നാഷണല്‍ ഹെരാള്‍ഡ് കേസ് - മുഖം രക്ഷിക്കലില്‍ കോണ്ഗ്രസ്സ് വിജയിച്ചു!!!

Sat, 19-12-2015 09:28:00 PM ;

രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും മനസ്സിലാകുന്ന കാര്യമാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്സില്‍ ബി ജെ പി സര്‍ക്കാരിന്റെ പകപോക്കലല്ല, മറിച്ച് കോടതി സമന്‍സിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സോണിയാ ഗാന്ധിക്കും വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കും കോടതിയില്‍ ഹാജരാകേണ്ടിവന്നതെന്ന്. എന്നിട്ടും കോണ്‍ഗ്രസ് പാര്‍ലമെണ്ട് സ്തംഭിപ്പിക്കുകയും സുബ്രഹ്മണ്യം സ്വാമിയിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇവ്വിധം കോണ്‍ഗ്രസ്സ് നിലപാടെടുത്തതെന്ന് ആംഗലേയ മാധ്യമ ബുദ്ധിജീവികളും അവരുടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സ്വതന്ത്ര ബുദ്ധിജീവികളുമൊക്കെ ചോദിക്കുന്നു.എന്തുകൊണ്ടാണ് രണ്ടായിരം കോടി രൂപയുടെ നാഷണല്‍ ഹെറാള്‍ഡ് ആസ്തി സോണിയയുടേയും രാഹുലിന്റേയും നിയന്ത്രണത്തില്‍ വരുന്ന വിധം യംഗ് ഇന്ത്യയില്‍ എഴുപത്തിയാറ് ശതമാനം ഓഹരി അവര്‍ക്കായതെന്നുള്ള ചോദ്യത്തിനൊന്നും ആര്‍ക്കും മറുപടിയില്ല. അതൊക്കെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തീരുമാനമാണ് അതിനെ പുറമേ നിന്നുളളവര്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ചാനല്‍ ചര്‍ച്ചനയിക്കുന്നവരുടെ ചോദ്യത്തിനുള്ള കോണ്‍ഗ്രസ്സ് വക്താക്കളുടെ മറുപടി.

           ബി ജെ പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ഏതെങ്കിലുമൊരവസരം കിട്ടിയാല്‍ ഒന്നിക്കാന്‍ വെമ്പലോടെ നില്‍ക്കുന്ന പ്രതിപക്ഷത്തുള്ള പാര്‍ട്ടികളും കോണ്‍ഗ്രസ്സിന്റെ ഈ നിലപാട് കണ്ട് അന്ധാളിച്ചു പോയി. സി പി എം പരസ്യമായിത്തന്നെ ഇത് കോടതി നടപടിയുടെ ഭാഗമാണെന്നും അതിന്റെ പേരില്‍ പാര്‍ലമെണ്ട് സ്തംഭിപ്പിക്കുന്നത് ശരിയല്ലെന്നും പരസ്യമായി പ്രസ്താവിക്കുകയുണ്ടായി. ആകപ്പാടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് മാത്രമാണ് സോണിയാ ഗാന്ധിക്ക് പിന്തുണ അറിയിച്ചത്. അവര്‍ പോലും പാര്‍ലമെണ്ടിന്റെ നടുത്തളത്തില്‍ കോണ്‍ഗ്രസ്സിനോടൊപ്പം ഇറങ്ങാന്‍ ചെന്നില്ല. രാജ്യത്തെ ബാധിക്കുന്ന ഒട്ടനവധി ബില്ലുകള്‍ പാര്‍ലമെണ്ടിന്റെ മുന്നിലുള്ളപ്പോഴാണ് കോണ്‍ഗ്രസ്സ് ബി ജെ പി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടി ആരോപിച്ചുകൊണ്ട് പാര്‍ലമെണ്ടിനകത്ത് സ്തംഭനുവും പുറത്ത് ബഹളവും സൃഷ്ടിച്ചത്.

     ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നുവെന്നത് സുവ്യക്തമായത് ഡിസമ്പര്‍ 18ന് പാട്യാല ഹൗസ് കോടതിയില്‍ സോണിയയും രാഹുലും ഹാജരായതോടെയാണ്. യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിക്കുന്നത്. ആവര്‍ത്തിച്ച് കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് കോടതി ഇരുവര്‍ക്കും സമന്‍സ് അയച്ചത്. അപ്പോള്‍ കോടതിയില്‍ ഹാജരാകാതിരിക്കാന്‍ നിവൃത്തിയില്ല. സമന്‍സിന്‍മേല്‍ കോടതിയില്‍ സാധാരണ പൗരന്മാരെപ്പോലെ ഹാജരായി ജാ്മ്യമെടുത്താല്‍ ജനനമനസ്സില്‍ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ട സോണിയയും രാഹുലും ജാമ്യമെടുത്താതായ രീതിയിലുള്ള ധാരണയാകും പതിയുക. അത് ജനമധ്യത്തില്‍ വിശദീകരിക്കാന്‍ വളരെ ബുദ്ധിമുട്ടാകും. എന്നാല്‍ ഗീബല്‍സിന്റെ അതേ തന്ത്രം ഉപയോഗിച്ച് കോടതിയില്‍ ഹാജരാകേണ്ട സമയമായപ്പോഴേക്കും ക്രിമിനല്‍ കേസ്സില്‍ കോടതിയില്‍ ഹാജരാകേണ്ടതിനെ ഉഗ്രന്‍ രാഷ്ട്രീയ വിഷയമായി മാറ്റുന്നതില്‍ കോണ്‍ഗ്രസ്സ് വിജയിച്ചു. താന്‍ ഇന്ദിരാ ഗാന്ധിയുടെ മരുമകളാണെന്ന പ്രഖ്യാപനവും ഈ സംഭവത്തോടോപ്പം ചേര്‍ക്കപ്പെട്ടതോടുകൂടി ചരിത്രവുമായി ബന്ധപ്പെടുത്തി ഇന്ദിര പീഡിക്കപ്പെട്ടതുപോലുളള ഘട്ടത്തിലൂടെയാണ് സോണിയയും കടന്നുപോകുന്നതെന്ന പൊതുബോധം സൃഷ്ടിക്കാന്‍ കുറച്ചെങ്കിലും വിജയം കണ്ടത്തിയതായി സമ്മതിക്കേണ്ടിവരും.

    ഈ പശ്ചാത്തിലത്തില്‍ വെറുമൊരു ക്രിമിനല്‍ കേസ്സിനെ രാഷ്ട്രീയ വിഷയമാക്കി പാട്യാല ഹൌസ് കോടതിയില്‍ നാടകീയ മൂഹുര്‍ത്തങ്ങളോടെ മാധ്യമവെളിച്ചത്തില്‍ സോണിയയും രാഹുലും ജാമ്യക്കാരനായി മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗും , പ്രിയങ്കാ ഗാന്ധിയുള്‍പ്പടെയുള്ള സോണിയയുടെ കുടുംബാംഗങ്ങളും ആഘോഷപൂര്‍വ്വമാണ് എത്തിയത്. ഇന്ത്യയുടെ രാഷ്ടീയ ചരിത്രത്തിലെ ഒരു അസുലഭ നിമിഷം പോലെയാണ് ചാനല്‍ കാര്‍ അതിനെ കൈകാര്യം ചെയ്തത്. പ്രിയങ്ക വന്നിറങ്ങി നടന്ന് കോടതിയിലേക്ക് പോയപ്പോള്‍ ദൂരെ നിന്ന് ആര്‍ത്തനാദം പോലെ അഭ്യര്‍ഥനാ രൂപത്തില്‍ പ്രിയങ്കാ..... പ്രിയങ്കാ...... എന്ന് ഏതോ ചാനല്‍ പ്രവര്‍ത്തക വിളിക്കുന്നതു കേള്‍ക്കാമായിരുന്നു. താര പരിവേഷത്തില്‍ അതിനെ കേള്‍ക്കാത്തവണ്ണം പ്രിയങ്ക നടന്നു മുന്നോട്ടു പോയി.

           കോടതിയില്‍ നിന്നിറങ്ങി വന്ന സോണിയയും രാഹുലും മന്‍മോഹന്‍ സിംഗും ചെറു പ്രതികരണം നല്‍കി മാധ്യമങ്ങളേയും അവിടെ കൂടിനിന്നവരേയും ആശ്വസിപ്പിച്ചു. അപ്പോഴും അവര്‍ പ്രതികരണത്തില്‍ ഊന്നിയത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തേപ്പറ്റിയാണ്. ക്രിമിനല്‍ കേസ്സില്‍ ജാമ്യമെടുക്കുന്നതിന്റെ ജാള്യതയ്ക്കു പകരം ആഘോഷപൂര്‍വ്വം രാജ്യത്തേയും ലോകത്തേയും സാക്ഷി നിര്‍ത്തി അവര്‍ ആഘോഷപൂര്‍വ്വം കോടതിയിലെത്തി ജാമ്യമെടുത്തു മടങ്ങി. ഇതിനുവേണ്ടിയായിരുന്നു ദുര്‍ബലമായ കാരണങ്ങള്‍ പോലുമില്ലാതിരുന്നിട്ടും ആര്‍ക്കും മനസ്സിലാകാതിരുന്നിട്ടും കോണ്‍ഗ്രസ്സ് പാര്‍ലമെണ്ട് സ്തംഭിപ്പിച്ചതും വക്താക്കളെ ചാനലുകാരുടെ മുന്നിലേക്കെറിഞ്ഞുകൊടുത്ത് അവരെ ചര്‍ച്ചകള്‍ക്കിടയില്‍ വെള്ളം കുടിപ്പിച്ചതുമെല്ലാം.

Tags: