കേരളാ കോൺഗ്രസ്സ് പിളർപ്പും വാക്കിന്റെ വില നഷ്ടപ്പെട്ട കാലവും

Glint Staff
Fri, 04-03-2016 11:14:00 AM ;

antony raju

 

മനുഷ്യന്റെ എസ്സൻസ് അഥവാ സത്ത വാക്കാണ്. അത് അളവുകോലാവുകയാണെങ്കിൽ ഇപ്പോൾ കേരളാ കോൺഗ്രസ്സ് മാണിവിഭാഗം വിട്ട ആന്റണി രാജുവിനെ അളക്കുമ്പോൾ കിട്ടുന്ന ഫലം എന്തായിരിക്കും. അതിനുത്തരം എന്തെന്ന് പറയുന്നത് അദ്ദേഹത്തോട് ദയയില്ലാത്ത പ്രവൃത്തിയായിപ്പോകും. ആന്റണി രാജു കേരളാ കോൺഗ്രസ്സ് വിടാൻ കാരണം നാട്ടിൽ പൊതുവെ വാക്കിന് വിലയില്ലാതെ വന്നതിനാലാണ്. അതാണ് അദ്ദേഹത്തിനും കൂട്ടർക്കും ഈ നീക്കത്തിന് ശക്തി പകർന്നത്.

 

കെ.എം.മാണി കോഴ കൈപ്പറ്റിയെന്ന ബാർക്കോഴക്കേസ്സ് കത്തി കൊടുമ്പിരി കൊണ്ടുനിന്നപ്പോൾ മാണിപോലും ക്ഷീണിതനായി. എന്നാൽ തന്റെ നേതാവിനും ശക്തി പകരുന്ന രീതിയിലാണ് ആന്റണി രാജു മാധ്യമങ്ങളിലൂടെ മാണിയേയും യു.ഡി.എഫിനേയും പ്രതിരോധിച്ചത്. ആ പ്രതിരോധത്തിന്റെ കൂടെ ശക്തി കൊണ്ടാണ് മാണി കോഴ ആരോപണം ഉണ്ടായപ്പോൾ ആദ്യനാളുകളിൽ അനുഭവപ്പെട്ട ശക്തിക്ഷയത്തിൽ നിന്ന് പിടിച്ചുകയറിയത്. വേണമെങ്കിൽ വീണ്ടും മന്ത്രിയാകാനുള്ള അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയതും.

 

ഇപ്പോൾ ആന്റണി രാജുവും  ഫ്രാൻസിസ് ജോർജും ഡോ.കെ.സി.ജോസഫുമൊക്കെയാണ് കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പിൽ നിന്നു പുറത്തു വന്നിട്ടുള്ളത്. പി.ജെ.ജോസഫ് പാർട്ടി വിടില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വാക്കിന് വിലയില്ലാത്ത കാലമായതിനാൽ അദ്ദേഹം വരും ദിവസങ്ങളിൽ പാർട്ടി വിട്ട് വന്നാലും ഒട്ടും അതിശയിക്കാനില്ല. അതിനേക്കാൾ തമാശ, മാണിഗ്രൂപ്പ് വിടുന്ന പ്രശ്നമില്ല എന്ന് പ്രഖ്യാപിച്ചു നിൽക്കുന്ന ജോസഫിന്റെ പേരിലുള്ള പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കുമെന്നാണ് ആന്റണി രാജു പറഞ്ഞിരിക്കുന്നത്. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലാണ് പിളർപ്പും പഴയ പാർട്ടിയുടെ പുനരുജ്ജീവനം എന്നൊക്കെ പറയപ്പെടുന്നതെങ്കിലും എല്ലാ കരുക്കളും നീക്കുന്നത് ആന്റണി രാജു തന്നെ. മധ്യതിരുവിതാംകൂർ പാർട്ടിക്ക് തലസ്ഥാനനേതാവായിട്ട് കാര്യമില്ലല്ലോ.

 

nk premachandranആന്റണി രാജു വാചാലനാകുന്നു, തങ്ങൾ പാർട്ടി വിട്ടത് സീറ്റ് തർക്കത്തിന്റെ പേരിലല്ലെന്ന്. പകരം ജനകീയ പ്രശ്നങ്ങളുടേയും താത്വിക പ്രശ്നങ്ങളുടേയും പേരിലുമാണെന്ന്. വിലയില്ലാത്ത വാക്കായതുകൊണ്ട് അദ്ദേഹം പറയുന്നതിന് വലിയ വില കൽപ്പിക്കേണ്ടതില്ല. എന്തായാലും ചാനൽകാർക്ക്, വിശേഷിച്ചും വാർത്താ ചാനലുകാർക്ക് വരുമാനമുണ്ടാകാനുള്ള വകുപ്പാണ് ഈ രാഷ്ട്രീയ നാടകങ്ങൾ കൊണ്ട് സാധ്യമാകുന്നത്. അവരുടെ രാത്രിയിലെ വാർത്താകോമഡിക്കു ശേഷമുള്ള വാർത്താ-സിനിമാ-മിമിക്രി കോമഡി പരിപാടിക്ക് നല്ല കൊയ്ത്തുകാലം. ആന്റണി രാജു ഒന്നര ആഴ്ച മുൻപ് പോലും തന്റെ നേതാവ് മാണിയെപ്പറ്റിയും യു.ഡി.എഫിനെയുമൊക്കെ പുകഴ്ത്തിക്കൊണ്ടും സംരക്ഷിച്ചുകൊണ്ടും പറഞ്ഞതും പാർട്ടി വിട്ടുകൊണ്ട് നടത്തിയ പറച്ചിലുമൊക്കെ വെറുതെ കാണിച്ചാൽ മതി. ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രന്റെ അവസ്ഥയും ഇതുപോലെ തന്നെയായിരുന്നു. പ്രേമചന്ദ്രനും ഇതുപോലെ തെരഞ്ഞെടുപ്പിന്റെ തലേന്നെന്നോണമായിരുന്നു താത്വികമായ കാരണം ഉയർത്തിപ്പിടിച്ചുകൊണ്ട് പാർട്ടി വിട്ടത്.

 

വാക്കിന് എത്ര വിലയില്ലെങ്കിലും വാക്കിന് പകരം വയ്ക്കാൻ ഒന്നുമില്ലാത്തതിനാൽ വീണ്ടും വാക്ക് കേൾക്കാതെ നിവൃത്തിയില്ല. പ്രേമചന്ദ്രൻ ഇപ്പോൾ പഴയ വാശിയെടുക്കാൻ ശ്രമിക്കുമെങ്കിലും അതുപോലെ വരില്ലെങ്കിലും അദ്ദേഹം യു.ഡി.എഫിനെയും സോണിയാ ഗാന്ധിയെയുമൊക്കെ കേരളത്തിൽ ന്യായീകരിച്ചുകൊണ്ട്, ദില്ലിയിലിരുന്നാണെങ്കിലും, സംസാരിക്കുന്നത് കാണികൾക്ക് കൗതുകം തന്നെ.

 

ഇടതുമുന്നണിയിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് പാർട്ടി വിട്ട ആന്റണി രാജു പറയുന്നു. അദ്ദേഹത്തിനുമറിയാം അദ്ദേഹം പറയുന്നത് കാണുകയും കേൾക്കുകയും ചെയ്യുന്നവർ അതു വിശ്വസിക്കില്ലെന്ന്. പിന്നെ എന്തുകൊണ്ട് വീണ്ടും അദ്ദേഹം ഇങ്ങനെ പറയുന്നു. കുറഞ്ഞ പക്ഷം ഒഴിവാക്കാവുന്ന അസത്യപ്രസ്താവനയെങ്കിലും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നേതാക്കന്മാർ ഒഴിവാക്കേണ്ടതാണ്.

 

ചാനൽകാർ ഇനി ആന്റണി രാജുവിനെ ചർച്ചയ്ക്കു വിളിക്കുകയാണെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിളിക്കുന്നതെന്ന് പ്രേക്ഷകരോട് വിവരിക്കാൻ അവർക്ക് ബാധ്യതയുണ്ട്. ഒരു വിഷയത്തിൽ ഒരു നേതാവിന്റെ അഭിപ്രായം ജനായത്ത സംവിധാനത്തിൽ പ്രധാനമാണ്. അത് പ്രധാനമാകുന്നത് അഭിപ്രായമെന്ന പ്രതിഭാസത്തിന് ജനായത്തത്തിലും മാനവ സമുദായത്തിലും വിലയുണ്ടാവുന്നതുകൊണ്ടാണ്. ഇത്തരം അഭിപ്രായങ്ങളിലൂടെയുണ്ടാവുന്ന സ്വാധീനത്താലാണ് ജനങ്ങളുടെ ചിന്തയും പ്രവൃത്തിയും തീരുമാനങ്ങളും ഉണ്ടാവേണ്ടതും അവയിൽ നവീകരണങ്ങൾ ഉണ്ടാവേണ്ടതും. അങ്ങിനെയെങ്കിൽ ആന്റണി രാജുവിന്റെ അഭിപ്രായം ജനങ്ങൾ അറിയേണ്ടതിന്റെ ആവശ്യം എന്താണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ മൂല്യമെന്താണ്. മൂല്യമില്ലാത്ത സംഗതി പ്രേക്ഷകരുടെ പേരിൽ കാണിച്ച് ചാനൽകാർ തങ്ങളുടെ പരസ്യമൂല്യം കൂട്ടി ധനം സമ്പാദിക്കുന്നത് എത്രമാത്രം ഉചിതമാണെന്ന് ആലോചിക്കേണ്ടതാണ്. മാധ്യമ ധർമ്മമൊക്കെ മാറ്റിവയ്ക്കാം. കാരണം അവ്വിധത്തിൽ എന്തെങ്കിലും മൂല്യം നിലനിൽപ്പുണ്ടായിരുന്നെങ്കിൽ നേതാക്കൾ ആന്റണിരാജുവിനെപ്പോലെ പെരുമാറുന്നതിൽ അൽപ്പം കൂടി മാന്യത പ്രകടമാക്കുമായിരുന്നു.

 

kodiyeri balakrishnanകേരളാ കോൺഗ്രസ്സിനെ പിളർത്തിക്കൊണ്ടു വരുന്ന ആന്റണി രാജുവും കൂട്ടരും എൽ.ഡി.എഫിൽ അനൗപചാരികമായി ഇതിനകം കയറിയിട്ടുണ്ടെന്ന് ഏവർക്കുമറിയാം. അത് ഔപചാരികമാകുന്നതുവരെ അവരുടെ പ്രതികരണവും വീക്ഷിക്കുന്നത് രസകരമായിരിക്കും. പറയുന്നവരും അത് കേൾക്കുന്നവരും വിശ്വസിക്കാത്ത അഭിപ്രായങ്ങൾ. 'അവർ ഞങ്ങളെ സമീപിച്ചാൽ മുന്നണി യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കും. അഴിമതിക്കും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ചാണ് അവർ മാണികോൺഗ്രസ്സ് വിട്ടത്.' എന്നിങ്ങനെയായിരിക്കും ഇടതുപക്ഷ നേതാക്കളുടെ പ്രസ്താവന നീണ്ടുപോവുക. പ്രത്യേകിച്ചും സി.പി.ഐ.എം നേതാക്കളുടെ. ബാർക്കോഴക്കേസ്സുണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ, കെ.എം.മാണി ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കേരളത്തിൽ മുഖ്യമന്ത്രി പോലും ആയിപ്പോകുമായിരുന്നു. മാണിയുടെ ആ സ്വപ്നം യു.ഡി.എഫിൽ ചിലരുടെ ഉറക്കം കെടുത്തിയതിന്റെ ഫലമാണ് ബാർക്കോഴക്കേസ് തനിക്കെതിരെ ഉണ്ടായതെന്ന് മാണി പറഞ്ഞതും ഓർക്കാവുന്നതാണ്. കെ.എം.മാണി കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നതിന് സര്‍വ്വഥാ യോഗ്യനാണെന്ന് സി.പി.ഐ.എം. നേതാവ് കോടിയേരി ബാലകൃഷ്ണൻ പരസ്യമായി പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ഇടിത്തീ പോലെ ബാർക്കോഴക്കേസ്സ് പൊട്ടി വീണത്.

 

ഇതെല്ലാം ചൂണ്ടുന്നത് ഒരേ കാര്യത്തിലേക്ക്. വാക്കിന് വിലയില്ലാത്ത വർത്തമാനകാലത്തിലേക്ക്. സ്വയം ബഹുമാനമില്ലായ്മയുടെയും വര്‍ത്തമാനങ്ങളിലേക്കും

Tags: