റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ നടന്ന വടംവലിയുടെ അവസാന നിമിഷങ്ങളില്‍ ഇപ്പുറത്തേക്കോ അപ്പുറത്തേക്കോ എന്ന നിലയില്‍ നിന്ന മന്ത്രി. സീറ്റ് ലഭിച്ചില്ലെങ്കില്‍ മണ്ഡലമായ കോന്നിയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് വരെ അടൂര്‍ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി തന്റെ നിലനില്‍പ്പിനായി ആഞ്ഞു വലിച്ചപ്പോള്‍ മറുഗ്രൂപ്പുകാരനായിട്ടു പോലും അടൂര്‍ പ്രകാശ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ഥാനം പിടിച്ചു. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആക്കാതെ സ്വതന്ത്രനായി മത്സരിച്ചിരുന്നെങ്കില്‍ പോലും അടൂര്‍ പ്രകാശിന്റെ ജയം ഉറപ്പുവരുത്തുന്ന ഒരു ഘടകം ഉണ്ട്. കോന്നിയിലെ സി.പി.ഐ.എം സ്ഥാനാര്‍ഥി.
ഭരണത്തിലെ അഴിമതിയുടെ പ്രതീകമായി കെ.പി.സി.സി. അദ്ധ്യക്ഷന്‍ തന്നെ ചിത്രീകരിച്ച മന്ത്രിയാണ് അടൂര്‍ പ്രകാശ് എന്നോര്‍ക്കണം. അവസാനം, അടൂര്‍ പ്രകാശിനെ മാത്രമെങ്കിലും മാറ്റിനിര്‍ത്തണമെന്ന നിലപാടിലേക്ക് സുധീരന്‍ വന്നുവെന്നത് സര്‍ക്കാറിന്റെ പ്രതിച്ഛായയിലെ അഴിമതിക്കറയില്‍ റവന്യൂ വകുപ്പിന്റെ സംഭാവനയുടെ ആഴം വ്യക്തമാക്കുന്നു. വിവാദമായ ഒട്ടേറെ ഭൂമി ഇടപാടുകള്‍ക്കും തണ്ണീര്‍ത്തടം നികത്തലുകള്‍ക്കും ഒത്താശ ചെയ്ത ഈ വകുപ്പ് കേരളത്തെ തന്നെ തീറെഴുതുന്ന ഒന്നായാണ് ജനത്തിന് അനുഭവപ്പെട്ടത്. പരിസ്ഥിതി പരിശോധനകളെ പ്രഹസനമാക്കുകയും സംസ്ഥാനത്തിന്റെ വിശാലമായ താല്‍പ്പര്യങ്ങള്‍ക്ക് പകരം നിക്ഷിപ്ത താല്‍പ്പര്യങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്ത മന്ത്രി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പോലും ജനാഭിപ്രായത്തെ വിലമതിക്കാന്‍ തയാറാകാത്ത കാഴ്ചയാണ് ഏറ്റവുമൊടുവില്‍, മാര്‍ച്ച് ഒന്നിലെ മന്ത്രിസഭായോഗത്തില്‍ കായലും നിലവും നികത്താന്‍ അനുമതി നല്‍കിയ മെത്രാന്‍ കായല്‍, കടമ്മക്കുടി ടൂറിസം പദ്ധതികള്‍ വെളിവാക്കിയത്.
എന്നാല്‍, അടൂര്‍ പ്രകാശിന് വാക്കോവര്‍ നല്‍കുന്ന തരത്തിലുള്ള സ്ഥാനാര്‍ഥിയാണ് സി.പി.ഐ.എമ്മിലെ ആര്‍. സനല്‍ കുമാര്‍. പ്രാദേശിക തലത്തില്‍ ജനസമ്മതിയുള്ള മുന്‍ എം.എല്‍.എ എ. പദ്മകുമാറിനെ പോലുള്ള നേതാക്കളെ മാറ്റിനിര്‍ത്തിയാണ് മണ്ഡലത്തില്‍ കാര്യമായ സ്വാധീനമൊന്നും അവകാശപ്പെടാനില്ലാത്ത സനല്‍ കുമാറിനെ സി.പി.ഐ.എം കന്നിയങ്കത്തിനിറക്കുന്നത്. അതേസമയം, പത്തനതിട്ട ജില്ലയിലെ മറ്റ് നാല് മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് എല്‍.ഡി.എഫ് നിര്‍ത്തിയിട്ടുള്ളത് എന്നും ഇതിനോട് ചേര്‍ത്തുവായിക്കണം. തിരുവല്ലയില്‍ മാത്യു ടി. തോമസും റാന്നിയില്‍ രാജു എബ്രഹാമും അടൂരില്‍ ചിറ്റയം ഗോപകുമാറും തങ്ങളുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിക്കുമ്പോള്‍ ആറന്മുളയില്‍ മാദ്ധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ അവതരിപ്പിച്ച് ശ്രദ്ധേയമായ മത്സരം സൃഷ്ടിക്കുന്നു. എന്നാല്‍, അടൂര്‍ പ്രകാശിന് എത്ര സ്വാധീനം ഉണ്ടെന്ന് പറഞ്ഞാലും, അഴിമതിയ്ക്ക് എതിരെ സംസ്ഥാന വ്യാപകമായി അനുരണനങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു മണ്ഡലത്തില്‍ പ്രതീകാത്മകമായി പോലും ഒരു മത്സരം കാഴ്ചവെക്കാന്‍ സി.പി.ഐ.എം തയ്യാറായില്ല എന്നതാണ് കോന്നിയില്‍ ശ്രദ്ധേയമാകുന്നത്.
മദ്യനയത്തിലെ സി.പി.ഐ.എമ്മിന്റെ അവ്യക്തത ഈ മൃദുസമീപനത്തിനു പിന്നില്‍ കാണുന്നവരുണ്ട്. ബാര്‍ കോഴ ആരോപണവുമായി സര്‍ക്കാറിനെ പിടിച്ചുലച്ച ബിജു രമേശും അടൂര്‍ പ്രകാശും ബന്ധുക്കളാണ് എന്ന വസ്തുതയാണ് ഇതിന് ആധാരമായി മാറുന്നത്. മദ്യവ്യവസായികള്‍ സി.പി.ഐ.എമ്മിന്റെ പിന്‍നിരയിലല്ല, മുന്‍നിരയില്‍ തന്നെ കടന്നിരിക്കുന്ന അന്ധാളിപ്പിക്കുന്ന കാഴ്ചയും ഈ തെരഞ്ഞെടുപ്പ് കാണിച്ചുതരുന്നുണ്ട്. ചവറയിലെ സി.എം.പി സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്ന മദ്യവ്യവസായി വിജയന്‍ പിള്ള യഥാര്‍ത്ഥത്തില്‍ സി.പി.ഐ.എം നോമിനിയാണ് എന്ന ആരോപണവും ഇതുമായി ബന്ധപ്പെടുത്തി കാണേണ്ടതാണ്.
അഴിമതി ഭരണത്തിന് അന്ത്യം വേണ്ടേയെന്ന ചോദ്യവുമായി ജനത്തെ സമീപിക്കുന്ന സി.പി.ഐ.എം എത്രത്തോളം ആത്മാര്‍ത്ഥമായിട്ടാണ് തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ഉന്നയിക്കുന്നത് എന്ന സംശയം ഉയര്‍ത്തുന്നതാണ് ഈ നിലപാടുകള്‍. തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സി.പി.ഐ.എം സ്വീകരിച്ച നിലപാടും പാര്‍ട്ടിയുടെ മുന്‍ഗണനകളെ കുറിച്ചും കാര്യമായ സംശയം ഉയര്‍ത്തുന്നുണ്ട്. കെ. ബാബുവിനെ തോല്‍പ്പിക്കാന്‍ വ്യക്തമായ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന പി. രാജീവിനെ മത്സരിപ്പിക്കണമെന്ന് ജില്ലാ ഘടകം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം അതിന് വഴങ്ങാതെയാണ് ഇപ്പോള്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജിനെ മത്സരിപ്പിക്കുന്നത്. ഈ സ്ഥാനാര്‍ഥിത്വം മണ്ഡലത്തെ ശ്രദ്ധേയമാക്കും എന്നുണ്ടെങ്കിലും ഉറപ്പിക്കാവുന്ന ഒരു ജയത്തില്‍ നിന്നാണ് തോല്‍വി സാധ്യതയേറിയ ഈ മത്സരത്തിലേക്ക് പാര്‍ട്ടി വന്നതെന്ന് കാണണം. തെരഞ്ഞെടുപ്പ് ജയത്തെ പോലും പിന്നില്‍ നിര്‍ത്തുന്ന തരത്തില്‍ എന്ത് പരിഗണനകളാണ് കോന്നിയിലും ചവറയിലും തൃപ്പൂണിത്തുറയിലുമൊക്കെ സി.പി.ഐ.എമ്മിനുള്ളത് എന്ന ചോദ്യം ഇവിടെ സ്വാഭാവികമായി ഉയരുന്നു. ആ ചോദ്യം തന്നെ ആശങ്ക ഉയര്‍ത്തുന്നതുമാണ്.