക ഒരേപോലെ ബുദ്ധിമുട്ടു തന്നെ. ആന്തരികമായ അഴിമതിയുടെ പ്രിതിഫലനമാണ് മൊത്തത്തില്‍ ബാഹ്യമായ അഴിമതി. എന്നാല്‍ അതിന്റെ ഉള്ളിലേക്കു നോക്കുമ്പോള്‍ ആന്തരികമായ അഴിമതിയും ബാഹ്യമായ അഴിമതിയും തമ്മില്‍ ചില വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. കാരണം ചിലപ്പോള്‍ ചില ബാഹ്യമായ അഴിമതികള്‍ കൊടിയ അഴിമതിയായി തുടരുമ്പോഴും അവ ചിലപ്പോള്‍ അങ്ങേയറ്റം ആദര്‍ശത്തിന്റേയും സത്യസന്ധതയുടേയും ഉദാഹരണങ്ങളായി കാണപ്പെടും. അത് ആദരണീയവും മാതൃകാപരവുമൊക്കെയായി ജനം കണ്ടെന്നിരിക്കും. അത് പുകഴ്ത്തപ്പെടും. സമൂഹത്തില്‍ അവയ്ക്ക് അംഗീകാരം കിട്ടും. അവ ആചരിക്കുന്നവര്‍ ആദരിക്കപ്പെട്ടെന്നിരിക്കും. പക്ഷേ  ഈ അഴിമതിയുടെ ദുരന്തം സംഭവിച്ചുകഴിയുമ്പോള്‍ മാത്രമാണ് അതിലെ അപകടം മനസ്സിലായെന്നിരിക്കുകയുള്ളു. ചിലപ്പോള്‍ അപകടം സംഭവിച്ചുകഴിഞ്ഞാല്‍ പോലും അത് തിരിച്ചറിയണമെന്നില്ല. ആ അവസ്ഥയിലാണ് ചികിത്സയിലൂടെ ആരോഗ്യവും, പോരാട്ടത്തിലൂടെയും നിയമനിര്‍മ്മാണങ്ങളിലൂടെയും  അഴിമതിയും ഇല്ലാതാക്കാമെന്നുള്ള ധാരണ സമൂഹത്തില്‍ വ്യാപിച്ചിരിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ കമ്പോളവ്യാപന ശ്രമത്തിന്റെ വിജയം കൂടിയാണ് ചികിത്സയിലൂടെ ആരോഗ്യം എന്ന സമവാക്യധാരണയിലേക്ക് സമൂഹം മാറാന്‍ ഇടയായത്. അതുകൊണ്ടാണ് മെഡിക്കല്‍ കോളേജുകള്‍ ജില്ലകള്‍ തൊറും പ്രഖ്യാപിക്കപ്പെടുന്നത് വന്‍ കരഘോഷത്തോടെ സ്വീകരിക്കപ്പെടുന്നത്. ആശുപത്രിവരുമ്പോള്‍ അവിടെ വര്‍ധിക്കുന്ന സംസ്‌കാരം രോഗത്തിന്റേതും രോഗ വര്‍ദ്ധനയുടേതുമാണെന്നതും അറിയാന്‍ ബുദ്ധിയുള്ളവര്‍ക്കുപോലും മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ മുദ്രാവാക്യസമാനമായ ആരോഗ്യ പരിപാടികളും രോഗപ്രതിരോധ നടപടികളും മറ്റുമൊക്കെക്കൊണ്ട് മുന്‍പത്തേതിനേക്കാള്‍ രോഗങ്ങള്‍ , അതും വന്‍വ്യാധികള്‍ , വര്‍ധിച്ചതല്ലാതെ ഇല്ലാതായിട്ടില്ല. അതും ഇപ്പറഞ്ഞ ആന്തരികമായ അഴിമതിസൃഷ്ടി - വ്യാപനത്തിന്റെ ഫലമാണ്. ഇതുതന്നെയാണ് സാമൂഹികമായി അഴിമതിക്കെതിരെ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുഴുകിയിരിക്കുന്നവര്‍ സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷവും മനശ്ശാസ്ത്രവും. അതിന്റെ ലോകത്തിലെ തന്നെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതാവ് അരവിന്ദ് കേജരിവാളും. മരുന്നുവിപണിയെ വികസിപ്പിക്കാന്‍ വിദേശ ഏജന്‍സികളും മററും ചെയ്ത അതേ നടപിടികളിലൂടെയാണ് അഴിമതി എന്ന ഒറ്റബിന്ദുവില്‍ കേന്ദ്രീകരിച്ചുകൊണ്ട് സന്നദ്ധ സംഘടകളെ രാജ്യത്ത് പെരുക്കിയത്. ഇത്തരം പോരാട്ടങ്ങളില്‍ ആത്മാര്‍ഥതയോടെ അഴിമതിയെ അംഗീകരിക്കാന്‍ കഴിയാത്ത സാധാരണക്കാര്‍ പങ്കെടുക്കുകയും അല്ലാത്തവര്‍ മാനസികമായി പിന്തുണനല്‍കുകയും ചെയ്യുന്നു എന്നുള്ളതാണ് ആന്തരികമായ അഴിമതി വരുത്തിവയ്ക്കുന്ന വിന. ഒരു ജനതയെ ഒരുപക്ഷേ നൂറ്റാണ്ടുകളോളം ച്യുതിയിലേക്കും നാശത്തിലേക്കും ഇത്തരം പ്രവൃത്തികള്‍ തള്ളിവിടും. കാരണം പ്രത്യക്ഷ അഴിമതിയാണെങ്കില്‍ അവ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയുന്നതാണ്. അരവിന്ദ് കേജരിവാള്‍ ഇന്ത്യന്‍ ജനതയുടെ ആത്മാവില്‍ വിശ്രമിക്കുന്ന ഗാന്ധിസമൃതിയെ ഉണര്‍ത്തിക്കൊണ്ടാണ് അഴിമതിക്കെതിരെയുള്ള പോരാട്ടവുമായി രംഗത്തെത്തിയത്. ഒരു മിമിക്രി എന്നപോലെ തുടക്കം അണ്ണാഹസാരെയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു.

      കണ്ടാല്‍ അറിയാത്തത് പറഞ്ഞാല്‍ എങ്ങിനെ അറിയാന്‍ കഴിയുമെന്നുള്ള ശ്രീനാരായണഗുരുവിന്റെ ചോദ്യമാണ് ആം ആദ്മിക്കാരെ കാണുമ്പോള്‍ ഓര്‍മ്മിക്കപ്പെടുക. സാധാരണക്കാരനെ കാഴ്ചയില്‍ തിരിച്ചറിയേണ്ടതാണ്. എന്നാല്‍ ഗാന്ധിത്തൊപ്പി വച്ച് ഞാന്‍ സാധാരണക്കാരനാണ് എന്നെഴുതി വച്ചതിലൂടെത്തന്നെ അത് ഗാന്ധിനിഷേധമായി മാറുകയായിരുന്നു. ഗാന്ധിജി പണക്കാരനും പാവപ്പെട്ടവനെന്നുമാത്രമല്ല, വിദേശിയേയും സ്വദേശിയേയും പോലും മാനവസമൂദായത്തിലെ അംഗങ്ങളെന്നപോലെയേ കണ്ടിരുന്നുള്ളു. അരവിന്ദ് കേജരിവാള്‍ നിര്‍വഹിച്ചത് ഗാന്ധിജിയെ ദുരുപയോഗം ചെയ്യുകയായിരുന്നു. തന്റെ സ്വാര്‍ഥ താല്‍പ്പര്യത്തിനായി മഹാത്മാവിനെ വികലമാക്കി ഗാന്ധിജി പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളെ വളച്ചൊടിച്ച് വികൃതമാക്കുകയായിരുന്നു. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ നേടിയ ചരിത്ര വിജയവും ഇപ്പോള്‍  അതിന്റെ സൃഷ്ടാക്കളായിരുന്നവര്‍ പുറത്താക്കപ്പെട്ടതിലൂടെയും കാണുന്നത്. യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ശാന്തിഭുഷണും എല്ലാം ഇപ്പോള്‍ പറയുന്നത് അരവിന്ദ് കേജരിവാളിന്റെ സ്വേഛാദിപത്യ പ്രവണതകളെക്കുറിച്ചാണ്. വിഭിന്ന സ്വരം ഉയര്‍ത്തുന്നവരെ മൂന്നു മാസം പോലും സഹിക്കാന്‍ കഴിയാത്ത നേതാവാണെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ പുറത്താക്കല്‍. സ്വേഛാദിപത്യ പ്രവണത വളര്‍ന്നുകഴിഞ്ഞാല്‍ ഉണ്ടാവുന്ന ദുരന്തങ്ങള്‍ അഴിമതി പോലെയല്ല. അഴിമതിക്കെതിരെ പോരാടാനുള്ള ഇടം അഴിമതി നിറഞ്ഞ അവസരത്തില്‍ അവശേഷിക്കുന്നുണ്ട്. എന്നാല്‍ സ്വേഛാദിപത്യം തഴയ്ക്കുന്നിടത്ത് മിണ്ടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. അവിടെയാണ് സ്വാര്‍ഥ താല്‍പ്പര്യത്തിന് ഗാന്ധിജിയേയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളേയും വികലമാക്കി ആന്തരികമായ അഴിമതി കാട്ടുന്ന അരവിന്ദ് കേജരിവാളിന്റെ അഴിമതിയെക്കുറിച്ച് ചിന്തിക്കേണ്ടത്.

Tags: