പൈങ്കിളിസാമൂഹ്യമനസ്സിന്റെ ഇരയായ മണി

Glint Staff
Mon, 07-03-2016 01:41:00 PM ;

Kalabhavan Mani

പൈങ്കിളി മാദ്ധ്യമപ്രവർത്തനത്തിന്റെ മുഖമുദ്ര മനുഷ്യനിലെ ലോലവും അധമവുമായ വികാരങ്ങളെ ഉണർത്തി രസിപ്പിക്കുക. ആ രസിപ്പിക്കലിലൂടെ കൂടുതൽ ആൾക്കാരെ തങ്ങളിലേയ്ക്കടുപ്പിക്കുക. അതുവഴി കൂടുതൽ പരസ്യവരുമാനമുണ്ടാക്കുക. ഈ മാദ്ധ്യമ സംസ്കാരം കേരളത്തിന്റെ പൊതു മാനസികാവസ്ഥയെ വല്ലാതെകണ്ട് പൈങ്കിളിവത്ക്കരിച്ചിട്ടുണ്ട്. ആ പൈങ്കിളി സാമൂഹ്യമനസ്സിന്റെ ഇരയാണ് അകാലത്തിൽ നമ്മെ വിട്ടുപോയ ചലച്ചിത്ര നടനും നാടൻ പാട്ട് കലാകാരനുമായ കലാഭവൻ മണി. ഓരോ മലയാളിയും ഇന്ന് ഈ സാമൂഹ്യ മനസ്സിന്റെ ഇരയാണ്. അതുകൊണ്ടുതന്നെ ഓരോ മലയാളിയും മണിക്കു നേരിട്ട ഗതി ഇഞ്ചിഞ്ചായി അനുഭവിച്ചുകൊണ്ടിരിക്കുന്നു. മണിയെപ്പോലെ അറിയാതെ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നു.

 

ഒരു മലയാളം വാര്‍ത്താചാനലിന്റെ റിപ്പോർട്ടർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് റിപ്പോർട്ടു ചെയ്തതിലെ ഒരു വാചകം നോക്കാം: ഒരു സെലിബ്രിറ്റി ആയതിനാൽ ജനങ്ങൾക്ക് മണിയുടെ മരണകാരണം അറിയാൻ അതിയായ ആകാംക്ഷയുണ്ടാകും. അതിനാൽ ഫോറൻസിക് സർജൻ ഇന്നു തന്നെ താൽക്കാലിക റിപ്പോർട്ടു നൽകാനാണ് സാധ്യത. മണിയെന്ന കലാകാരൻ ഓർമ്മയായി. അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മാറ്റുന്നതിനു മുൻപ് തന്നെ ജനങ്ങളുടെ ആകാംക്ഷയെ എങ്ങനെ ശമിപ്പിക്കാം എന്നുള്ളതാണ് മാദ്ധ്യമങ്ങളുടെ ചിന്ത. ആ ചിന്ത തന്നെയാണ് ഫോറൻസിക് സർജനേയും സർക്കാരിനേയും നയിക്കുന്നത്. ഇത് കേരളത്തിൽ നാമോരോരുത്തരും അറിയാതെ അകപ്പെട്ടു പോയ പൈങ്കിളി മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. മണിയുടെ മരണത്തേക്കാൾ വലിയ യാഥാർഥ്യം വേറെയില്ലെന്നും അതിനാൽ സമഗ്രമായ അന്വേഷണത്തിനു ശേഷം വിവരങ്ങൾ വെളിപ്പെടുത്തുന്നതാണെന്നും പറയാൻ ധൈര്യവും ആർജ്ജവുമുള്ള ഒരു മന്ത്രിയോ ഒരു എഡിറ്ററോ കേരളത്തിലില്ലാതെ പോകുന്നതിന്റെ തെളിവാണിത്. ഈ ആകാംക്ഷയേയും വൈകാരികതയേയും ശമിപ്പിക്കുക എന്നതായിരിക്കുന്നു മാദ്ധ്യമപ്രവർത്തനത്തിന്റെ അംഗീകൃത മാനദണ്ഡം.

 

കലാഭവൻ മണി വളര സാധ്യതയുള്ള കലാകാരനായിരുന്നു. ചരിത്രപരമായ കാരണങ്ങളിലൂടെ സാംസ്കാരികമായ ഒരു മൗലിക കല പ്രകാശിതമായ കലാകാരനായിരുന്നു കലാഭവൻ മണി. അതായിരുന്നു അദ്ദേഹത്തിലൂടെ കേരളത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും ആസ്വാദ്യമായ നാടൻ പാട്ട്. അത് നഗരത്തിലുള്ളവർക്കും ഗ്രാമത്തിലുള്ളവർക്കും ഒരേപോലെ ഹൃദ്യമായി. അതിന്റെ കാരണം ആ നാടൻ പാട്ടുകളിൽ കേരളം ഉണ്ട് എന്നതുതന്നെ. ആ കേരളം ഓരോ മലയാളിയിലും അന്തർലീനമാണ്. ആ കേരളത്തെയാണ് പല കാരണങ്ങൾ കൊണ്ട് മലയാളി ബോധപൂർവ്വവും അബോധപൂർവ്വവുമായി മറക്കാൻ പ്രേരിതമായത്. ആ മറവിയെയാണ് നാടൻ പാട്ടിന്റെ പ്രചാരത്തിലൂടെ മണി ഓരോ മലയാളിയിലും ഉണർത്തിയത്. മണി അതു വേദികളിൽ പാടുമ്പോൾ അദ്ദേഹത്തിൽ പ്രകടമായ താളവും ലയവും ആസ്വാദ്യതയും ആദിതാളവും ആദിലയവുമായി യോഗം സംഭവിക്കുന്നത് അല്ലെങ്കിൽ ചേരുന്നത് കാണാമായിരുന്നു. ചലച്ചിത്ര നടൻ എന്ന മേൽവിലാസം ഉപയോഗിച്ച് മണി നാടൻ പാട്ടിലൂടെ മലയാളിയെ ഉണർത്തുകയായിരുന്നു. കുരുവി കൂടുകെട്ടുന്നതുപോലെ മണി അത് അനായാസം ചെയ്തു. എന്നാൽ തന്നിൽ നിക്ഷിപ്തമായിരിക്കുന്നതെന്തെന്നും താനെന്താണ് ചെയ്യുന്നതെന്നും അതിന്റെ ആഴവും പരപ്പുമെന്താണെന്നും മണി അറിയാതെ പോയി. മണി അറിയാതെ കേരളത്തെ ഉണർത്തിയപ്പോൾ മണി സ്വയം ഉറക്കത്തിലേക്ക് വീണുകൊണ്ടിരിക്കുകയായിരുന്നു. അതാണ് ഒരിക്കലുമുണരാത്ത ഉറക്കത്തിലേക്ക് ഇത്രയും പെട്ടന്ന് മണിയെ കൊണ്ടെത്തിച്ചത്.

Kalabhavan Mani

ബാല്യകാലത്ത് മണിയേക്കാൾ ദാരിദ്ര്യമനുഭവിക്കുന്നവരും ദുരിതമനുഭവിക്കുന്നവരും ഇന്നും നമുക്കു ചുറ്റുമുണ്ട്. ഒന്നുമില്ലെങ്കിൽ, മണി പറയുന്നതു വെച്ചാണെങ്കിൽ, ആരെങ്കിലും ദാനം ചെയ്യുന്ന കീറിയ ഉടുപ്പും നിക്കറും ഉണക്കാനുള്ള പുകയുണ്ടാകാൻ വേണ്ടിയെങ്കിലും മണിയുടെ വീടിന്റെ അടുക്കള പുകഞ്ഞിരുന്നു. എന്നാൽ ദിവസം 3000 കുട്ടികള്‍ വിശന്നുമരിക്കുന്ന, 19 കോടി പേര്‍ വിശന്നുറങ്ങുന്ന ഇടമാണ് ഇന്നും  ഇന്ത്യ. താരതമ്യേന മെച്ചമാണെങ്കിലും കേരളത്തിലും ഇന്നും ദുരിതങ്ങളിലൂടെയും ദുഃഖങ്ങളിലൂടെയും ജീവിക്കുന്ന അനേകം ബാല്യങ്ങളുണ്ട്. അന്ന് മണിയെപ്പോലെ ദുരിതമറിഞ്ഞവരില്‍ മണിയെപ്പോലെയാകാതെ കഷ്ടിച്ച് ജീവിച്ചു പോകുന്നവരായും ധാരാളം പേര്‍ ഇന്നും കേരളത്തിലുണ്ട്.

 

പൈതൃകത്തിന്റെ പേരിൽ അഹങ്കരിക്കുക, ആഢ്യത്വം പ്രകടമാക്കുക എന്നിവയൊക്കെ നാലാംകിട സിനിമകളുടെ കൂട്ടുപിടിച്ച് മഹത്വവത്ക്കരിച്ചതിൽ കേരളത്തിലെ മാദ്ധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. ദാരിദ്ര്യവും മഹത്വവത്ക്കരിക്കപ്പെട്ട കേരളത്തിൽ, സ്വാഭാവികമായും,  മണി ആ പൈതൃകത്തെ മുറുകെപ്പിടിക്കുകയാണ് ചെയ്തത്. കലാപരമായും സാമ്പത്തികമായും പ്രശസ്തിയിലും സമ്പന്നതയിൽ നിൽക്കുമ്പോഴും മണി ദാരിദ്ര്യത്തെ കെട്ടിപ്പിടിച്ചു. ദാരിദ്ര്യം മഹത്വവത്ക്കരിക്കാനുള്ളതല്ല. അതിനെ ജയിക്കേണ്ടതാണ്. കാരണം അത് മരണമാണ്. ദാരിദ്ര്യം മൂത്താൽ മരണം സംഭവിക്കുന്നത് അതുകൊണ്ടുതന്നെ.

 

ധനം കുന്നുകൂടിയതുകൊണ്ട് ഒരു വ്യക്തി സമ്പന്നനോ സമ്പന്നയോ ആകില്ല. മണിക്ക് മണിയുടെ സമ്പത്തിനെ കാണാൻ കഴിയാതെ പോയി. അയാളുടെ വ്യക്തിപരമായ സവിശേഷ കഴിവ് ഒന്നുകൊണ്ടു മാത്രമാണ് മണി മണിയായത്. എന്നാല്‍, മണി ദാരിദ്ര്യത്തെ എപ്പോഴും പുൽകിക്കൊണ്ടിരുന്നു. അതിന്റെ തെളിവാണ് മിക്ക പത്രങ്ങളും ഒന്നാം പേജിൽ തന്നെ മണി തന്നെ എപ്പോഴും മറക്കാതെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന, തന്റെ ദാരിദ്ര്യ സ്മരണയെക്കുറിച്ച് മണി പറഞ്ഞ കാര്യങ്ങൾ ചരമവാർത്തയ്‌ക്കൊപ്പം കൊടുത്തത്. അന്നത്തെ മണിയെപ്പോലെ ഇന്നും ജീവിക്കുന്നവർ അതു വായിച്ചാലുണ്ടാകാവുന്ന അവരുടെ ഊർജ്ജശോഷണം ആലോചിക്കാവുന്നതാണ്.

 

ദാരിദ്ര്യം മണിക്ക് ഒരേ സമയം ദൗർബല്യവും ശക്തിയുമായിരുന്നു. മണി മണിയായത് ശക്തി കൊണ്ടു മാത്രമാണ്. അതാണ് മണി അറിയാതെ പോയതും മണിയെ സമൂഹം ഓർമ്മിപ്പിക്കാതെ പോയതും. ദരിദ്രമായ ബാല്യകാലത്തും ഇടവേളകളിലും പരിസരങ്ങളിലും മണിയറിഞ്ഞ സന്തോഷവും ആനന്ദവുമാണ് കേരളം മണിയിലൂടെ പരിചയിച്ച നാടൻ പാട്ടുകൾ. സാംസ്കാരികമായി മണിയുടെ ഏറ്റവും വലിയ സംഭവാവനയും അതാണ്. എന്നാൽ മണിയെ കാണുന്ന മാദ്ധ്യമലേഖകർക്കും ലേഖികമാർക്കും വിൽക്കാൻ പറ്റിയ വസ്തു മണിയുടെ വർത്തമാന പ്രശസ്തിയുടെ പിന്നിലെ ദാരിദ്ര്യത്തിന്റെ കഥയാണ്.

 

എ.പി.ജെ അബ്ദുൾകലാം അദ്ദേഹത്തിന്റെ ബാല്യത്തെക്കുറിച്ച് ഓർക്കുമ്പോൾ അതോർത്ത് ആർക്കും അയ്യോ എന്ന്‍ തോന്നാറില്ല. സമാന അവസ്ഥയിലുള്ളവർക്ക് ഊർജ്ജവും സാധ്യതയും അനുഭവപ്പെടുകയാണുള്ളത്. അദ്ദേഹത്തെപ്പോലെ മണിക്കാകാൻ പറ്റുമോ എന്നു ചോദിച്ചേക്കാം. മണിക്ക് പറ്റില്ലായിരിക്കാം. എന്നാൽ മാദ്ധ്യമപ്രവർത്തനം ഒരു സാമൂഹ്യശാസ്ത്രമാണെന്ന് ചിന്തിച്ച്, അതിനെ സമീപിക്കുന്ന ഒരു വ്യക്തിയെങ്കിലുമുണ്ടെങ്കിൽ ഒരു പക്ഷേ മണിയുടെ തന്നെ കാഴ്ചപ്പാടിൽ മാറ്റങ്ങൾ വന്നിരുന്നേനെ. കാരണം അത്രയ്ക്ക് ഊർജ്ജപ്രസരണമുള്ള വ്യക്തിയായിരുന്നു മണി. അതുകൊണ്ട് തന്നെയാണ് ഇത്രയും പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് മണി ഉയർന്നുവന്നത്.

 

മണിയെ ദാരിദ്ര്യത്തോട് ചേർത്തുവെച്ച് കാണിച്ചപ്പോൾ അറിയാതെ തന്നെ മണിയിലും ആ പൈങ്കിളി സക്രിയമായി. ദാരിദ്ര്യമെന്ന മരണത്തെ ആലിംഗനം ചെയ്തു. സഹായം ചോദിച്ചു ചെല്ലുന്നവർക്ക് ധനം കൊടുക്കുമ്പോഴും ഏതു പ്രവൃത്തിയിലേർപ്പെടുമ്പോഴും മണിയിലെ ദാരിദ്ര്യം മണിയെ വേദനിപ്പിക്കുകയായിരുന്നു. മറിച്ച് താൻ കടന്നുവന്ന വഴി പ്രചോദനമാക്കി അവതരിപ്പിക്കാൻ മണിക്ക് കഴിഞ്ഞില്ല. അത് യഥേഷ്ടം കഴിയുന്ന വ്യക്തിയായിരുന്നു മണി എന്നതായിരുന്നു യാഥാർഥ്യം. തന്റെ സ്വന്തം കഥകൾ തന്നെ ഹാസ്യാത്മകമാക്കി അവതരിപ്പിക്കാനുള്ള കഴിവ് മണിക്ക് ധാരാളമുണ്ടായിരുന്നു. എന്നാൽ മണി സിനിമാ ലോകത്ത് ഉയർന്നപ്പോൾ ആ ഉയർച്ചയെക്കാൾ തനിക്ക് മാറ്റ് കൂട്ടുന്നത് താനനുഭവിച്ച ദാരിദ്ര്യമാണെന്ന് മണി തെറ്റിദ്ധരിച്ചു. ഓരോ ഷൂട്ടിംഗ് കഴിഞ്ഞും മണി ചാലക്കുടിയിലേക്കു വരുമ്പോൾ വീണ്ടും പഴയ സൗഹൃങ്ങളിലൂടെ പഴയ രീതിയിൽ ദാരിദ്ര്യത്തിലേക്ക് തിരിച്ചു പോകാനുള്ള വഴി തേടലായിരുന്നു. അത് അസാദ്ധ്യവും. ഒരിക്കലും ദാരിദ്ര്യം അനുഭവിക്കുമ്പോൾ അത് ആസ്വാദ്യമാകില്ല. ആസ്വാദ്യമാകേണ്ടതുമല്ല. അങ്ങിനെയാകാൻ പാടുള്ളതുമല്ല. കഴിഞ്ഞ കാലത്തെ ദാരിദ്ര്യത്തെ ഓർത്ത് വർത്തമാനത്തിൽ ആസ്വദിക്കാൻ ശ്രമിച്ചാൽ ആസ്വാദനം കിട്ടുകയില്ല. അത് മരണത്തിൽ ആസ്വാദനം കണ്ടെത്താൻ ശ്രമിക്കുന്നതുപോലെയാണ്.

 

ഇതാണ് പൈങ്കിളി മാദ്ധ്യമപ്രവർത്തനത്തിന്റെ വിജയം. ഇപ്പോൾ മണിയുടെ മരണവാർത്തയും മരണത്തിന്റെ ദുരൂഹതയും വിപണനം ചെയ്ത് ധനം സമ്പാദിക്കുന്ന പ്രക്രിയയിലേക്ക് മാദ്ധ്യമങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്നു. ശക്തിയെ ദൗർബല്യമാക്കി മനുഷ്യമനസ്സുകളിലേക്ക് സന്നിവേശിപ്പിക്കുകയും അതിനെ ജീവിതത്തിന്റെ മാനദണ്ഡമാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നതിൽ കേരളത്തിലെ മാദ്ധ്യമപ്രവർത്തന സംസ്കാരം വിജയിച്ചിരിക്കുന്നു. മനഷ്യനെ മനുഷ്യാവസ്ഥയിൽ നിന്നകറ്റിക്കൊണ്ടു പോയി മൃഗചേതനകളെ ഉണർത്തി സ്വയം തിരിച്ചറിയാതിരിക്കാനുള്ള അവസ്ഥയിൽ കൊണ്ടുവന്നു നിർത്തുക. അവിടെ എരിപിരി കൊള്ളിക്കുക. ആകാംക്ഷ, വിഷാദം, മരണം, വേദന, ആശങ്ക, കോപം, സംഘട്ടനം, ലൈംഗിക വൈകൃതം എന്നിവയിട്ട് പാകം ചെയ്ത വാർത്തകൾക്ക് അപ്പോൾ മാത്രമേ കമ്പോളമുണ്ടാവുകയുള്ളു. ആ സാമൂഹ്യ അവസ്ഥയിലൂടെ വിഷാദം സൃഷ്ടിച്ച് ക്ഷീണരോഗികളാക്കി മലയാളിയെ നിലനിർത്തുക. മണി ഏറ്റവും ഒടുവിലത്തെ മൊത്ത ഇര. നാമൊക്കെ ജിവിച്ചിരിക്കുന്ന ചില്ലറ ഇരകളും.

Tags: